Wednesday, December 06, 2017 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 28 Sep 2017 01.53 PM

നവരാത്രി മധുരം

uploads/news/2017/09/150653/madmckrynarathri17.jpg

നവരാത്രി പൂജയ്ക്ക് മധുരപലഹാരങ്ങള്‍ നിര്‍ബന്ധമാണ്. എളുപ്പത്തിലും രുചികരമായും തയാറാക്കാവുന്ന ചില മധുരപലഹാരങ്ങളാണ് ഇത്തവണ...

രസ്മലായ്


ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ - 2 ലിറ്റര്‍
പഞ്ചസാര - 1 1/2 കപ്പ്
ഏലയ്ക്കാപ്പൊടി - 1 ടീസ്പൂണ്‍
നാരങ്ങാനീര് അല്ലെങ്കില്‍ വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍
വെള്ളം - 4 കപ്പ്
ബദാം ചെറുതായരിഞ്ഞത് - അലങ്കരിക്കാന്‍
പിസ്ത ചെറുതായരിഞ്ഞത് - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം


1. പനീര്‍ തയാറാക്കാന്‍ :-
പകുതി പാല്‍ തിളപ്പിക്കുക. പാല് തിളച്ചുവരുമ്പോള്‍ നാരങ്ങാനീര് അല്ലെങ്കില്‍ വിനാഗിരി കുറേശ്ശെ തിളയ്ക്കുന്ന പാലിലേക്ക് ചേര്‍ത്തിളക്കുക. പാല് പിരിയുമ്പോള്‍ ഇതൊരു തുണിയിലേക്ക് അരിച്ചൊഴിക്കുക. വെള്ളം മുഴുവന്‍ വാര്‍ന്നുപോയശേഷം പനീര്‍ മാറ്റി വയ്ക്കാം.
ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ഒരു കപ്പ് പഞ്ചസാരയും കുറച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. തയാറാക്കി വച്ചിരിക്കുന്ന പനീര്‍ കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക. പനീര്‍ നെല്ലിക്കാവലിപ്പത്തില്‍ ഉരുട്ടിയെടുത്ത ശേഷം ചെറിയ ഇഡ്ഡലിയുടെ വലിപ്പത്തില്‍ പരത്തിവയ്ക്കുക. പനീര്‍ മുഴുവന്‍ തീരുന്നതുവരെ ഇങ്ങനെ പരത്തിയെടുത്ത് വെള്ളം തിളപ്പിച്ച് അതിലിട്ട് അടച്ച് വേവിച്ചെടുക്കുക.

2. പാല്‍ സിറപ്പ് തയാറാക്കാന്‍ :-
ബാക്കി വന്ന പാല്‍ തിളപ്പിച്ച് കുറുക്കി പകുതിയാക്കിയെടുത്ത് അരക്കപ്പ് പഞ്ചസാരയും കുറച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കുക. പഞ്ചസാര അലിഞ്ഞശേഷം അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കാം. തയാറാക്കി വച്ച പനീര്‍ ഓരോന്നും കൈയിലെടുത്ത് അമര്‍ത്തി വെള്ളം കളഞ്ഞശേഷം പാല്‍ സിറപ്പ് മുകളില്‍ ഒഴിക്കുക. ഇതിനുമുകളില്‍ ബദാമും പിസ്തയും അരിഞ്ഞത് വിതറി വിളമ്പാം.

മഞ്ഞ ജിലേബി


ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 100 ഗ്രാം
കോണ്‍ഫ്ളോര്‍ - 30 ഗ്രാം
മഞ്ഞകളര്‍ - കുറച്ച്
ചൂടാക്കിയ എണ്ണ - 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - 1 കപ്പ്
തൈര് - 1 കപ്പ്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ ഒരു കപ്പ് തൈരും കോണ്‍ഫ്ളോറും മഞ്ഞ കളറും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചൂടായ എണ്ണ കൂടിചേര്‍ത്ത് നന്നായി അടിച്ച് യോജിപ്പിക്കുക. തയാറാക്കിയ ഈ കൂട്ട് ഒരു ദിവസം മൂടി സൂക്ഷിക്കുക. 24 മണിക്കൂറിനുശേഷം ഈ മാവ് കൈ കൊണ്ട്് വീണ്ടും നന്നായി ഇളക്കിയെടുക്കുക. ശേഷം ഇതൊരു സിപ്ലോക്ക് കവറിലേക്കൊഴിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക.

സിപ് ലോക്ക് കവറിന്റെ അടിവശം ചെറുതായി മുറിച്ച് സിപ് ലോക്ക് കവറില്‍ നിന്നും ജിലേബിയുടെ രൂപത്തില്‍ മാവ് എണ്ണയിലേക്ക് ചുറ്റിച്ചൊഴിക്കുക. തീ കുറച്ച് വച്ച് വറുത്തെടുക്കുക. പഞ്ചസാരയില്‍ കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പഞ്ചസാര പാനി തയാറാക്കുക. (നൂല്‍ പരുവത്തിലാകുന്നതാണ് പാകം). വറുത്ത് കോരിയ ജിലേബി അല്‍പ്പസമയം പഞ്ചസാര പാനിയിലേക്കിട്ട് മധുരം പിടിച്ചുകഴിയുമ്പോള്‍ എടുത്തുമാറ്റി വിളമ്പാവുന്നതാണ്.

uploads/news/2017/09/150653/madmckrynarathri171.jpg

മത്തങ്ങ പായസം


ആവശ്യമുള്ള സാധനങ്ങള്‍
നെയ്യ് - 5 ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ് - 15 എണ്ണം
മത്തങ്ങ തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്തത് - 500 ഗ്രാം
പഞ്ചസാര - 1/4 കിലോ
കുങ്കുമപ്പൂവ് - 2 നുള്ള്
ഏലയ്ക്കാപ്പൊടി - 1 ടീസ്പൂണ്‍
റോസ് വാട്ടര്‍ - 3 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു ഫ്രയിംഗ് പാനില്‍ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് വറുത്തുകോരി മാറ്റിവയ്ക്കുക. അതേ എണ്ണയിലേക്കുതന്നെ ഗ്രേറ്റ് ചെയ്തുവച്ചിരിക്കുന്ന മത്തങ്ങ ചേര്‍ത്ത് മത്തങ്ങ വാടുന്നതുവരെ ഇളക്കി ചൂടാക്കിയെടുത്ത് മാറ്റിവയ്ക്കുക. ശേഷം പാനിലേക്ക് പാലും കുങ്കുമപ്പൂവും ചേര്‍ത്ത് തീകുറച്ചുവച്ച് ഇളക്കി തിളപ്പിക്കുക.

തിളച്ചശേഷം പഞ്ചസാരയും ഗ്രേറ്റ് ചെയ്ത മത്തങ്ങയും അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി റോസ് വാട്ടറും ചേര്‍ത്ത് കുറുകുന്നതുവരെ തിളപ്പിച്ച് കുറുകുമ്പോള്‍ അടുപ്പില്‍നിന്ന് ഇറക്കി വയ്ക്കാം. അണ്ടിപ്പരിപ്പ് വറുത്തത് മുകളില്‍ വിതറി വിളമ്പാം.

Ads by Google
TRENDING NOW