Monday, October 02, 2017 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 10.39 PM

നാഗ്‌പുരില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

uploads/news/2017/10/151360/s1.jpg

നാഗ്‌പുര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ഏകദിന ക്രിക്കറ്റ്‌ മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റിന്റെ ജയം. ജാംതയിലെ വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ ഒന്‍പത്‌ വിക്കറ്റിന്‌ 242 റണ്ണെടുത്തു. കളി തീരാന്‍ 43 പന്തുകള്‍ ശേഷിക്കേ ഇന്ത്യ വിജയ റണ്ണെടുത്തു.
അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 4-1 നു സ്വന്തമാക്കി. 14-ാം ഏകദിന സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത്‌ ശര്‍മയാണ്‌ (109 പന്തില്‍ അഞ്ച്‌ സിക്‌സറും 11 ഫോറുമടക്കം 125) ഇന്ത്യയുടെ ജയം അനായാസമാക്കിയത്‌. സഹ ഓപ്പണര്‍ അജിന്‍ക്യ രഹാനെയുടെ അര്‍ധ സെഞ്ചുറിയും (74 പന്തില്‍ 61) ജയത്തില്‍ നിര്‍ണായകമായി. നാലാം ഏകദിനത്തില്‍ തോറ്റതോടെ കൈവിട്ട ഏകദിനത്തിലെ ഒന്നാംസ്‌ഥാനവും ഇന്ത്യ തിരിച്ചുപിടിച്ചു.
വിദര്‍ഭയിലെ പിച്ചില്‍ തുടക്കത്തിലെ ആധിപത്യം ഒഴിച്ചാല്‍ ഓസീസ്‌ സമസ്‌ത മേഖലയിലും പിന്നാക്കമായി. ഡേവിഡ്‌ വാര്‍ണറും (62 പന്തില്‍ അഞ്ച്‌ ഫോറുകളടക്കം 53) ആരണ്‍ ഫിഞ്ചും (36 പന്തില്‍ 32) ഓപ്പണിങ്‌ സഖ്യത്തില്‍ 66 റണ്ണെടുത്തു. ഫിഞ്ചിനെ ജസ്‌പ്രീത്‌ ബുംറയുടെ കൈയിലെത്തിച്ച്‌ ഹാര്‍ദിക്‌ പാണ്ഡ്യയാണു കൂട്ടുകെട്ട്‌ പൊളിച്ചത്‌. നായകന്‍ സ്‌്റ്റീവന്‍ സ്‌മിത്തിനു പതിവു പോലെ തിളങ്ങാനായില്ല. 25 പന്തില്‍ 16 റണ്ണെടുത്തുനിന്ന സ്‌മിത്തിനെ പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍ കേദാര്‍ ജാദവ്‌ വിക്കറ്റിനു മുന്നില്‍ കുടുക്കി. സ്‌കോര്‍ 100 ലെത്തി നില്‍ക്കേയാണ്‌ സ്‌മിത്ത്‌ മടങ്ങിയത്‌. പീറ്റര്‍ ഹാന്‍ഡ്‌കോബിനെയും (13) വാര്‍ണറിനെയും പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഓസീസിനു കനത്ത പ്രഹരമേല്‍പ്പിച്ചു. പൊരുതിനിന്ന ട്രാവിഡ്‌ ഹെഡിനെ (59 പന്തില്‍ 42) ബൗള്‍ഡാക്കിയതും പട്ടേലാണ്‌. മാര്‍ക്‌ സ്‌റ്റോനിസ്‌ (46), മാത്യു വേഡ്‌ (18 പന്തില്‍ 20) തുടങ്ങിയവരുടെ പ്രകടനമാണ്‌ ഓസീസിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്‌. അക്ഷര്‍ പട്ടേല്‍ 38 റണ്‍ വഴങ്ങി മൂന്നു വിക്കറ്റും ജസ്‌പ്രീത്‌ ബുംറ രണ്ട്‌ വിക്കറ്റുമെടുത്തു. ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക്‌ പാണ്ഡ്യ, കേദാര്‍ ജാദവ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. 243 റണ്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ക്ഷമാപൂര്‍വമാണു ബാറ്റ്‌ ചെയ്‌തത്‌. 11.3 ഓവറില്‍ 50 റണ്ണെടുത്ത അവര്‍ 113 പന്തിലാണ്‌ സെഞ്ചുറി കൂട്ടുകെട്ട്‌ നേടിയത്‌.
രോഹിത്‌ ശര്‍മ 52 പന്തിലും രഹാനെ 64 പന്തിലുമാണ്‌ അര്‍ധ സെഞ്ചുറി നേടിയത്‌. തുടര്‍ച്ചയായി നാലാം മത്സരത്തിലാണ്‌ രഹാനെ അര്‍ധ സെഞ്ചുറി നേടുന്നത്‌. രഹാനെയെ വിക്കറ്റിനു മുന്നില്‍ കുടുക്കി നഥാന്‍ കൗള്‍ട്ടര്‍ നീലാണ്‌ ഓപ്പണിങ്‌ കൂട്ടുകെട്ട്‌ പിരിച്ചത്‌. രഹാനെ ക്രീസ്‌ വിടുമ്പോള്‍ സ്‌കോര്‍ 124 ലെത്തിയിരുന്നു. മൂന്നാം തവണയാണ്‌ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത്‌. നായകന്‍ വിരാട്‌ കോഹ്ലിയെ കൂട്ടുപിടിച്ച രോഹിത്‌ ശര്‍മ സ്‌കോറിങ്ങിനു വേഗം കൂട്ടി. നഥാന്‍ കൗള്‍ട്ടര്‍ നീലിനെ സിക്‌സറിനു പറത്തിയാണ്‌ അദ്ദേഹം 14-ാം സെഞ്ചുറിയിലെത്തിയത്‌. 94 പന്തുകളിലായിരുന്നു സെഞ്ചുറി നേട്ടം. ജയത്തിലേക്കു കുതിപ്പിനിടെ രോഹിതിനെ ലെഗ്‌ സ്‌പിന്നര്‍ ആഡം സാംപ നീലിന്റെ കൈയിലെത്തിച്ചു. ജയത്തിനരികേ വച്ച്‌ കോഹ്ലിയും മടങ്ങി. 55 പന്തില്‍ 39 റണ്ണെടുത്ത കോഹ്ലിയെ സാംപ സ്‌റ്റോനിസിന്റെ കൈയിലെത്തിച്ചു. കേദാര്‍ ജാദവും (അഞ്ച്‌) മനീഷ്‌ പാണ്ഡെയും (11) പുറത്താകാതെനിന്നു. ഓസീസിന്‌ വേണ്ടി സാംപ രണ്ട്‌ വിക്കറ്റും നഥാന്‍ കൗള്‍ട്ടര്‍ നീല്‍ ഒരു വിക്കറ്റുമെടുത്തു. രോഹിത്‌ ശര്‍മ മത്സരത്തിലെ താരവും ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യ പരമ്പരയിലെ താരവുമായി.

സ്‌കോര്‍ബോര്‍ഡ്‌:

ഓസ്‌ട്രേലിയ- ഡേവിഡ്‌ വാര്‍ണര്‍ സി പാണ്ഡെ ബി പട്ടേല്‍ 53, ഫിഞ്ച്‌ സി ബുംറ ബി പാണ്ഡ്യ 32, സ്‌മിത്ത്‌ എല്‍.ബി. ജാദവ്‌ 16, ഹാന്‍ഡ്‌കോബ്‌ സി രഹാനെ ബി പട്ടേല്‍ 13, ഹെഡ്‌ ബി പട്ടേല്‍ 42, സ്‌റ്റോനിസ്‌ എല്‍.ബി. ബുംറ 46, മാത്യു വേഡ്‌ സി രഹാനെ ബി ബുംറ 20, ജെയിംസ്‌ ഫോക്‌നര്‍ റണ്ണൗട്ട്‌ 12, പാറ്റ്‌ കുമ്മിന്‍സ്‌ നോട്ടൗട്ട്‌ 2, നഥാന്‍ കൗള്‍ട്ടര്‍ നീല്‍ ബി ഭുവനേശ്വര്‍ 0. എക്‌സ്ട്രാസ്‌: 6. ആകെ (50 ഓവറില്‍) ഒന്‍പതിന്‌ 242. വിക്കറ്റ്‌ വീഴ്‌ച: 1-66, 2-100, 3-112, 4-118, 5-205, 6-210, 7-237, 8-242, 9-242. ബൗളിങ്‌: ഭുവനേശ്വര്‍ കുമാര്‍ 8-0-40-1, ബുംറ 10-2-51-2, ഹാര്‍ദിക്‌ പാണ്ഡ്യ 2-0-14-1, കുല്‍ദീപ്‌ യാദവ്‌ 10-1-48-0, കേദാര്‍ ജാദവ്‌ 10-0-48-1, അക്ഷര്‍ പട്ടേല്‍ 10-0-38-3.
ഇന്ത്യ - രഹാനെ എല്‍.ബി. നഥാന്‍ കൗള്‍ട്ടര്‍ 61, രോഹിത്‌ ശര്‍മ സി കൗള്‍ട്ടര്‍ നീല്‍ ബി സാംപ 125, കോഹ്ലി സി സ്‌റ്റോനിസ്‌ ബി സാംപ 39, ജാദവ്‌ നോട്ടൗട്ട്‌ അഞ്ച്‌, പാണ്ഡെ നോട്ടൗട്ട്‌ 11. എക്‌സ്ട്രാസ്‌: രണ്ട്‌. ആകെ (42.5 ഓവറില്‍) മൂന്നിന്‌ 243. വിക്കറ്റ്‌വീഴ്‌ച: 1-124, 2-223, 3-227. ബൗളിങ്‌: പാറ്റ്‌ കുമ്മിന്‍സ്‌ 7-1-29-0, നഥാന്‍ കൗള്‍ട്ടര്‍ നീല്‍ 9-0-42-1, സ്‌റ്റോനിസ്‌ 4-0-20-0, ജെയിംസ്‌ ഫോക്‌നര്‍ 5.5-0-37-0, ആഡം സാംപ 8-0-59-2, ഹെഡ്‌ 6-0-38-0, ഫിഞ്ച്‌ 3-0-17-0.

Ads by Google
Advertisement
Sunday 01 Oct 2017 10.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW