Wednesday, March 21, 2018 Last Updated 38 Min 15 Sec ago English Edition
Todays E paper
Ads by Google
ഷാഹിര്‍ പ്രണവം
Sunday 01 Oct 2017 01.15 AM

പട്ടയം റദ്ദായപ്പോള്‍ പടയൊരുക്കം; കോന്നിയിലെ പട്ടയമേളയ്ക്ക് ഒഴുക്കിയത് ഒരു കോടി

Pattayamela

കോന്നി: താലൂക്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കൊട്ടിഘോഷിച്ച്‌ നടത്തിയ പട്ടയ മേളയ്‌ക്കായി ചെലവഴിച്ചത്‌ ഒരു കോടിയോളം രൂപ.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ചതിന്‌ പിന്നാലെ പട്ടയങ്ങള്‍ റദ്ദ്‌ ചെയ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്‌ എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന ആവശ്യവും ശക്‌തമാകുന്നു.

ഇടതു പാര്‍ട്ടികളെ കൂടാതെ ബി.ജെ.പിയും, കോണ്‍ഗ്രസിലെ എ വിഭാഗവും ഈ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്‌. പട്ടയ വിതരണം തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി നടത്താനുള്ള വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ സംസ്‌ഥാന സര്‍ക്കാരിന്‌ ഉണ്ടാക്കിയിട്ടുള്ള നഷ്‌ടം അടൂര്‍ പ്രകാശില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന ആവശ്യമാണ്‌ സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്‌.

പട്ടയം നല്‍കാന്‍ താലൂക്ക്‌ ഓഫീസില്‍ ആരംഭിച്ച സ്‌പെഷ്യല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിച്ചത്‌ അരക്കോടിയിലധികം രൂപയാണ്‌.

ലക്ഷ്യം നടപ്പാക്കാന്‍ റിട്ട. ഡെപ്യൂട്ടി കലക്‌ടര്‍ ഗിരിജയെ അഡിഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായി നിയമിച്ചാണ്‌ അടൂര്‍ പ്രകാശ്‌ കരുക്കള്‍ നീക്കിയത്‌.
ഇതിനായി വിവിധ ജില്ലകളില്‍ നിന്നും കോണ്‍ഗ്രസ്‌ അനുകൂലികളായ ഉദ്യോഗസ്‌ഥരെ സ്‌പെഷ്യല്‍ ഓഫീസില്‍ നിയമിക്കുകയും ചെയ്‌തു.
അഞ്ച്‌ സര്‍വേ ഓഫീസര്‍മാര്‍, അഞ്ച്‌ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ അടക്കം മുപ്പതോളം ജീവനക്കാരെയാണ്‌ സ്‌പെഷ്യല്‍ ഓഫീസില്‍ നിയമിച്ചത്‌. സര്‍വേ നടത്താനുള്ള ചെലവ്‌, ടി.എ, ശമ്പളം എന്നിങ്ങനെ ഒന്നര വര്‍ഷം ഇവരെ തീറ്റിപ്പോറ്റിയതിന്‌ സര്‍ക്കാര്‍ ചെലവഴിച്ചത്‌ അരക്കോടിയോളം രൂപ.

ഇതു കൂടാതെയാണ്‌ ചിറ്റാറില്‍ സംഘടിപ്പിച്ച പട്ടയമേളയ്‌ക്ക്‌ ചെലവഴിച്ച തുക.പട്ടയമേള നടത്താന്‍ റവന്യു ഉദ്യോഗസ്‌ഥരുടെ മേല്‍ വലിയ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളാണ്‌ ഉണ്ടായത്‌. സ്‌പെഷ്യല്‍ ഓഫീസ്‌ കണ്ടെത്തി തീരുമാനിച്ച 1843 പേരില്‍ 40 പേര്‍ക്ക്‌ പട്ടയം നല്‍കിയാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌.
ആധാരങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌താല്‍ തൊട്ടടുത്ത ദിവസം തന്നെ വില്ലേജ്‌ ഓഫീസുകളില്‍ പേരില്‍ കൂട്ടി നല്‍കണമെന്ന ഉത്തരവും റവന്യൂ മന്ത്രി ഇറക്കിയിരുന്നു.

എന്നാല്‍ പട്ടയം ലഭിച്ച 40 കുടംബങ്ങളുടെയും ഭൂമി പേരില്‍ കൂട്ടി നല്‍കരുതെന്ന്‌ റവന്യൂ അധികൃതര്‍ വില്ലേജ്‌ ഓഫീസര്‍മാര്‍ക്ക്‌ വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ ഇപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ രക്ഷപ്പെട്ടു.

2011-16 കാലഘട്ടത്തില്‍ അടൂര്‍ തഹസില്‍ദാര്‍ കെ. രാജുവിനെ സ്വാധീനിച്ച്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പള്ളിക്കല്‍ പ്രസന്നകുമാറിന്‌ പട്ടയം നല്‍കിയ ഒരേക്കറോളം ഭൂമി സംബ്‌ധിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടന്നു വരികയാണ്‌.

ഈ കാരണത്താല്‍ സ്‌ഥാനക്കയറ്റം ലഭിക്കാതെ കോന്നി താലൂക്ക്‌ ഓഫീസിലെ അഡീഷണല്‍ തഹസീല്‍ദാറായി രാജു തുടരുകയാണ്‌.അങ്ങനെ പട്ടയമേളയ്‌ക്കായി സഹായിച്ച എല്ലാ ഉദ്യോഗസ്‌ഥരും നടപടി ഭയന്നിരിക്കുകയാണ്‌.

അടൂര്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ മന്ത്രി ഇടപെട്ട്‌ അനധികൃതമായി ഭൂമി പതിച്ച്‌ നല്‍കാന്‍ സഹായിച്ചതായുള്ള ആക്ഷേപവും ശക്‌തമാണ്‌. ഈ വിഷയം ആയുധമാക്കാനാണ്‌ കോണ്‍ഗ്രസിലെ എ വിഭാഗം തീരുമാനിച്ചിട്ടുള്ളത്‌.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ആധാരം രജിസ്‌റ്റര്‍ ചെയ്യുകയോ, പട്ടയം ലഭിക്കുകയോ ചെയ്യുന്നതിന്റെ പിറ്റേന്ന്‌ തന്നെ ഭൂമി പേരില്‍ക്കൂട്ടി നല്‍കാന്‍ റവന്യൂമന്ത്രി ഉത്തരവിട്ടിരുന്നു.

ഇവിടെ വില്ലേജ്‌ ഓഫീസര്‍മാര്‍ അത്‌ ചെയ്യാതിരുന്നത്‌ അന്ന്‌ തന്നെ ക്രമക്കേട്‌ അവര്‍ തിരിച്ചറിഞ്ഞിരുന്നതു മൂലമാണെന്ന്‌ പറയുന്നു.
നിയമാനുസൃതമായാണ്‌ പട്ടയം നല്‍കിയെ തെങ്കില്‍ കോടതിയെ സമീപിച്ച്‌ സര്‍ക്കാരിന്റെ പുതിയ ഉത്തരവ്‌ റദ്ദാക്കാന്‍ കഴിയും. എന്നാല്‍ ഇതിനു മുതിരാതെ രാഷ്ര്‌ടീയ പക പോക്കലാണന്ന വാദം അംഗീകരിക്കാനാവില്ലന്ന നിലപാടിലാണ്‌ വിവിധ രാഷ്ര്‌ടീയ പാര്‍ട്ടികള്‍.

Ads by Google
ഷാഹിര്‍ പ്രണവം
Sunday 01 Oct 2017 01.15 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW