Sunday, March 25, 2018 Last Updated 8 Min 12 Sec ago English Edition
Todays E paper
Ads by Google
സജിത്ത്‌ പരമേശ്വരന്‍
Sunday 01 Oct 2017 02.08 AM

ലോകബാങ്ക്‌ മടുത്തു പിന്മാറുന്നു, ഇനി പണം കിട്ടില്ല ; 50 % റോഡ്‌ ബാക്കി: മടുപ്പിച്ചത് നിലവാരമില്ലാത്ത നിര്‍മാണവും നിസ്സഹകരണവും

World bank

പത്തനംതിട്ട: സംസ്‌ഥാനത്തെ കെ.എസ്‌.ടി.പി. രണ്ടാംഘട്ട റോഡ്‌ നിര്‍മാണം കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കടുത്ത നടപടിയുമായി ലോകബാങ്ക്‌. വന്‍തുക പിഴ ഈടാക്കുന്നതിനു പുറമേ ഭാവിയില്‍ കെ.എസ്‌.ടി.പിക്കു ധനസഹായം നല്‍കുന്ന കാര്യം പുനഃപരിശോധിക്കുമെന്നും സൂചന. ഇതോടെ സംസ്‌ഥാനത്തെ വന്‍കിട റോഡ്‌ നിര്‍മാണപദ്ധതികളെല്ലാം അവതാളത്തിലാകും.
നിലവാരമില്ലാത്ത നിര്‍മാണം, കരാര്‍ കമ്പനികളെക്കുറിച്ചുള്ള അതൃപ്‌തി, കെ.എസ്‌.ടി.പിയുടെ നിസ്സഹകരണം എന്നിയെല്ലാം ലോകബാങ്കിനെ ചൊടിപ്പിച്ചിട്ടുണ്ട്‌. നിലവിലെ രണ്ടാംഘട്ട റോഡ്‌ നിര്‍മാണപദ്ധതിക്ക്‌ 1400 കോടി രൂപ(21.6 യു.എസ്‌. ഡോളര്‍)യാണു ലോകബാങ്ക്‌ അനുവദിച്ചിട്ടുള്ളത്‌. 2013 ജൂണ്‍ 19-നാണ്‌ പദ്ധതിക്കരാര്‍ ഒപ്പിട്ടത്‌. അടുത്ത ജൂലൈ 30 വരെയാണു കാലാവധി. എന്നാല്‍ ഈവര്‍ഷം നവംബര്‍ 30-നു മുമ്പ്‌ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണു കരാര്‍ നിബന്ധന. ശേഷിക്കുന്നതു രണ്ടുമാസം മാത്രമാണെന്നിരിക്കേ 50% നിര്‍മാണപ്രവര്‍ത്തനങ്ങളും ബാക്കിയാണ്‌.

മൂവാറ്റുപുഴ-ഏറ്റുമാനൂര്‍-ചെങ്ങന്നൂര്‍ (88 കിലോമീറ്റര്‍), കാസര്‍ഗോഡ്‌-കാഞ്ഞങ്ങാട്‌ (27.76 കി.മീ), തലശേരി-വളവുപാറ (53.12), പൊന്‍കുന്നം-പുനലൂര്‍ (132), പിലാത്തറ-പാപ്പിനിശേരി (20.90 കിലോമീറ്റര്‍)എന്നിവയാണു രണ്ടാംഘട്ട പദ്ധതിയിലുള്ള റോഡുകള്‍. കെ.എസ്‌.ടി.പി. ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ട, എം.സി. റോഡിലെ വെഞ്ഞാറമൂട്‌-ചെങ്ങന്നൂര്‍ (96 കി.മീ) റോഡ്‌ പൂര്‍ത്തിയാക്കാന്‍ ഒമ്പതുവര്‍ഷം വേണ്ടിവന്ന സാഹചര്യത്തില്‍ രണ്ടാംഘട്ടത്തിനു സമയനിഷ്‌ഠ പാലിക്കണമെന്ന കര്‍ശനനിര്‍ദേശത്തോടെയാണു ലോകബാങ്ക്‌ തുക അനുവദിച്ചത്‌. എന്നാല്‍ റോഡ്‌ നിര്‍മാണത്തില്‍ നിലവാരം പുലര്‍ത്തിയില്ലെന്നു മാത്രമല്ല, പൊന്‍കുന്നം-പുനലൂര്‍ റോഡ്‌ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടുമില്ല.
രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ അപാകതകളാണു ലോകബാങ്ക്‌ ചൂണ്ടിക്കാട്ടുന്നത്‌. മിക്ക പ്രവൃത്തികളിലും ലോകനിലവാരമില്ല. പാളികളായാണു റോഡ്‌ നിര്‍മിക്കേണ്ടത്‌. ഓരോ പാളിക്കുമുള്ള മെറ്റലിന്റെ അളവ്‌, കനം എന്നിവ കൃത്യമായി പാലിച്ചിട്ടില്ലെന്നാണു ലോകബാങ്ക്‌ പ്രതിനിധികളുടെ നിഗമനം. വേണ്ടരീതിയില്‍ ഓടകള്‍ നിര്‍മിച്ചിട്ടില്ല. നിര്‍മാണം ഏറ്റെടുത്ത ചില കമ്പനികള്‍ക്കു രാജ്യാന്തരനിലവാരമില്ലെന്നും കണ്ടെത്തി.

ഒന്നാംഘട്ടനിര്‍മാണത്തിനു രാജ്യാന്തരനിലവാരമുള്ള കമ്പനികളെയാണു ചുമതലപ്പെടുത്തിയിരുന്നത്‌. നിര്‍മാണം പൂര്‍ത്തീകരിച്ച്‌ ഏഴുവര്‍ഷം കഴിഞ്ഞിട്ടും വെഞ്ഞാറമൂട്‌-ചെങ്ങന്നൂര്‍, മൂവാറ്റുപുഴ-അങ്കമാലി, വെഞ്ഞാറമൂട്‌-കഴക്കൂട്ടം പാതകള്‍ അധികം അറ്റകുറ്റപ്പണികളില്ലാതെ നിലനില്‍ക്കാന്‍ കാരണം രാജ്യാന്തരനിലവാരത്തിലുള്ള നിര്‍മാണമികവുകൊണ്ടാണ്‌. എന്നാല്‍ രണ്ടാംഘട്ടനിര്‍മാണത്തിനായി കണ്ടെത്തിയ കമ്പനികളില്‍ ഏറെയും തട്ടിക്കൂട്ടുസ്‌ഥാപനങ്ങളായിരുന്നെന്ന പരാതി തുടക്കംമുതല്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ലോകബാങ്കും അതു ശരിവച്ചിരിക്കുകയാണ്‌.

രണ്ടാംഘട്ടനിര്‍മാണത്തിനായി പൊന്‍കുന്നം-പുനലൂര്‍ റോഡിന്‌ അനുവദിച്ച പണം നഷ്‌ടമായി. 2001-ല്‍ വിഭാവനം ചെയ്‌ത പദ്ധതിയാണ്‌ മൂവാറ്റുപുഴ-പുനലൂര്‍ പാതനവീകരണം. ഇതില്‍ മൂവാറ്റുപുഴ-പൊന്‍കുന്നം വരെയേ പൂര്‍ത്തിയായിട്ടുള്ളൂ. 16 വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കല്‍ നടപടി പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 13 പേരുടെ വസ്‌തുക്കളാണു പത്തനംതിട്ട ജില്ലയിലെ മൈലപ്രയില്‍ മാത്രം ഏറ്റെടുക്കാനുള്ളത്‌. അടുത്തഘട്ടത്തിലേക്കു മാറ്റിയ പദ്ധതിക്കായി 600 കോടി രൂപയാണു ലോകബാങ്കിനോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ രണ്ടാംഘട്ടപദ്ധതിപോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനിയും കെ.എസ്‌.ടി.പിയുമായി യോജിച്ചുപോകാന്‍ കഴിയുമോയെന്ന സന്ദേഹമാണു ലോകബാങ്ക്‌ പ്രതിനിധികള്‍ പ്രകടിപ്പിക്കുന്നത്‌.

പദ്ധതി ഡയറക്‌ടര്‍മാര്‍ അടിക്കടി മാറുന്നുവെന്ന ലോകബാങ്ക്‌ പരാതിയേത്തുടര്‍ന്ന്‌ അജിത്ത്‌ പാട്ടീലിനെ സ്‌ഥിരം ഡയറക്‌ടറായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്‌. റോഡ്‌ നിര്‍മാണം വിലയിരുത്താനെത്തിയ സംഘത്തലവന്‍ ഡോ. ബെര്‍ണാഡ്‌ അരിട്വക്കെതിരേ പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍ നടത്തിയ രൂക്ഷവിമര്‍ശനത്തേത്തുടര്‍ന്ന്‌ അദ്ദേഹത്തെ മാറ്റാനും ലോകബാങ്ക്‌ തയാറായി. എന്നിട്ടും രണ്ടാംഘട്ടനിര്‍മാണം കാര്യക്ഷമമാകുന്നില്ലെന്നാണുവിമര്‍ശനം.

Ads by Google
TRENDING NOW