Sunday, February 18, 2018 Last Updated 26 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.34 AM

കൊച്ചിയുടെ മണ്ണിലേക്കു ടീമുകള്‍ വരവായി

കൊച്ചി: മണ്ണിലേക്ക്‌ ടീമുകള്‍ വരവായി. അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനായി ടീമുകള്‍ നാളെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങൂം.
കലൂര്‍ സ്‌റ്റേഡിയത്തില്‍ പന്ത്‌ തട്ടുന്ന ഡി ഗ്രൂപ്പിലെ നാല്‌ ടീമുകളും നാളെ നെടുമ്പാശേരിയില്‍ എത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ടീമുകളുടെ യാത്രയും മറ്റ്‌ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുന്ന പതിവാണ്‌ ഫിഫയുടെ രീതി എന്നതിനാല്‍ ഏത്‌ ഹോട്ടലിലാണ്‌ ടീം തങ്ങുന്നതെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ലോക ഫുട്‌ബോളിലെ ഏറ്റവൂം ആരാധക പിന്തുണയുള്ള ബ്രസീലാണ്‌ കൊച്ചിയില്‍ കളിക്കുന്ന ഒരു ടീം. നേരത്തെ ഇന്ത്യയിലെത്തിയ ബ്രസീല്‍ നിലവില്‍ മുംബൈയിലാണ്‌ തങ്ങുന്നത്‌. നാളെ രാവിലെ 11.30ന്‌ ടീം കൊച്ചിയിലെത്തും.
മുംബൈയില്‍ നടന്ന പരിശീലന മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച്‌ മികച്ച ഫോമിലാണ്‌ ബ്രസീല്‍. നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമും ബ്രസീല്‍ തന്നെ. സ്‌പെയിനാണ്‌ കൊച്ചിയില്‍ കാലുകുത്തുന്ന ആദ്യ ടീം. നാളെ പുലര്‍ച്ചേ മൂന്നിന്‌ ടീം നെടുമ്പാശേരിയില്‍ വിമാനമിറങ്ങും.
പിന്നാലെ ഉച്ചതിരിഞ്ഞ്‌ നൈജറും വൈകുന്നേരം ഉത്തര കൊറിയയും എത്തുന്നതോടെ കളിയുടെ ആവേശത്തിലേക്ക്‌ കൊച്ചി വഴിമാറും.
ടീമുകള്‍ ബുധനാഴ്‌ച പരിശീലനത്തിനിറങ്ങും. ഫോര്‍ട്ട്‌കൊച്ചിയില്‍ തയാറാക്കിയ മൈതാനത്തിലാണ്‌ ബ്രസീല്‍ പരിശീലനത്തിനെത്തുന്നത്‌. മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ട്‌, പനമ്പള്ളി നഗര്‍, വെളി മൈതാനങ്ങളാണ്‌ മറ്റ്‌ ടീമുകള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്‌. രാത്രി പരിശീലനം നടത്തുന്ന രീതിയിലാണ്‌ നിലവില്‍ ടീമുകള്‍ക്ക്‌ നല്‍കിയിരിക്കുന്ന ഷെഡ്യൂള്‍. പരിശീലന മൈതാനങ്ങളില്‍ ഫെ്‌ളഡ്‌ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്‌ജമാണ്‌. ടീമുകള്‍ക്ക്‌ ഫിഫ നിഷ്‌കര്‍ശിച്ചിരിക്കുന്ന സുരക്ഷയും ഒരുക്കിയിട്ടുണ്ട്‌.
ടീമുകള്‍ പരിശീലനം നടത്തുന്ന മൈതാനങ്ങളും സഞ്ചരിക്കുന്ന വഴികളും പോലീസ്‌ കാവലില്‍ ആയിരിക്കും. മല്‍സരങ്ങളും പരിശീലനവും രാത്രിയായതിനാല്‍ പൊള്ളുന്ന വെയിലിനെ കാര്യമായി ടീമുകള്‍ക്ക്‌ പരീക്ഷിക്കേണ്ടതായിട്ടില്ല.
ശനിയാഴ്‌ച തന്നെ ഡി ഗ്രൂപ്പിലെ നാല്‌ ടീമുകളും കലൂര്‍ സ്‌റ്റേഡിയത്തില്‍ ബൂട്ട്‌ കെട്ടും. വൈകുന്നേരം അഞ്ചിന്‌ നടക്കുന്ന ആദ്യമല്‍സരത്തില്‍ കരുത്തരായ ബ്രസീലും സ്‌പെയിനുമാണ്‌ ഏറ്റുമുട്ടുന്നത്‌. രാത്രി എട്ടിന്‌ നൈജറിനെ കൊറിയയും നേരിടും. തുടര്‍ന്ന്‌് 10, 13, 18, 22 തീയതികളില്‍ കൊച്ചിയില്‍ മത്സരങ്ങളുണ്ടാകും. ഗ്രൂപ്പ്‌ സിയിലെ ഘാന-ജര്‍മ്മനി ടീമുകളുടെ പോരാട്ടത്തിനും കൊച്ചി വേദിയാകും. 13ന്‌ വൈകിട്ട്‌ അഞ്ചിനാണ്‌ ഈ മല്‍സരം.

Ads by Google
Monday 02 Oct 2017 12.34 AM
YOU MAY BE INTERESTED
TRENDING NOW