Wednesday, July 18, 2018 Last Updated 13 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 01.51 AM

ഉത്സവമായിരുന്ന പുരകെട്ട്‌ കല്യാണം

uploads/news/2017/10/151210/sun3.jpg

'നേത്രാഭിരാമം ഗൃഹമോലമേഞ്ഞും വൃക്ഷച്‌ഛദഛായയില്‍ നിന്നിടുന്നു. നോക്കുന്നിടത്തൊക്കെയുമുണ്ടു കായ്‌കള്‍ മൂത്തും പഴുത്തും കദളീകദംബം അതിന്‍ നടുക്കീച്ചെറുതായ വീടു കണ്ണിന്നനായസ സുഖം തരുന്നു'.
-കുറ്റിപ്പുറത്ത്‌ കേശവന്‍നായര്‍

കാഴ്‌ചയ്‌ക്ക് സുന്ദരവും താമസിക്കാന്‍ സുഖകരവുമായിരുന്ന ഓലപ്പുരകളുടെ കെട്ടിമേയല്‍ ഒരാഘോഷം തന്നെയായിരുന്നു. പുരകെട്ട്‌ കല്യാണത്തിനുള്ള സമയമായെന്ന്‌ ഓര്‍മ്മപ്പെടുത്താനെന്നവണ്ണം 'പുരകെട്ടേടാ, പുരകെട്ടേടാ' എന്ന്‌ വിഷുപക്ഷി പാടിക്കൊണ്ടേയിരുന്നു. ഇന്ന്‌ ഓലപ്പുരയും വിഷുപക്ഷിയുമൊക്കെ ഓര്‍മ്മകളില്‍ ഒതുങ്ങുന്നു. പുര കെട്ടുന്നതിനുള്ള ഓല ശേഖരിക്കല്‍ നാലുമാസം മുമ്പെങ്കിലും തുടങ്ങും. ഒരു തെങ്ങില്‍ നിന്നും രണ്ടോ മൂന്നോ മൂപ്പെത്തിയ പച്ചോലകള്‍ ഓരോ മാസവും (അന്നൊക്കെ മാസം കൃത്യമായി നാളികേരം വലിച്ചിരുന്നു എന്നും ഓര്‍മ്മിക്കേണ്ടതാണ്‌) വെട്ടും. കേടില്ലാത്ത ഉണങ്ങിയ ഓലകളും ശേഖരിക്കും.
വേനല്‍ക്കാലത്ത്‌ തെങ്ങില്‍ അധികം ഓല ഇല്ലാതിരിക്കുന്നതാണ്‌ തെങ്ങിന്‌ ഗുണംചെയ്യുക എന്നൊരു തത്വവും കര്‍ഷകരിലുണ്ടായിരുന്നു. പച്ച ഓല വെയിലത്തുണക്കി തലഭാഗവും വാല്‍ഭാഗവും മുറിച്ച്‌മാറ്റി രണ്ടായി ചീന്തി മടലിന്റെ കനംകുറച്ച്‌ കിണറ്റിന്‍കരയില്‍ അട്ടിവെച്ച്‌ നനച്ചോ മറ്റ്‌ ജലാശയങ്ങളില്‍ താഴ്‌ത്തിയോ കുതിര്‍ക്കുന്നു. ജലം പാഴാകാതിരിക്കാന്‍ കിണറ്റിന്‍കരയിലെ ഓല അട്ടിയുടെ മുകളില്‍ നിന്ന്‌ കുളിക്കാറുണ്ട്‌. ഏതാനും ദിവസംകൊണ്ട്‌ മെടയാന്‍ പാകമാകും.
പലരുടെയും ഉപജീവനമാര്‍ഗമായിരുന്ന ഓലമെടയല്‍. ഇഴയടുപ്പത്തോടെയും ഭംഗിയായും മെടഞ്ഞെടുക്കണമെങ്കില്‍ പരിചയംകൊണ്ട്‌ നേടിയ വൈദഗ്‌ദ്ധ്യം അത്യാവശ്യമാണ്‌. മെടഞ്ഞ ഓലകള്‍ വെയിലത്തുണക്കി ചിതല്‍ തിന്നാതെ 'ഓലപ്പട' (നാടന്‍ പ്രയോഗം, ഒന്നര അടിയെങ്കിലും ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ സ്‌ഥലം)ത്തിന്മേല്‍ സൂക്ഷിക്കുന്നു. മെടഞ്ഞ ഓലകള്‍ വില്‍പ്പനയ്‌ക്ക് തയാറാക്കുന്നവരും ആവശ്യത്തിലധികം വന്നാല്‍ വില്‍ക്കുന്നവരുമുണ്ട്‌.
പുരകെട്ട്‌ കല്യാണത്തിന്‌ ആളുകളെ ക്ഷണിക്കാറാണ്‌ പതിവ്‌. അതിരാവിലെതന്നെ ജോലിക്കാരും അയല്‍വാസികളും എത്തിത്തുടങ്ങും. മേല്‍ക്കൂര പൊളിച്ച്‌ കേടുവന്ന അലകുകളും മരങ്ങളും മാറ്റി അടിച്ച്‌ വൃത്തിയാക്കും. വലിയ വീടാണെങ്കില്‍ തലേദിവസംതന്നെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാറുണ്ട്‌. കൃത്വിമത്വമില്ലാത്ത വെറ്റില മുറുക്കിന്റെയും ഉണങ്ങിയ പുതിയ ഓലയുടെയും സുഖകരമായ ഗന്ധം എങ്ങും നിറഞ്ഞ്‌ നില്‍ക്കും.
പൊളിച്ചെടുക്കുന്ന ഓലകള്‍ക്ക്‌ 'കരിയോല' എന്നാണ്‌ പറയുക. കേടുപാടില്ലാത്ത കരിയോല മേയുന്നതിനായി മാറ്റിവയ്‌ക്കും. ബാക്കിവരുന്നത്‌ മഴക്കാലത്തെ വിറകിന്റെ ആവശ്യത്തിനായി ഒരുഭാഗം മാറ്റിവച്ച്‌ ബാക്കി ഭാഗം അയല്‍ക്കാര്‍ക്ക്‌ കൊടുക്കാറാണ്‌ പതിവ്‌. കേടില്ലാത്ത കരിയോല അടിയിലും പുതിയ ഓല മുകളിലും വച്ചാണ്‌ മേയുക. അട്ടക്കരി കൂടുതലായത്‌ കൊണ്ടാകാം അടുക്കളഭാഗത്തെ കരിയോല പൊതുവേ വീണ്ടും ഉപയോഗിക്കാറില്ല.
'നാരോല' നിര്‍മ്മിക്കുന്നതിനായി ഒരാള്‍ തെങ്ങില്‍ കയറി പച്ച ഓലയും അന്നത്തെ ചിലവിനാവശ്യമായ തേങ്ങയും (പച്ച തേങ്ങ അരച്ച ചക്ക എരിശേരി കൂടുതല്‍ രുചികരമായത്‌ കൊണ്ടാകാം) എടുക്കുന്നു. അതിനുശേഷം പൊളിച്ചിട്ട കരിയോല കത്തിച്ച്‌ പച്ചോലക്കൊടികള്‍ വാട്ടിയെടുക്കുന്നു. ഓലക്കൊടിയുടെ തലഭാഗം ചെരിച്ച്‌ മുറിച്ച്‌ കൂര്‍പ്പിച്ചെടുക്കുന്നു. ഇതാണ്‌ 'നാരോല'. ഇത്‌ കെട്ടാനുപയോഗിക്കുന്നു. മൂപ്പെത്തിയ ഉണങ്ങാത്ത 'കൊതുമ്പും പാന്തവും' വെള്ളത്തില്‍ കുതിര്‍ത്തെടുത്ത്‌ ചീന്തി 'നാരോല'യായി ഉപയോഗിക്കുന്നവരുമുണ്ട്‌. തുടര്‍ന്ന്‌ മുളയുടെയോ കമുകിന്റെയോ അലക്‌ ഉപയോഗിച്ച്‌ മോന്തായം ബലപ്പെടുത്താന്‍ നിശ്‌ചിത വലിപ്പത്തിലുള്ള രണ്ട്‌ ഭാഗവും കൂര്‍ത്ത 'സൂചിക്കോലുകള്‍' നിര്‍മ്മിക്കുന്നു. സൂചിക്കോലുകളിലൂടെ ചൂടി ഉപയോഗിച്ച്‌ വരിഞ്ഞ്‌ കെട്ടുന്നു.
ചോര്‍ച്ചയില്ലാതെയും ഉറപ്പോടെയും ഭംഗിയായും പുര മേയണമെങ്കില്‍ വര്‍ഷങ്ങളായി
ആര്‍ജിക്കുന്ന പരിചയം അത്യാവശ്യമാണ്‌. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ പ്രത്യേക കൂലിയും നല്‍കാറുണ്ട്‌. പുരപ്പുറത്തേക്ക്‌ ഓല എറിഞ്ഞ്‌ കൊടുക്കുന്നവര്‍ക്കും നല്ല പരിചയം വേണം. കരിയോലയും പുതിയ ഓലയും കോര്‍ത്താണ്‌ എറിഞ്ഞുകൊടുക്കുക. ഓല കോര്‍ത്തെറിയുമ്പോള്‍ പുരപ്പുറത്ത്‌ കെട്ടിനിരിക്കുന്ന ആളുടെയടുത്ത്‌ അത്‌ എങ്ങനെയാണോ കെട്ടേണ്ടത്‌ അതുപോലെതന്നെ ചെന്ന്‌ വീഴണം. എറിയുന്ന ആള്‍ക്ക്‌ പരിചയക്കുറവുണ്ടെങ്കില്‍ ഓലയുടെ മൂല കെട്ടുന്നവരുടെ മുഖത്തും കണ്ണിലും കൊള്ളാന്‍ സാധ്യതയുണ്ട്‌. ചില സ്‌ഥലങ്ങളില്‍ തെങ്ങോലയുടെ കൂടെ പനയോല ചേര്‍ത്ത്‌ കെട്ടാറുണ്ട്‌. ഇതും നല്ല പരിചയം വേണ്ട ജോലിയാണ്‌. അല്ലെങ്കില്‍ ചോര്‍ച്ചയുണ്ടാകും.
പനയോല (കുടപ്പന, കരിമ്പന), പുല്ല്‌ (വൈക്കോല്‍) എന്നിവയും മേച്ചിലിനായി ഉപയോഗിക്കുന്നു. ഓല മേഞ്ഞശേഷം പുല്ല്‌ മേയുന്നവരുമുണ്ട്‌. ഇങ്ങനെയുള്ള മേല്‍ക്കൂരകള്‍ ഓരോ വര്‍ഷവും പുല്ല്‌ മാത്രം മാറ്റി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഓല മാറ്റിയാല്‍ മതി എന്നൊരു മെച്ചവുമുണ്ട്‌.
മേച്ചില്‍ കഴിഞ്ഞാല്‍ ഇറഭാഗം വരി ഒപ്പിച്ച്‌ മുറിച്ച്‌ അലക്‌ വെച്ച്‌കെട്ടി ഭംഗിയാക്കാറുണ്ട്‌.
പുരകെട്ട്‌ കല്യാണത്തിന്‌ ചക്കകൊണ്ടുള്ള വിഭവങ്ങളാണ്‌ പ്രധാനം. ചക്ക ഇല്ലാത്തവര്‍ ഉള്ള സ്‌ഥലത്ത്‌നിന്ന്‌ കൊണ്ടുവരും. രാവിലെ ചക്കപ്പുഴുക്കും കഞ്ഞിയും കൊടുക്കുന്ന പതിവുണ്ട്‌. ഉച്ചയ്‌ക്ക് ചക്ക എരിശേരിയും ചോറും മറ്റ്‌ വിഭവങ്ങളും ഉണ്ടായിരിക്കും. പുരകെട്ട്‌ കഴിഞ്ഞ്‌ അടിച്ച്‌ വൃത്തിയാക്കിക്കഴിയുമ്പോഴേക്കും സമയം വളരെ വൈകുന്നതുകൊണ്ടാകാം രാത്രിഭക്ഷണം അടുത്ത വീടുകളില്‍ കൊടുക്കുന്ന പതിവും ചില സ്‌ഥലങ്ങളിലുണ്ട്‌.
പുരകെട്ട്‌ കല്യാണവുമായി ബന്ധപ്പെട്ട്‌ ചില ചടങ്ങുകളും വിശ്വാസങ്ങളും നിലനിന്നിരുന്നു. അവയില്‍ പ്രധാനമാണ്‌ പുരകെട്ട്‌ കഴിഞ്ഞശേഷം മോന്തായത്തിലിരുന്ന്‌ പൊളിച്ച തേങ്ങ വെട്ടി ഓലക്കഷ്‌ണത്തിലേയ്‌ക്ക് തേങ്ങാവെള്ളം വീഴ്‌ത്തല്‍. അതിനുശേഷം തേങ്ങാമുറികള്‍ രണ്ട്‌ ഭാഗത്തേക്ക്‌ തട്ടിമാറ്റുന്നു.
രണ്ട്‌ മുറിയും കമിഴ്‌ന്ന്വീണാല്‍ ചിലവ്‌ കൂടുമെന്നും മലര്‍ന്ന്‌ വീണാല്‍ ചിലവ്‌ കുറയുമെന്നും ഒന്ന്‌ മലര്‍ന്നും ഒന്ന്‌ കമിഴ്‌ന്നും വീണാല്‍ വരവുചിലവ്‌ തുല്യമായിരിക്കുമെന്നും ഒരു വര്‍ഷത്തേയ്‌ക്ക് ഫലപ്രവചനം നടത്തുന്നു. വെള്ളം നിറച്ച കിണ്ടിയും തുളസി, തെച്ചിപ്പൂവ്‌, ചെമ്പരത്തിപ്പൂവ്‌ എന്നിവയും ഉപയോഗിച്ച്‌ ചെറിയ പൂജയും പ്രാര്‍ത്ഥനയും നടത്തി വെള്ളം പുരപ്പുറത്ത്‌ തൂവുന്നു. ഇത്‌ പുരപ്പുറത്ത്‌ വച്ച്‌ നടത്തുന്ന മറ്റൊരു ചടങ്ങാണ്‌. അതിനുശേഷം കിണ്ടിയില്‍ പൊതിഞ്ഞിട്ട സ്വര്‍ണം, ഉപ്പ്‌, കരിക്കട്ട എന്നിവയില്‍ ഒന്നെടുത്ത്‌ തുറന്ന്‌ നോക്കി ഒരുവര്‍ഷത്തെ ഫലപ്രവചനം നടത്തുന്നു.
ഈ ചടങ്ങിലും മുന്‍ പറഞ്ഞപോലെ തേങ്ങ ഉപയോഗിച്ചുള്ള പ്രവചനവും നടത്താറുണ്ട്‌. ശേഷം പൂണ്ടെടുത്ത തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത പ്രസാദം കൂടിയവര്‍ക്കും അടുത്ത വീടുകളിലേക്കും കൊടുക്കുക എന്നതും പ്രധാനമാണ്‌. പുരകെട്ടിന്‌ മധുരം കൊടുക്കുക എന്നൊരുദ്ദേശവും ഇതിനുണ്ട്‌. 'നാരോല'യ്‌ക്ക് വേണ്ടി എടുത്ത പച്ചോലയുടെ തലഭാഗവും വാല്‍ഭാഗവും പുരകെട്ട്‌ കഴിഞ്ഞാല്‍ പുരയുടെ രണ്ടു ഭാഗങ്ങളിലായി തൂക്കിയിടണം എന്നാണ്‌ മറ്റൊരു വിശ്വാസം. പുരകെട്ട്‌ കഴിഞ്ഞ്‌ ഇറങ്ങുന്നതിന്‌ മുമ്പ്‌ കെട്ടിയതിലെ ഒരു കെട്ട്‌ അറുത്തിടാറുണ്ട്‌. അടക്കി കെട്ടാന്‍ പാടില്ല എന്നൊരു വിശ്വാസമാണ്‌ ഇതിനു പിന്നില്‍.
ഓലപ്പുരയുമായി ബന്ധപ്പെട്ട പല ഭാഷാ ശൈലികളുമുണ്ട്‌. അവയില്‍ ചിലത്‌ നോക്കാം. 'ഓണം കഴിഞ്ഞാല്‍ ഓട്ടപ്പുര' - ഓണം കഴിഞ്ഞാല്‍ കയ്യിലുള്ള കാശ്‌ തീരുമെന്നും മഴക്കാലമൊക്കെ കഴിഞ്ഞ്‌ ഓലയ്‌ക്ക് ഓട്ടവരുമെന്നും വ്യംഗ്യം. 'പുര പൊളിച്ചിട്ടതുപോലെ' - വെളിച്ചം നന്നായി കിട്ടുന്ന അവസ്‌ഥ (മേയാനായി മേല്‍പ്പുര പൊളിച്ചാല്‍ അകത്ത്‌ നല്ലവണ്ണം വെളിച്ചം വരുമല്ലോ). 'ഓലപ്പുരമ്മേലിരുന്ന്‌ ചൂട്ട്‌ വീശുക' - ചിന്തിക്കാതെ പ്രവര്‍ത്തിക്കുക, 'മേല്‍പ്പുര ഇല്ലാത്തവന്‌ എന്ത്‌ തീപ്പൊരി' - ഒന്നും ഇല്ലാത്തവന്‌ ഒന്നിനെപ്പറ്റിയും ചിന്തിക്കേണ്ടതില്ല. ഓലപ്പുരകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ ഇത്തരം ശൈലികളും കാലഹരണപ്പെടാനെ തരമുള്ളു.
ഓലപ്പുരകള്‍ താമസിക്കാന്‍ സുഖകരമാണെങ്കിലും ക്ഷുദ്രജീവികളുടെ അലോസരപ്പെടുത്തല്‍ മുതല്‍ പല പരിമിതികളും ഉണ്ടെന്ന്‌ മറക്കാന്‍ വയ്യ. മനുഷ്യന്റെ വാസസംവിധാന ചരിത്രത്തിലെ ഒരുഘട്ടം മാത്രമായെ ഓലപ്പുരകളെ പരിഗണിക്കേണ്ടതുള്ളു എന്നും എടുത്തുപറയേണ്ടതാണ്‌. ഇന്ന്‌ കാണുന്ന ഭവനനിര്‍മ്മാണരീതികള്‍ അവസാനഘട്ടമാണെന്നും പറയാന്‍ വയ്യ.

പത്മനാഭന്‍ പുളിക്കല്‍

Ads by Google
Sunday 01 Oct 2017 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW