Friday, July 20, 2018 Last Updated 31 Min 27 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 27 Sep 2017 01.51 AM

കേരളം വിനോദസഞ്ചാരത്തിന്റെ പറുദീസ

uploads/news/2017/09/150147/bft1.jpg

ഇന്ന്‌ സെപ്‌റ്റംബര്‍ 27, ലോക വിനോദസഞ്ചാര ദിനം. വിനോദ സഞ്ചാര മേഖലയില്‍ കേരളത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്‌. കൈരളിയുടെ സൗന്ദര്യ ദൃശ്യചാരുത വര്‍ണിച്ചാലും വര്‍ണിച്ചാലും മതിവരാത്ത യവനസുന്ദരിക്കു സമമാണ്‌. ഇടവഴികളും നടവഴികളും പോലും കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തിന്റെ ഉണര്‍ത്തുപാട്ടാകുന്നു. കവി പാടിയ പോലെ,
"ഹരിത ഭംഗിയില്‍ മുങ്ങി നില്‍ക്കുമീ പ്രണയ സുന്ദരി കേരളം
കേരവൃക്ഷവും കായലോരവും ചാരുതയേകുമെന്‍ കേരളം
ആല്‍ത്തറകളും അമ്പലങ്ങളും നിറഞ്ഞു നില്‍ക്കുമെന്‍ കേരളം
വര്‍ണഭംഗിതന്‍ രുചി നുകരുവാന്‍ എത്തിടുന്നു ലോകരും "
ഇങ്ങനെയുള്ള കൈരളി തന്റെ വശ്യമനോഹര സൗന്ദര്യം പ്രകാശിപ്പിച്ച്‌ വിനോദ സഞ്ചാരികളെ തന്നിലേക്കാകര്‍ഷിക്കുന്നു.

കൈയെത്തും ദൂരത്ത്‌ പ്രകൃതിയുടെ ഭാവഭേദങ്ങളെല്ലാം വിരിഞ്ഞുലഞ്ഞിരിക്കുന്നത്‌ കാണാന്‍ കഴിയുമെന്നതാണ്‌ കേരളത്തിന്റെ മറ്റൊരു സവിശേഷത. തലസ്‌ഥാന നഗരിയുടെ സവിശേഷത തന്നെ അതിന്‌ ഉത്തമ ഉദാഹരണമാണ്‌. 50 കിലോമീറ്റര്‍ കിഴക്കോട്ട്‌ സഞ്ചരിച്ചാല്‍ പൊന്‍മുടിയുടെ ശിഖരത്തിലെത്താം. സമുദ്രനിരപ്പില്‍നിന്ന്‌ 1,100 മീറ്റര്‍ ഉയരത്തില്‍ തലയുയര്‍ത്തി പരിലസിക്കുന്ന പൊന്‍മുടി എന്ന അതിശയസുന്ദരി തലസ്‌ഥാനം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്കെല്ലാം കുളിരിന്റെ ഇടത്താവളമായി മാറുന്നു. തമ്പാനൂരില്‍ നിന്ന്‌ അന്‍പതു കിലോമീറ്റര്‍ വടക്ക്‌ പടിഞ്ഞാറോട്ട്‌ നീങ്ങിയാല്‍ ചെന്നെത്തുന്നത്‌ വര്‍ക്കലയെന്ന വിസ്‌മയതീരത്തേക്കാണ്‌. 65 ദശലക്ഷം വര്‍ഷങ്ങളുടെ പരിണാമചരിത്രം ഉള്‍ക്കൊള്ളുന്ന സിനസോയിക്‌ ശിലാപാളികള്‍ ഓരോ സഞ്ചാരിക്കു മുന്നിലും വിസ്‌മയത്തിന്റെ പുതിയ അധ്യായം തുറക്കുന്നു. ഒരുമയുടെ ശാന്തിമന്ത്രം ഉരുവിടുന്ന ശിവഗിരിക്കുന്ന്‌, പിതൃക്കള്‍ക്ക്‌ നിത്യശാന്തി പ്രദാനം ചെയ്യുന്ന പാപനാശിനിയെന്ന വാരാന്നിധി, വിശ്വവിഖ്യാതമായ കോവളവും ശംഖുമുഖവും വിഴിഞ്ഞവും കാഴ്‌ചബംഗ്ലാവുമൊക്കെ തലസ്‌ഥാന നഗരിയെ വിനോദസഞ്ചാര മേഖലയുടെ തന്നെ പറുദീസയാക്കി മാറ്റുന്നു. മാത്രമല്ല സോഫ്‌റ്റ്‌വേര്‍ പാര്‍ക്കും രാജ്യാന്തരവിമാനത്തവളവുമെല്ലാം തിരുവന്തപുരത്തെ വേറിട്ടു നിര്‍ത്തുന്നു.കോട്ടയം എന്ന ഭൂഭാഗം കേരളത്തിന്റെ തന്നെ അക്ഷര നഗരമാണ്‌. കോട്ടത്താവളമെന്ന മലഞ്ചരുവുകളില്‍ ചെന്നാല്‍ മധുരയിലെ രാജാക്കന്മാര്‍ മലനാട്ടിലേക്ക്‌ പ്രയാണം ചെയ്‌തതിന്റെ കഥ കേള്‍ക്കാം. ഭാരതത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി സംരക്ഷണകേന്ദ്രമായ കുമരകവും കോട്ടയം നഗരിയെ തികച്ചും വേറിട്ടതാക്കി മാറ്റുന്നു. വേമ്പനാട്ട്‌ കായലോളങ്ങള്‍ പുല്‍കിപ്പുണരുന്ന കുമരകമെന്ന വശ്യമനോഹരി പകര്‍ന്നു നല്‍കുന്ന അഭൗമസൗന്ദര്യത്തിന്‌ അവിടുത്തെ പക്ഷികള്‍ തന്നെയാണ്‌ ഉടമകള്‍.

കേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക്‌ എന്നും മുതല്‍ക്കൂട്ടാണ്‌ അറബിക്കടലിന്റെ റാണിയായ കൊച്ചി. അഞ്ഞൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ജൂതന്‍മാര്‍ പണിത മനോഹര ഹര്‍മ്യങ്ങളും സിനഗോഗുമൊക്കെ ദൃശ്യചാരുതയോടെ അതിഥികളെ മട്ടാഞ്ചേരിയുടെ ചരിത്രവീഥികളിലേക്ക്‌ മാടിവിളിക്കുകയാണ്‌.
പച്ചപ്പട്ടു വിരിച്ച നെല്‍വയലുകള്‍ കൊണ്ടും രുചിയുടെ കലവറകള്‍കൊണ്ടും സമൃദ്ധമാണ്‌ ആലപ്പുഴജില്ല. ഹൗസ്‌ ബോട്ട്‌ യാത്രയും കുട്ടനാടിന്റെ നൈസര്‍ഗിക വിഭവങ്ങളും എല്ലാം അതിഥികളെ കുട്ടനാടിന്റെ ഹൃദയകത്തിലേക്ക്‌ പിന്നെയും പിന്നെയും ആകര്‍ഷിക്കുന്നു. ഇന്ന്‌ ആലപ്പുഴയില്‍ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗമാണ്‌ ടൂറിസം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരളത്തിന്റെ കലാരൂപങ്ങള്‍ പോലും അവര്‍ ഹൗസ്‌ ബോട്ടിലും മറ്റും പുനര്‍സൃഷ്‌ടിക്കുന്നു.
പഴയ മഹോദയപുരത്തിന്റെ ഭാഗമായിരുന്നു കാസര്‍ഗോഡുള്ള ബേക്കല്‍ എന്ന ഇടം. തുളുനാടിന്റെ തന്ത്രപ്രധാനമായ ഒരു വാണിജ്യ തുറമുഖമെന്ന തലത്തിലേക്ക്‌ ബേക്കല്‍ പിന്നീട്‌ വളര്‍ന്നു. ബോഡനൂരിലെ ശിവപ്പ നായ്‌ക്കന്മാര്‍ പില്‍ക്കാലത്ത്‌ ചിറക്കല്‍ രാജഭരണത്തെ തുരത്തുകയും ബേക്കലും ചന്ദ്രഗിരിയും പിടിച്ചെടുക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പ്രതിരോധാവശ്യത്തിനായി മേല്‍ത്തരം കോട്ടകള്‍ ബേക്കലിലും ചന്ദ്രഗിരിയിലും പടുത്തുയര്‍ത്തി. കാസര്‍ഗോഡെ ബേക്കല്‍- ചന്ദ്രഗിരി കോട്ടകളുടെ ചരിത്രപാഠം ഇതാണ്‌. പക്ഷേ കാസര്‍ഗോഡ്‌ സന്ദര്‍ശിക്കുന്ന ഓരോ വ്യക്‌തിക്കും ഈ കോട്ടകള്‍ പകര്‍ന്നു നല്‍കുന്നത്‌ നിര്‍മ്മാണ കലയുടെ അവാച്യമായ സവിശേഷതകളാണ്‌.

ഇങ്ങനെ തെക്ക്‌ പാറശാലമുതല്‍ വടക്ക്‌ മഞ്ചേശ്വരം വരെ കേരളം അനവദ്യങ്ങളായ കാഴ്‌ചകളുടെ പറുദീസയാണ്‌. വിനോദസഞ്ചാരം കേരളത്തിന്റെ പൊതുധാരയ്‌ക്ക്‌ അപരിചിതമായ ഒരു സംവിധാനമഹിമ പകര്‍ന്നു നല്‍കുന്നു.
പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട്‌ എന്നീ ജില്ലകള്‍ക്ക്‌ കടല്‍ത്തീരമോ കടലുമായി ബന്ധപ്പെട്ട വിനോദസഞ്ചാര സാധ്യതകളോ ഇല്ലങ്കില്‍ക്കൂടി ഇപ്പറഞ്ഞ ജില്ലകളില്‍ വിനോദസഞ്ചാര സാധ്യതകള്‍ ഇതര ജില്ലകളെക്കാള്‍ പിന്നിലല്ല. പ്രകൃതിയുടെ വശ്യമനോഹാരിതയാല്‍ പുളകച്ചാര്‍ത്തണിയുന്ന ഗവിയും പെരുന്തേനരുവിയും പത്തനംതിട്ടയെ മനോഹരിയാക്കുമ്പോള്‍ തട്ടുതട്ടായുള്ള ഭൂപ്രദേശങ്ങളും തേയില തോട്ടങ്ങളും കൊതിയൂറുന്ന നാടന്‍ വിഭവങ്ങളും ഒപ്പം ചുരങ്ങളും എല്ലാം വയനാടിനെയും ഇടുക്കിയെയും പുണരുന്നു. കലാ-സാംസ്‌ക്കാരിക മേഖലയില്‍ വെന്നിക്കൊടി പാറിച്ച്‌ കേരളത്തിന്റെ സാംസ്‌കാരിക കലവറയായി മാറുകയാണ്‌ പാലക്കാട്‌.

കേരളത്തില്‍ എവിടെ എന്നതല്ല കേരളത്തിലാണോ എന്നതാണ്‌ ഓരോ വിനോദസഞ്ചാരിയുടെയും മുന്‍ഗണന. അതുകൊണ്ടാണ്‌ ഇക്കഴിഞ്ഞ വര്‍ഷത്തെ വിനോദസഞ്ചാരികളുടെ കണക്കെടുപ്പില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടായത്‌. 2007ല്‍ വിനോദഞ്ചാരത്തിന്റെ സ്വീകാര്യത വളര്‍ത്തിയെടുക്കുന്നതിനായി വിഭാവനം ചെയ്‌ത പ്രവര്‍ത്തനമാണ്‌ മാജിക്‌ ടൂറിസം എന്ന പദ്ധതി.
ഇന്നു വിനോദസഞ്ചാരം തീവ്രമായ മത്സരം നേരിടുന്ന മേഖലയാണ്‌. വിനോദസഞ്ചാരികള്‍ പുതുമയുള്ള അനുഭവവും സൗകര്യങ്ങളും ലഭിക്കുന്നിടത്തേക്ക്‌ തിരിയുകയാണ്‌. വിനോദസഞ്ചാര വ്യവസായത്തില്‍ ഏറ്റവും ഒടുവിലായി ഉദയം ചെയ്‌തിട്ടുള്ള മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന്‌ മറ്റുള്ള മേഖലകളേക്കാള്‍ മേല്‍ക്കൈയുണ്ട്‌. ആയുര്‍വേദ ചികിത്സാരംഗത്ത്‌ ശ്രീലങ്കയാണ്‌ കേരളത്തിന്റെ ഏറ്റവും അടുത്ത മല്‍സരാര്‍ത്ഥി. ശ്രീലങ്കയുടേയും കേരളത്തിന്റേയും ആയുര്‍വേദ മേഖലകള്‍ തമ്മില്‍ സാമ്യങ്ങളേറെയുണ്ട്‌. എന്നിരിക്കിലും ആയുര്‍വേദരംഗത്ത്‌ കേരളത്തിനുള്ള ആധികാരികതയുമായി താരതമ്യം ചെയ്യാവുന്നതല്ല ശ്രീലങ്കയുടേത്‌.
സന്തോഷിക്കാന്‍ വകനല്‍കുന്ന നമ്മുടെ വിനോദസഞ്ചാര സാധ്യതകളെപ്പറ്റി വാചാലരാകുമ്പോഴും ഈ മേഖല നേരിടുന്ന ചില വെല്ലുവിളികളും ന്യൂനതകളും നാം വിസ്‌മരിക്കരുത്‌. അപകടരഹിതവും വൃത്തിയുള്ളതുമായ സാഹചര്യങ്ങളുണ്ടാവുമ്പോഴാണ്‌ സുരക്ഷാബോധം സ്വയം ജനിക്കുക. കേരളത്തില്‍ വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ വ്യാജ ആയുര്‍വേദ മരുന്നുകള്‍ വില്‍ക്കുന്നത്‌ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ അടുത്തിടെ കണ്ടുപിടിച്ചിരുന്നു. ജൂണ്‍, ജൂലൈ, ഓഗസ്‌റ്റ്‌ മാസങ്ങളിലായി ഓപ്പറേഷന്‍ ഹെന്ന എന്ന പേരില്‍ സംസ്‌ഥാനമൊട്ടാകെ നടത്തിയ അന്വേഷണത്തില്‍ 40 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ആയുര്‍വേദ ചികിത്സയുടെ പേരില്‍ സഞ്ചാരികളെ കബളിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തായി. അടിമാലി, കട്ടപ്പന, മൂന്നാര്‍ തുടങ്ങി വിനോദസഞ്ചാരികള്‍ ധാരളമായി എത്തിച്ചേരുന്ന ഇടങ്ങളിലാണ്‌ ഇത്തരം വ്യാജന്മാര്‍ വിലസുന്നത്‌ എന്നതാണ്‌ ആശങ്ക ഉളവാക്കുന്ന വസ്‌തുത.

ആയുര്‍വേദവും സുഖചികിത്സയും കഴിഞ്ഞാല്‍ പിന്നെ കേരളത്തിലെത്തുന്ന ഓരോ വിനോദസഞ്ചാരിക്കും പ്രിയങ്കരമായിട്ടുള്ളത്‌ ഹൗസ്‌ബോട്ട്‌ സവാരിയാണ്‌. വേമ്പനാട്‌ കായല്‍ മലീമസമായിരിക്കുന്നതും ഹൗസ്‌ ബോട്ടുടമകളുടെ മോശമായ പെരുമാറ്റവും ആശങ്കാജനകമാണ്‌. തുറമുഖ വകുപ്പില്‍ പേരുചേര്‍ത്തിട്ടുള്ള 734 ബോട്ടുകള്‍ മാത്രമാണ്‌ ഉള്ളതെങ്കിലും കുറഞ്ഞത്‌ 1500 ബോട്ടുകളെങ്കിലും കായലുകളില്‍ സഞ്ചാരികളുമായി ഉല്ലാസയാത്ര നടത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഓരോ ഹൗസ്‌ബോട്ടും കരയ്‌ക്കടുപ്പിച്ച്‌സുരക്ഷാമാനദണ്ഡങ്ങള്‍ പരിശോധിക്കണമെന്നാണ്‌ ചട്ടമെങ്കിലും അതു നടപ്പാക്കാറില്ലെന്നുള്ളത്‌ പരസ്യമായ രഹസ്യമാണ്‌. ഒരു ഹൗസ്‌ബോട്ടിനു പോലും തേര്‍ഡ്‌ പാര്‍ട്ടി ഇന്‍ഷുറന്‍സ്‌ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌.

വിശ്വാസം നഷ്‌ടമായാല്‍ പിന്നെ തിരിച്ചുകിട്ടുക എന്നത്‌ ദുഷ്‌കരമാണ്‌. "അതിഥി ദേവോ ഭവ" എന്നു സഹസ്രാബ്‌ദങ്ങള്‍ക്കു മുന്‍പേ പറയാന്‍ പഠിച്ച നമ്മള്‍ ഇത്തരം വസ്‌തുതകള്‍ മനഃപൂര്‍വം വിസ്‌മരിക്കുന്നത്‌ ഒട്ടും തന്നെ അഭികാമ്യമല്ല. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികള്‍ക്കിടയില്‍ കേരളത്തെക്കുറിച്ച്‌ മോശം പ്രതിച്‌ഛായ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ വിനോദസഞ്ചാരമേഖലയില്‍ ഇനിയും വാഴിക്കരുത്‌. കാരണം വിനോദസഞ്ചാരം എന്നത്‌ ഒരു വലിയ സാംസ്‌കാരിക വിനിമയമാണ്‌. സംസ്‌കാരശൂന്യരെ അതില്‍ ഇടപെടാന്‍ അനുവദിക്കരുത്‌.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 27 Sep 2017 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW