Thursday, June 28, 2018 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Thursday 28 Sep 2017 03.58 PM

പൊളിറ്റിക്കല്‍ ത്രില്ലര്‍

ഓണത്തിനിറങ്ങിയ സൂപ്പര്‍ പടപ്പുകളില്‍ പലതും മനുഷ്യന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതായിരുന്നു. അതുവച്ചുനോക്കിയാല്‍ ഭേദപ്പെട്ട സിനിമയാണ് രാമലീല. പുതിയ കാലത്തിന്റെ അവതരണമില്ലെങ്കിലും പുതിയ കാലത്തിന്റെ കാര്യങ്ങളുണ്ട്, രാഷ്ട്രീയവും. ഒരുതവണ കണ്ടുനോക്കാനുള്ള വകുപ്പുമുണ്ട്.
ram leela malayalam movie review

ജോഷി സ്‌കൂള്‍ ഒരു പഴയ മലയാളസിനിമാ പ്രസ്ഥാനമാണ്. വലിയ കാന്‍വാസില്‍ പൊളിറ്റിക്കല്‍ ത്രില്ലറുകള്‍ ജനപ്രിയചിത്രങ്ങളായി ഒരുക്കാനുള്ള ജോഷിയുടെ മികവ് 'റണ്‍ ബേബി റണ്‍' വരെയുള്ള സിനിമകളില്‍ കണ്ടിട്ടുണ്ട്. കാലഹരണപ്പെട്ടതാണെങ്കിലും ആ ജോഷി സ്‌കൂളിന്റെ പ്രോഡക്ടാണ് നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'രാമലീല.'. ഡീസന്റായ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന് ഒറ്റനോട്ടത്തില്‍ പറയാം. എന്നാല്‍ കഥപറച്ചിലിലെ ആവര്‍ത്തനവും ക്ലീഷേകളും പ്രവചനാത്മകതയും കാലഹരണപ്പെട്ട അവതരണശൈലിയും എല്ലാം ചേരുമ്പോള്‍ ഒരു തട്ടുപൊളിപ്പന്‍ ത്രില്ലറാണെന്നു വീണ്ടുവിചാരത്തില്‍ പറയേണ്ടിവരും. കുറച്ചുകൂടി സ്പഷ്ടമാക്കിയാല്‍ 'റണ്‍ ബേബി റണ്‍' എന്ന മോഹന്‍ലാല്‍ ജോഷി ടീമിന്റെ സിനിമയുടെ ദിലീപ് പതിപ്പാണ് രാമലീല. ജോഷിയുടെ ശിഷ്യനായ അരുണ്‍ ഗോപി ജോഷിയുടെ തിരക്കഥാകൃത്തായ സച്ചിയുമൊരുമിച്ച് സിനിമ ചെയ്യുമ്പോള്‍ തോന്നുന്ന ഈ സാദൃശ്യത്തെ യാദൃശ്ചികമെന്നോ, സ്വഭാവികമെന്നോ പറയാം.

രാമനുണ്ണി (ദിലീപ്) എന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരന്‍, ഒരു നിയമസഭാ ഉപതെരഞ്ഞെടുപ്പ് അയാള്‍ നേരിടുന്നതിനിടെ ഉണ്ടാകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കൊലപാതകം, കുറ്റാരോപിതനാകുന്ന രാമനുണ്ണി, അതില്‍നിന്ന് രക്ഷപ്പെടാന്‍ അയാള്‍ ശ്രമിക്കുന്ന ഒറ്റയാള്‍ പോരാട്ടം ഇത്രയുമാണ് പ്ലോട്ട്. ഇതു നോണ്‍സെന്‍സുകളില്ലാതെ, അത്യാവശ്യത്തിനു യുക്തികലര്‍ത്തി, സമകാലീന രാഷ്ട്രീയ പശ്ചാത്തലങ്ങളുമായി കൂട്ടിയിണക്കി പറയാന്‍ ശ്രമിച്ചു എന്നതുതന്നെയാണ് രാമലീലയുടെ പ്ലസ് പോയിന്റ്. അതിലുപരി പ്രേക്ഷകന്റെ ആസ്വാദനനിലവാരത്തിന്റെ പരിധി അളക്കുന്ന ദിലീപിന്റെ പതിവു ഡിഗ്രേഡ് (ജോര്‍ജേട്ടന്‍സ് പൂരം, വെല്‍ക്കം ടു സെന്‍ട്രല്‍ ജെയില്‍, കിങ് ലയര്‍ ഇവയാണ് സമീപകാലസിനിമകള്‍.) സിനിമകളില്‍നിന്നുള്ള മാറിനടത്തവുമാണ്. ജോഷിയുടെ അവതാരത്തിനുശേഷമുള്ള ദിലീപിന്റെ ത്രില്ലര്‍ സിനിമയാണിത്. എന്നാല്‍ വളരെ കൗതുകകരമായ വസ്തുത പൊളിറ്റിക്കല്‍ ത്രില്ലറായിട്ടും സംഘട്ടനങ്ങളോ, രക്തച്ചൊരിച്ചിലോ സൃഷ്ടിച്ചുള്ള ഡിഷ്യൂം ഡിഷ്യൂം കളി സിനിമ പാടേ ഒഴിവാക്കിയിട്ടുണ്ട്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന നിലയിലാണു സിനിമയുടെ ട്രാക്ക്. കൊലപാതകിയെക്കുറിച്ച് ഏറെക്കുറെ ഊഹിക്കാമെങ്കിലും ആ ആകാംക്ഷ ഏതെങ്കിലുമൊരുതരത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അരുണ്‍ ഗോപി പലയിടത്തും വിജയിച്ചിട്ടുണ്ട്. പക്ഷേ ഒരു ത്രില്ലറിനുചേരാത്ത തരത്തിലുള്ള മെല്ലെപ്പോക്ക് ചിലപ്പോഴൊക്കെ സിനിമയെ മുഷിപ്പിക്കുന്നുമുണ്ട്. അതിലുപരിയാണ് സിസിടിവി ദൃശ്യങ്ങളിലൂടെയും അതിന്റെ ആവര്‍ത്തനങ്ങളിലൂടെയും കഥ മുന്നറുമ്പാഴുള്ള മടുപ്പ്.

ram leela malayalam movie review

സീസണിലെ നാലാമത്തെ 'സഖാവ്' ആണ് രാമനുണ്ണി. മെക്‌സിക്കന്‍ അപാരത, സഖാവ്, സി.ഐ.എ. ഇവയ്ക്കു പിന്നാലെയാണ് രാമലീലയുമായി ദിലീപിന്റെ വരവ്. മറ്റു 'സഖാവ്' സിനിമകളെപ്പോലെതന്നെ ' കമ്യൂണിസ്റ്റ്' പാര്‍ട്ടിക്കു നല്ലപാഠം പകര്‍ന്നു നല്‍കുകയാണ് സഖാവ് രാമനുണ്ണിയുടെ ലക്ഷ്യവും. സത്യം പറയണമല്ലോ, ആ പടപ്പുകളേക്കാള്‍ ഭേദമാണ് ആവര്‍ത്തനമാണെങ്കിലും ഈ ഉണ്ണി. മറ്റു മൂന്നെണ്ണം കാമ്പസ് രാഷ്ട്രീയത്തിന്റെ കാല്‍പനിക ന്യൂജന്‍ അസംബന്ധമാണെങ്കില്‍ സമകാലീന പ്രായോഗിക രാഷ്ട്രീയത്തെ ജനപ്രിയ സിനിമയുടെ ക്യാമറയില്‍ കൂടി കാണാന്‍ രാമലീല ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഡയലോഗ് ഇല്ലാത്ത പഴയ രണ്‍ജി പണിക്കര്‍ സിനിമയാണ് രാമലീല.
സമകാലീന രാഷ്ട്രീയയെത്തക്കുറിച്ചും മറുകണ്ടം ചാടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ ഒരു മലയാളിക്കു കണ്‍വിന്‍സിങ്ങാകുന്ന തരത്തില്‍ അവതരിപ്പിക്കുന്നുമുണ്ട്. വ്യാജമുദ്രാവാക്യങ്ങളോ, കാല്‍പനികത കമ്യൂണിസ്റ്റ് വിലാപങ്ങളോ ചൊല്ലി മനുഷ്യനെ ബോറടിപ്പിക്കുന്നില്ല, അത്രയും സമാധാനം.

ram leela malayalam movie review

ഇതൊക്കെ ഒന്നാം പകുതിയിലെ കാര്യങ്ങളൊണ്. അല്‍പം ഇഴച്ചിലിണ്ടെങ്കിലും ഒരു മികച്ച ത്രില്ലറിലേക്കാണു സിനിമ പുരോഗമിക്കുന്നതെന്ന് സിനിമ പ്രതീക്ഷയും നല്‍കി. എന്നാല്‍ ഇടവേളയ്ക്കു ശേഷമതൊരു ടിപ്പിക്കല്‍ സച്ചി-സേതു(സച്ചി ഒറ്റയ്ക്കാണ് ഇക്കുറി) തിരക്കഥയാകുന്നു. റണ്‍ ബേബി റണ്‍ പോലെതന്നെ സിസിടിവി ദൃശ്യങ്ങളും ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളും വച്ചൊരുകളി. മണ്ടന്‍മാരായ പോലീസുകാരെയും മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും അണികളെയും ടെലിവിഷനുമുന്നില്‍, ഹോട്ട് പര്‍സ്യൂട്ട് എന്ന വെബ്‌സൈറ്റിന്റെ കാഴ്ചക്കാരാക്കി രാമനുണ്ണി ലീല ആടുമ്പോള്‍ രസച്ചരടു പൊട്ടും. ക്‌ളൈമാക്‌സിലെ പ്രതീക്ഷിക്കപ്പെട്ട ആ ട്വിസ്റ്റിനും കാര്യമായ ഗുണം ചെയ്യാനാവുന്നില്ല. കുറച്ചുകൂടി ഊര്‍ജം സിനിമയ്ക്കുവേണ്ടാതാണ് എന്നാണു പലരംഗങ്ങളും തോന്നിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണിന്റെ വണ്‍മാന്‍ഷോ നമ്പറുകളാണ് സിസിടിവി കാഴ്ചകളിലൂടെയുള്ള അന്വേഷണത്തിന്റെ വിരസതയകറ്റുന്നത്.

ram leela malayalam movie review

ലയണും, നാടോടിമന്നനുമാണ് ദിലീപിന്റെ ഇതിനുമുമ്പുള്ള പൊളിറ്റിക്കല്‍ ത്രില്ലറുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന സിനിമകള്‍. അവയിലൊക്കെ നിഷ്‌കളങ്കനായ രാഷ്ട്രീയക്കാരനാണ് ദിലീപ് കഥാപാത്രങ്ങളെങ്കില്‍ വളരെ ക്രൂക്കഡ് ആയ, കൗശലക്കാരനാണ് രാമനുണ്ണി. ഗൗരവമുള്ള വേഷങ്ങളില്‍ മുന്‍സിനിമകളില്‍ കാഴ്ചവക്കാനാവാത്ത ആധികാരികതയും ഡയലോഗ് ഡെലിവറിയിലെ സപ്ഷ്ടതയും ശബ്ദനിയന്ത്രണവും ദിലീപിന് ഇക്കുറി കാഴ്ചവയ്ക്കാനായിട്ടുണ്ട്. അതേസമയം നര്‍മത്തെ സ്വഭാവിക ടൈമിങ്ങില്‍ കൈകാര്യം ചെയ്യുന്ന ദിലീപിയന്‍ മികവ് അപ്രത്യക്ഷവും. കലാഭവന്‍ ഷാജോണ്‍ ആണ് ഹാസ്യരംഗങ്ങളില്‍ തിളങ്ങുന്നത്.

പ്രതിനായകവേഷത്തിലെത്തുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി അമ്പാടി മോഹനന്‍ ആയി വിജയരാഘവനും വലതുപക്ഷ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ഉദയഭാനുവായി സിദ്ധിഖും കസറി. മുഴുനീള ദിലീപ് സിനിമയായിട്ടും ഈ രണ്ടുകഥാപാത്രങ്ങളാണു സവിശേഷമായ പ്രകടനം കൊണ്ടു ശ്രദ്ധേയമായത്. പ്രത്യേകിച്ച് സിദ്ധീഖ്. കിട്ടിയ രംഗങ്ങളിലെല്ലാം സിദ്ധീഖ് തകര്‍ത്തഭിനയിച്ചിട്ടുണ്ട്. പ്രയാഗ മാര്‍ട്ടിനാണ് നായിക. ഹോട്ട് പര്‍സ്യൂട്ട് എന്ന രഹസ്യപോര്‍ട്ടലിന്റെ പ്രവര്‍ത്തകയാണ് പ്രയാഗ അവതരിപ്പിക്കുന്ന ഹെലന്‍. കാര്യമായ സ്‌ക്രീന്‍ പ്രസന്‍സില്ലെങ്കിലും കഥാഗതിയില്‍ നിര്‍ണായകമാണ് പ്രയാഗയുടെ വേഷം. നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിലെത്തുന്ന തമിഴ്‌നടി രാധിക ആണ് രാമനുണ്ണിയുടെ അമ്മ സഖാവ് രാഗിണിയെ അവതരിപ്പിക്കുന്നത്. ആദ്യത്തെ ബില്‍ഡ് അപ്പിനുശേഷം രാധികയുടെ കഥാപാത്രത്തെ വെറും അമ്മയാക്കിക്കളഞ്ഞു. മുകേഷ്, രണ്‍ജി പണിക്കര്‍, സാദിഖ്, അശോകന്‍, നിര്‍മാതാവ് സുരേഷ്‌കുമാര്‍, ലെന, സുരേഷ്‌കൃഷ്ണ തുടങ്ങി ഒരു വമ്പന്‍ താരനിരയുണ്ട് സിനിമയില്‍.
പുലിമുരുകന്റെ ക്യാമറമാനായ ഷാജി കുമാറാണ് ദൃശ്യങ്ങളൊരുക്കിയത്. ഗോവന്‍ റിസോര്‍ട്ടിന്റെയടക്കമുള്ള ആകാശദൃശ്യങ്ങളുടെ സമ്പന്നത ഖദര്‍ സമ്മേളനത്തിനിടയ്ക്ക് രാമലീലയ്ക്കു ദൃശ്യചാരുത നല്‍കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ കുറവായിട്ടും കാമറയുടെ ചടുലത ആ കുറവ് അറിയിക്കുന്നില്ല. ഗോപീസുന്ദറാണ് സംഗീതം. പതിവുപോലുളളള പാട്ടുകളാണെങ്കിലും പശ്ചാത്തലസംഗീതം ശ്രദ്ധേയം.

ram leela malayalam movie review

ഓണത്തിനിറങ്ങിയ സൂപ്പര്‍ പടപ്പുകളില്‍ പലതും മനുഷ്യന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതായിരുന്നു. അതുവച്ചുനോക്കിയാല്‍ ഭേദപ്പെട്ട സിനിമയാണ് രാമലീല. പുതിയ കാലത്തിന്റെ അവതരണമില്ലെങ്കിലും പുതിയ കാലത്തിന്റെ കാര്യങ്ങളുണ്ട്, രാഷ്ട്രീയവും. ഒരുതവണ കണ്ടുനോക്കാനുള്ള വകുപ്പുമുണ്ട്.

വാല്‍ക്കക്ഷണം. ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെയൊഴികെ നിര്‍മാണചെലവേറിയ സെറ്റോ, മറ്റു പശ്ചാത്തലആഡംബരങ്ങളോ രാമലീലയില്‍ ഇല്ല. ചില്ലകള്‍ തല്ലിപ്പൊട്ടിച്ച സംഘട്ടനങ്ങളോ, വിദേശരാജ്യങ്ങളിലെ യുഗ്മഗാനങ്ങളോ ഇല്ല (ഇതെല്ലാം രാമലീലയുടെ പ്ലസ് പോയിന്റാണ്. ഒരു ഡീസന്റ് ത്രില്ലറായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നതും അതാണ്.) എന്നിട്ടും വലിയ ബജറ്റാണ് സിനിമയ്ക്ക് എന്നാണു പറയപ്പെടുന്നത്. ഒന്നുകില്‍ അതൊരു കെട്ടുകഥയാണ്. അല്ലെങ്കില്‍ പച്ചയ്ക്കുള്ള ധൂര്‍ത്താണ്. അതിനെപ്പറ്റി അണിയറക്കാര്‍ തന്നെ പറയട്ടെ.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW