Sunday, July 01, 2018 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 04.37 PM

രണ്ടു തെറിച്ചമുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവും ഉണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചു തന്നതിന് ആരോടെക്കൊയാണു ഓരോ പെണ്ണും നന്ദി പറയേണ്ടത് വൈറലായി ഒരു കവിത

uploads/news/2017/09/151053/kavitha.jpg

കൊല്ലത്ത് ഏഴുവയസുകാരിയെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രോഷം പ്രകടിപ്പിച്ചു ജലീഷ ഉസ്മാന്‍ എഴുതിയ കവിത സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയില്‍ ഒരു തുരങ്കവും ഉണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചു തന്നതിന് ആരോടൊക്കെയാണ് ഒരോ പെണ്ണും നന്ദി പറയേണ്ടത് എന്നാണ് ജലീഷ കവിതയിലൂടെ ചോദിക്കുന്നത്. വാര്‍ത്ത കണ്ടപ്പോള്‍ പെട്ടന്നു തോന്നിയ വരികളാണ് ഇത് എന്ന് ഇവര്‍ പറയുന്നു.

വയനാട് സ്വദേശിയായ ജലീഷ ഇപ്പോള്‍ ജര്‍മ്മനിയില്‍ ക്വണ്ടിറ്റേറ്റിവ് ബയോളജിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്. കവിതയ്ക്കു താഴെ അശ്ലീലം എന്നും ഭാഷയ്ക്കു ശുദ്ധിവേണം എന്നുമുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പലരും ഫേസ്ബുക്കില്‍ കമ്മന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം ദുഷ്ടപ്രവര്‍ത്തികള്‍ ചെയ്യുന്നതിനു കുഴപ്പം ഇല്ല അതെഴുതിയാല്‍ അപ്പോള്‍ അശ്ലീലം എന്നു പറഞ്ഞ് ഓടിവരും എന്നും ജലീഷ പറയുന്നു.

രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയിൽ
ജീവൻ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!
മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..
അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കിൽ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയിൽ
തുളച്ചു
കയറാതിരുന്നതിന്..
തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയിൽ
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ൾ ഗപ്പി
പൊങ്ങാതിരുന്നതിന്..
പലഹാരവുമായി വന്ന്
മടിയിൽ വച്ചു ലാളിക്കുമ്പോൾ
വീർത്തുവീർത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കിൽ മാത്രം ചലിപ്പിച്ച്
നിർവൃതി പൂണ്ടതിന്..
സ്കൂളിലേക്ക് പോകും വഴി
തത്തമ്മകൾ മുട്ടയിട്ട
റബ്ബർ തോട്ടങ്ങൾ
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..
മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പിൽ
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃക്സാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..
വയറ്റിലുള്ള കുഞ്ഞ്
അനുജൻ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാൻ
അടുക്കളയിലെ ഗ്യാസ് സിലിണ്ടർ
പൊട്ടിത്തെറിക്കാതിരുന്നതിന്..
ആവശ്യം കഴിഞ്ഞു,
പകർത്തിയ ഫോൺ
കീശയിലിട്ട്
'പരാതി കൊടുക്കരുതെന്ന്,
കൊടുത്താൽ ഇത് വൈറൽ ആക്കുമെന്ന്'
മാത്രം പറഞ്ഞ്
പോവാൻ അനുവദിച്ചതിന്..
ട്രെയിനിൽ നിന്ന്
തള്ളിയിടാതിരുന്നതിന്..
ബസ്സിലെ പിൻ സീറ്റിൽ
തലയോട്ടി തകർക്കപ്പെടാതിരുന്നതിന്..
മരപ്പൊത്തിലെ
ചത്ത കിളിയാക്കാതിരുന്നതിന്..
ചവറുകൾക്കടിയിൽ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..
പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..
എത്ര പേരോടാണ്,
എത്ര സന്ദർഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്........!


Ads by Google
Saturday 30 Sep 2017 04.37 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW