Monday, July 23, 2018 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 01.35 AM

ഇരുമ്പുപെട്ടിയുടെ താക്കോല്‍

uploads/news/2017/10/151180/re6.jpg

എനിക്കു ലഭിച്ച ഒരു കത്താണിത്‌.
പ്രിയ തിരുമേനീ,
എന്റെ വേദന ആരോടും പറയാന്‍ നിവൃത്തിയില്ല. തിരുമേനിക്ക്‌ എഴുതിയാല്‍ എനിക്കു വേണ്ടി പ്രാര്‍ഥിക്കും എന്നറിയാം.
എന്റെ അവിവേകം കാരണം ഞാന്‍ ഗര്‍ഭിണിയായി. അവിവാഹിതയായ എന്റെ ജീവിതം തകര്‍ന്നു. ഗര്‍ഭഛിദ്രം നടത്താന്‍ എനിക്കു മനസായില്ല. അതിന്റെ പ്രധാന കാരണം തിരുമേനിയുടെ കുഞ്ഞുങ്ങളെ കൊല്ലരുതേ എന്നുളള പുസ്‌തകം വായിച്ചതാണ്‌.
ധനശേഷിയുളള കുടുംബത്തിലാണ്‌ ഞാന്‍ ജനിച്ചു വളര്‍ന്നത്‌. നാട്ടില്‍ വലിയ
പേരുളള കുടുംബം. ഈ പ്രശ്‌നത്തിന്റെ മുമ്പില്‍ എന്റെ വീട്ടുകാര്‍ തീരാദു:ഖത്തിലായി. മമ്മി എന്നെ ധാരാളം മര്‍ദിച്ചു. ഡാഡി ആത്മഹത്യ ചെയ്യുമെന്നു പലപ്രാവശ്യം പറഞ്ഞു.
ഒമ്പതു മാസക്കാലം കൂട്ടില്‍ അടച്ചിട്ട ഒരു കിളിയെ പോലെ എനിക്ക്‌ വീട്ടില്‍ കഴിയേണ്ടിവന്നു. ചില സമയങ്ങളില്‍ ഭ്രാന്തു പിടിക്കും എന്നു തോന്നിപ്പോയി. തെറ്റ്‌ ഏറ്റുപറഞ്ഞ്‌ ഞാന്‍ ദൈവത്തോടു ആയിരം പ്രാവശ്യം ക്ഷമ ചോദിച്ചു.
ഞാന്‍ പ്രസവിച്ചു - ഒരു ആണ്‍കുഞ്ഞ്‌. പക്ഷേ, എന്റെ കുഞ്ഞിന്റെ മുഖം കാണുവാന്‍ എനിക്കു ഭാഗ്യം ലഭിച്ചില്ല. ആര്‍ക്കോ അതിനെ കൊടുത്തു.
ഇനി എനിക്കു ജീവിതം ഇല്ല എന്നാണ്‌ എന്റെ ചിന്ത. എന്റെ തെറ്റുകളുടെ ഓര്‍മ്മ എന്നെ രാവും പകലും വേട്ടയാടുന്നു. ചിലപ്പോള്‍ ഉറക്കഗുളിക കഴിച്ചാണ്‌ ഞാന്‍ ഉറങ്ങുന്നത്‌. ഭ്രാന്തുപിടിച്ച്‌ എല്ലാം മറക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. വേദപുസ്‌തകം വായിച്ചു പ്രാര്‍ഥിക്കുമ്പോള്‍ മാത്രം അല്‌പം ആശ്വാസം ലഭിക്കുന്നു.
തിരുമേനി എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം.
എന്ന്‌
ഒരു കൊച്ചു സഹോദരി.
നമ്മെ വേദനിപ്പിക്കുന്ന ഒരു കത്താണിത്‌. വേദനയില്‍ നിന്നും മോചനമില്ലാതെ നീറിനീറി അവള്‍ കഴിയുന്നു. അവളോടുതന്നെ ക്ഷമിക്കുവാനും മറക്കുവാനും അവള്‍ക്കു കഴിയുന്നില്ല.
ഒരു കവി ഇങ്ങനെ പാടി:
ഇന്നലത്തെ എന്റെ പ്രശ്‌നങ്ങളും
വേദനകളും
മാഞ്ഞുപോയതു പോലെ
എനിക്കു തോന്നി.
എന്നാല്‍ ഇന്ന്‌ അതെല്ലാം എന്റെ കൂടെ യാത്രചെയ്യുന്നു.
ഇന്ന്‌ അതെന്നെ വേദനിപ്പിക്കുന്നു.
ആകയാല്‍ ഇന്നലത്തെ ദിവസത്തെ ഞാന്‍ കൂടുതല്‍ ഇഷ്‌ടപ്പെടുന്നു.
ഇന്നലത്തെ ദിവസത്തില്‍ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഇതാ പൊടുന്നനവേ ഞാന്‍ ആയിരുന്ന വ്യക്‌തിയില്‍ നിന്നും
പകുതിയായിത്തീര്‍ന്നിരിക്കുന്നു;
ഒരു വല്ലാത്ത, വേദനിപ്പിക്കുന്ന
നിഴല്‍ എന്റെ കൂടെ യാത്രചെയ്യുന്നു
ആകയാല്‍ ഇന്നലത്തെ ദിവസത്തില്‍ ജീവിക്കുവാന്‍
ഞാന്‍ ആഗ്രഹിക്കുന്നു.
എന്താണ്‌ ഈ കവിയുടെ ഇന്നത്തെ പ്രശ്‌നം? വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍, അവന്‍ ചെയ്‌തു പോയതായ തെറ്റുകള്‍, ആരും അറിയാത്ത പാപങ്ങള്‍ ഇതെല്ലാം പൊതിഞ്ഞ്‌ ഇരുമ്പു പെട്ടിയില്‍ ഇട്ടു പൂട്ടി താക്കോല്‍ കീശയ്‌ക്കകത്തു വച്ചുകൊണ്ടു നടക്കയാണ്‌.
പക്ഷേ, അവന്റെ ഹൃദയത്തിന്റെ ആഴത്തില്‍ ഓര്‍മ്മകള്‍ മന്ത്രിക്കുന്നു, വേദനിപ്പിക്കുന്നു. ഞാനതു പറയേണ്ടതില്ലായിരുന്നു. അതു ചെയ്യേണ്ടതില്ലായിരുന്നു. ഇങ്ങനെ തന്നോടുതന്നെ പറഞ്ഞു അവന്‍ ഒറ്റയ്‌ക്കു നിലവിളിക്കുകയാണ്‌.
മാനസിക രോഗത്താല്‍ പിടിക്കപ്പെട്ട്‌ ആശുപത്രിയില്‍ കഴിയുന്നവര്‍ ഒന്നും രണ്ടും അല്ല, പതിനായിരക്കണക്കിനാണ്‌. ഇവരെപ്പറ്റി അടുത്തു പഠിച്ചു നോക്കിയ മന:ശാസ്‌ത്രജ്‌ഞന്മാര്‍ കണ്ടുപിടിച്ച ഒരു കാര്യം ഉണ്ട്‌. ഈ രോഗികളുടെ ഏറ്റവും വലിയ പ്രശ്‌നം കഴിഞ്ഞ കാലങ്ങളില്‍ പരിഹാരം വരുത്തിയിട്ടില്ലാത്ത ഓര്‍മ്മകള്‍, അവരെ കുറ്റപ്പെടുത്തുന്ന മന:സാക്ഷി, മറക്കാന്‍ കഴിയാത്ത സംഭവങ്ങള്‍ ഇവയാണ്‌.
തന്റെ തലമുറയെ വ്യത്യാസപ്പെടുത്തിയ ഒരു ദൈവമനുഷ്യനായിരുന്നു വിശുദ്ധനായ അഗസ്‌റ്റിന്‍. എന്നാല്‍ അവന്റെ കഴിഞ്ഞ കാലത്തെ ജീവിതം മ്ലേച്‌ഛമായിരുന്നു. പക്ഷേ, അവന്‍ അനുതപിച്ചു ദൈവത്തിങ്കലേക്കു മടങ്ങിവന്നപ്പോള്‍ അവനു സമാധാനം ലഭിച്ചു. ഇനിയും കഴിഞ്ഞ കാലങ്ങളില്‍ അവന്‍ ജീവിക്കേണ്ട ആവശ്യമില്ല. വേദനിപ്പിക്കുന്ന ഓര്‍മ്മകളുള്ള ഇരുമ്പു പെട്ടിയുടെ താക്കോല്‍ ഇനി സൂക്ഷിക്കേണ്ടതില്ല.
നമ്മുടെ തെറ്റുകള്‍ ദൈവത്തോടു നാം ഏറ്റുപറയുമ്പോള്‍ എന്നേക്കുമായി നമ്മുടെ പാപങ്ങളെ ദൈവം മായിച്ചു കളയുന്നു. ദൈവത്തിന്റെ വാഗ്‌ദാനമാണിത്‌. സദൃശവാക്യങ്ങളില്‍ ഇങ്ങനെ കാണുന്നു, തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല, അവയെ ഏറ്റു പറഞ്ഞുപേക്ഷിക്കുന്നവനോ കരുണ ലഭിക്കും. ആരോടും പറയാതെ ഒതുക്കി ച്ചിരിക്കുന്ന വികാരങ്ങള്‍ അവസാനം ആളുകളുടെ തലയില്‍ പ്രശ്‌നം സൃഷ്‌ടിക്കുന്നു. തന്നോടു തന്നെ ക്ഷമിക്കുവാന്‍ കഴിയാത്ത കഴിഞ്ഞ കാലങ്ങളിലെ പ്രശ്‌നങ്ങളാണ്‌ കാരണം.

Ads by Google
Sunday 01 Oct 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW