Saturday, April 20, 2019 Last Updated 0 Min 59 Sec ago English Edition
Todays E paper
Saturday 30 Sep 2017 01.52 PM

സീതയെ വിവാഹം കഴിക്കുന്നവര്‍ ശൈവചാപമെടുത്ത് കുലയ്ക്കണം; ഈ തീരുമാനത്തിലേക്ക് ജനകനെ എത്തിച്ചത് അമ്പരപ്പിക്കുന്ന ആ കാഴ്ച

'' വിശ്വാമിത്രമഹര്‍ഷിയുടെ അനുഗ്രഹം വാങ്ങി ശ്രീരാമന്‍ വില്ലെടുത്ത് ഞാണ്‍ വലിച്ചു കെട്ടാനൊരുങ്ങി. ''
uploads/news/2017/09/151018/weeklypuranam290917a.jpg

ജനകമഹാരാജാവിന്റെ മകളാണ് സീത. മഹാരാജാവിന്റെ അനുജന്റെ മക്കളായ മാണ്ഡവി, ശ്രുതകീര്‍ത്തി, ഊര്‍മിള, എന്നിവരോടൊപ്പമാണ് സീത വളര്‍ന്നത്. ഒരിക്കല്‍ സീതയും സഹോദരിമാരും ഉദ്യാനത്തിലൂടെ കളിച്ചുനടക്കുകയായിരുന്നു.

അപ്പോഴാണ് ചുറ്റിലും പടര്‍ന്നു പരിമളം വിതറി നില്‍ക്കുന്ന മുല്ലപ്പൂക്കള്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹോ.. എന്തു സുഗന്ധം..! നമുക്ക് ഇതുകൊണ്ട് കുറച്ചു മാലകള്‍ കോര്‍ത്താലോ..? സീത സഹോദരിമാരോട് ചോദിച്ചു. അവര്‍ക്കും സമ്മതം.

അങ്ങനെ അവര്‍ ഒത്തുചേര്‍ന്ന് മാലകെട്ടാന്‍ തുടങ്ങി. എന്നാല്‍ തോട്ടത്തിലെ മാവിലേക്കു പടര്‍ന്നുകയറിയ മുല്ലവള്ളിയിലായിരുന്നു കൂടുതല്‍ പൂക്കള്‍. ആ പൂക്കള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നമുക്ക് വലിയ മാലകള്‍ തീര്‍ക്കാമായിരുന്നു അല്ലേ ഊര്‍മിള പറഞ്ഞു. അതിന് വഴിയുണ്ട്..

സീത വേഗം കൊട്ടാരത്തിലേക്കുപോയി അമ്പും വില്ലുമായി മടങ്ങിയെത്തി. എന്നിട്ട് മുല്ലവള്ളിക്കുനേരെ അമ്പെയ്തു. അപ്പോള്‍ അതില്‍നിന്നും മുല്ലപ്പൂക്കള്‍ മഴപോലെ ഉതിര്‍ന്നുവീണു. കൊട്ടാരത്തിനകത്തുനിന്ന് ഈ കാഴ്ച കണ്ട മഹാരാജാവ് ഞെട്ടിപ്പോയി.

ഈശ്വരാ.. എന്താണിത്! സാക്ഷാല്‍ പരശുരാമന്‍ സമ്മാനിച്ച ശൈവചാപമാണല്ലോ കുമാരി എടുത്തുയര്‍ത്തി കുലച്ചിരിക്കുന്നത്.. എന്തായാലും മഹാരാജാവ് അതോടെ ഒരു കാര്യം തീരുമാനിച്ചുറച്ചു.

ഇത്ര ശക്തയാണ് സീതയെങ്കില്‍ അവളെ വിവാഹം കഴിക്കുന്നത് അവള്‍ക്ക് അനുയോജ്യനായ ഒരാള്‍തന്നെയായിരിക്കണം. ഈ വില്ലെടുത്തു കുലയ്ക്കുന്നവര്‍ക്കേ സീതയെ വിവാഹം കഴിച്ചുകൊടുക്കൂ. വൈകാതെ മഹാരാജാവ് ഇക്കാര്യം വിളംബരം ചെയ്തു.

വിവരമറിഞ്ഞ് സീതയെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി പല ദിക്കുകളില്‍നിന്നും കുമാരന്‍മാരെത്തി. എന്നാല്‍ ആര്‍ക്കും വില്ലെടുത്ത് ഉയര്‍ത്താന്‍ പോലുമായില്ല. അങ്ങനെയിരിക്കെയാണ് അയോധ്യയിലെ കുമാരന്‍ മാരായ ശ്രീരാമനും ലഷ്മണനും കൊട്ടാരത്തിലെത്തിയത്.

വിശ്വാമിത്രമഹര്‍ഷിയോടൊപ്പമായിരുന്നു അവര്‍ വന്നത്. വിവരമറിഞ്ഞപ്പോള്‍ ജനകനും സന്തോഷമായി. വിശ്വാമിത്രമഹര്‍ഷിയുടെ അനുഗ്രഹം വാങ്ങി ശ്രീരാമന്‍ വില്ലെടുത്ത് ഞാണ്‍ വലിച്ചുകെട്ടാനൊരുങ്ങി.

പെട്ടെന്നാണതു സംഭവിച്ചത്. ഇടിമുഴക്കത്തോടെ വില്ലൊടിഞ്ഞുവീണു. ഏവരെയും ആഹ്‌ളാദിപ്പിക്കുന്നതായിരുന്നു ആ കാഴ്ച ! വൈകാതെ ശ്രീരാമനും സീതയും തമ്മിലുള്ള വിവാഹവും നടന്നു.

Ads by Google
Saturday 30 Sep 2017 01.52 PM
YOU MAY BE INTERESTED
Loading...
TRENDING NOW