Monday, July 23, 2018 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.25 AM

വികസനം പേരുമാറ്റത്തില്‍ ഒതുങ്ങരുത്‌

uploads/news/2017/10/151484/editorial.jpg

അധികാരകേന്ദ്രങ്ങളുടെ കണ്ണുകള്‍ വല്ലപ്പോഴുമാണ്‌ തുറക്കുന്നത്‌. അതിന്‌ ഒരു ദുരന്തമോ അപകടമോ വേണ്ടിവരുമെന്നാണു സ്‌ഥിതി. മുംബൈ എല്‍ഫിന്‍സ്‌റ്റണ്‍ റോഡ്‌ ലോക്കല്‍ സ്‌റ്റേഷനിലെ നടപ്പാലം നവീകരിക്കേണ്ടതാണെന്നു അധികൃതര്‍ക്കു ബോധ്യപ്പെടാന്‍ 23 മനുഷ്യജീവന്‍ വേണ്ടി വന്നു. വെള്ളിയാഴ്‌ച രാവിലെ പത്തേമുക്കാലോടെയുണ്ടായ അപകടം നമ്മുടെ സംവിധാനങ്ങളുടെ ദയനീയസ്‌ഥിതി വിളിച്ചുപറയുന്നതായിരുന്നു.
അപകടമുണ്ടായി മണിക്കൂറുകള്‍ക്കകം നടപ്പാലം നവീകരിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു നടപടികളിലേക്കും കടന്നു കഴിഞ്ഞു. 2016 ലെ റയില്‍വേ ബജറ്റില്‍ തുക വകയിരുത്തിയിട്ടും യാതൊരു നടപടികളുമെടുക്കാതിരുന്ന റെയില്‍വേയ്‌ക്ക്‌ ഈ കാര്യക്ഷമത നേരത്തേയുണര്‍ന്നിരുന്നുവെങ്കില്‍ വിലപ്പെട്ട ജീവനുകള്‍ നഷ്‌ടപ്പെടില്ലായിരുന്നു. ലക്ഷക്കണക്കിന്‌ യാത്രക്കാര്‍ ആശ്രയിക്കുന്ന മുംബൈ സബര്‍ബന്‍ സ്‌റ്റേഷനുകളുടെ ദയനീയാവസ്‌ഥ പരിഹരിക്കണമെന്ന ആവശ്യത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. ജനപ്രതിനിധികളടക്കമുള്ളവരുടെ കൂട്ടായ ആവശ്യമായിരുന്നു അത്‌.

ഇത്‌ ഒരു എല്‍ഫിന്‍സ്‌റ്റണ്‍ റോഡ്‌ റെയില്‍വേ സ്‌റ്റേഷനിലെ നടപ്പാലത്തിന്റെ കാര്യം മാത്രമല്ല. ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിക്കുന്ന യാത്രക്കാരെ റെയില്‍വേ എങ്ങനെ കാണുന്നുവെന്ന്‌ റെയില്‍വേ സ്‌റ്റേഷനുകളുടെ കവാടം കടക്കുമ്പോള്‍ മുതലുള്ള അനുഭവങ്ങള്‍ സാക്ഷ്യം പറയും. നിന്നു തിരിയാന്‍ ഇടമില്ലാത്ത സ്‌റ്റേഷനുകള്‍, ടിക്കറ്റെടുക്കാനുള്ള കൂട്ടയിടി, വൃത്തിതൊട്ടുതീണ്ടാത്ത പരിസരങ്ങള്‍, പെരുകിയ യാത്രക്കാരുടെ ആവശ്യത്തിനു തികയാത്ത വണ്ടികള്‍, കംഫര്‍ട്ട്‌ എന്തെന്ന്‌ അറിയാത്ത കംഫര്‍ട്ട്‌ സ്‌റ്റേഷനുകള്‍, അസന്മാര്‍ഗികളും ക്രിമിനലുകളും വാഴുന്ന സ്‌റ്റേഷന്‍ പരിസരങ്ങള്‍, സമയക്രമമെന്തെന്നറിയാതെ സഞ്ചരിക്കുന്ന വണ്ടികള്‍, മുറുക്കാനും പാനും തുപ്പി അഴുക്കാക്കിയ കമ്പാര്‍ട്ട്‌മെന്റുകള്‍... ഇങ്ങനെ എണ്ണിയെണ്ണിപ്പോകുമ്പോള്‍ നടപ്പാലത്തിന്റെ അപര്യാപ്‌തത ഒന്നുമല്ലെന്നു കാണാം. മേല്‍പ്പറഞ്ഞ വസ്‌തുതകളെല്ലാം കാലങ്ങള്‍കൊണ്ട്‌ റെയില്‍വേ നമ്മുടെ ശീലവും ജീവിതത്തിന്റെ ഭാഗവുമാക്കി മാറ്റിയെടുത്തു കഴിഞ്ഞു. റെയില്‍വേയെന്നാല്‍ ഇതൊക്കെത്തന്നെയെന്നാക്കിയെടുത്തു. ഇതിന്റെ ഉത്തരവാദിത്തം റെയില്‍വേയ്‌ക്കും അതുനോക്കി നടത്തുവര്‍ക്കുമുള്ളതാണ്‌.

ഇത്രയും കാലം ഭരിച്ചവര്‍ക്കും ഇപ്പോള്‍ ഭരിക്കുന്നവര്‍ക്കുമുള്ളതാണ്‌. പരസ്‌പരം പഴിചാരുന്നവര്‍ക്കാര്‍ക്കും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ ഒഴിഞ്ഞു മാറാനാവില്ല.
വികസനവും പുരോഗതിയും രാജ്യത്തെ മുന്നോട്ടു നയിക്കുന്നുവെന്ന്‌ നാം അഭിമാനിക്കുമ്പോഴും ഗതാഗതസൗകര്യത്തില്‍ നാം എവിടെ നില്‍ക്കുന്നുവെന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കാര്യത്തില്‍. ഒരുവശത്ത്‌ ബുള്ളറ്റ്‌ ട്രെയിനും എക്‌സ്‌പ്രസ്‌ ട്രെയിനുമൊക്കെ രാജ്യത്തെ വിഭ്രമിപ്പിക്കുമ്പോള്‍ ഇവയൊക്കെ എത്രപേര്‍ക്കു പ്രാപ്യമെന്നു നടത്തിപ്പുകാര്‍ ചിന്തിക്കുന്നത്‌ നന്നായിരിക്കും.

കഴിഞ്ഞദിവസത്തെ അപകടം ഒരു ഓര്‍മപ്പെടുത്തലാണ്‌- പുറംമോടിയെക്കാള്‍ ജനങ്ങള്‍ക്കു വേണ്ട സൗകര്യമൊരുക്കലിലാണ്‌ പ്രാധാന്യമെന്ന സത്യത്തിന്റെ ഓര്‍മപ്പെടുത്തല്‍. എല്‍ഫിന്‍സ്‌റ്റണ്‍ റോഡ്‌ സ്‌റ്റേഷന്റെ പേരുമാറ്റി പ്രഭാദേവിയെന്ന പേരിടുന്നതില്‍ വികസനം ഒതുങ്ങിപ്പോയതാണ്‌ ആ മനുഷ്യജീവനുകള്‍ ഹോമിക്കപ്പെട്ടത്‌. ഭൂരിപക്ഷവും ആശ്രയിക്കുന്ന റെയില്‍വേയുടെ പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലുമായി വീണ്ടുമൊരു ദുരന്തം കൂടി കടന്നുവരാന്‍ അനുവദിക്കരുത്‌.

Ads by Google
Monday 02 Oct 2017 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW