Saturday, June 30, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Sep 2017 02.54 PM

നവരാത്രി പൂജ സര്‍വ്വൈശ്വര്യത്തിന്

''ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ദുര്‍ണ്മാഷ്ടമിക്ക് പുസ്തകംവച്ച് പൂജയാരംഭിക്കാം. മൂന്നുദിവസത്തെ പൂജയോടൊപ്പം പുസ്തക പൂജയും കൂടി നടന്നുകിട്ടും. ഒരു കാര്യം ഓര്‍ക്കുക. മഠയരായി കുട്ടികള്‍ ജനിക്കുന്നില്ല. സാഹചര്യങ്ങളും വീടും സമൂഹവും അവരെ മിടുക്കരാക്കുകയും മഠയരാക്കുകയും ചെയ്യുന്നുവെന്ന് മാത്രം.''
uploads/news/2017/09/150329/joythi270917a.jpg

ദേവീകടാക്ഷത്തിനും വിദ്യാമേന്മയ്ക്കും ഉത്തമമായ ദിനങ്ങളാണ് കന്നിമാസത്തിലെ നവരാത്രി ദിനങ്ങള്‍. അമാവാസി കഴിഞ്ഞ് പ്രഥമ മുതല്‍ ദശമിവരെയുള്ള ദിനങ്ങളാണ് നവരാത്രി ദിനങ്ങളായി, ആഘോഷിക്കുന്നത്. ഈ ദിനങ്ങളില്‍ ദേവിയെ പൂജയാല്‍ പ്രസന്നയാക്കിയാല്‍ സമ്പത്തും ഐശ്വര്യവും മേല്‍ക്കുമേല്‍ വര്‍ദ്ധിക്കും.

ദേവി പ്രീതിക്കുവേണ്ടി നവരാത്രി വ്രതം അനുഷ്ഠിക്കുന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സാധാരണ ഒരു വ്രതത്തിന്റെ ചിട്ടയാണ് ഇതിനും ഉള്ളത്. സമ്പത്തും ഭാഗ്യവും ആയുരാരോഗ്യവും വിദ്യാമേന്മയും വ്രതത്തോടെയുള്ള പൂജകൊണ്ടുണ്ടാകുന്നു.

സെപ്റ്റംബര്‍ 21 മുതലാണ് ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കം. എല്ലാവരും പ്രത്യേകിച്ച് പഠിക്കുന്ന കുട്ടികളുള്ളവര്‍ നവരാത്രിയാഘോഷിക്കാന്‍ തയ്യാറാവുക.

വ്രതചര്യ


മത്സ്യമാംസാദികളുപേക്ഷിക്കണം. ഒന്‍പതു ദിവസവും ഉച്ചയ്ക്ക് മാത്രം അരിയാഹാരം മതി. രാവിലെയും വൈകിട്ടും എന്തെങ്കിലും ലഘുഭക്ഷണം. ഒന്നും കഴിക്കാതെ വ്രതമെടുത്താല്‍ ക്ഷീണം കൊണ്ട് ഒന്നും നടക്കാതെ വരും. പൂജയും മുടങ്ങും.

ശുദ്ധമായ സ്ഥലത്തോ, പൂജാമുറിയിലോ പീഠം വച്ച് പട്ട് വിരിക്കുക. ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി സ്വരൂപിണിയായ ദേവിയുടെ ചിത്രമോ, പ്രതിമയോ വയ്ക്കുക. പൂമാലകളാല്‍ അലങ്കരിക്കുക.

അതിന്റെ മുമ്പില്‍ അഞ്ച് തിരിയിട്ട് നെയ്യോഴിച്ച് നിലവിളക്ക് കത്തിച്ചുവയ്ക്കുക. ഒരു കിണ്ടിയില്‍ ജലമെടുത്ത് തുളസിയിലയും ചന്ദനവും ഇട്ട് തീര്‍ത്ഥം ഉണ്ടാക്കുക. മന്ത്രം താഴെ കൊടുക്കുന്നു.

മന്ത്രം: ഓം ഗംഗേ ച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മ്മദേ സിന്ധു കാവേരി
ജലേ സ്മിന്‍ സന്നിധിം കുരുഃ

കിണ്ടി, കൈകൊണ്ടടച്ചുപിടിച്ച് മന്ത്രം ജപിച്ച് തീര്‍ത്ഥം ഉണ്ടാക്കുക. എന്നിട്ട് പൂജയാരംഭിക്കാം. പൂജയറിയുന്നവര്‍ നല്ലതുപോലെ ചെയ്യുക. അറിയാത്തവര്‍ ''ഓം ഹ്രീം ദും ദുര്‍ഗ്ഗായ നമഃ''
എന്ന മൂലമന്ത്രം ചൊല്ലി ജലം വിളക്കിന്റെ മുമ്പില്‍ കുടയുക. മൂന്നുപ്രാവശ്യം പൂവിടുക. ശേഷം തിരി, കര്‍പ്പൂരം എന്നിവ കത്തിച്ച് ഉഴിയുക. പ്രസാദംവച്ച് പ്രാര്‍ത്ഥിക്കുക.

പ്രസാദം മാറ്റിയശേഷം ലളിതസഹസ്രനാമം ജപിക്കുക. ദേവി സരസ്വതീ ഭുജംഗം ഏഴുപ്രാവശ്യം ജപിച്ച് പൂക്കളര്‍പ്പിച്ച് പൂജയവസാനിപ്പിക്കുക. ദിവസം രണ്ടുനേരവും ഇതേ രീതിയില്‍ പൂജിക്കുക. 18 പൂജ സമര്‍പ്പിക്കാം.

ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എത്ര മഠയരായ കുട്ടികളെയും വിദ്യയില്‍ മുന്‍നിരയിലെത്തിക്കാം. വിദ്യാമേന്മവരുമെന്നു മാത്രമല്ല കടം കൊണ്ട് വലയുന്നവര്‍ക്കാശ്വാസം കിട്ടും. ശത്രുദോഷം തീരും. ധനപരമായ നേട്ടം ഉണ്ടാകും. പൂജയോടൊപ്പം സ്വയംവരമന്ത്രം ജപിച്ച് തെറ്റിപ്പൂവര്‍ച്ചനകൂടി നടത്തിയാല്‍ ഏതുതരം ദോഷമാണെങ്കിലും മാറി വിവാഹം നടക്കും.

ഉത്തമ ദാമ്പത്യസൗഖ്യവും ഉണ്ടാകും. തന്നെത്താന്‍ പൂജ ചെയ്യാന്‍ പറ്റാത്തവര്‍ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കുക. സകല സൗഭാഗ്യവും കൈവരുന്ന ഒരു കര്‍മ്മമാണിത്. മക്കള്‍ പഠിക്കുന്നില്ല എന്ന് പരാതി പറയുന്നവര്‍ ഒന്നു പരീക്ഷിച്ചുനോക്കുക.

ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ദുര്‍ഗ്ഗാഷ്ടമിക്ക് പുസ്തകംവച്ച് പൂജയാരംഭിക്കാം. മൂന്നുദിവസത്തെ പൂജയോടൊപ്പം പുസ്തക പൂജയും കൂടി നടന്നുകിട്ടും. ഒരു കാര്യം ഓര്‍ക്കുക. മഠയരായി കുട്ടികള്‍ ജനിക്കുന്നില്ല. സാഹചര്യങ്ങളും വീടും സമൂഹവും അവരെ മിടുക്കരാക്കുകയും മഠയരാക്കുകയും ചെയ്യുന്നുവെന്ന് മാത്രം.

ലോക മാതാവായ അഖിലാണ്‌ഡേശ്വരിയുടെ ത്രിഭാവങ്ങളാണ് മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി. ത്രിമൂര്‍ത്തികള്‍ സ്വകര്‍മ്മത്തെ നിര്‍വ്വഹിക്കാനുള്ള ശക്തിക്കായി തപസ്സനുഷ്ഠിച്ച് ആദിപരാശക്തിയെ പ്രസാദിപ്പിച്ചു.

രജോഗുണയുക്തയായ മഹാസരസ്വതി ബ്രഹ്മാവിന്റെയും സത്വഗുണ രൂപിയായ മഹാലക്ഷ്മി വിഷ്ണുവിന്റേയും തമോഗുണയുക്തയായ മഹാകാളി മഹേശ്വരന്റേയും ശക്തികളായിത്തീര്‍ന്നു. ഈ ദേവിമാരെ പൂജിക്കുമ്പോള്‍ ബ്രഹ്മവിഷ്ണുമഹേശ്വരന്മാരുടെയും അനുഗ്രഹം ലഭിക്കും.

നവരാത്രി ദിനങ്ങളില്‍ ദേവീഭാഗവതം, ദേവീമാഹാത്മ്യം, സൗന്ദര്യലഹരി, ദേവീകീര്‍ത്തി പരാമായ നാമങ്ങള്‍ എന്നിവയെല്ലാം പാരായണം ചെയ്താല്‍ ഐശ്വര്യപ്രദമാണ്.പണ്ട് ദുര്‍ഗ്ഗന്‍ എന്നൊരസുരന്‍ വേദങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി. ഇതുമൂലം ജനങ്ങളെല്ലാം അറിവില്ലാത്തവരായിത്തീര്‍ന്നു.

കര്‍മ്മതടസ്സങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. ഭൂമിയില്‍ വിപത്തുകള്‍ കുന്നുകൂടി. ഈ വിഷമസ്ഥിതി കണ്ട മഹര്‍ഷിമാര്‍ ഹിമാലയത്തിലെത്തി, ആദിപരാശക്തിയെ തപസ്സു ചെയ്ത് സന്തുഷ്ടയാക്കി പ്രത്യക്ഷപ്പെടുത്തി. സന്തുഷ്ടയായ ദേവി, ദുര്‍ഗ്ഗമനെ വധിച്ച് വേദങ്ങള്‍ വീണ്ടെടുത്ത് പണ്ഡിതര്‍ക്കു നല്‍കി. ദുര്‍ഗ്ഗമനെ വധിച്ചതിനാല്‍ ദേവിക്ക് ദുര്‍ഗ്ഗയെന്ന പേരുണ്ടായി.

സങ്കടനാശിനിയായ ദുര്‍ഗ്ഗയെ പൂജിച്ചാല്‍ ശത്രുദോഷം തീരും. മദമത്സരാദികളും, കാമം, ക്രോധം, മോഹം, ലോഭം എന്നീ ഷഡ്‌വൈരങ്ങളും തീര്‍ന്നുകിട്ടും. ജ്ഞാനദായിനിയും, മുക്തിദായിനിയും, ശത്രുനാശിനിയുമായ ദുര്‍ഗ്ഗയെ പൂജിക്കുന്നത് നവരാത്രിക്കാലത്ത് സവിശേഷത നിറഞ്ഞതാണ്.

മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ ചൈതന്യങ്ങള്‍ ഒന്നാകുന്ന മൂര്‍ത്തിയാണ് ദുര്‍ഗ്ഗാ ഭഗവതി. അതിനാല്‍ നവരാത്രിക്കാലത്ത് ദുര്‍ഗ്ഗാപൂജയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.

ഒട്ടനവധി സങ്കല്പങ്ങള്‍ നവരാത്രിയെക്കുറിച്ചുണ്ട്. അതീവ പരാക്രമശാലിയായ മഹിഷാസുരനെ ഒരു സ്ത്രീ മാത്രമേ വധിക്കാവൂ എന്ന് ബ്രഹ്മാവിനെ തപസ്സു ചെയ്ത് വരം വാങ്ങി.

സ്ത്രീകള്‍ക്ക് ശക്തിമാനായ മഹിഷാസുരനെ കീഴ്‌പ്പെടുത്താന്‍ പറ്റില്ല എന്ന വിശ്വാസമായിരുന്നു. എല്ലാ ദേവന്മാരുടെയും ശക്തി ഒന്നിച്ചു ചേര്‍ത്ത് ആദിപരാശക്തിയവതരിച്ചു. മഹിഷാസുരനെ തോല്‍പ്പിച്ച് വിജയം തേടി ലോകത്തെ രക്ഷിച്ചു.

ദേവി, മഹിഷാസുരനെ നിഗ്രഹിച്ചത് വിജയദശമി ദിവസമായിരുന്നു. ആ പുണ്യദിനമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. അഹങ്കാരിയായ ദക്ഷനെ ഇല്ലാതാക്കാന്‍ കാളി അവതരിച്ചത് അഷ്ടമിനാളിലായിരുന്നു. ശ്രീരാമന്‍ പരാശക്തിയെ പൂജിച്ചു പ്രാര്‍ത്ഥിച്ചു.

ദേവി അഷ്ടമി ദിവസം പ്രത്യക്ഷപ്പെട്ട് വരം നല്‍കിയെന്നും രാമരാവണ യുദ്ധത്തില്‍ വിജയം നേടിയത് വിജയദശമി ദിനത്തിലാണെന്നും ഐതിഹ്യമുണ്ട്. നവരാത്രി പൂജയിലൂടെ ശക്തിയാര്‍ജിച്ചാണ് അര്‍ജ്ജുനന്‍ വിജയം വരിച്ചത്.

ഇങ്ങനെ നോക്കിയാല്‍ വിജയം വരിക്കാനും കഷ്ടങ്ങള്‍ നീങ്ങാനും നവരാത്രി ദിനങ്ങള്‍ എത്രമാത്രം യോഗ്യമാണെന്ന് മനസ്സിലാക്കാം.

എല്‍. ഗോമതി അമ്മ (റിട്ട. ടീച്ചര്‍)
ഫോണ്‍: 9446946945

Ads by Google
Wednesday 27 Sep 2017 02.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW