സെപാങ്: മലേഷ്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ റെഡ്ബുള്ളിന്റെ ഹോളണ്ടുകാരന് ഡ്രൈവര്‍ മാക്സ് വെര്സ്റ്റാപ്പന് ജേതാവായി. ഇരുപതാം ജന്മദിനത്തിലാണ് വെര്സ്റ്റാപ്പന് ഇരട്ടി മധുരമായി കിരീടമെത്തിയത്.
മെഴ്സിഡസിന്റെ നിലവിലെ ലോക ചാമ്പ്യന്‍ ബ്രിട്ടന്റെ ലൂയിസ് ഹാമില്ട്ടണിനെയാണു വെര്സ്റ്റാപ്പന് മറികടന്നത്. വെര്‍സ്റ്റാപ്പന്റെ സഹ ഡ്രൈവര്‍ ഓസ്ട്രേലിയക്കാരനായ ഡാനിയേല്‍ റിക്കിയാഡോ മൂന്നാമനായി. മുന്‍ ലോക ചാമ്പ്യന്‍ ജര്‍മനിയുടെ സെബാസ്്റ്റ്യന്‍ വെട്ടലാണു നാലാമത്. അവസാന സ്ഥാനക്കാരാനായാണു വെട്ടല്‍ മത്സരിച്ചത്. വെര്‍സ്റ്റാപ്പന്റെ കരിയറിലെ രണ്ടാമത്തെ ഗ്രാന്‍പ്രീ നേട്ടമാണ്.
കഴിഞ്ഞ വര്‍ഷത്തെ സ്പാനിഷ് ഗ്രാന്‍പ്രീയിലായിരുന്നു കന്നിക്കിരീടം. ഫോഴ്സ് ഇന്ത്യയുടെ സെര്‍ജിയോ പെരസ് ആറാംസ്ഥാനത്തു ഫിനിഷ് ചെയ്ത് എട്ട് പോയിന്റ് നേടി. സഹ ഡ്രൈവര്‍ എസ്തബാന് ഒകോണ്‍ പത്താമനായി ഒരു പോയിന്റ് നേടി.
ലോക ചാമ്പ്യന്‍ഷിപ്പില്‍ 281 പോയിന്റുമായി ഹാമില്ട്ടണ് ഒന്നാംസ്ഥാനത്തു തുടരുകയാണ്. രണ്ടാംസ്ഥാനത്തുള്ള വെട്ടലിന് 247 പോയിന്റാണ്. മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോതാസ് 222 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്.