Saturday, September 29, 2018 Last Updated 19 Min 12 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 30 Sep 2017 09.01 PM

ഉദാഹരണമാണ് സുജാത

കുട്ടികളെ അവരുടെ ഇഷ്ടത്തിനു പറത്തിവിടണം എന്ന് ആഹ്വാനം ചെയ്യുന്ന സിനിമകള്‍ നിരവധിയാണ്. എന്നാല്‍ ഓരോ ഉയര്‍ച്ചകള്‍ക്കുപിന്നിലും പോരാടുന്ന മാതാപിതാക്കളുടെ കഥകള്‍ നിരവധിയുണ്ട്. അതും പറഞ്ഞാലും പറഞ്ഞാലും തീരുമെന്നും തോന്നുന്നില്ല. അതുകൊണ്ട് ആവര്‍ത്തനസവഭാവമുണ്ടെങ്കിലും സുജാത ഉദാഹരണം തന്നെയാണ്.
udaharanam sujatha, movie review

നിലനില്‍പ്പിനായി പോരാടുന്ന, ഒറ്റയാള്‍ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടുന്ന പെണ്ണുങ്ങളാണു മഞ്ജുവാര്യരുടെ തിരിച്ചുവരവിലെ കഥാപാത്രങ്ങളുടെ ആകെത്തുക. അവരുടെ ജീവിതത്തെ സിനിമയുമായി തന്നെ സിനിമാക്കാര്‍ തന്നെ കൂട്ടുകെട്ടുന്നതുകൊണ്ടാണോ, സര്‍വൈവലിനായി പൊരുതുന്ന മുപ്പതുകള്‍ പിന്നിട്ട സ്ത്രീകളെ അവതരിപ്പിക്കാന്‍ മലയാളസിനിമയില്‍ പ്രാപ്തരായ നടികള്‍ ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല, അവരെ തേടിയെത്തുന്ന, അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെല്ലാം ഒരേ അച്ചിലാണ് വാര്‍ത്തെടുക്കപ്പെടുന്നത്. വാര്‍പ്പുമാതൃകകളെ ഉടയ്ക്കാന്‍ സൃഷ്ടിച്ച ഈ മാതൃകകളും വാര്‍പ്പുമാതൃകകളായാണു പരിണമിക്കുന്നത്. സുജാതയും ഉദാഹരണമാണ്. എങ്കിലും ലളിതവും വൈകാരിക അടുപ്പം തോന്നുന്ന മുഹൂര്‍ത്തങ്ങളും ഉള്ള കാഴ്ച എന്ന നിലയില്‍ 'ഉദാഹരണം സുജാത' മികവു പുലര്‍ത്തുന്ന കുടുംബചിത്രമാണ്.

ദംഗലിന്റെ സംവിധായകനായ നിതേഷ് തിവാരിയും ഭാര്യ അശ്വനി അയ്യര്‍ തിവാരിയും ചേര്‍ന്നെഴുതി അശ്വനി അയ്യര്‍ തിവാരി സംവിധാനം ചെയ്ത നില്‍ ബാത്തോ സന്നാത്ത എന്ന ഹിന്ദി സിനിമ(തമിഴില്‍ അമ്മക്കണക്ക്)യുടെ റിമേക്കാണ് ഫാന്റം പ്രവീണിന്റെ അരങ്ങേറ്റസിനിമയായ ഉദാഹരണം സുജാത.(തിരക്കഥയുടെ ക്രെഡിറ്റ് അശ്വിനി, നിതേഷ് തുടങ്ങിയവര്‍ക്കാണ്.) പത്താം ക്ലാസുകാരിയുടെ അമ്മയായ വിധവയായ, വീട്ടുജോലിക്കാരിയായ നഗരത്തിലെ ചേരിനിവാസി മകളുടെ പഠനത്തിനുവേണ്ടി സഹിക്കുന്ന ത്യാഗങ്ങളാണ് ഒറ്റവരിയില്‍ പറഞ്ഞാല്‍ സിനിമ. എന്നാല്‍ സര്‍വൈവലിന്റെയും അമ്മ -മകള്‍ സംഘര്‍ഷങ്ങളുടെയും സ്വപ്നങ്ങളുടെ പിന്നാലെയുള്ള സഞ്ചാരത്തിന്റെ പ്രചോദനാത്മക കഥളുടെയും ആവര്‍ത്തനമാണ് സുജാതയുടെ കഥയും. മകള്‍ക്കൊപ്പം സ്‌കൂളിലേയ്ക്കു പഠിക്കാന്‍ പോകുന്ന അമ്മയാണ് സിനിമയുടെ ഏറ്റവും യുണിക്ക് ആയ കഥാതന്തു. അതിനെ രസകരവും വൈകാരികവും ഏറെക്കുറെ സത്യസന്ധവും ആയി അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് പരിമിതികള്‍ക്കും ആവര്‍ത്തനങ്ങള്‍ക്കും ഇടയില്‍ സുജാതയുടെ ഉദാഹരണത്തെ സവിശേഷമായി അടയാളപ്പെടുത്തുന്നുണ്ട്.

udaharanam sujatha, movie review

അമ്മമാരുടെ ഇന്‍സ്പിരേഷണല്‍ കഥകളില്‍ ഈ അമ്മ മകള്‍ സംഘര്‍ഷം ഒരു ഘടകമാണ്. വെറുതേ ഒരു ഭാര്യയിലും മഞ്ജുവിന്റെ തിരിച്ചുവരവിനു വഴിയൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യുവിലും ഈ അമ്മസിനിമകള്‍ക്ക് ഹോള്‍സെയിലായി പ്രോത്സാഹനം നല്‍കിയ ശ്രീദേവിയുടെ 'ഇംഗ്‌ളീഷ് വിഗ്‌ളീഷിലും' ഈ അമ്മ-മകള്‍ കോണ്‍ഫ്‌ളിക്റ്റാണു കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്. ഇവിടെ അതിന്റെ സമര്‍ഥവും സത്യസന്ധവുമായ ഉപയോഗം ഒറിജിനല്‍ കഥയില്‍ നിന്നു കാര്യമായി വ്യതിചലിക്കാതെ എന്നാല്‍ റിമേക്കിന്റെ അസ്‌കിതകള്‍ ഉണ്ടാകാതെ സ്വഭാവികമായി അവതരിപ്പിക്കാന്‍ നവാഗതനായ ഫാന്റം പ്രവീണിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂള കോളനിയാണു കഥയുടെ പശ്ചാത്തലം. ചേരിജീവിതത്തെ വിറ്റുകാശാക്കാന്‍ ശ്രമിക്കുന്നതില്ല. പകരം അവിടം ഒരു സ്വഭാവിക പശ്ചാത്തലമാക്കി അവിടെയുള്ള മനുഷ്യരുടെ മോഹങ്ങളെ സ്വഭാവികമായി അവതരിപ്പിക്കാനാണു ശ്രമിക്കുന്നത്. സുജാത കൃഷ്ണന്‍( മഞ്ജു വാര്യര്‍) മകള്‍ ആദി എന്ന ആതിര(അനശ്വര)യെ പഠിപ്പിച്ചു നല്ല നിലയിലാക്കാന്‍ നിരവധി വീടുകളില്‍ വേലയ്ക്കുനില്‍ക്കുകയും ചെയ്യുന്നുണ്ട്. ജോലിനഷ്ടപ്പെടുന്നനടക്കമുള്ള സുജാതയുടെ സ്ട്രഗിളുകള്‍ സൈഡ് ട്രാക്കിലേക്കി മാറ്റി മകളെക്കുറിച്ചുള്ള ആധികളിലൂടെയാണു സിനിമ നീങ്ങുന്നത്. നെടുമുടി വേണു അവതരിപ്പിക്കുന്ന തിരക്കഥാകൃത്തായ, സുജാത സാര്‍ എന്നുവിളിക്കുന്ന കഥാപാത്രമാണ് സുജാതയുടെ മെന്റര്‍. ക്ലീഷേ കഥാപാത്രമെന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും ആത്മഗതങ്ങള്‍ക്കു പകരം സുജാതയുടെ ആഗ്രഹങ്ങളെക്കുറിച്ചു പറയാനുള്ള ചാനലായാണ് ഈ 'സാറിനെ' ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പഠിക്കാന്‍ വലിയ താല്‍പര്യമില്ലാത്ത, അമ്മയുടെ കഷ്ടപ്പാടുകളെപ്പറ്റിയും പരിഗണിക്കാത്ത ആതിര താന്‍ അമ്മയെപ്പോലെതന്നെ വീട്ടുജോലിക്കാരിയായി പരിണമിക്കും എന്നും വിശ്വസിക്കുന്നു. ഇവര്‍ തമ്മില്‍ ഈ വിഷയത്തിലുണ്ടാകുന്ന ഏറ്റുമുട്ടലിന്റെ വൈകാരികമായ അവതരണമാണ് സിനിമ മുഴുവന്‍. തുടക്കത്തില്‍ കുറച്ച് ഇഴച്ചിലുകളും പലപ്പോഴും രംഗങ്ങളുടെ ആവര്‍ത്തനവുമുണ്ടെങ്കിലും അവസാനത്തെ 20 മിനിട്ടോളം സിനിമയ്ക്ക് വൈകാരികമായ തീക്ഷ്ണത സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ട്. അതുസിനിമയുടെ ടോട്ടാലിറ്റിയില്‍ സംതൃപ്തിയോടെ തിയറ്റര്‍ വിട്ടിറങ്ങിപ്പോകാന്‍ സഹായിക്കുന്നുണ്ട്. ഉള്ളുലയുന്ന പ്രകടനത്തിനു മഞ്ജുവിനും മകളായി വന്ന അനശ്വരയ്ക്കും കഴിയുന്നുണ്ട്.

udaharanam sujatha, movie review

മഞ്ജുവാര്യറുടെ മേക്കപ്പ് ഒഴിച്ചുള്ള മറ്റെല്ലാകാര്യങ്ങളും സിനിമയില്‍ അങ്ങേയറ്റം നിലവാരമുള്ളതാണ്. കറുപ്പിക്കാന്‍ വേണ്ടിയാണെങ്കിലും യുവജനോത്സവത്തില്‍ നാടോടിനൃത്തത്തിട്ട പോലുള്ള മഞ്ജുവിശന്റ മുഖത്തെ ചായംപൂശല്‍ അശ്രദ്ധയുടെ കൈവിട്ട കളിയായിപ്പോയി. ചെങ്കല്‍ച്ചൂളക്കാരിയായിട്ടും 'തിരുവന്തോരം ഭാഷ' പ്രയോഗിക്കാന്‍ മഞ്ജു ശ്രമിച്ചിട്ടില്ല. എന്നാല്‍ ശരീരഭാഷകൊണ്ട് അവര്‍ സുജാതയായി മാറിയിട്ടുണ്ട്. പഴയ മഞ്ജുവിന്റെ സ്വഭാവികസംഭാഷണശൈലി അന്യമാണെങ്കിലും ഭാവതീവ്രതയില്‍ അവര്‍ പഴയ പ്രതാപത്തിലേക്കു വരുന്നുണ്ട്. തുടക്കത്തിലെ ചില രംഗങ്ങളില്‍ പതറുന്നുണ്ടെങ്കിലും അതിവൈകാരികമായ രംഗങ്ങളില്‍ ആതിരയായെത്തുന്ന അനശ്വര എന്ന പുതിയ താരം ഗംഭീരമായ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. കൈവിട്ടുപോകേണ്ട രംഗങ്ങളില്‍ കൈയടക്കത്തോടെയുള്ള അനശ്വരയുടെ പ്രകടനം ശ്രദ്ധേയം. ജോജുവിന്റെ ഹെഡ്മാഷാണു സിനിമയിലെ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം. ആവര്‍ത്തനം ഏറെയുള്ള സ്‌കൂള്‍ സീക്വന്‍സുകളില്‍ സിനിമയുടെ നിര്‍മാതാവ് കൂടിയായ ജോജുവിന്റെ നര്‍മപ്രകടനങ്ങള്‍ ''റിലാക്‌സേഷന്‍' തന്നെയാണ്. അനിജ, നെടുമുടിവേണു എന്നിങ്ങനെ പരിമിതമായ ആളുകള്‍ക്കേ അമ്മയുടേയും മകളുടേയും സംഘര്‍ഷങ്ങള്‍ക്കിടയില്‍ സാധ്യതയുള്ളു.

ചെങ്കല്‍ച്ചൂളകോളനിയുടേയും തിരുവന്തപുരം നഗരത്തിന്റെ നടവഴികളുടെ ദൃശ്യങ്ങളിലൂടെയുമാണു മധു നീലകണ്ഠന്റെ ക്യാമറ സുജാതയുടെ യാത്രയ്ക്കു വഴികാട്ടുന്നത്. മഞ്ജുവിന്റെ മേക്കപ്പിന്റെ കാര്യത്തിലൊഴിച്ചാല്‍ നിഴലിന്റെയും വെളിച്ചത്തിന്റെയും സമര്‍ഥമായ വിന്യാസം മധുവിന്റെ ഫ്രെയിമുകള്‍ ഒരുക്കുന്നുണ്ട്. ഗോപിസുന്ദറിന്റെ പാട്ടുകള്‍ സിനിമയുടെ ഒഴുക്കിനു തുണയാകുന്നുണ്ട്. ആവശ്യമുള്ളപ്പോള്‍ മാത്രമുള്ള പശ്ചാത്തലസംഗീതത്തിന്റെ ഉപയോഗവും ശ്രദ്ധേയം.

udaharanam sujatha, movie review

ഫാന്റം പ്രവീണ്‍ എന്ന സംവിധായകന്റെ വരവുകൂടിയാണ് ഉദാഹരണം സുജാത. റിമേക്ക് ആണെങ്കിലും നമ്മുടെ സാഹചര്യങ്ങളോടു ചേര്‍ന്നുപോകുന്ന തരത്തില്‍ അവതരിപ്പിക്കാനുള്ള യുക്തി കന്നിച്ചിത്രത്തില്‍ പ്രവീണിനു കാഴ്ചവയ്ക്കാനാകുന്നുണ്ട്. പ്രചോദനം കൂടിയാലും ദാരിദ്ര്യം കൂടിയാലും കുറ്റംപറയുന്നവര്‍ക്കിടയിലേക്കാണു ഒരു ചേരിക്കഥ പറയുന്നത്. പൊതുവേ മധ്യവര്‍ഗക്കാരുടെ കഥകള്‍ക്കു മാത്രം ഡിമാന്റുള്ളപ്പോഴാണു ചേരിയിലെ സ്വപ്നത്തെക്കുറിച്ച്, ഒറ്റയ്‌ക്കൊരു സ്ത്രീയെക്കുറിച്ചു പറയുന്നത്. ആ വെല്ലുവിളിയെ സമര്‍ഥമായി മറികടക്കാന്‍ സുജാതയ്ക്കാവുന്നുണ്ട്. സിനിമയുടെ ആവര്‍ത്തനസ്വഭാവവും രണ്ടാം മിനിട്ടില്‍ കലക്ടറെ കാണിക്കുമ്പോഴുള്ള പ്രവചനസ്വഭാവവും സാധാരണപ്രേക്ഷകരിലേക്കു സുജാതയുടെ സംഘര്‍ഷങ്ങളെ സ്വീകരിക്കുന്നതില്‍ രണ്ട് അഭിപ്രായങ്ങളുണ്ടാക്കിയേക്കാം.

കുട്ടികളെ അവരുടെ ഇഷ്ടത്തിനു പറത്തിവിടണം എന്ന് ആഹ്വാനം ചെയ്യുന്ന സിനിമകള്‍ നിരവധിയാണ്. എന്നാല്‍ ഓരോ ഉയര്‍ച്ചകള്‍ക്കുപിന്നിലും പോരാടുന്ന മാതാപിതാക്കളുടെ കഥകള്‍ നിരവധിയുണ്ട്. അതും പറഞ്ഞാലും പറഞ്ഞാലും തീരുമെന്നും തോന്നുന്നില്ല. അതുകൊണ്ട് ആവര്‍ത്തനസവഭാവമുണ്ടെങ്കിലും സുജാത ഉദാഹരണം തന്നെയാണ്.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW