Monday, July 23, 2018 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 29 Sep 2017 12.53 AM

ജനകീയ ഐക്യത്തിന്റെ വിജയം

uploads/news/2017/09/150795/1.jpg

കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരിലെ ജനത സമീപകാലത്തെ ഒരു ജനകീയസമരത്തില്‍ വിജയം നേടിയിരിക്കുകയാണ്‌. തളിപ്പറമ്പ്‌ നഗരസഭയില്‍പെടുന്ന സ്‌ഥലമായ കീഴാറ്റൂരിലെ ഇരുന്നൂറ്റമ്പതോളം ഏക്കറില്‍ പരന്നു കിടക്കുന്ന ഇരുവിള പാടം മണ്ണിട്ടു നിരത്തി റോഡ്‌ പണിയാനുള്ള നീക്കമാണ്‌ ജനകീയ സമരത്തെത്തുടര്‍ന്ന്‌ താത്‌കാലികമായെങ്കിലും നിര്‍ത്തി വയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്‌. തളിപ്പറമ്പ്‌ നഗരസഭയിലെ അവശേഷിക്കുന്ന വയലാണ്‌ കീഴാറ്റൂര്‍ പാടശേഖരം.
ചുറ്റുമുള്ള തളിപ്പറമ്പ്‌, പുളിപ്പറമ്പ്‌, മാന്ധാംകുണ്ട്‌, കുറ്റിക്കോല്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്ന്‌ ഒഴുകിയെത്തുന്ന ജലം പ്രകൃത്യാ സംരക്ഷിക്കപ്പെടുന്ന സ്‌ഥലമാണിത്‌. വിശാലമായ പാടത്താല്‍ ജലം സംഭരിക്കപ്പെടുന്നതിനാല്‍ ചുറ്റുമുള്ള പ്രദേശങ്ങളെ ജലസമ്പുഷ്‌ടമാക്കാനും ഈ സ്‌ഥലത്തിനു കഴിയുന്നു. ഹൈവേ വികസനത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ മുതല്‍ കുപ്പം വരെയുള്ള റോഡ്‌ നിര്‍മാണം കീഴാറ്റൂര്‍ വഴി തിരിച്ചു വിടാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌.
കണ്ണൂര്‍ മുതല്‍ കുറ്റിക്കോല്‍ വരെയും കുപ്പം മുതല്‍ പയ്യന്നൂര്‍ വരെയും നിലവിലുള്ള ദേശീയപാത തന്നെ വീതികൂട്ടുകയാണ്‌. കീഴാറ്റൂരില്‍ പാടശേഖരത്തിലൂടെ ബൈപ്പാസ്‌ പണിയാനായിരുന്നു തീരുമാനം. ഇത്‌ നാട്ടുകാരെ ഞെട്ടിച്ചു. സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ അനുഭാവികളും പ്രവര്‍ത്തകരുമാണ്‌ ഇവിടെ ഭുരിപക്ഷവുമുള്ളത്‌. എന്നാല്‍, നാടിനു വേണ്ടി സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരേ അണിനിരക്കാന്‍ അവര്‍ മടിച്ചില്ല. അവര്‍ ഒറ്റക്കെട്ടായി വയല്‍ക്കിളികള്‍ എന്ന സംഘടന രൂപവത്‌കരിച്ച്‌ സമരരംഗത്തിറങ്ങി. വയോധികര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ അണിനിരന്ന സമരം സമീപകാലത്ത്‌ കേട്ടുകേള്‍വിയില്ലാത്തവിധം ജനകീയ ഐക്യത്തിന്റെ കാഹളമായി. തങ്ങള്‍ ഒത്തൊരുമയോടെ നിന്നില്ലെങ്കില്‍ തങ്ങളുടെ നാട്‌ കുളംതോണ്ടുമെന്ന അവരുടെ തിരിച്ചറിവാണ്‌ സമരത്തിന്‌ ശക്‌തിപകര്‍ന്നത്‌.
പരിസ്‌ഥിതി സംരക്ഷണത്തിനായി പല സംരംഭങ്ങളും നടത്തുന്ന പാര്‍ട്ടിയാണ്‌ സി.പി.എം. അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാകട്ടെ ഹരിതകേരളം പദ്ധതിയിലൂടെ പരിസ്‌ഥിതി സംരക്ഷണത്തിനും ജൈവകൃഷി പ്രചാരണത്തിനും ശ്രമിക്കുന്നു. ആറന്മുളയിലും മെത്രാന്‍ കായലിലും കൃഷിയിറക്കാനും വരണ്ടു കിടക്കുന്ന നദികള്‍ പുനരുജ്‌ജീവിപ്പിക്കാനും ശ്രമിക്കുന്ന സര്‍ക്കാര്‍ തന്നെ സജീവമായി കൃഷിനടക്കുന്ന ഒരു പാടശേഖരം നികത്താന്‍ മുന്നിട്ടിറങ്ങിയത്‌ വിരോധാഭാസമായി.
ഈ സമരത്തെ എതിര്‍ത്തതു വഴി സി.പി.എം. ജനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ കാഴ്‌ചയായിരുന്നു പാര്‍ട്ടിയുടെ ശക്‌തികേന്ദ്രത്തില്‍ കണ്ടത്‌. എല്ലാത്തരത്തിലുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ നാട്ടുകാര്‍ പിടിച്ചു നില്‍ക്കുകയും ചെയ്‌തു. ഗ്രാമത്തിലെ ജനം ഒന്നടങ്കം സമരപ്പന്തലില്‍ ഒത്തുകൂടിയിരുന്നു. ജീവിക്കാനും തങ്ങളുടെ പരിസ്‌ഥിതിയെയും മണ്ണിനെയും വെള്ളത്തെയും സംരക്ഷിക്കാനുമുള്ള സമരത്തില്‍ അവര്‍ ഒറ്റക്കെട്ടായിരുന്നു. കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ അടക്കമുള്ള സംഘടനകള്‍ നിലം നികത്തുന്നതിനെതിരേ രംഗത്തു വന്നതും സമരക്കാര്‍ക്ക്‌ പിന്‍ബലമായി. സര്‍ക്കാരിനും സി.പി.എമ്മിനും വലിയ തലവേദനയായതോടെയാണ്‌ ബൈപ്പാസ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട വിജ്‌ഞാപനം ഇറക്കുന്നത്‌ നീട്ടിവയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ദേശീയപാതാ വികസനത്തില്‍ നിന്നു പിന്നോട്ടു പോവില്ലെന്നും ബദല്‍ പാതയ്‌ക്കുള്ള പഠനം നടത്തുമെന്നാണ്‌ ചര്‍ച്ച നടത്തിയ മന്ത്രി ജി. സുധാകരന്‍ പറഞ്ഞത്‌. ഇപ്പോഴത്തെ നിലയില്‍ ജനങ്ങളെ സംബന്ധിച്ച്‌ വന്‍ വിജയമാണ്‌. തങ്ങളുടെ പാടശേഖരത്തെ സംരക്ഷിക്കാനുള്ള അവരുടെ സമരം വിജയിച്ചിരിക്കുന്നു. നാടിനു വേണ്ടി ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ആര്‍ക്കും തടയാനാവില്ലെന്ന്‌ അവര്‍ കാണിച്ചുതന്നു. ഓരോ കാര്യത്തിന്റെ പേരിലും ജനങ്ങള്‍ ചേരിതിരിഞ്ഞ്‌ എന്തു ചെയ്യാനും മടിക്കാത്ത കാലത്ത്‌ പ്രതീക്ഷയ്‌ക്ക്‌ വകനല്‍കുന്നതാണ്‌ ഈ കൂട്ടായ്‌മ.

Ads by Google
Friday 29 Sep 2017 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW