Wednesday, August 22, 2018 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.28 AM

നിങ്ങളുടെ സാമ്പത്തിക ആരോഗ്യം

ആശുപത്രിയില്‍ ചെന്ന്‌ ഡോക്‌ടറെ കണ്ട്‌ രോഗവിവരം അറിയിച്ചു കഴിഞ്ഞാല്‍ അടുത്തപടി ചെക്കപ്പിന്റെ ഒരു നീണ്ട ലിസ്‌റ്റ് തയാറാക്കുകയാണ്‌. പതിവ്‌ രക്‌തം, ഇ.സി.ജി, എക്‌സ്‌റേ എന്നിങ്ങനെ രോഗത്തിന്റെ സ്വഭാവമനുസരിച്ച്‌ പരിശോധനകള്‍ പലതായിരിക്കും. എന്തായാലും ഒരു പരിശോധന പോലും നടത്താതെ ഇന്നത്തെ കാലത്ത്‌ ഒരു ഡോക്‌ടറും മരുന്നു നല്‍കാറില്ല. അത്‌ അലോപ്പതിയില്‍ മാത്രമല്ല ഹോമിയോയിലും ആയുര്‍വേദത്തിലും വരെ അത്യന്താപേക്ഷിതമാണ്‌. പരിശോധനയ്‌ക്കുള്ള ലാബുകളും ഇന്നു സുലഭമാണ്‌.
ഇ.സി.ജിയാണെങ്കിലും രക്‌തത്തിലെ കൊളസ്‌ട്രോളിന്റെ അളവാണെങ്കിലും ഒരു നിശ്‌ചിത അളവില്‍ കൂടിയാലും കുറഞ്ഞാലും പ്രശ്‌നം സൃഷ്‌ടിക്കുന്നവയാണ്‌ പലതും. ഒരു പ്രത്യേക പരിധിക്കുള്ളില്‍ നിര്‍ത്തുക എന്നതാണ്‌ ആരുടേയും ഉദ്യമം. ബി.പി, ഷുഗര്‍, കൊളസ്‌ട്രോള്‍, തൈറോയിഡ്‌ എന്നിങ്ങനെ എല്ലാഘടകങ്ങള്‍ക്കുമുണ്ട്‌ പരിധികള്‍. ഇതേ രീതിയിലാണ്‌ ഒരാളുടെ സാമ്പത്തിക ജീവിതത്തിലെ ചില അനുപാതങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. അവ ഒരു പരിധിവിട്ട്‌ കൂടിയാലും കുറഞ്ഞാലും സാമ്പത്തിക ആരോഗ്യത്തിന്‌ നല്ലതല്ല.
വരുമാനവും, ചെലവും കടങ്ങളുമുള്ള ഏതൊരാള്‍ക്കും ഇവ ബാധകമാണ്‌. ഇവയുടെ അനുപാതം നിശ്‌ചിത പരിധിയില്‍ നില നിര്‍ത്തിയാല്‍ ഏതൊരു വ്യക്‌തിയുടേയും സാമ്പത്തിക ജീവിതം സന്തോഷകരമായിരിക്കും. ഇനി അനുപാതങ്ങള്‍ ഓരോന്നായി പരിശോധിക്കാം. പ്രധാനമായും അഞ്ച്‌ അനുപാതങ്ങളാണുള്ളത്‌.

കരുതല്‍ ധന അനുപാതം

അനുപാതങ്ങളില്‍ സുപ്രധാനം ഇതു തന്നെ. ലളിതമായി പറഞ്ഞാല്‍ എത്രമാസത്തെ ചെലവ്‌ വഹിക്കാനുള്ള പണം ഇപ്പോള്‍ നിങ്ങളുടെ കൈവശമുണ്ട്‌ എന്നുള്ളതാണ്‌ ഇത്‌. ദീര്‍ഘകാല നിക്ഷേപങ്ങളൊന്നും ഇതില്‍ ഉള്‍പ്പെടുത്താനാവില്ല. നമ്മുടെ ബാങ്ക്‌ അക്കൗണ്ടിലുള്ള പണമാണ്‌ പ്രധാനമായും ഈ ഇനത്തില്‍ പെടുന്നത്‌.
ഈ അനുപാതമനുസരിച്ച്‌ കുറഞ്ഞത്‌ മൂന്നു മാസത്തെ ഒഴിച്ചുകൂടാനാവാത്ത ചെലവുകള്‍ വഹിക്കാനുള്ള പണം എപ്പോഴും ഉണ്ടാകണം. അപകടം, ജോലി നഷ്‌ടപ്പെടുക, രോഗം ബാധിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ വന്നു ചേര്‍ന്നാല്‍ ചെലവുകള്‍ നടന്നുപോകാന്‍ ബുദ്ധിമുട്ടാകരുത്‌. ഇത്‌ ഏതൊരു വ്യകതിയും ശ്രദ്ധിക്കേണ്ട ഒന്നാണ്‌.

ആസ്‌തി/ ബാധ്യതാ അനുപാതം

നിങ്ങളുടെ എല്ലാ കടങ്ങളും തീര്‍ക്കാനുള്ള പണം ഇന്നു നിങ്ങളുടെ കൈയിലുണ്ടോ? കൂടുതല്‍ വ്യക്‌തമായി പറഞ്ഞാല്‍ നിങ്ങളുടെ എല്ലാ സമ്പാദ്യങ്ങളുടേയും ആകെത്തുക നിങ്ങളുടെ കടബാധ്യതയെക്കാളും കൂടുതലാണോ? എങ്കില്‍ നിങ്ങള്‍ സുരക്ഷിതരാണ്‌.
നിങ്ങളുടെ കൈയിലുള്ള എല്ലാ നിക്ഷേപങ്ങളുടേയും മറ്റ്‌ ആസ്‌തികളു ടേയും ആകെത്തുക നിങ്ങളുടെ കടബാധ്യതയുടെ തുക കൊണ്ട്‌ ഹരിച്ചാല്‍ കിട്ടുന്ന ഉത്തരം ഒന്നിനേക്കാള്‍ കൂടുതലാണെങ്കില്‍ നിങ്ങള്‍ സുരക്ഷിതരാണ്‌.

തവണാനുപാതം

വായ്‌പ എടുക്കാത്തവര്‍ വിരളമാണ്‌. കമ്പനികളും സര്‍ക്കാരും വരെ വായ്‌പയെടുക്കാറുണ്ട്‌. വ്യക്‌തിഗത വായ്‌പകള്‍ പ്രധാനമായും ഭവനം, വിദ്യാഭ്യാസം, വ്യക്‌തിഗത വായ്‌പ, സ്വര്‍ണവായ്‌പ, ബിസിനസ്‌ വായ്‌പ എന്നിങ്ങനെയാണ്‌. ഇവയ്‌ക്കെല്ലാം മാസ തവണകളുണ്ടാകും.
ഒരാളുടെ മാസവരുമാനത്തില്‍ നിന്ന്‌ നികുതി കുറച്ചിട്ടുള്ള ബാക്കി തുകയില്‍ നിന്നാണ്‌ ചെലവുകളും മാസതവണകളും എല്ലാം അടയ്‌ക്കുന്നത്‌. ഈ തുക, അതായത്‌ മാസതവണയുടെ (ഞ്ഞപ്പണ്ട) തുക വരുമാനത്തിന്റെ 40 ശതമാനത്തില്‍ കൂടാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം.
ഉദാ-50000 രൂപയാണ്‌ നിങ്ങളുടെ അക്കൗണ്ടില്‍ വന്നുചേരുന്ന മാസ വരുമാനമെങ്കില്‍ നിങ്ങളുടെ ബാധ്യതകളിലേക്കുള്ള പ്രതിമാസ അടവ്‌ 20000 ത്തില്‍ കൂടരുത്‌.
ഈ തോതിനേക്കാള്‍ കുറഞ്ഞു നിന്നാല്‍ നിങ്ങള്‍ക്ക്‌ നാളേയ്‌ക്കായി നീക്കിയിരുപ്പിന്‌ പണം കണ്ടെത്താന്‍ കഴിയും.

സമ്പാദ്യ അനുപാതം

വരുമാനം നമ്മുടെ കൈയില്‍ വന്നു ചേരുന്ന തുകയാണ്‌. അതില്‍ നിന്ന്‌് ചെലവുകളും കടങ്ങളിലേക്കുള്ള അടവുകളും കഴിഞ്ഞ്‌ ബാക്കിവരുന്ന തുകയാണ്‌ നമ്മുടെ യഥാര്‍ത്ഥ സമ്പാദ്യം (ഗൃഹവായ്‌പയിലേക്കുള്ള അടവ്‌ ഒരു സമ്പാദ്യം തന്നെ).
ഈ അനുപാതം പറയുന്നത്‌, ഒരാള്‍ തന്റെ വരുമാനത്തിന്റെ 20 ശതമാനമെങ്കിലും മാറ്റിവെയ്‌ക്കണം എന്നാണ്‌. ഇതിന്‌ ഒരു നിര്‍ദ്ദേശം കൂടിയുണ്ട്‌. ഇത്‌ മാസത്തിന്റെ അവസാനമല്ല ചെയ്യേണ്ടത്‌.
ശമ്പളം ലഭിച്ചതിന്റെ അടുത്ത നിമിഷം തെന്നയാണ്‌. 20 ശതമാനമെന്നത്‌ കുറഞ്ഞ പരിധിയാണ്‌. 40 മുതല്‍ 50 ശതമാനം വരെ നിങ്ങള്‍ക്ക്‌ മാറ്റിവെക്കാന്‍ അല്ലെങ്കില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വിരമിച്ചതിനുശേഷം ചെറിയൊരു തുകയെങ്കിലും മാസ ചെലവുകള്‍ക്കായി കണ്ടെത്താനാകൂ.

ഇന്‍ഷുറന്‍സ്‌ അനുപാതം

നിങ്ങള്‍ ആദ്യമായി കേള്‍ക്കുന്ന ഒന്നാകാം ഇത്‌. ഏറ്റവും ആദ്യത്തെ അനുപാതത്തെപ്പോലെ തന്നെ പ്രധാനമാണ്‌ ഇതും. അതിലും കുറച്ചുകൂടി ഊന്നല്‍ നല്‍കേണ്ട ഒന്നാണ്‌ ഇതെന്ന്‌ ഇനിയുള്ള വായനയില്‍ മനസിലാകും. ഇതില്‍ പ്രധാനമായും മൂന്നു ഘടകങ്ങളാണുള്ളത്‌.
ഒരാളുടെ ബാധ്യതകള്‍ കിഴിച്ചിട്ടുള്ള മിച്ച സമ്പാദ്യത്തിന്റെ തുക, അയാള്‍ക്ക്‌ ഇപ്പോഴുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ തുക (ഒന്നില്‍ കൂടുതല്‍ പോളിസികളുണ്ടെങ്കില്‍ അവയുടെ ആകെത്തുക), പിന്നെ അയാളുടെ വാര്‍ഷിക വരുമാനം. ഇനി കണക്കിലേക്കു കടക്കാം. ആദ്യം പറഞ്ഞ രണ്ടു തുകകള്‍ കൂട്ടി മൂന്നാമത്തെ തുക കൊണ്ട്‌ ഹരിക്കണം. അതായത്‌, (കടബാധ്യത കഴിച്ചുള്ള ആസ്‌തി ഇപ്പോഴുള്ള പരിരക്ഷയുടെ ആകെത്തുക).

വാര്‍ഷിക വരുമാനം

ഈ കണക്കിന്റെ ഉത്തരം ഉദാഹരണത്തിന്‌ 5 ആണെന്നിരിക്കട്ടെ. അതിനര്‍ത്ഥം ഇയാള്‍ തന്റെ അഭാവത്തില്‍ കുടുംബത്തിന്‌ അഞ്ചു വര്‍ഷത്തേക്ക്‌ ജീവിക്കാനുള്ള തുക ഇപ്പോള്‍ കരുതിയിട്ടുണ്ടെന്നാണ്‌. ഈ അനുപാതം പറയുന്നത്‌ ഒരാള്‍ കുറഞ്ഞത്‌ 10 വര്‍ഷത്തേക്ക്‌ തന്റെ കുടുംബവും കുട്ടികളും ജീവിക്കാനുള്ള പണം സംഭരിക്കണമെന്നാണ്‌.
നിങ്ങള്‍ക്ക്‌ അതിന്‌ തല്‍ക്കാലം കഴിയില്ല എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ തുകയ്‌ക്കുള്ള ഇന്‍ഷുറന്‍സ്‌ പരിരക്ഷ എടുത്തിരിക്കണം. നിങ്ങള്‍ പല തുകകളും ഈ കണക്കിലേക്ക്‌ ഇട്ടു നോക്കുക. അപ്പോള്‍ നിങ്ങള്‍ എടുക്കേണ്ട പരിരക്ഷയുടെ അളവ്‌ നിങ്ങള്‍ക്ക്‌ അറിയാന്‍ സാധിക്കും.
മുന്‍പറഞ്ഞ അനുപാതങ്ങളും ഉപദേശങ്ങളുമെല്ലാം സാമ്പത്തിക ഭദ്രതയിലേക്ക്‌ വിരല്‍ ചൂണ്ടുന്നവയാണ്‌. ഇന്നു തന്നെ ഒരു വെള്ളക്കടലാസില്‍ അഞ്ചുഭാഗങ്ങളിലായി ഈ അഞ്ച്‌ അനുപാതങ്ങളും രേഖപ്പെടുത്തി കണക്കാക്കി വയ്‌ക്കുക. ഓരോ ആറുമാസം കൂടുമ്പോഴും വീണ്ടും കണക്കു കൂട്ടി നോക്കുക. നില മെച്ചപ്പെട്ടോ എന്നറിയാം.

അടിക്കുറിപ്പ്‌- അനുപാതങ്ങള്‍ക്കിടയില്‍പ്പെട്ട്‌് ജീവിതത്തിലെ നല്ല വേളകള്‍ ആസ്വദിക്കാന്‍ വിട്ടുപോകരുത്‌. ജീവിതം മുഴുവനോടെ ആസ്വദിക്കുക. ഭാവി സുരക്ഷിതമാണെന്ന്‌ ഉറപ്പു വരുത്താന്‍ മാത്രം കണക്കു കൂട്ടലുകള്‍ നടത്തിയാല്‍ മതി.

വിജയാനന്ദ പ്രഭു

(ജിയോജിത്‌ ഫിനാന്‍ഷ്യല്‍
സര്‍വീസസിലെ അസോസിയേറ്റ്‌ ഡയറക്‌ടറാണു ലേഖകന്‍
vijayananadprabhu@geojit.com)

Ads by Google
Monday 02 Oct 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW