Tuesday, December 12, 2017 Last Updated 15 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.28 AM

ഓഹരി റിവ്യൂ : വിപണിയുടെ കരുത്തില്‍ ചോര്‍ച്ച

വിദേശ ഫണ്ടുകള്‍ ബ്ലൂചിപ്പ്‌ ഓഹരികള്‍ വിറ്റുമാറാനുള്ള മത്സരം പ്രമുഖ ഇന്‍ഡക്‌സുകളുടെ കരുത്ത്‌ ചോര്‍ത്തി. നിഫ്‌റ്റി സൂചിക 175 പോയിന്റും ബോംബെ സൂചിക 639 പോയിന്റും പ്രതിവാര നഷ്‌ടത്തിലാണ്‌. സൂചികയ്‌ക്ക്‌ രണ്ട്‌ ശതമാനം ഇടിവ്‌ നേരിട്ടു. ഡെറിവേറ്റീവ്‌ മാര്‍ക്കറ്റില്‍ സെപ്‌റ്റംബര്‍ സീരീസ്‌ സെറ്റില്‍മെന്റിന്റെ ഭാഗമായുള്ള പിരിമുറുക്കങ്ങളും ഇന്‍ഡക്‌സുകളുടെ കരുത്ത്‌ നഷ്‌ടപ്പെടുത്തി.
വിദേശ ഫണ്ടുകള്‍ പോയവാരം 10,900 കോടി രൂപയുടെ നിക്ഷേപം തിരിച്ചു പിടിച്ചു. സെപ്‌റ്റംബറിനുശേഷം അവര്‍ 320 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു. കഴിഞ്ഞവാരം ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 11,666 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. കാപ്പിറ്റല്‍ ഗുഡ്‌സ്‌ ഇന്‍ഡക്‌സ്‌ 3.24 ശതമാനം ഇടിഞ്ഞപ്പോള്‍ ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സ്‌ 2.72 ശതമാനംതാഴ്‌ന്നു.
എഫ്‌.എം.സി.ജി, ബാങ്കിങ്‌, ഐടി, ഓട്ടോമൊബൈല്‍, ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, റിയാലിറ്റി ഇന്‍ഡക്‌സുകള്‍ തളര്‍ന്നു. സ്‌റ്റീല്‍ ഇന്‍ഡക്‌സ്‌ മാത്രമാണു മികവ്‌ കാണിച്ചത്‌.
മുന്‍നിരയിലെ 31 ഓഹരികളില്‍ 23 എണ്ണത്തിന്റെ നിരക്ക്‌ ഇടിഞ്ഞപ്പോള്‍ എട്ട്‌ ഓഹരികള്‍ കരുത്ത്‌ നിലനിര്‍ത്തി. ഏഷ്യന്‍ പെയിന്റ്‌സ്‌ ഓഹരി വില എട്ട്‌ ശതമാനം ഇടിഞ്ഞു. അദാനി പോര്‍ട്ട്‌, എച്ച്‌.യു.എല്‍, ഡോ: റെഡ്‌ഡീസ്‌ ലാബ്‌, വിപ്രോ, റിലയന്‍സ്‌, ഐ.ടി.സി, എല്‍ ആന്‍ഡ്‌ ടി, ടാറ്റാ മോട്ടേഴ്‌സ്‌ തുടങ്ങിയവയ്‌ക്ക്‌ തിരിച്ചടി. കോള്‍ ഇന്ത്യാ ഓഹരി വില 6.58 ശതമാനം വര്‍ധിച്ച്‌ 270 രൂപയായി. ഒ.എന്‍.ജി.സി 170 രൂപയിലും ബജാജ്‌ ഓട്ടോ 3105 രൂപയിലും ആക്‌സിസ്‌ ബാങ്ക്‌ 510 രൂപയിലുമാണ്‌.
നിഫ്‌റ്റി സൂചിക 9960 പോയിന്റ്‌ വരെ കയറിയ അവസരത്തിലെ വില്‍പ്പന സമ്മര്‍ദത്തില്‍ 9687 ലേയ്‌ക്ക്‌ ഇടിഞ്ഞു. എന്നാല്‍ വാരാവസാനത്തിലെ ഷോട്ട്‌ കവറിങ്‌ സൂചികയെ 9788 ലേക്കു കയറ്റി. നിഫ്‌റ്റി സൂചിക അതിന്റെ 50 ഡി.എം.എയ്‌ക്ക്‌ മുകളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാഞ്ഞത്‌ ദുര്‍ബലാവസ്‌ഥയ്‌ക്ക്‌ ഇടയാക്കി. ഈ വാരം 9687 ല്‍ ആദ്യ സപ്പോര്‍ട്ടുണ്ട്‌. ഇത്‌ നിലനിര്‍ത്തിയാല്‍ 9889-9990 ലേയ്‌ക്കും ഉയരാം. ആദ്യ സപ്പോര്‍ട്ട്‌ നഷ്‌ടപ്പെട്ടാല്‍ നിഫ്‌റ്റി 9689-9485 വരെ സാങ്കേതിക പരീക്ഷണങ്ങള്‍ നടത്താം.
ബോംബെ സൂചിക 32,016- 31,081 സഞ്ചരിച്ചു. ക്ലോസിങ്ങില്‍ 31,282 ല്‍ നിലകൊള്ളുന്ന സൂചികയ്‌ക്ക്‌ ഈ വാരം ആദ്യ തടസം 31,839 പോയിന്റിലാണ്‌. ഈ പ്രതിരോധത്തില്‍ കാലിടറിയാല്‍ സൂചിക 30,904-30,525 റേഞ്ചിലേയ്‌ക്ക്‌ നീങ്ങാം. ബി.എസ്‌.ഇയില്‍ 19,363.96 കോടി രൂപയുടെ കൈമാറ്റം നടന്നു. നിഫ്‌റ്റിയില്‍ കഴിഞ്ഞവാരം 1,50,308 കോടി രൂപയുടെ ഇടപാടുകള്‍ നടന്നു.
വിദേശ നിക്ഷേപം കുറഞ്ഞതോടെ വിനിമയ വിപണിയില്‍ ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. 64.79 ല്‍നിന്നു രൂപ 65.89 വരെ താഴ്‌ന്നു. ക്ലോസിങ്‌ വേളയില്‍ വിനിമയ നിരക്ക്‌ 65.28 ലാണ്‌. ആര്‍.ബി.ഐയുടെ വായ്‌പാ അവലോകനത്തെ ഉറ്റുനോക്കുകയാണു വിപണി. സാമ്പത്തിക രംഗത്തെ മരവിപ്പ്‌ മറികടക്കാന്‍ പുതിയ പാക്കേജുകള്‍ക്ക്‌ കേന്ദ്ര ബാങ്ക്‌ നീക്കം നടത്താന്‍ ഇടയുണ്ട്‌.
ഏഷ്യന്‍, യുറോപ്യന്‍ മാര്‍ക്കറ്റുകള്‍ നേട്ടത്തിലാണ്‌. അമേരിക്കയില്‍ പ്രമുഖ ഓഹരി ഇന്‍ഡക്‌സുകള്‍ വാരാവസാനം മികവിലായിരുന്നു. ന്യൂയോര്‍ക്ക്‌ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണവില ട്രോയ്‌ ഔണ്‍സിന്‌ 1314 ഡോളര്‍വരെ കയറിയശേഷം വാരാന്ത്യം 1279 ലേക്ക്‌ ഇടിഞ്ഞു.

കെ.ബി.ഉദയഭാനു

Ads by Google
Monday 02 Oct 2017 01.28 AM
YOU MAY BE INTERESTED
TRENDING NOW