Saturday, July 07, 2018 Last Updated 50 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 28 Sep 2017 01.36 AM

നരിച്ചീറുകള്‍ പറക്കുന്ന അക്കാഡമി അകത്തളങ്ങള്‍

uploads/news/2017/09/150476/bft1.jpg

സെപ്‌റ്റംബര്‍ 26 എന്ന തീയതി മലയാളി മറക്കരുതാത്തതാണ്‌. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുമ്പോള്‍, അക്കൗണ്ടന്റ്‌ ജനറല്‍ ഓഫീസിന്റെ മതിലിനുള്ളില്‍ ഒരു ചെറിയ പ്രതിമ കണ്ടിരുന്നു. അതില്‍ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള എന്ന ചെറിയ അക്ഷരത്തിലെ എഴുത്തും കൗടില്യമോഹങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ എന്ന വരികളും. 1910 സെപ്‌റ്റംബര്‍ 26-നാണ്‌ തിരുവിതാംകൂര്‍ ദിവാന്‍ പി. രാജഗോപാലാചാരിയുടെ അപ്രീതിക്കു പാത്രമായി ആരുവാമൊഴിക്കപ്പുറത്തേക്കു സ്വദേശാഭിമാനിയെ നാടുകടത്തിയത്‌.
ഹൈസ്‌കൂള്‍ ക്ലാസില്‍ ബി. കല്യാണിയമ്മയുടെ (സ്വദേശാഭിമാനിയുടെ ഭാര്യ) വ്യാഴവട്ടസ്‌മരണകളിലെ ഒരുഭാഗം പഠിച്ച ഓര്‍മയില്‍ ആ പേര്‌ അത്ര അന്യമായിരുന്നില്ല. വലിയ പ്രതിമകള്‍ ഏറെയുള്ള നഗരത്തില്‍ എന്തിനീ വലിയ പത്രാധിപരെ 'വല്യകണക്കപ്പിള്ള'യുടെ മതിലിനുള്ളില്‍ ഏറെക്കാലം സൂക്ഷിച്ചെന്നത്‌ ഇന്നും പിടികിട്ടുന്നില്ല. എം.ജി. റോഡിനു വീതികൂട്ടിയപ്പോള്‍ തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതുകൊണ്ടു മാത്രം സ്വദേശാഭിമാനിക്കു പാളയത്ത്‌ ഇത്തിരി ഇടം കിട്ടി.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി പോരാടിയ ധീരനായ ആ പത്രാധിപരെ ഓര്‍ക്കുമ്പോള്‍ ഗൗരി ലങ്കേഷിനെയും ഓര്‍ത്തുപോകുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായ ഫാസിസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇര. ഇത്തരം സാംസ്‌കാരിക ഫാസിസത്തിനെതിരേ ജനകീയപ്രതിരോധത്തിനു നേതൃത്വം നല്‍കേണ്ട ഒട്ടേറെ അക്കാഡമികളും സ്‌ഥാപനങ്ങളും നമുക്കുണ്ട്‌; നിര്‍ഭാഗ്യവശാല്‍ അതു നടക്കുന്നില്ലെങ്കിലും. കേരള സാഹിത്യ അക്കാഡമി, ലളിതകലാ അക്കാഡമി, സംഗീത നാടക അക്കാഡമി, ഫോക്‌ലോര്‍ അക്കാഡമി, ചലച്ചിത്ര അക്കാഡമി, കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌, സംസ്‌ഥാന ബാലവിജ്‌ഞാന ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പിന്നെ നമ്മുടെ മലയാള സര്‍വകലാശാല തുടങ്ങി ചെറുതും വലുതുമായ സാംസ്‌കാരികസ്‌ഥാപനങ്ങള്‍. ലക്ഷ്യങ്ങള്‍ പലതാണെങ്കിലും ഇവയെല്ലാം പൊതുവായി സാംസ്‌കാരികമേഖലയാണു കൈകാര്യം ചെയ്യുന്നത്‌.
കേരള ഫോക്‌ലോര്‍ അക്കാഡമിയുടെ നിര്‍വാഹക സമിതി അംഗമായിരിക്കേ മനസിലാക്കിയ ചില കാര്യങ്ങളുണ്ട്‌. ഫോക്‌ലോര്‍ അക്കാഡമി പ്രസിദ്ധീകരിക്കുന്ന അതേ വിഷയങ്ങളില്‍ ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടും സാഹിത്യ അക്കാഡമിയും പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഇപ്പോള്‍ മലയാള സര്‍വകലാശാലയും ആ പാതയിലാണ്‌. വിവിധ അക്കാഡമികള്‍ തമ്മില്‍ ഏകോപനമില്ലാത്തതും ഏറ്റെടുക്കേണ്ട മേഖലകള്‍ സംബന്ധിച്ച്‌ ആശവിനിമയമില്ലാത്തതുമാണ്‌ ഇതിനു കാരണം. വിവിധ അക്കാഡമികളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക്‌ എത്തുന്നില്ലെന്നതു മറ്റൊരു പ്രശ്‌നം.
ഡോ.കെ.എന്‍. പണിക്കര്‍ സൂചിപ്പിച്ചതുപോലെ കലയും സാഹിത്യവും മാത്രമല്ല സാംസ്‌കാരിക പ്രവര്‍ത്തനമെന്ന്‌ അക്കാഡമികള്‍ തിരിച്ചറിയുന്നില്ല. സമൂഹത്തില്‍ പ്രതിലോമ ആശയങ്ങളും ആചാരങ്ങളും കടന്നുകയറുന്നതു തടയാന്‍ ഈ സാംസ്‌കാരികസ്‌ഥാപനങ്ങള്‍ക്കു കഴിയുന്നുണ്ടോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
1973-ല്‍ എം.ടിയുടെ നിര്‍മാല്യമെന്ന ചലച്ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചവരാണു മലയാളികള്‍. അതായിരുന്നു അക്കാലത്തെ മലയാളിയുടെ മനസും ജനുസും. എന്നാല്‍, ഇന്നായിരുന്നു ആ ചലച്ചിത്രം പുറത്തിറങ്ങുന്നതെങ്കില്‍ ഉണ്ടാകാവുന്ന പ്രതികരണത്തിന്റെ അപായസൂചനകള്‍ നമ്മെ ആകുലപ്പെടുത്തുന്നു. കെ. ദാമോദരന്റെ പാട്ടബാക്കി നാടകത്തില്‍ അഭിനയിച്ചതിനു കഴകം നഷ്‌ടപ്പെട്ട ശിവരാമപ്പൊതുവാള്‍മാര്‍ ജീവിച്ചിരുന്നത്‌ ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലാണ്‌. എന്നാല്‍, 2017-ല്‍ എത്തിനില്‍ക്കുമ്പോഴും മലയാളിയുടെ മനോനിലയ്‌ക്കു പുരോഗമനപരമായ മാറ്റമുണ്ടായിട്ടില്ല. അമ്മയുടെ ജിമിക്കിക്കമ്മല്‍ അപ്പന്‍ കട്ടോണ്ടുപോയതിനൊപ്പിച്ച്‌ ചാടിത്തുള്ളുന്നതിന്റെ പത്തിലൊന്നു പ്രതിരോധം പോലും ഗൗരി ലങ്കേഷിന്റെ കാര്യത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്നില്ല.
ഫെയ്‌സ്‌ബുക്കും വാട്‌സ്‌ആപ്പുമൊക്കെ നമ്മെ നമ്മില്‍തന്നെ തളച്ചിടുന്നതിനു മുമ്പ്‌ നാട്ടിന്‍പുറത്തെ ക്ലബ്ബുകളും ഗ്രന്ഥശാലകളും സാമൂഹികപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്‌തിരുന്ന സാംസ്‌കാരിക വസന്തകാലം നമുക്കുണ്ടായിരുന്നു. ലോകത്തിന്റെ ഓരോ ചലനവും ആ ചെറുവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. ആ കൂട്ടായ്‌മകളില്‍നിന്ന്‌ ഊര്‍ജമുള്‍ക്കൊണ്ടാണ്‌ പാലക്കാട്ടെ പഴയ കൊട്ടാരത്തിന്റെ ചിത്രത്തൂണുകളില്‍ ഉളിപായിക്കാന്‍ വന്നവര്‍ക്കെതിരേ അന്നത്തെ തലമുറ വിഫലമെങ്കിലും പ്രതിരോധം തീര്‍ത്തത്‌. തൊണ്ണൂറുകളില്‍ ഞാന്‍ പാലക്കാട്‌ നെന്മാറ കോളജില്‍ അധ്യാപകനായിരിക്കേയാണ്‌ കൊല്ലങ്കോട്‌ കൊട്ടാരം പൊളിച്ചുവില്‍ക്കാനുള്ള തീരുമാനം വിവാദമായത്‌. പുരാവസ്‌തുപ്രാധാന്യമില്ലെന്നു വിധിയെഴുതി, കൊട്ടാരം പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ കോളജ്‌ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അതിനെതിരേ രംഗത്തിറങ്ങി. എന്നാല്‍, സംസ്‌ഥാന പുരാവസ്‌തുവകുപ്പിന്റെ തീട്ടൂരത്തിന്റെ പിന്‍ബലത്തില്‍ അധികാരധാര്‍ഷ്‌ട്യം ആ കൊട്ടാരം പൊളിച്ചടുക്കി. അങ്ങനെ നഷ്‌ടപ്പെടുത്തിയ സങ്കേതങ്ങള്‍ നമുക്കേറെയുണ്ട്‌.
കേരളോത്സവത്തിന്റെ ദിനങ്ങളാണിപ്പോള്‍. യുവാക്കളുടെ സര്‍ഗശേഷി പ്രോത്സാഹിപ്പിക്കാന്‍ യുവജനക്ഷേമ ബോര്‍ഡും ത്രിതലപഞ്ചായത്തുകളും നടത്തുന്ന ഈ ഗ്രാമീണകലോത്സവങ്ങള്‍ മറ്റൊരു സാംസ്‌കാരികപ്രവര്‍ത്തനമാണ്‌. എന്നാല്‍, അവ കേവലം ഘോഷയാത്രകളും ചടങ്ങുകളുമായി ഒതുങ്ങിപ്പോകുന്നു. സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിലും കായികമേളകളിലും നേട്ടം കൈവരിക്കുന്നവര്‍ക്കു ഗ്രേസ്‌ മാര്‍ക്കും പി.എസ്‌.സി. വെയിറ്റേജ്‌ മാര്‍ക്കും നല്‍കുമ്പോള്‍ എന്തുകൊണ്ട്‌ ആ പ്രോത്സാഹനം കേരളോത്സവത്തില്‍ മികവു കാട്ടുന്നവര്‍ക്കു നല്‍കുന്നില്ല? ആണ്ടോടാണ്ടു കൊണ്ടാടുന്നതല്ലാതെ, കേരളോത്സവ വിജയികള്‍ക്കു തുടര്‍പ്രോത്സാഹനം നല്‍കാന്‍ സംവിധാനങ്ങളില്ല. ഇവര്‍ക്കു തുടര്‍പരിശീലത്തിനായി ഗ്രാമ-ബ്ലോക്ക്‌ തലങ്ങളില്‍ സാംസ്‌കാരികകേന്ദ്രങ്ങള്‍ സ്‌ഥാപിക്കണം. നാട്ടിന്‍പുറങ്ങളിലെ ഗ്രന്ഥശാലകളെയും ക്ലബ്ബുകളെയും ശക്‌തിപ്പെടുത്തിയാല്‍ യുവത്വത്തിന്റെ സര്‍ഗാത്മകതയെ വസന്തകാലങ്ങളിലേക്കു മടക്കിക്കൊണ്ടുവരാം. ഇത്തരം ഇടപെടുലകള്‍ക്കു മുന്‍കൈയെടുക്കേണ്ട സാംസ്‌കാരികവകുപ്പും വിവിധ അക്കാഡമികളും നിഷ്‌ക്രിയമാണെന്നു പറയാതെവയ്യ.
മലയാളികളില്‍ ഒരുശതമാനം പോലും നമ്മുടെ സാംസ്‌കാരികസ്‌ഥാപനങ്ങള്‍ നേരിട്ടു കണ്ടിരിക്കാനിടയില്ല. കാലാകാലങ്ങളില്‍ രാഷ്‌ട്രീയബന്ധുക്കളെ കുടിയിരുത്തുന്ന അക്കാഡമികളില്‍ ഫലപ്രദമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ഭരണം മാറുന്നതോടെ അക്കാഡമി സാരഥികളും മാറും. അക്കാഡമികളെ രാഷ്‌ട്രീയലാവണങ്ങളാക്കാതെ, ലക്ഷ്യബോധത്തോടെ മുന്നോട്ടുനയിക്കുകയും പരസ്‌പര ഏകോപനം സാധ്യമാക്കുകയുമാണു പരിഹാരം. പുസ്‌തകപ്രകാശനങ്ങള്‍ മാത്രമല്ല സാംസ്‌കാരികപ്രവര്‍ത്തനമെന്ന തിരിച്ചറിവ്‌ അക്കാഡമി അധികാരികള്‍ക്കുണ്ടാകണം.
സാംസ്‌കാരികസ്‌ഥാപനങ്ങളെ സര്‍ക്കാര്‍ ഓഫീസുകളുടെ സ്‌ഥിരംശൈലിയില്‍നിന്നു മോചിപ്പിക്കണം. നരിച്ചീറുകളുടെ മണം വമിക്കുന്ന വാതായനങ്ങള്‍ സമൂഹത്തിലേക്കു തുറന്നുവയ്‌ക്കണം. അച്‌ഛന്‍ മരിച്ചെന്ന ഫെയ്‌സ്‌ബുക്‌ പോസ്‌റ്റിനു ലൈക്കടിക്കുന്ന സാംസ്‌കാരികാഭാസത്തില്‍നിന്ന്‌ നമ്മുടെ യുവത്വത്തെ രക്ഷിക്കാന്‍ അക്കാഡമികള്‍ ആള്‍ക്കൂട്ടത്തിലേക്ക്‌ ഇറങ്ങിവരണം.
വിദ്യാഭ്യാസവും കലയും സംസ്‌കാരവും പരസ്‌പരപൂരകങ്ങളാണെന്നിരിക്കേ എന്തിനാണ്‌ ഇവയെ വെവ്വേറേ വകുപ്പുകളാക്കുന്നത്‌? ശ്രേഷ്‌ഠഭാഷാപദവിക്കു ലഭിച്ച 100 കോടി രൂപകൊണ്ട്‌ എന്തു ക്രിയാത്മകപദ്ധതിയാണ്‌ നമ്മുടെ ഭരണകൂടങ്ങള്‍ മലയാളത്തിനു സമ്മാനിച്ചത്‌?

Ads by Google
Thursday 28 Sep 2017 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW