Friday, June 21, 2019 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 30 Sep 2017 02.44 PM

തെരുവിനും ഒരു ഹൃദയമുണ്ട്...

''അകത്ത് സായിപ്പന്മാരും വലിയ പണക്കാരും ഇരുന്ന് ബര്‍ഗറും ബണ്ണും പെപ്‌സിയും കഴിക്കുന്നു. ഞങ്ങള്‍ ചാക്ക് താഴെവച്ച് അല്പംമാറി അവര്‍ കഴിക്കുന്നതും നോക്കി ഇരുന്നു. അവര്‍ ഓരോതവണ ബര്‍ഗറില്‍ കടിക്കു മ്പോഴും ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു. ഈശ്വരാ, അവര്‍ അത് മുഴുവന്‍ കഴിക്കരുതേ, പെപ്‌സി മുഴുവന്‍ കുടിക്കരുതേ എന്ന്. കാരണം, അവര്‍ എന്തെങ്കിലും ബാക്കിവച്ചിട്ടു പോയാല്‍ കടക്കാര്‍ അതെടുത്തു പുറത്തുള്ള വേസ്റ്റ്ബക്കറ്റില്‍ ഇടും. അപ്പോള്‍ അതെടുത്തു കഴിച്ച് വിശപ്പ് മാറ്റാമല്ലോ?''
uploads/news/2017/09/151025/Weeklyaanmassu300917a.jpg

എന്റെ ഓര്‍മ്മകള്‍ക്ക് ചിറകുകള്‍ മുളയ്ക്കുന്നത് മദ്യവും മയക്കുമരുന്നും കുറ്റകൃത്യങ്ങളും ഒക്കെ നിറഞ്ഞ എറണാകുളത്തെ ഒരു ചേരിയുടെ അഴുക്കുചാല്‍ ഗന്ധത്തിലൂടെ ആണ്. ചുറ്റിനും നടക്കുന്നതും കാണുന്നതും ഒക്കെ തെറ്റുകള്‍ മാത്രം. എന്റെ പ്രായമാണെങ്കിലോ, ആ തെറ്റുകളൊക്കെ ശരിയെന്നു തോന്നിയിരുന്ന ബാല്യം. ഏഴു വയസ്സ്.

രാവിലെ ഉണര്‍ന്നെണീറ്റ് ഒരു ചാക്കും എടുത്തു ആക്രിസാധനങ്ങള്‍ പെറുക്കാന്‍ കൂട്ടുകാരോടൊപ്പം ഇറങ്ങും. എറണാകുളത്തെ തെരുവുകളിലും വീടുകളിലും തിരക്കുള്ള റോഡുകളിലും ഒരു നിക്കര്‍ മാത്രമിട്ട് ഇങ്ങനെ നടക്കും.

കണ്ണില്‍ കാണുന്നതൊക്കെ എടുത്തു ചാക്കില്‍ ഇടും. വൈകിട്ട് എല്ലാം കൂടെ അടുത്തുള്ള ആക്രിക്കടയില്‍ കൊണ്ടുക്കൊടുക്കും. കൂലിയായി അവര്‍ തരുന്ന ചില്ലറകള്‍ അന്നന്നത്തെ ആഹാരത്തിന് പോലും തികയില്ല. അത് കൂട്ടിക്കൂട്ടി വച്ച് വല്ലപ്പോഴും കടയില്‍നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കും.

എണ്‍പതുകളില്‍ ആണ് സംഭവം. ഞാന്‍ അന്ന് കൂട്ടുകാരോടൊപ്പം ആക്രി സാധനങ്ങള്‍ പെറുക്കാന്‍ ആദ്യമായി പോകുകയാണ്. പോകാന്‍ മടി ആയിരുന്നെങ്കിലും വിശപ്പ് കൂടാതെ ഭക്ഷണം എങ്കിലും കിട്ടുമല്ലോ എന്നോര്‍ത്തപ്പോള്‍ അവരോടൊപ്പം ഇറങ്ങി. കുപ്പിയും പാട്ടയും പെറുക്കി പെറുക്കി ഒടുവില്‍ മറൈന്‍െ്രെഡവിലെ ഒരു ബേക്കറിയുടെ മുന്നിലാണ് നിന്നത്.

ഒരുവശത്തു ചില്ലുഭിത്തികള്‍. അകത്ത് അലമാരയില്‍ അടുക്കിയടുക്കി വച്ചിരിക്കുന്ന വിവിധങ്ങളായ ഭക്ഷണവിഭവങ്ങള്‍. ഞാന്‍ എന്റെ ഒട്ടിക്കിടക്കുന്ന വയറ്റില്‍ തടവി. അന്നേദിവസം ഒന്നും കഴിച്ചിട്ടില്ല.

അകത്താണെങ്കില്‍ സായിപ്പന്മാരും വലിയ പണക്കാരുംഇരുന്ന് ബര്‍ഗറും ബണ്ണും പെപ്‌സിയും കഴിക്കുന്നു. ഞങ്ങള്‍ ചാക്ക് താഴെവച്ച് അല്പംമാറി അവര്‍ കഴിക്കുന്നതും നോക്കി ഇരുന്നു. അവര്‍ ഓരോതവണ ബര്‍ഗറില്‍ കടിക്കു മ്പോഴും ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു; ഈശ്വരാ, അവര്‍ അത് മുഴുവന്‍ കഴിക്കരുതേ, പെപ്‌സി മുഴുവന്‍ കുടിക്കരുതേ എന്ന്.

കാരണം, അവര്‍ എന്തെങ്കിലും ബാക്കിവച്ചിട്ടുപോയാല്‍ കടക്കാര്‍ അതെടുത്തു പുറത്തുള്ള വേസ്റ്റ്ബക്കറ്റില്‍ ഇടും. അപ്പോള്‍ അതെടുത്തുകഴിച്ച് വിശപ്പ് മാറ്റാമല്ലോ. കാത്തിരുന്നു. ഒടുവില്‍ അവര്‍ ആ വേസ്റ്റ് പുറത്തെ ചെറിയ ബക്കറ്റില്‍ ഇടാതെ അല്പം മാറിയുള്ള കോര്‍പ്പറേഷന്റെ ആറടി പൊക്കമുള്ള വലിയ പെട്ടിക്കകത്ത് കൊണ്ട് ഇട്ടു.

തൊട്ടപ്പുറത്തുള്ള മീന്‍ചന്തയിലെയും ഇറച്ചിക്കടകളിലെയും അവശിഷ്ടമൊക്കെ അതിലായിരുന്നു ഇട്ടിരുന്നത്. തലേദിവസം ആ കടക്കാര്‍ ചെറിയ ബക്കറ്റില്‍ ഇട്ടു പോയതിനു പിറകെ കുട്ടികള്‍ അതിനുവേണ്ടി അടിപിടിച്ചു അതെല്ലാം അവിടൊക്കെ ചിതറിയിട്ടതിന്റെ പ്രതികാരമായിരുന്നു അന്ന് അത് വലിയ പെട്ടിയില്‍കൊണ്ടിട്ടത്.

അത്ര ഉയരമുള്ള പെട്ടിക്കകത്ത് ഏഴും എട്ടും വയസ്സുള്ള ഞങ്ങള്‍ എങ്ങനെ കയറാന്‍. ഒടുവില്‍ ഒരാളുടെ പുറത്തു മറ്റൊരാള്‍ വീതം കയറിനിന്ന് എങ്ങനെയോ അകത്തുകടന്ന് അതെടുത്തു, അവര്‍ കടിച്ചഭാഗം പിച്ചിക്കളഞ്ഞു അത് കഴിച്ച് വിശപ്പടക്കി. അങ്ങനെ എത്രയോ സായന്തനങ്ങള്‍.

അല്പം കൂടി മുതിര്‍ന്നപ്പോള്‍ കുറച്ചുകൂടി പണം കിട്ടുന്ന ജോലികള്‍ ചെയ്യാന്‍ തുടങ്ങി. കക്കൂസ് ടാങ്ക് വൃത്തിയാക്കാന്‍ പോയാല്‍ കൂടുതല്‍ പണം കിട്ടും എന്നറിഞ്ഞാണ് അതിനു പോയത്. മാലിന്യം കോരി സാധാരണ അടുത്തുള്ള തരിശായിക്കിടക്കുന്ന പറമ്പിലേക്ക് കളയുകയാണ് പതിവ്.

ഒരുദിവസം പണിക്കു ചെന്ന വീടിന്റെയടുത്തു പറമ്പ് ഒന്നും ഇല്ലായിരുന്നു. പണിക്കു വരുമ്പോള്‍ കൂടെയുള്ളവര്‍ നന്നായി മദ്യപിച്ചിരിക്കും. അതുകൊണ്ട് പണിയുടെ ബുദ്ധിമുട്ട് അവര്‍ അറിയില്ല. ഞാന്‍ മദ്യപിക്കാറില്ലായിരുന്നു. ചേട്ടന്മാര്‍ തോട്ടി ഇട്ടു കോരി ബക്കറ്റില്‍ ആക്കി എന്റെ തലയില്‍ വച്ചുതരും. അത് ചുമന്നുകൊണ്ട് ഞാന്‍ ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള പറമ്പിലെ കുഴിയില്‍ കൊണ്ട് ഇട്ടിട്ടു വരണം.

ചുമക്കുന്ന ഭാരത്തെക്കാള്‍ എത്രയോ കഠിനമായിരുന്നു അതിന്റെ രൂക്ഷഗന്ധം. നടന്നുനടന്ന് കാല്‍ തളരുമ്പോള്‍, വേച്ചുവേച്ചു നടക്കുമ്പോള്‍ ബക്കറ്റ് ഇളകി ആ മലിനജലം തലയിലൂടെ മുഖത്തേക്ക് ഒഴുകും. അത് വിയര്‍പ്പിനോട് ചേര്‍ന്ന് വീണ്ടും ശരീരത്തിലൂടെ ഒഴുകും. ഒടുവില്‍ കാല്‍ വേദനിച്ച് കണ്ണില്‍നിന്ന് കണ്ണുനീര്‍ ഉതിരുമ്പോള്‍, അതും അതിനോടു ചേര്‍ന്ന് കവിളിലൂടെ ചാലുകീറും.

അന്ന് എന്നോടൊപ്പം ആക്രി പെറുക്കിയും, കക്കൂസ് വാരിയും ഒക്കെ നടന്നവര്‍ ഇന്ന് മയക്കുമരുന്നിന്റെ അടിമകളും കൊലക്കേസില്‍ പ്രതികളും, ഗുണ്ടകളും ഒക്കെയാണ്. ചിലര്‍ മരിച്ചുപോയിരിക്കുന്നു.

തെരുവുകള്‍ എന്നും മനുഷ്യനെ ഇങ്ങനെയൊക്കെയാണ് ആക്കിത്തീര്‍ക്കുന്നത്. അതില്‍നിന്നു വ്യത്യസ്തമായി എന്റെ നിയോഗമായി ദൈവം കാത്തുവച്ച ഈ സേവനങ്ങള്‍ ഞാന്‍ എന്റെ മേന്മയായി ഈ നിമിഷംവരെ കരുതിയിട്ടില്ല. കരുതുകയുമില്ല.

uploads/news/2017/09/151025/Weeklyaanmassu300917a1.jpg

എന്നോ ഒരു സുപ്രഭാതത്തില്‍ ഇരുവഴി പിരിയുന്ന ഒരു കവലയില്‍, ദൈവം കൈപിടിച്ച് നടത്തിയതാണ് എന്നെ ഈ വഴിയിലൂടെ.

രാത്രിയില്‍ ഓട്ടോ ഓടിച്ച് കിട്ടുന്ന പണം മൂഴുവന്‍ ഉപയോഗിച്ച് പകല്‍ തെരുവ് മക്കളോടൊപ്പം അവരുടെ രക്ഷകനായി തുടങ്ങിയ എനിക്ക് ഇന്ന് തെരുവ് വെളിച്ചം എന്ന പുനരധിവാസ കേന്ദ്രം സ്ഥാപിക്കാനും അയ്യായിരത്തിലേറെ ആള്‍ക്കാരെ തെരുവില്‍നിന്ന് രക്ഷിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാനും കഴിഞ്ഞത് ഇതേ ദൈവത്തിന്റെ തീരുമാനമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

2015 ല്‍ ഒരു സ്വകാര്യചാനലിന്റെ പുരസ്‌കാരം ഡല്‍ഹിയില്‍ പ്രൗഢഗംഭീരമായ ചടങ്ങില്‍വച്ച് പ്രധാനമന്ത്രിയുടെ കൈയില്‍നിന്നും വാങ്ങിയ നിമിഷം, തിളങ്ങുന്ന ഫലകത്തിലേക്ക് ഞാനൊന്ന് നോക്കിയപ്പോള്‍ അതില്‍ തെളിഞ്ഞത് എന്റെ ബാല്യമായിരുന്നു.

പണ്ട് വിശപ്പും ദാഹവും പേറി തെരുവിന്റെ മകനായി നടന്ന ആ വീഥികള്‍ ആയിരുന്നു.....

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Saturday 30 Sep 2017 02.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW