Friday, July 06, 2018 Last Updated 10 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 01.51 AM

ജിമിക്കിയുടെ പുസ്‌തകം

uploads/news/2017/10/151211/sun4.jpg

മലയാളികള്‍ മാത്രം ഇഷ്‌ടംകൊണ്ട്‌ മൂളി നടന്നേക്കുമെന്നു കരുതിയ ഗാനം കേരളക്കരയുടെ അതിരും കടന്ന്‌, ഭാഷാന്തരങ്ങള്‍ കീഴടക്കി, ലോകത്ത്‌ മലയാളികളുള്ളയിടങ്ങളിലെല്ലാം ചുറ്റിക്കറങ്ങി, ബി.ബി.സി ചാനലില്‍ റിപ്പോര്‍ട്ടായി, ഓസ്‌കാര്‍ അവതാരകനും താരവുമായ ജിമ്മി കിമ്മലിന്റെവരെ പ്രശംസ ഏറ്റുവാങ്ങുമ്പോള്‍ അതിന്‌ സംഗീതം നല്‍കി ഈ പാട്ടിനെ ഇത്ര ഇമ്പമുള്ളതാക്കിയ ഷാന്‍ റഹ്‌മാന്‍ ഇതെല്ലാം കണ്ട്‌ അത്ഭുതത്തോടെ അഭിമാനപുളകിതനായിരിക്കുകയാണ്‌. ആരെഴുതിയെന്നോ, ആദ്യം ആര്‌ പാടിയെന്നോ അറിയാത്ത ഈ വരികള്‍ വര്‍ഷങ്ങളായി മലയാളികള്‍ പലയിടങ്ങളിലും കേട്ടിട്ടുണ്ടെങ്കിലും അതിനെ ലോക പ്രശസ്‌തമാക്കിയത്‌ ഷാനിന്റെ സംഗീത മാന്ത്രികത ഒന്നുമാത്രമാണ്‌.
പാട്ടുകേട്ട്‌ ആസ്വദിക്കുന്നവര്‍ക്ക്‌ നൃത്തം ചെയ്ാന്‍ യപ്രേരണ നല്‍കുന്ന പാട്ടിന്റെ ആദ്യത്തെ നാലുവരി നിലനിര്‍ത്തി ബാക്കി എഴുതിയത്‌ അനില്‍ പനച്ചൂരാനാണ്‌. ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത വെളിപാടിന്റെ പുസ്‌തകത്തിലെ ഈ ഗാനം യൂട്യൂബിലും, എഫ്‌.ബിയിലും, വാട്‌സ് ആപ്പിലും വൈറലായി പടരുകയായിരുന്നു. മലയാള സിനിമാ പാട്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ഇപ്പോഴും 'അണ്‍ലിമിറ്റഡാ'യി അത്‌ കണ്ടവര്‍ കണ്ടവര്‍ വീണ്ടും കാണുകയും , പുതിയ കാഴ്‌ചക്കാര്‍ പിന്നെയും, പിന്നെയും പ്രായഭേദമില്ലാതെ ആരാധകരായി വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ്‌ ജിമിക്കിയെ താരമാക്കി നിലനിര്‍ത്തുന്നത്‌.

'ജിമിക്കി കമ്മല്‍' കിലുങ്ങിയ വഴി

ഷാനിന്‌ ഈ പാട്ടിന്റെ ആദ്യ നാലുവരികള്‍ ആദ്യമായി പാടികേള്‍പ്പിക്കുന്നത്‌ വെളിപാടിന്റെ പുസ്‌തകത്തിന്റെ തിരക്കഥാകൃത്ത്‌ ബെന്നി പി.നായരമ്പലമായിരുന്നു. അദ്ദേഹത്തിന്‌ ഈ പാട്ടിന്റെ വരികള്‍ സംഭാവന ചെയ്‌തത്‌ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളാണ്‌. മകള്‍ക്ക്‌ സഹപാഠികളില്‍നിന്നും കിട്ടിയ ഗാനം ബെന്നിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വര്‍ഷങ്ങളായി സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ ഈ പാട്ട്‌ പാടുന്നുണ്ട്‌. ഈ വരികള്‍ ആരാണ്‌ എഴുതിയതെന്ന്‌ ആര്‍ക്കുമറിയില്ലെന്ന കാര്യം ബെന്നി പി. നായരമ്പലം പറയുമ്പോഴാണ്‌ ഷാനറിയുന്നത്‌. ഈ നാലുവരി തന്നിട്ട്‌ അതിന്റെ താളത്തിനൊത്ത്‌ സംഗീതം ചെയ്യാനാണ്‌ ഷാനിനോട്‌ അവര്‍ ആവശ്യപ്പെട്ടത്‌.
ശിങ്കാരിമേളത്തിന്റെ താളമായിരുന്നു പാട്ടിലുണ്ടായിരുന്നത്‌. കോളജില്‍ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കായിരുന്നു ഈ പാട്ടിന്റെ സിനിമയിലെ സിറ്റുവേഷന്‍. പിള്ളേര്‌ ഡെസ്‌ക്കില്‍ കൊട്ടി പാടുന്ന രീതിയിലുള്ള പാട്ട്‌. ഈ നാലുവരികള്‍ക്കു ശേഷമുള്ള വരികള്‍ അനില്‍ പനച്ചൂരാനാണ്‌ എഴുതിയത്‌. അദ്ദേഹത്തെ ആദ്യ നാലുവരികള്‍ ഷാന്‍ പാടികേള്‍പ്പിച്ചു. ഈ വരികളും സിറ്റുവേഷനും മനസിലാക്കി അനില്‍ പനച്ചൂരാന്‍ ഒറ്റദിവസം കൊണ്ട്‌ ബാക്കി എഴുതി. കമ്പോസിങ്ങ്‌ എല്ലാം കഴിഞ്ഞ്‌ ആദ്യത്തെ നാലുവരി മാറ്റാനായിരുന്നു ഷാനിന്റെ ഉദ്ദേശം.
''എന്നാല്‍ കമ്പോസിങ്‌ കഴിഞ്ഞപ്പോള്‍ എനിക്ക്‌ അത്‌ മാറ്റാന്‍ തോന്നിയില്ല. ആ വരികളോട്‌ അത്രയ്‌ക്ക് അടുപ്പം തോന്നി. എനിക്ക്‌ ആ പാട്ടിനോട്‌ തോന്നിയ ഇഷ്‌ടം കൊണ്ട്‌ സംവിധായകന്‍ ലാല്‍ ജോസിനോട്‌ ആദ്യ നാലുവരികള്‍ തന്നെ സിനിമയ്‌ക്കായി ഉപയോഗിച്ചാലോയെന്ന്‌ ചോദിച്ചു. എനാല്‍ ലാല്‍ ജോസിന്‌ സിനിമ ഇറങ്ങിയ ശേഷം ഇനി ആരെങ്കിലും ഈ പാട്ട്‌ എഴുതിയത്‌ ഞാനാണെന്നും പറഞ്ഞ്‌ വന്നാലോയെന്ന്‌ ആദ്യം സംശയമുണ്ടായിരുന്നു. എന്നാല്‍ സിനിമ ഇറങ്ങി ഇത്രനാളായിട്ടും അവകാശവാദവുമായി ഇതുവരെ ആരും വന്നിട്ടില്ല. ''വരികളും, സംഗീതവുമായപ്പോള്‍ ആരു പാടുമെന്നതായി ഷാനിന്റെ ചിന്ത. ഷാനിന്റെ മനസിലേക്ക്‌ വന്നത്‌ ഉറ്റ സുഹൃത്തായ വിനീത്‌ ശ്രീനിവാസന്റെ മുഖമായിരുന്നു. എതിര്‍ ഗ്രൂപ്പിന്റെ ശബ്‌ദത്തില്‍ പാടുന്നയാള്‍ക്ക്‌ വിനീതിന്റെ ശബ്‌ദവുമായി യാതൊരു സാദൃശ്യവുമില്ലാതിരിക്കണമെന്ന്‌ നിര്‍ബന്ധവുമുണ്ടായിരുന്നു. ഷാനിന്റെ ആ അന്വേഷണം ഗായകന്‍ രഞ്‌ജിത്‌ ഉണ്ണിയില്‍ ചെന്നാണ്‌ അവസാനിച്ചത്‌.
''അവരോട്‌ രണ്ടുപേരോടും ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. നിങ്ങള്‍ പാടുന്നതിന്റെ ആദ്യ ടേക്ക്‌ തന്നെ എടുക്കും. തെറ്റിയാലും അങ്ങനെതന്നെ. സാധാരണ ചെയ്യുന്നപോലെ പോളിഷ്‌ ചെയ്‌ത്, പോളിഷ്‌ ചെയ്‌ത് എടുക്കുന്ന പരിപാടിയൊന്നും ഉണ്ടാകില്ലെന്ന്‌. പാടാനറിയാത്ത സാധാരണകാര്‍ക്കും ഈ പാട്ട്‌ പാടാന്‍ കഴിയണമെന്ന ആഗ്രഹം മാത്രമായിരുന്നു മനസില്‍ അപ്പോള്‍.''

ജനകോടികള്‍ ആസ്വദിച്ച പാട്ട്‌

സിനിമയിറങ്ങിയ ശേഷം അണിയറ പ്രവര്‍ത്തകരെയെല്ലാം അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ്‌ ലഭിച്ചത്‌. ഈ പാട്ട്‌ ശ്രദ്ധിക്കപ്പെടുമെന്ന്‌ വിശ്വാസമുണ്ടായിരുന്നുവെങ്കിലും ഇത്ര വലിയ വ്യാപ്‌തി ആരും പ്രതീക്ഷിച്ചിരുന്നില്ല. മലയാളികളുടെ ഇടയില്‍ മാത്രം ഹിറ്റാകുമെന്നാണ്‌ എല്ലാവരും കരുതിയിരുന്നത്‌. എന്നാലത്‌ മലയാളവും കടന്ന്‌ തമിഴ്‌, ഹിന്ദി, തെലുങ്ക്‌ ആരാധകരുടെ അടുക്കല്‍ വരെയെത്തി. കുട്ടികളും മാതാപിതാക്കളുമെല്ലാം പാട്ട്‌ പാടുകയും, ഡാന്‍സ്‌ ചെയ്യുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ പോസ്‌റ്റ് ചെയ്യുന്നതും, ഷെയര്‍ ചെയ്യുന്നതും പതിവായി. ഇതെല്ലാം കണ്ട്‌ ഷാന്‍ ഞെട്ടുകയായിരുന്നു.
''സത്യത്തില്‍ ഈ പാട്ട്‌ എന്തുകൊണ്ട്‌ ഇത്ര ഹിറ്റായതെന്ന്‌ എനിക്കറിയില്ല. നാടന്‍ പാട്ടിന്റെ ഒരു ശൈലിയുള്ളതുകൊണ്ടാകും. പിന്നെ വരികളും ഭയങ്കര ആകര്‍ഷകമാണ്‌. 'ജിമിക്കി കമ്മലി'ന്റെ ആദ്യ നാലുവരി ഉപയോഗിക്കാന്‍ തീരുമാനിച്ചത്‌ ഭാഗ്യമാവുകയായിരുന്നു. പാട്ടിന്‌ വേണ്ട എല്ലാ ചേരുവകകളും ഒത്തിണങ്ങി വന്നതും ഗുണമായി. പരമാവധി ആളുകള്‍ ഇഷ്‌ടപ്പെടുന്ന രീതിയിലും പാട്ട്‌ ചെയ്യണമെന്ന്‌ ആഗ്രഹിച്ചിരുന്നു. അതായിരുന്നു ഞാന്‍ വെല്ലുവിളിയായെടുത്തത്‌. അത്‌ സാധിച്ചതില്‍ സന്തോഷമുണ്ട്‌.''
എന്നാല്‍ വ്യക്‌തിപരമായി ഷാന്‍ സംഗീതം ചെയ്‌തതില്‍ ഏറ്റവും ഇഷ്‌ടപ്പെട്ട പാട്ട്‌ വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത 'തിര'യിലേതാണ്‌. തട്ടത്തിന്‍ മറയത്തിലെയും, ഓം ശാന്തി ഓശാനയിലെയും പാട്ടുകള്‍ക്ക്‌ പിന്നീടാണ്‌ സ്‌ഥാനം.
''എനിക്ക്‌ ജിമിക്കി കമ്മലിനോടുള്ള പ്രിയം മറ്റൊരുതരത്തിലാണ്‌. ആ പാട്ടിനു കിട്ടിയ വലിയ റിസള്‍ട്ടാണ്‌ ഇഷ്‌ടത്തിന്‌ കാരണം. ഇനി ഇത്ര വലിയൊരു ഹിറ്റ്‌ എനിക്ക്‌ ഉണ്ടാകുമോ എന്നറിയില്ല. പാട്ട്‌ ഇഷ്‌ടമായി ഒരുപാടുപേര്‍ വിളിച്ചു. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ്‌ പറഞ്ഞത്‌ മലയാളത്തില്‍ അടുത്തകാലത്ത്‌ ഇത്ര നല്ല ഡാന്‍സ്‌ നമ്പര്‍ ഉണ്ടായിട്ടില്ലെന്നാണ്‌. സംഗീത സംവിധായകന്‍ സൂരജ്‌ എസ്‌.കുറുപ്പാണ്‌ സിനിമ കണ്ട്‌ എനിക്ക്‌ 'ഇക്ക അടിപൊളി'യെന്നും പറഞ്ഞ്‌ ആദ്യ മെസേജ്‌ അയക്കുന്നത്‌. സംഗീത സംവിധായകന്‍ ദീപക്‌ ദേവ്‌ വിളിച്ച്‌ മണിക്കൂറുകളോളം സംസാരിച്ചു. അദ്ദേഹത്തിന്റെ മക്കള്‍ പാട്ട്‌ ഫുള്‍ സൗണ്ടില്‍ വച്ച്‌ ഡാന്‍സ്‌ ചെയ്യാറുണ്ട്‌ പോലും.''

എം.എ. ബൈജു

Ads by Google
Sunday 01 Oct 2017 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW