Thursday, July 12, 2018 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 01.22 AM

ഭാരതത്തിന്റെ ചിത്രമെഴുത്തു തമ്പുരാന്‍ :രാജാ രവിവര്‍മയുടെ ചരമവാര്‍ഷികം ഇന്ന്‌

uploads/news/2017/10/151483/bft1.jpg

ഇന്ന്‌ ഭാരതീയ വനിതകളുടെ പ്രിയവേഷമാണു സാരി. മഹാരാഷ്‌ട്രയിലെ വനിതകളുടെ വേഷമായിരുന്ന സാരിയെ ജനപ്രിയമാക്കിയത്‌ രാജാ രവിവര്‍മയുടെ കരങ്ങളാണ്‌. രവിവര്‍മയുടെ ചിത്രങ്ങളിലെ സ്‌ത്രീകള്‍ സാരിയുടുത്തിരുന്നവരായതു കൊണ്ടാണ്‌ ആ വേഷം ഇത്ര ജനപ്രിയമായതെന്നു ചരിത്രകാരന്മാര്‍ ഉറച്ചു വിശ്വസിക്കുന്നു.
ഭാരതീയ ചിത്ര കലയ്‌ക്ക്‌ രാജ്യാന്തര പ്രശസ്‌തി നല്‍കിയ രാജാ രവിവര്‍മ നമ്മെ വിട്ടുപോയിട്ട്‌ ഇന്ന്‌ 111 വര്‍ഷം തികയുന്നു. അദ്ദേഹത്തിന്റെ സ്വാധീനം ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും നമ്മുടെ കലകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
സമൂഹത്തിന്റെ ഉപരിവര്‍ഗത്തിനു മാത്രം അഭികാമ്യമായിരുന്ന ചിത്രരചനയെ സാധാരണക്കാരുടെ കൈകളിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
കിളിമാനൂര്‍ കോവിലകത്ത്‌ എഴുമാവ്‌ നീലകണ്‌ഠന്‍ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രില്‍ 29നു കിളിമാനൂര്‍ കൊട്ടാരത്തിലാണു ജനനം. ഗുരുക്കന്‍മാരുടെ കീഴില്‍ അഞ്ചാം വയസില്‍ തന്നെ വിദ്യാഭ്യാസം ആരംഭിച്ചു. അമ്മാവനായ രാജാരവിവര്‍മ ചിത്രകലയിലെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിപ്പിച്ചു. തിരുവിതാംകൂറിലെ ആയില്യം തിരുനാള്‍ മഹാരാജാവും പ്രോത്സാഹനം നല്‍കി.
രവിവര്‍മ ചെറുപ്പത്തില്‍ തന്നെ പുരാണ സംസ്‌കൃത ഗ്രന്ഥങ്ങള്‍ ഹൃദിസ്‌ഥമാക്കി. അദ്ദേഹത്തിന്‌ പന്ത്രണ്ടു വയസായപ്പോഴേക്കും ചായക്കൂട്ടുകളുണ്ടാക്കാനും തൂലികയെടുത്ത്‌ രചന നടത്താനും സമര്‍ത്ഥനായി മാറി.
തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ താമസിച്ച്‌ എണ്ണച്ചായ ചിത്രരചന അഭ്യസിക്കുവാന്‍ രവിവര്‍മയെ 14-ാം വയസില്‍ തിരുവനന്തപുരത്തേക്ക്‌ കൊണ്ടു പോയി. 17 വയസായപ്പോള്‍തന്നെ ചിത്രമെഴുത്ത്‌ കോയിത്തമ്പുരാന്‍ എന്നപേരില്‍ അറിയപ്പെട്ടു.
പരമ്പരാര്‍ജിതമായി കോവിലകം സംസ്‌കാരങ്ങളില്‍നിന്നും വിട്ടകന്ന പൊതുജീവിതദര്‍ശനം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉടനീളം കാണാം. കാളിദാസകൃതികളോട്‌ ഏറെ പ്രതിപത്തിയായിരുന്നു. യൂറോപ്യന്‍ ചിത്രകലയിലും പരമ്പരാഗത ചിത്രകലയിലും ലഭിച്ച ചിട്ടയായ പരിശീലനം രവിവര്‍മയുടെ വിജയത്തിന്‌ സഹായകമായി. അദ്ദേഹം 1866 ല്‍ പൂരുരുട്ടാതിനാള്‍ തമ്പുരാട്ടിയെ വിവാഹം ചെയ്‌തു.
രവിവര്‍മ തന്റെ ചിത്രങ്ങള്‍ കാണാന്‍ സന്ദര്‍ശകരെ എപ്പോഴും അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്‌ത്രീ ചിത്രങ്ങള്‍ക്ക്‌ അത്രയേറെ വശ്യതയുണ്ടായിരുന്നു. വിയന്നയില്‍ 1873 ല്‍ രവിവര്‍മ നടത്തിയ ചിത്ര പ്രദര്‍ശനത്തിന്‌ പുരസ്‌കാരം ലഭിച്ചതോടെ അദ്ദേഹം രാജ്യാന്തര പ്രശസ്‌തനായി. എഡ്വേര്‍ഡ്‌ ഏഴാമന്‍ 1875 ല്‍ ഭാരത സന്ദര്‍ശനത്തിനെത്തിയപ്പോള്‍ രവിവര്‍മ വരച്ച മൂന്ന്‌ ചിത്രങ്ങളുമായാണ്‌ ആയില്യം തിരുനാള്‍ സ്വീകരിക്കാനെത്തിയത്‌.
39-ാം വയസിലാണ്‌ "ദമയന്തീഹംസസംവാദം" എന്ന പ്രസിദ്ധമായ ചിത്രം വരച്ചത്‌. രവിവര്‍മയുടെ ചില സൃഷ്‌ടികള്‍ സംസാരിക്കുന്ന കാവ്യങ്ങളാണ്‌.
തിരുവനന്തപുരത്തെത്തിയ ബറോഡാ ദിവാന്‍ മാധവറാവു കൊട്ടാരത്തിലെ ചിത്രസങ്കേതങ്ങള്‍ക്കിടയില്‍ രവിവര്‍മ ചിത്രങ്ങളുടെ സൗന്ദര്യം പല ദിവസവും മതിവരാതെ നോക്കി നടന്നു. ബറോഡാരാജാവിനായി സീതാഭൂപ്രവേശം, മലബാര്‍ സുന്ദരി വയലില്‍ വായിക്കുന്നു എന്നീ രണ്ടു ചിത്രങ്ങള്‍ മാധവറാവു തിരുവിതാംകൂര്‍ മഹാരാജാവില്‍നിന്നും വാങ്ങി. പില്‍ക്കാലത്ത്‌ ഈ രണ്ടുകലാ സൃഷ്‌ടികള്‍ അദ്ദേഹത്തെ ഉത്തരേന്ത്യന്‍ പര്യടനത്തിനും പ്രശസ്‌തിക്കും കാരണമായി. പുനെയില്‍ 1880 ല്‍ നടത്തപ്പെട്ട വലിയ ഒരു ചിത്രകലാപ്രദര്‍ശനത്തില്‍ ഗയക്ക്‌വാര്‍ സുവര്‍ണ്ണമുദ്ര രവിവര്‍മക്കു ലഭിച്ചു.
ബറോഡയിലെ യുവരാജാവിന്റെ സ്‌ഥാനാരോഹണ ചടങ്ങില്‍ അദ്ദേഹം വിശിഷ്‌ട അതിഥിയായിരുന്നു. ബറോഡാരാജാവിനു വേണ്ടി സീതാസിദ്ധി, സരസ്വതി, ലക്ഷ്‌മി, ദമയന്തി, സൈരന്ധ്രി എന്നീ അഞ്ചു പുരാണ സൃഷ്‌ടികളാണു വരച്ചത്‌. രവിവര്‍മക്ക്‌ വന്‍ തുകയും അനേകം സമ്മാനങ്ങളും മഹാരാജാവ്‌ നല്‍കി. ഇവിടെവച്ച്‌ ക്ഷേത്രങ്ങളിലെയും കൊട്ടാരങ്ങളിലെയും ശില്‍പ വിദ്യകളും പഴയ ചിത്രരചന ശൈലികളും ചുവര്‍ചിത്രങ്ങളും പഠിച്ചറിഞ്ഞു.
ബറോഡയില്‍ നിന്നും അദ്ദേഹം മുബൈയിലെത്തി. രവിവര്‍മയുടെ അദ്യാന്വേഷണം ലിത്തോഗ്രാഫ്‌ പ്രസിനെക്കുറിച്ച്‌ ആത്മവിശ്വാസം പകര്‍ന്നേകി. കിളിമാനൂരില്‍ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ക്ക്‌ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഒരനുഗ്രഹമായിരുന്നു. നാട്ടുരാജാക്കന്‍മാര്‍ രവിവര്‍മയെ അതിഥിയാക്കാന്‍ മത്സരിച്ചു. പുരാതന ചിത്രങ്ങളോടുള്ള ജനപ്രീതി അദ്ദേഹത്തെ വീണ്ടും ചിത്രശാലാസ്‌ഥാപനത്തിലേക്ക്‌ നയിച്ചു. മലയാളത്തിലെ ആദ്യ നോവലായ "ഇന്ദുലേഖ"യില്‍ രവിവര്‍മചിത്രങ്ങളുടെ പരാമര്‍ശങ്ങളുണ്ട്‌.
രവിവര്‍മ പ്രസ്‌ ചിത്രകലാലോകത്തെ ജനങ്ങളിലേക്ക്‌ അടുപ്പിച്ചു. അനേകം മനോഹര ചിത്രങ്ങള്‍ ഈ പ്രസിലൂടെ പുറത്തുവന്നു. ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്ക്‌ രവിവര്‍മ ബഹുമാന്യനായിരുന്നു. അദ്ദേഹത്തിന്‌ കഴ്‌സണ്‍ പ്രഭു "കൈസര്‍ ഇ ഹിന്ദ്‌" സ്വര്‍ണമെഡല്‍ സമ്മാനിക്കുകയുണ്ടായി.
രവിവര്‍മയുടെ 56-ാം ജന്മദിനം 1904 മെയ്‌ 10-ന്‌ ആഘോഷിച്ചു. നിറക്കൂട്ടുകളുടെ ലോകത്ത്‌ തളര്‍ന്നു വീണ്‌ കണ്ണടക്കുന്നത്‌ ഏറ്റവും വലിയ ജന്മ സാഫല്യമായി കരുതിയ അദ്ദേഹത്തിന്‌ തൂലിക താഴെവച്ച്‌ വിശ്രമിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാനാകുമായിരുന്നില്ല. ആ വര്‍ഷം തന്നെ അനുജന്‍ രാജരാജവര്‍മ മരിച്ചു, ഇത്‌ രവിവര്‍മയെ തളര്‍ത്തി. എങ്കിലും അദ്ദേഹം നേരത്തേ ഏറ്റിരുന്ന ചിത്രങ്ങളുടെ രചനയില്‍ മുഴുകി. 1906 ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവര്‍മയുടെ നില മോശത്തിലായി. വൈകാതെ അദ്ദേഹം ശയ്യാവലംബനായി. എന്നിട്ടും കാദംബരിയില്‍ തൂലിക ചലിപ്പിച്ചിരുന്നു. 1906 ഒക്‌ടോബര്‍ രണ്ടിന്‌ അദ്ദേഹം ജീവിതത്തോട്‌ വിടപറഞ്ഞു.

സുരേഷ്‌ അന്നമനട

(ലേഖകന്റെ ഫോണ്‍ നമ്പര്‍: 8157805008)

Ads by Google
Monday 02 Oct 2017 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW