Friday, January 12, 2018 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 03.42 PM

സഭാകമ്പം അതിരുവിടുമ്പോള്‍

''എത്ര വലിയ പ്രതിഭാശാലിയും പുതിയൊരു വേദിയെ അഭിസംബോധന ചെയ്യുമ്പോള്‍ ചെറിയൊരു ഭയം ഉണ്ടാകാറുണ്ട്. അത് സര്‍വസാധാരണവുമാണ്. എന്നാല്‍ ഒരു ആള്‍ക്കൂട്ടത്തേയോ, വേദിയേയോ അഭിമുഖീകരിച്ച് സംസാരിക്കേണ്ടി വരുമ്പോഴാണ് സഭാകമ്പം കൂടുതലായി ഉടലെടുക്കുന്നത്''
uploads/news/2017/09/151037/sabhakambham300917.jpg

വളരെ തിരക്കില്ലാത്ത ഒരു ദിവസം ഉച്ചകഴിഞ്ഞാണ് വിനു സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിയത്. വളരെ സുമുഖനായ ചെറുപ്പക്കാരന്‍. കണ്‍സള്‍ട്ടിങ് റൂമില്‍ വച്ച് വളരെ നിരാശയോടും, പരിഭ്രമത്തോടും കൂടി തന്റെ വിഷമങ്ങള്‍ പറഞ്ഞു തുടങ്ങി.

ആളുകളെ അഭിമുഖീകരിക്കാനുള്ള ഭയമായിരുന്നു അവന്റെ പ്രധാന പ്രശ്‌നം. പൊതു ചടങ്ങുകളെ അഭിസംബോധ ചെയ്ത് സംസാരിക്കാന്‍ കഴിയാതെ വരിക. തന്നേക്കാള്‍ മുതിര്‍ന്നവരോടും പരിചയമില്ലാത്തവരുമായി ഇടപെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്.

ഓഫീസിലെ മേലധികാരിയുമായി സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍, എല്ലാവരുടെയും മുന്നില്‍ വച്ച് ജോലി സംബന്ധമായ ക്ലാസുകളോ, പ്രസന്റേഷനുകളോ നടത്തേണ്ടി വരുമ്പോള്‍ വിറയലും, ചങ്കിടിപ്പും, ഭീതിയും ഉണ്ടാകുക.

പേടി മൂലം ഒരു വാക്ക് പോലും പറയാനാവാത്ത അവസ്ഥ. തന്റെ ഉള്ളിലെ ആശയത്തെ, അഭിപ്രായത്തെ പ്രകടിപ്പിക്കാന്‍ കഴിയാതെ നിരാശനാകുക. മറ്റുള്ളവരുടെ മുന്നില്‍ അപമാനത്തിന് വിധേയനായതിന്റെ നിരാശ. ഇങ്ങനെ പലവിധ ബുദ്ധിമുട്ടുകള്‍ വിനുവിനുണ്ടായിരുന്നു.

വിനുവിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലെ ആളുകളെ അഭിമുഖീകരിക്കാനുള്ള ഭയം വെച്ചു പുലര്‍ത്തുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. അതിനു സ്ത്രീയെന്നോ, പുരുഷനെന്നോ, കുട്ടികളെന്നോ, മുതിര്‍ന്നവരെന്നോ വ്യത്യാസമില്ല.

ബുദ്ധിപരമായ കാര്യങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുന്നവരും ഒരുപാട് കഴിവുകളുള്ളവരും, നല്ല ധാരണയും, ഗ്രാഹ്യശേഷിയും, കൃത്യമായ വീക്ഷണവും ഉള്ളവര്‍ പോലും ഒരു സദസിനെ അഭിമുഖീകരിക്കുമ്പോള്‍ പരാജയപ്പെട്ട് പോകാറുണ്ട്. ആളുകളെ അഭിമുഖീകരിക്കാനുള്ള പേടി തന്നെയാണ് ഇതിനു പ്രധാന കാരണം.

സഭാകമ്പം തിരിച്ചറിയാം


എത്ര വലിയ പ്രതിഭാശാലിയും പുതിയൊരു വേദിയെ അഭിസംബോധന ചെയ്യുമ്പോള്‍ ചെറിയൊരു ഭയം ഉണ്ടാകാറുണ്ട്. അത് സര്‍വസാധാരണവുമാണ്. എന്നാല്‍ ഒരു ആള്‍ക്കൂട്ടത്തേയോ, വേദിയേയോ അഭിമുഖീകരിച്ച് സംസാരിക്കേണ്ടി വരുമ്പോഴാണ് സഭാകമ്പം കൂടുതലായി ഉടലെടുക്കുന്നത്.

ഒരു കൂട്ടം ആളുകളുടെ ശ്രദ്ധ തന്നിലേക്ക് വരുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുമ്പോഴാണ് സഭാകമ്പം അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ആളുകളെ അഭിമുഖീകരിക്കുന്നതിനു മുന്‍പ് ഉണ്ടാകുന്ന ഭയവും വിറയലും ചങ്കിടിപ്പുമൊക്കെ ചേര്‍ന്ന മാനസികാവസ്ഥയാണ് സഭാകമ്പം (സ്‌റ്റേജ് ഫ്രൈറ്റ്). സോഷ്യല്‍ ഫോബിയയുടെ മറ്റൊരു വകഭേദമാണിത്.

പരിചയമുള്ളവരുടെ മുന്നിലോ ഒറ്റയ്‌ക്കോ ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇത്തരക്കാര്‍ക്ക് അനുഭവപ്പെടാറില്ല. അപരിചിതമായ ഒരു സദസിനു മുന്നിലെത്തുമ്പോഴാകട്ടെ വല്ലാത്ത പരിഭ്രമം തോന്നുകയും ചെയ്യും.

ഉദ്ദേശിച്ച കാര്യങ്ങള്‍ കൃത്യമായി പറഞ്ഞ് ഫലിപ്പിക്കാനാകുമോ എന്ന പേടി, പരാജയപ്പെട്ട് പോകുമോ എന്ന ഭീതി, വേദിയിലിരിക്കുന്നവരുടെ പ്രതികരണങ്ങള്‍, ചോദ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉത്കണ്ഠ, ചെയ്യുന്ന പ്രവര്‍ത്തിയെക്കുറിച്ചുള്ള അമിത പ്രതീക്ഷ എന്നിങ്ങനെ മാനസികമായ ഒരുപാട് ഘടകങ്ങള്‍ സഭാകമ്പത്തിന് പിന്നിലുണ്ട്.

ഒരു തവണ സദസില്‍ നിന്ന് പരാജയം ഏറ്റ് വാങ്ങേണ്ടി വന്നാല്‍ പിന്നീട് വേദിയെ വീണ്ടും അഭിമുഖീകരിക്കാനുള്ള ഭയം കൂടുതലായിരിക്കും. മറ്റുള്ളവരെ അഭിസംബോധന ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളില്‍ ഉണ്ടാകുന്ന ശാരീരികവും, മാനസികവുമായ വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചാല്‍ സഭാകമ്പമുള്ള വ്യക്തികളെ തിരിച്ചറിയാനാകും.

ലക്ഷണങ്ങള്‍


1. അകാരണമായ നെഞ്ചിടിപ്പ്
2. ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്
3. തൊണ്ട വരളുക
4. കൈകാലുകളും ശരീരവും വിറയ്ക്കുക
5. സംസാരിക്കുമ്പോള്‍ ശബ്ദം ഇടറുക
6. വിയര്‍ക്കുക
7. കൈകള്‍ വല്ലാതെ തണുക്കുക
8. വയറ്റില്‍ അസ്വസ്ഥതകള്‍ തോന്നുക
9. തലചുറ്റല്‍ അനുഭവപ്പെടുക
10. കണ്ണില്‍ ഇരുട്ട് കയറുക
ഈ ലക്ഷണങ്ങില്‍ ചിലതെങ്കിലും ഉണ്ടായാല്‍ സഭാകമ്പം ഉണ്ടെന്നു ഉറപ്പിക്കാം. അമിത സഭാകമ്പം മൂലം ജീവിതത്തിലെ നിര്‍ണായക അവസരങ്ങളെ ഒഴിവാക്കി കളയുന്നവരുണ്ട്. സഭാകമ്പത്തെ അതിജീവിക്കാനുള്ള ആത്മധൈര്യം ഇല്ലാതെ വരുമ്പോള്‍ പതിയെ സമൂഹത്തില്‍ നിന്നും പിന്‍വലിയാന്‍ തുടങ്ങുകയും നിരാശയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥയുമുണ്ടാകാം.
uploads/news/2017/09/151037/sabhakambham300917a.jpg

കാരണങ്ങള്‍


സഭാകമ്പത്തിന് പിന്നിലുള്ള കാരണമാണ് ആദ്യമായി കണ്ടെത്തേണ്ടത്. ആത്മവിശ്വാസമില്ലായ്മ, അപകര്‍ഷതാ ബോധം, കുട്ടിക്കാലത്തുണ്ടായ അനുഭവങ്ങള്‍, തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ സഭാകമ്പത്തിനിടയാക്കാം.

സമൂഹത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുമ്പോഴും അമിത ഉത്കണ്ഠ ഉണ്ടാകാം. ഈ ഉത്കണ്ഠ പലപ്പോഴും സഭാകമ്പത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നു. ഒരു വേദിയില്‍ നിന്ന് സംസാരിക്കേണ്ടി വരിക, വേദിയിലിക്കുന്ന ആളുകളുടെ എണ്ണം, അവര്‍ തന്നെക്കാള്‍ കഴിവുകള്‍ ഉള്ളവരാണെന്നുള്ള ചിന്ത ഇവയൊക്കെ സഭാകമ്പമുള്ള വ്യക്തികളെ അലട്ടുന്ന പ്രശ്‌നങ്ങളാണ്.

ഇത്തരം ചിന്തകള്‍ അധികരിക്കുകയും സ്വന്തം കഴിവിനെക്കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെടുകയും ചെയ്യും. സഭാകമ്പമുള്ള വ്യക്തികളെ സംബന്ധിച്ച് തെറ്റ് സംഭവിക്കുമോ എന്ന ചിന്ത എപ്പോഴും ഉണ്ടാകും.

ചോദ്യങ്ങള്‍ ചോദിച്ചാല്‍ പരാജയപ്പെടുമോ എന്ന പേടിയും, മുന്‍കാലങ്ങളില്‍ സംഭവിച്ച പരാജയങ്ങളെ കുറിച്ചുള്ള ഓര്‍മയുമൊക്കെ മനസിലേക്ക് കടന്നു വരും. അത് ഉത്കണ്ഠ കൂടുന്നതിന് കാരണമാകുകയും ചെയ്യും.

ചിലയാളുകളാവട്ടെ ഒട്ടും തയാറെടുപ്പില്ലാതെ വേദിയെ അഭിമുഖീകരിക്കാന്‍ ശ്രമിക്കാറുണ്ട്. കൃത്യമായ തയാറെടുപ്പുകളോടു കൂടി മാത്രമേ ഇത്തരം അവസരങ്ങള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. കൃത്യമായ തയാറെടുപ്പില്ലാതെ അമിത പ്രതീക്ഷയോടെ സമീപിക്കുമ്പോള്‍ പരാജയമായിരിക്കും ഫലം. അത്തരം തോല്‍വികള്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും.

സഭാകമ്പത്തെ അതിജീവിക്കാം


1. ചെയ്യാന്‍ പോകുന്ന വിഷയത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയും അറിവും ഉണ്ടായിരിക്കണം. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതോടൊപ്പം സദസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാനും ചെയ്യുന്ന ഏത് പ്രവര്‍ത്തിയും തെറ്റില്ലാതെ ചെയ്യാനും സഹായിക്കും.
2. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തില്‍ തന്നോട് തന്നെ സംസാരിക്കുന്നത് വേദിയെ അഭിമുഖീകരിക്കുമ്പോള്‍ ഗുണം ചെയ്‌തേക്കാം. എനിക്ക് കഴിവുണ്ട്, എനിക്കത് ചെയ്യാന്‍ സാധിക്കും, എന്നുള്ള സ്വയം സംസാരം (സെല്‍ഫ് ടോക്ക്) സ്വന്തം കഴിവുകളിലുള്ള വിശ്വാസത്തെ കൂട്ടുന്നതിനു സഹായിക്കും.

3. ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തിയെക്കുറിച്ചുള്ള പരാജയ ഭീതി നിറഞ്ഞ ചിന്തകള്‍ ഒഴിവാക്കുക. പരാജയ ഭീതിയോട് കൂടിയ ചിന്തകള്‍ കടന്നു വരുമ്പോള്‍ മനസിനെ ശാന്തമാക്കുന്ന കാര്യങ്ങള്‍കൊണ്ട് അതിനെ നേരിടാവുന്നതാണ്. ഇത് ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യും.
4. ഡീപ്പ് ബ്രീത്തിങ്, യോഗ, മെഡിറ്റേഷന്‍, എന്നിവ മനസിനെ ശാന്തമാക്കുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

5. വേദിയിലേക്ക് കയറുന്നതിനു മുന്‍പ് സ്വാഭാവികമായി ആളുകള്‍ ചോദിക്കാവുന്ന ചോദ്യങ്ങള്‍, സംശയങ്ങള്‍ എന്നിവയ്ക്ക് കൃത്യമായ മറുപടി പറയുന്നതായി ഭാവനയില്‍ കാണുന്നത് സഭാകമ്പത്തെ കുറയ്ക്കും.
6. സദസിനോട് സംസാരിക്കാന്‍ കയറുമ്പോള്‍ അഭിവാദ്യം ചെയ്യുന്നതും, സൗഹൃദപരമായി അഭിസംബോധന ചെയ്യുന്നതും കണ്ണില്‍ നോക്കി സംസാരിക്കുന്നതുമൊക്കെ അപരിചിതത്വം എന്ന ബോധത്തെ മാറ്റാന്‍ സഹായിക്കും.

7. തെറ്റ് സംഭവിക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ വ്യാകുലപ്പെടാതിരിക്കുക.
8. ശാരീരിക ചലനങ്ങളിലൂടെയും ശബ്ദത്തിലൂടെയും ആത്മവിശ്വാസം തനിക്കുണ്ടെന്ന് സദസിനെ ഓര്‍മിപ്പിക്കുക.

സ്വയം പരിശീലനത്തിലൂടെ സഭാകമ്പത്തെ കൈപ്പിടിയില്‍ ഒതുക്കാനും മറികടക്കാനും ഒരു പരിധി വരെ സാധിക്കും. മുന്‍പ് പേടിയോടെ സമീപിച്ചിട്ടുള്ള കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. എന്നാല്‍ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ കഴിയാതെ വണ്ണം അത് വ്യക്തിജീവിതത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുന്നുവെങ്കില്‍ മനഃശാസ്ത്ര ചികിത്സ ആവശ്യമായി വരും.

ബിഹേവിയര്‍ തെറാപ്പിയിലൂടെ ഘട്ടം ഘട്ടമായി സഭാകമ്പത്തെ മറികടക്കാനാകും. ആത്മവിശ്വാസത്തോടെ ആളുകളെ അഭിമുഖീകരിക്കാനുള്ള കഴിവ് ഇതിലൂടെ നേടിയെടുക്കാന്‍ കഴിയും.

ബോബന്‍ ഇറാനിമോസ്
കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ആക്ടീവ് മൈന്റ്‌സ്
ക്ലിനിക്ക് ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് അഡല്‍റ്റ്‌സ്, കോട്ടയം

തയാറാക്കിയത്: - നീതു സാറാ ഫിലിപ്പ്

Ads by Google
Saturday 30 Sep 2017 03.42 PM
YOU MAY BE INTERESTED
TRENDING NOW