Monday, July 23, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 05.03 PM

സൗദിയ തിരുവനന്തപുരം വിമാന സർവീസിന് തുടക്കമായി; ആഴ്ചയില്‍ രണ്ടു സര്‍വീസുകള്‍

uploads/news/2017/10/151330/saudi-air.jpg

റിയാദ് : സൗദി അറേബ്യൻ ദേശീയ വിമാന കമ്പനിയായ സൗദിയയുടെ തിരുവനന്തപുരം സർവീസുകൾക്ക് തുടക്കമായി. ആഴ്ചയിൽ നേരിട്ടുള്ള രണ്ട് സർവീസ് ജിദ്ദയിൽനിന്നും ,ഒന്ന് റിയാദിൽനിന്നുമാണ് തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്നത്. കേരളത്തിൽ കൊച്ചിയിലേക്കു മാത്രമാണ് ഇതുവരെ സൗദിയ സർവീസുണ്ടായിരുന്നത്. സൗദിയ സർവീസ് നടത്തുന്ന എട്ടാമത്തെ ഇന്ത്യൻ നഗരമാണ് തിരുവനന്തപുരം.

സൗദിയയുടെ പ്രഥമ തിരുവനന്തപുരം വിമാനം ഇന്ന് പുലർച്ചെ 4.40 ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നു. പ്രാദേശിക സമയം ഇന്ന് ഉച്ചക്ക് പന്ത്രണ്ടേകാലിന് വിമാനം തിരുവനന്തപുരത്ത് എത്തും. മടക്കയാത്ര ഉച്ചക്ക് ഒന്നേമുക്കാലിനാണ്. വൈകീട്ട് നാല് മണിക്ക് റിയാദ് എയർപോർട്ടിൽ എത്തിച്ചേരും.
ജിദ്ദയിൽനിന്ന് വ്യാഴം, ശനി ദിവസങ്ങളിലാണ് തിരുവനന്തപുരം സർവീസുകളുണ്ടാവുക. പുലർച്ചെ 3.35 ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം 12 മണിക്ക് തിരുവനന്തപുരത്ത് എത്തും. ഉച്ചക്ക് ഒന്നര മണിക്ക് യാത്രക്കാരുമായി മടങ്ങുന്ന വിമാനം വൈകീട്ട് നാലരക്കാണ് ജിദ്ദ എയർപോർട്ടിൽ എത്തുക. ഏറ്റവും പുതിയ മോഡലിൽപെട്ട എയർബസ് എ 330-300 വിമാനങ്ങളാണ് തിരുവനന്തപുരം സർവീസിന് ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 262 ഇക്കോണമി ക്ലാസ് സീറ്റുകളും അടക്കം ആകെ 298 സീറ്റുകളാണ് ഈ വിമാനങ്ങളിലുള്ളതെന്ന് സൗദിയ അറിയിച്ചു.

2020 ദേശീയ പരിവർത്തന പദ്ധതിയിലും വിഷൻ 2030 പദ്ധതിയിലും ഉൾപ്പെടുത്തിയാണ് സൗദിയയുടെ തിരുവനന്തപുരം സർവീസ്. അന്താരാഷ്ട്ര സർവീസ് ശൃംഖല വിപുലമാക്കുകയും മത്സരക്ഷമത ഉയർത്തുകയുമാണ് സൗദിയയുടെ ലക്ഷ്യം.

ഹജ്, ഉംറ തീർഥാടകർക്കും വിദേശ തൊഴിലാളികൾക്കും വിനോദ സഞ്ചാരികൾക്കും വ്യവസായികൾക്കും പുതിയ സർവീസ് ഗുണം ചെയ്യും.

തിരുവനന്തപുരത്തുനിന്ന് സൗദിയിലെ നഗരങ്ങളിലേക്കും സൗദിയ സർവീസ് നടത്തുന്ന വിദേശ നഗരങ്ങളിലേക്കും സ്‌കൈടൈം സഖ്യത്തിന്റെ ഭാഗമായി വിമാന കമ്പനികൾ സർവീസ് നടത്തുന്ന നഗരങ്ങളിലേക്കും സഞ്ചരിക്കുന്നതിന് സൗദിയ സർവീസ് യാത്രക്കാരെ സഹായിക്കും. സ്‌കൈടൈം സഖ്യത്തിനു കീഴിൽ ലോകത്തെങ്ങുമായി ഇരുപതു വിമാന കമ്പനികളുണ്ട്.
കൊച്ചിക്കു പുറമെ, ഹൈദരാബാദ്, ദൽഹി, ബാംഗ്ലൂർ, ലക്‌നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും സൗദിയ സർവീസ് നടത്തുന്നുണ്ട്. ഈ വർഷം സൗദിയ പുതുതായി സർവീസ് ആരംഭിക്കുന്ന നാലാമത്തെ എയർപോർട്ട് ആണ് തിരുവനന്തപുരം.

-ചെറിയാൻ കിടങ്ങന്നൂർ

Ads by Google
Sunday 01 Oct 2017 05.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW