Monday, October 02, 2017 Last Updated 23 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 01.48 AM

ആഡംബരജീവിതത്തിനും മകളുടെ പഠനത്തിനുമായി റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്; ഹൈസ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

school teacher

കണ്ണൂര്‍: ഭൂമിക്കച്ചടത്തിന്റെ മറവില്‍ ഒരു കോടിരൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. അഴീക്കോട് മീന്‍കുന്ന് ഹൈസ്‌കൂള്‍ അധ്യാപികയും തളിപ്പറമ്പ് മംഗലത്ത് ഉണ്ണിക്കൃഷ്ണന്റെ ഭാര്യയുമായ കെ.എന്‍. ജ്യോതി(48)യെയാണ് വളപട്ടണം എസ്.ഐ: ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. അഴീക്കോട് സ്വദേശി മുന്‍ പ്രവാസി മുകുന്ദന്റെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂര്‍ ബെല്ലാര്‍ഡ് റോഡില്‍ കാന്‍ഡിഡ് അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയാണു പ്രതി.

2014-15 ല്‍ മുകുന്ദന് സ്ഥലം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തളിപ്പറമ്പ് പൂവ്വത്തെ സാലി ടോമിയുടെ ഒന്നരയേക്കര്‍ ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പലഘട്ടങ്ങളിലായി പണം കൈപ്പറ്റിയത്. ഇതിന് ഉടമ്പടിയുണ്ടാക്കുകയും ചെയ്തു. എന്നാല്‍, സ്ഥലം വില്‍പ്പന നടന്നില്ല. പണം തിരിച്ചു നല്‍കിയതുമില്ല. ഇതേത്തുടര്‍ന്നാണ് മുകുന്ദന്‍ പരാതി നല്‍കിയത്.

പല പ്രദേശങ്ങളില്‍ സ്ഥലംവാങ്ങി പ്രതി മറിച്ചുവില്‍ക്കാറുണ്ടായിരുന്നു. സമാനമായ പരാതികള്‍ ജ്യോതിക്കെതിരേ തളിപ്പറമ്പ്, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലുമുണ്ട്. ഇതു കൂടാതെ കണ്ണൂര്‍ ടൗണിലെ ടാക്സി ഡ്രൈവര്‍ അയ്ൂബിയന് നാലു ലക്ഷം രൂപയോളം നല്‍കാനുണ്ടെന്ന പരാതിയുമുണ്ട്. ആഡംബര ജീവിതം നയിക്കുന്ന ജ്യോതി, കോയമ്പത്തൂര്‍, ചെന്നൈ, വെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിരന്തരം യാത്ര ചെയ്യാറുണ്ട്. 1995 -ല്‍ ജോലിയില്‍ പ്രവേശിച്ച ഇവര്‍ ഒപ്പം റിയല്‍ എസ്റ്റേറ്റ് ഇടപാടിലും ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.

ഉല്ലാസയാത്രയ്ക്ക് അയ്യൂബിന്റെ ടാക്സിക്കാറാണു വാടകയ്ക്കെടുക്കാറുള്ളത്. മിക്കപ്പോഴും ഡീസല്‍ അടിക്കാനുള്ള പണം മാത്രമാണ് ഇയാള്‍ക്കു നല്‍കിയിരുന്നത്. വാടകത്തുകയ്ക്ക് ചെക്ക് നല്‍കാറുണ്ടെങ്കിലും അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങും.

കതിരൂര്‍ സ്വദേശിയായ കുഞ്ഞിക്കൃഷ്ണനില്‍ നിന്നു സ്ഥലം വാങ്ങിത്തരാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ ജ്യോതി തട്ടിയെടുത്തിരുന്നു. മകളുടെ വിവാഹത്തിന് പണം തിരിച്ചുനല്‍കാന്‍ കുഞ്ഞിക്കൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം കണ്ണൂരിലെ ലോഡ്ജ് മുറിയില്‍ ഇയാള്‍ ജീവനൊടുക്കിയെന്നാണു വിവരം.

റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനിടെ ആഡംബരജീവിതത്തിലേക്കു വഴിമാറിയതോടെ ജ്യോതിക്ക് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ഇതോടെയാണ് തട്ടിപ്പ് തുടങ്ങിയതെന്നുമാണ് പോലീസ് നല്‍കുന്ന സൂചന. പല സ്ഥലങ്ങളിലെ ഫ്ളാറ്റുകളില്‍ മാറി മാറിയാണ് ഇവര്‍ താമസിച്ചിരുന്നത്. രണ്ടു മക്കളാണുള്ളത്. ഇതില്‍ ഒരാള്‍ മംഗലാപുരത്ത് മെഡിസിനും മറ്റൊരാള്‍ എന്‍ജിനീയറിങ്ങിനുമാണു പഠിക്കുന്നത്. ഇതിനായുള്ള പണവും തട്ടിപ്പിലൂടെയാണ് സമാഹരിച്ചതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. തളിപ്പറമ്പ്, കണ്ണൂര്‍ ടൗണ്‍, വളപട്ടണം സ്റ്റേഷന്‍ പരിധികളിലെ തട്ടിപ്പു കേസുകളില്‍ ജ്യോതിക്കെതിരേ അറസറ്റ് വാറണ്ടുണ്ട്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW