Tuesday, October 23, 2018 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Saturday 30 Sep 2017 02.55 PM

തിരക്കിട്ടൊരു മുറിഞ്ഞചിരി

അടിസ്ഥാനപരമായി അടിസ്ഥാനമില്ലാത്തതുകൊണ്ട് കോമഡിയുടെ ട്രാക്ക് മുറിഞ്ഞാല്‍ വെറും ട്രാജഡിയായിപ്പോകും അതുവരെ പറഞ്ഞതെല്ലാം, ഷെര്‍ലക്കിനും സംഭവിക്കുന്നത് അതാണ്. എങ്കിലും ഒരുപോപ്പ് കോണ്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന നിലയില്‍ രണ്ടരമണിക്കൂര്‍ നേരമ്പോക്കിനുള്ള അര്‍ധരസമൊക്കെ ഷെര്‍ലക്ക് ടോംസും ബിജു മോനോനും വാഗ്ദാനം ചെയ്യുന്നുണ്ട്.
uploads/news/2017/09/151029/SherlockTomsreviw.jpg

ചിരിപ്പിക്കുക, രസിപ്പിക്കുക, അതാണു ഷാഫി പടങ്ങളുടെ ലക്ഷ്യം. സിദ്ധീഖ് ലാല്‍ സ്‌കൂള്‍ പാഠങ്ങളുമായി ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കുന്ന ഏകസംവിധായകനുമാണ് ഷാഫി. ടു കണ്‍ട്രീസ് വരെയുള്ള സിനിമകളില്‍ അപൂര്‍വം ഇടങ്ങളില്‍ മാത്രമേ ഷാഫിക്കു പിഴച്ചിട്ടുളളു. ഇക്കുറിയും അതേ ട്രാക്കിലാണ്, ഷെര്‍ലക്ക് ഹോംസ്.

തിരക്കിട്ടൊരു ചിരി അതാണു ലക്ഷ്യം. തിരക്കുകൂടിപ്പോയിട്ടാണോ, ചിരി കുറഞ്ഞിട്ടാണോ എന്നറിയില്ല 'ഷെര്‍ലക് ഹോംസ്' ഇടയ്‌ക്കെവിടെയോ രസം മുറിച്ച കോമഡി ത്രില്ലറായിപ്പോയി. എന്നുവച്ചാല്‍ കോഡിയും അല്ല ത്രില്ലറുമല്ല. ആദ്യ ഒരു മണിക്കൂര്‍ രസകരമാണ് സിനിമ, എന്നാല്‍ പിന്നീടുള്ള ഒരു മണിക്കൂര്‍ രസകരമാകണമെങ്കില്‍ കഷ്ടപ്പെടണം.

വളരെ വിരസമായ ഒരു ആത്മഹത്യനാടകവും, കള്ളപ്പണവേട്ടയും െൈഫനല്‍ ട്വിസ്റ്റില്‍ ആകെക്കൂടെ കണ്‍ഫ്യൂഷനുണ്ടാക്കിയ അവസാനവും കാരണം ഷെര്‍ലക്ക് ടോംസ് മികച്ച തുടക്കം കിട്ടിയിട്ടും സ്ലോഗ് ഓവറില്‍ ബാറ്റിങ് പിഴച്ച ക്രിക്കറ്റ് ടീമിനെപ്പോലെയായി.

ബിജു മേനോന്റെ തകര്‍പ്പന്‍ പ്രസന്‍സ്, സലീം കുമാറും, കലാഭവന്‍ ഷാജോണും അടക്കമുള്ളവരുടെ നര്‍മകൗണ്ടറുകള്‍ ഇവയൊക്കെയാണു സിനിമയുടെ പ്ലസുകള്‍. എന്നാല്‍ അനാവശ്യകഥാപാത്രങ്ങളുടെ ആള്‍ക്കൂട്ടം, അസ്ഥാനത്തുളള കോമഡി ഒരുമണിക്കൂറിലേറെയുള്ള ആത്മഹത്യാനാടകം ഇതെല്ലാം കൂടി കൊളാഷ് ആക്കി കുളമാക്കും. ഷാഫിക്കൊപ്പം സച്ചിയും നിഷാദ് കോയയും ചേര്‍ന്നെഴുതിയ തിരക്കഥയാണ് ഷെര്‍ലക്കിന്റേത്. ശരിക്കും തിരക്കിട്ടെഴുതിയ കഥ. അത് ആദ്യരംഗം മുതല്‍ അനുഭവവേദ്യമാണ്.

uploads/news/2017/09/151029/SherlockTomsreviw1.jpg

തട്ടുദോശ ചുടുന്നതുപോലെ തിരക്കഥ ചൂടോടെ ചുട്ടെടുത്ത സിനിമ. ഏതാണ്ട് സ്‌കിറ്റ് പരുവം. സിനിമയുടെ ലാവണ്യത്തിലോ ടോട്ടാലിറ്റിയിലോ ശ്രദ്ധിക്കാതെ ചിരിമാത്രം ലക്ഷ്യമിട്ടൊരുക്കുന്ന കാഴ്ചയാണ്. റിയാലിറ്റി ഷോ സ്‌കിറ്റുകളുടെ ദൈര്‍ഘ്യമുള്ള രൂപം എന്നുപറയാം. ഈ തിരക്ക് ആദ്യം കുറച്ചൊക്കെ രസകരമാണെന്നു പറയാം. തോമസ് എന്ന കുട്ടി ഷെര്‍ലക് ടോംസ് എന്ന കുറ്റാന്വേഷകനാകുന്നത് രസകരമാണ്.

അധ്യാപകരുടെ അനാശ്യാസം കൈയോടെ പിടിച്ച് സ്റ്റാറാകുന്ന തോമസ് കോപ്പിയടിച്ചതിനു പിടിക്കപ്പെട്ടു സ്‌കൂളില്‍ നിന്നു പുറത്താകുന്നതും അതേവാശിക്ക് ഐ.പി.എസുകാരനാകാന്‍ പഠിച്ച് ഐ.ആര്‍.എസുകാരനായി മാറി നിരാശയോടെ ജീവിക്കുന്നതും ടൈറ്റില്‍ സീക്വന്‍സുകൊണ്ടുപറഞ്ഞുവയ്ക്കുന്നുണ്ട്.

പിന്നീട് വയലന്റായ, പോരടിക്കുന്ന കുടുംബജീവിതം നയിക്കുന്ന ഷെര്‍ലക്ക് ടോംസ്(ബിജുമേനോന്‍) ഡെപ്യൂട്ടേഷനില്‍ എന്‍ഫോഴ്‌സ്‌മെന്റിലേക്കു വരുന്നതും കള്ളപ്പണം പിടിക്കാന്‍ പോകുന്നതുമാണ് സിനിമ. ചേരിക്കാരും മോഷ്ടാക്കളുമായ ഒരു സംഘമാണ് ഷെര്‍ലക്കിന്റെ സന്തതസഹചാരികള്‍. ഇവരുടെ നര്‍മങ്ങളും കൗണ്ടര്‍ തമാശകളുമാണ് ആദ്യപകുതിയിലേറെയും.

സമാന്തരമായി ഷെര്‍ലക്കും ഭാര്യ രേഖയും (ശ്രിന്‍ഡ) തമ്മിലുളള ശാരീരികമായ ഏറ്റുമുട്ടലും കൂടിയാകുമ്പോള്‍ വളരെ രസകരമായൊരു കൗതുകം സിനിമയെ പൊതിഞ്ഞുനില്‍ക്കുന്നുണ്ട്. എന്നാല്‍ അസ്ഥാനത്തുള്ള ഇടവേളയും ഇടവേളയ്ക്കുശേഷം സ്വിച്ചിട്ടതുപോലെ ഈ തമാശക്കഥയിലെ തമാശ ഒഴിയുകയും ചെയ്യുന്നതോടെ സിനിമ നന്നായി മുഷിപ്പിക്കുന്നുണ്ട്.

ആത്മഹത്യ ശ്രമത്തിനിടയിലെ കള്ളനോട്ടുവേട്ട, അന്ത്യകൂദാശ, തോരന്‍ ബാന്‍ഡിന്റെ(അവിയലിനെ കൊട്ടിയതാവണം) സൂയിസൈഡ് റാപ്പ് എന്നുവേണ്ട എങ്ങനെയൊക്കെ മുഷിപ്പിക്കാവോ അതെല്ലാം ചെയ്യുന്നുണ്ട്, ഒടുവില്‍ വെട്ടിമുറിച്ച്ഒട്ടിച്ചുവച്ചതുപോലൊരു ക്ലൈമാക്‌സും.

uploads/news/2017/09/151029/SherlockTomsreviw3.jpg

ചിട്ടിക്കമ്പനി തട്ടിപ്പു മുതല്‍ പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം വരെ സിനിമയില്‍ പരാമര്‍ശമാകുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ മുഖ്യകഥാപാത്രമാകുന്നതും പുതുമയാണ്. എന്നാല്‍ ഈ പുതുമകള്‍ക്കൊന്നും അടിത്തറയുണ്ടാക്കാന്‍ തട്ടിക്കൂട്ടിയ തിരക്കഥയ്ക്കും വഴിപാടുപോലുളള അവതരണത്തിനും സാധിക്കുന്നില്ല. അതിലൊക്കെ ഉപരി ഒരു ത്രില്ലര്‍ സിനിമയില്‍ നായകന് ഒരു പ്രതിയോഗി ഇല്ലാത്തതുകൊണ്ട് എങ്ങോട്ടാണു ഫോക്കസ് എന്നുപോലും സംശയമാണ്.

ആകെയുള്ള പ്രതിയോഗി നായകന്റെ ഭാര്യയാണ്. അതൊരു പുതുമയാണ്. ഫ്രയിങ് പാന്‍ കൊണ്ടു നായകനെ അടിക്കുന്ന നായിക. പക്ഷേ അസഹനീയവും അവിശ്വസനീയവുമാണ് നായിക. ആ നായികയെ വിശ്വസനീയമാക്കാനാവാണം ശ്രിന്‍ഡ ആവശ്യത്തിലേറെ അഭിനയിച്ചിട്ടുണ്ട്.

ലളിതമായി പറഞ്ഞാല്‍ ഓവര്‍. തമാശയില്‍നിന്ന് ഗൗരവത്തിലേക്കുമാറുമ്പോള്‍ പോലും അസാധാരണമായ ഒരുവഴക്കം ബിജു മേനോന് ഉണ്ട്. ആ വഴക്കത്തിന് ഇക്കുറിയും നൂറുമാര്‍ക്കാണ്.

ക്യാരക്ടറിന് സ്ഥായിയായ സ്വഭാവമില്ലെങ്കില്‍പ്പോലും ബിജുവിന്റെ ആയാസരഹിത പ്രകടനത്തില്‍ അതൊക്കെ അപ്രത്യക്ഷമാണ്. പക്ഷേ സംവിധായകന്‍ കൂടിയായ റാഫി വേഷമിടുന്ന ബിജുവിന്റെ അച്ഛന്‍ കഥാപത്രം ഒരു ദുരന്തമാണ്. തമാശ എന്ന പേരില്‍ സദാ ബോറടിപ്പിക്കുന്ന റാഫിയുടെ അഭിനയം അസഹനീയമാണെന്ന് ആരെങ്കിലും ഒക്കെ പറഞ്ഞുകൊടുത്തില്ലെങ്കില്‍ അദ്ദേഹം ഈ പരിപാടി സ്വന്തം സിനിമകള്‍ക്കു പുറത്തും തുടരാന്‍ സാധ്യതയുണ്ട്.

uploads/news/2017/09/151029/SherlockTomsreviw4.jpg

മഫ്‌ളര്‍ ചുറ്റിവരുന്ന എസ്.ഐ. ആയി കോട്ടയം നസീര്‍ ചിരിപ്പിക്കുന്നുണ്ടെങ്കിലും സദാ കോമഡി പറയുന്ന ഹരീഷ് കണാരനും സുരേഷ് കൃഷ്ണയുടെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസറും എല്ലാം സിനിമയുടെ നിലവാരത്തെ താഴേക്കുകൊണ്ടുപോയിട്ടേ ഉള്ളു. സലീം കുമാര്‍ പഴയപ്രതാപത്തിന്റെ നിഴലിലാണെങ്കിലും തിരിച്ചവരവിന്റെ ലക്ഷണങ്ങളൊക്കെ കണ്ടുതുടങ്ങിയിട്ടുണ്ട് ഷെര്‍ലക്കിലൂടെ. മായാവിയിലെ ആശാന്‍ പോലൊരു വേഷമാണു സലീംകുമാറിന്റേത്.

എന്നാല്‍ ജോലിനഷ്ടപ്പെട്ടു മുഴുക്കുടിനായ അധ്യാപകനായി കലാഭവന്‍ ഷാജോണ്‍ തകര്‍ത്തു. സിനിമയിലെ ഏറ്റവും മികച്ച റോളും ഷാജോണിനാണ്. മറ്റൊരു നായിക മാധ്യമപ്രവര്‍ത്തകയാണ്. അതുകൊണ്ടുപതിവുപോലെ മിയ ആ റോളിലുണ്ട്.

സാങ്കേതിവശങ്ങളിലൊക്കെ അവര്‍ പോലും ശ്രദ്ധിച്ചിട്ടില്ലാത്ത സ്ഥിതിക്ക് പരാമര്‍ശിക്കാതിരിക്കകയാവും നന്ന്. ബിജിപാലാണു സംഗീതം. തരക്കേടില്ലാത്ത ഒരു പാട്ടുണ്ട്. പക്ഷേ തോരന്‍ മറ്റൊരു പാട്ട് തീരെ സഹിക്കാന്‍ പറ്റില്ല.

ഇതൊക്കെയാണു തിയറ്ററില്‍ വരുന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്ന ഉറച്ച ധാരണയില്‍ സൃഷ്ടിക്കുന്ന കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണ് ഷെര്‍ലക്ക് ടോംസ്. നേരാണ്, സാധ്യമായിടത്തെല്ലാം ചിരിക്കു ശ്രമിച്ച് ഷാഫി പടത്തിനെത്തുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സിനിമ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം സിനിമകള്‍ക്ക് ഒരു കുഴപ്പമുണ്ട്.

uploads/news/2017/09/151029/SherlockTomsreviw2.jpg

അടിസ്ഥാനപരമായി അടിസ്ഥാനമില്ലാത്തതുകൊണ്ട് കോമഡിയുടെ ട്രാക്ക് മുറിഞ്ഞാല്‍ വെറും ട്രാജഡിയായിപ്പോകും അതുവരെ പറഞ്ഞതെല്ലാം, ഷെര്‍ലക്കിനും സംഭവിക്കുന്നത് അതാണ്. എങ്കിലും ഒരുപോപ്പ് കോണ്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന നിലയില്‍ രണ്ടരമണിക്കൂര്‍ നേരമ്പോക്കിനുള്ള അര്‍ധരസമൊക്കെ ഷെര്‍ലക്ക് ടോംസും ബിജു മോനോനും വാഗ്ദാനം ചെയ്യുന്നുണ്ട്.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW