Monday, October 02, 2017 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 28 Sep 2017 01.37 AM

സുല്‍ത്താന്റെ സമ്മാനം

uploads/news/2017/09/150477/editorial.jpg

കേരളവും അറബിനാടുകളും തമ്മിലുള്ള ബന്ധത്തിനു നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്‌. പുരാതന വ്യാപാരബന്ധത്തിനു ശേഷം അറബി നാടുകളിലേക്ക്‌ കേരളത്തില്‍ നിന്ന്‌ ലക്ഷക്കണക്കിനു പേര്‍ തൊഴില്‍ തേടിപ്പോയി. അവര്‍ക്ക്‌ അവിടം പുതുജീവിതം സമ്മാനിച്ചു. അനേകം കേരളീയരുടെ ജീവിതം മാറ്റിമറിച്ച ആ നാടിന്റെ പ്രതിനിധിയായ ഷാര്‍ജാ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിക്ക്‌ കേരളം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉജ്വല വരവേല്‍പ്‌ നല്‍കി. യു.എ.ഇക്ക്‌ കേരളത്തോടും തിരിച്ചുമുള്ള വൈകാരിക ബന്ധം വിളിച്ചോതുന്ന സന്ദര്‍ശനമായിരുന്നു അദ്ദേഹത്തിന്റേത്‌.

കേരളത്തെ സംബന്ധിച്ചു മാത്രമല്ല, ഇന്ത്യയെ മൊത്തത്തില്‍ തന്നെ സന്തോഷിപ്പിക്കുന്ന ഒരു പ്രഖ്യാപനം നടത്തിയാണ്‌ സുല്‍ത്താന്റെ മടക്കം. ഗുരുതര ക്രിമിനല്‍ കുറ്റങ്ങളൊഴികെയുള്ള കേസുകളില്‍ പെട്ട്‌ മൂന്നുവര്‍ഷത്തിലധികമായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ വിട്ടയയ്‌ക്കുമെന്ന്‌ സുല്‍ത്താന്‍ പ്രഖ്യാപിച്ചത്‌ അനേകം വീടുകളിലാണ്‌ സന്തോഷം വിരിയിച്ചത്‌. മാത്രമല്ല, സാധാരണഗതിയില്‍ ഇങ്ങനെ പൊതുമാപ്പ്‌ നല്‍കുന്നവരെ നാട്ടിലേക്ക്‌ തിരിച്ചയയ്‌ക്കുന്നതിനു പകരം അവര്‍ക്ക്‌ ഷാര്‍ജയില്‍ തന്നെ പുതിയ ജോലികണ്ടെത്തി അവിടെ തുടരാന്‍ അവസരമൊരുക്കുമെന്നും സുല്‍ത്താന്‍ പറഞ്ഞു. ഇങ്ങനെ ജയിലില്‍ കഴിയുന്ന മലയാളികളെ വിട്ടയയ്‌ക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചതനുസരിച്ചാണ്‌ അദ്ദേഹം ഈ തീരുമാനമെടുത്തത്‌.

ഇതുകൂടാതെ ഏതാനും പദ്ധതികളും കൂടി സുല്‍ത്താന്‍ മുന്നോട്ടു വച്ചിട്ടുണ്ട്‌. കേരളത്തില്‍ അറബി പഠനത്തിനും ഗവേഷണത്തിനുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം ഷാര്‍ജ സ്‌ഥാപിക്കും. ഷാര്‍ജയില്‍ ജോലിക്കു പോകുന്നവര്‍ക്ക്‌ കേരളത്തില്‍ തന്നെ ൈഡ്രവിങ്‌ ലൈസന്‍സ്‌ കിട്ടാന്‍ നടപടിയുണ്ടാകണമെന്ന്‌ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്‌ സുല്‍ത്താന്‍ തത്വത്തില്‍ അംഗീകരിച്ചു. ഇതിനുവേണ്ട ടെസ്‌റ്റ്‌ ഷാര്‍ജ ഇന്ത്യയില്‍ നടത്തും. കേരളവും ഷാര്‍ജയും ചേര്‍ന്നു പ്രഖ്യാപിച്ച പദ്ധതികളുടെ മേല്‍നോട്ടത്തിന്‌ സംയുക്‌ത സമിതിയും രൂപീകരിക്കും. വിദേശത്ത്‌ ജോലി തേടുന്ന കേരളീയര്‍ക്ക്‌ നൈപുണ്യ വികസനത്തിന്‌ കേന്ദ്രങ്ങള്‍ സ്‌ഥാപിക്കണമെന്ന്‌ സുല്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്‌.

ഷാര്‍ജയില്‍ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അവതരിപ്പിക്കുന്ന കേന്ദ്രം, മലയാളികള്‍ക്ക്‌ താങ്ങാവുന്ന ചെലവില്‍ താമസത്തിനു സൗകര്യം, എഞ്ചിനിയറിങ്‌, മെഡിക്കല്‍ കോളജുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സുല്‍ത്താന്റെ പരിഗണനയിലാണ്‌. കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ വച്ച നിര്‍ദേശങ്ങളാണിത്‌. ഇതു കൂടാതെ അഞ്ചു പദ്ധതികള്‍ കൂടി സുല്‍ത്താനു സമര്‍പ്പിച്ചിട്ടുണ്ട്‌. ഐ ടി മേഖലയിലെ സഹകരണം, ആയുര്‍വേദ-മെഡിക്കല്‍ ടൂറിസം മേഖലകളിലെ നിക്ഷേപം, കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം രാജ്യാന്തര നിലവാരത്തില്‍ ആശുപത്രി, പശ്‌ചാത്തല വികസന മേഖലയിലെ നിക്ഷേപം, ഹരിതകേരളം-ലൈഫ്‌ മിഷനുകളുമായുള്ള സഹകരണം എന്നിവയാണ്‌ പുതിയ നിര്‍ദേശങ്ങള്‍. ഇവയോടും അദ്ദേഹം അനുഭാവപൂര്‍ണമായ പരിഗണന നല്‍കുമെന്നാണ്‌ കരുതുന്നത്‌.

ഷാര്‍ജയുടെ സഹകരണമുള്ള പദ്ധതികള്‍ വേണ്ടവിധത്തില്‍ പുരോഗമിക്കുന്നുണ്ടോ എന്നറിയാന്‍ താന്‍ അടുത്തവര്‍ഷവും കേരളത്തില്‍ വരുമെന്ന്‌ സുല്‍ത്താന്‍ അല്‍ ഖാസിമി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിന്റെ അര്‍ഥം അദ്ദേഹം നടത്തിയപ്രഖ്യാപനങ്ങള്‍ ഗൗരവത്തോടെയുള്ളതാണെന്നാണ്‌. ഈ അവസരം മുതലാക്കാന്‍ കേരളം പരമാവധി ശ്രമിക്കണം. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുടെ സന്ദര്‍ശനം കേരളത്തിനനുകൂലമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ശ്ലാഘനീയമാണ്‌. ഈ താത്‌പര്യം തുടരുകതന്നെ വേണം.

Ads by Google
Advertisement
Thursday 28 Sep 2017 01.37 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW