Monday, October 02, 2017 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Sep 2017 03.50 PM

സൂര്യദശയിലെ സൂര്യാപഹാരഫലം

നിങ്ങളുടെ ദശാകാലഫലങ്ങള്‍ - ഭാഗം - 7
uploads/news/2017/09/149982/joythi260917.jpg

"ഒരു ഗ്രഹത്തിന്റെ ശുഭ- അശുഭ ഫലങ്ങള്‍ അനുഭവത്തിലാക്കിക്കൊടുക്കുന്നത് ദശാപഹാരങ്ങളിലൂടെ ആകുന്നു. അതിനാല്‍ ജാതകപ്രകാരം ഓരോരുത്തരും അവരവരുടെ ദശാപഹാരകാലങ്ങള്‍ ഏതെന്ന് മനസ്സിലാക്കുന്നതും ദോഷപ്രദമായ സമയമാണെങ്കില്‍ അതിനെ മറികടക്കുവാനുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നതും വഴി ജീവിതത്തിലെ വന്‍ വീഴ്ചകളില്‍നിന്നും രക്ഷനേടാന്‍ കഴിയുന്നു."

ഒരു വ്യക്തിയുടെ സാമ്പത്തികമായും കര്‍മ്മപരമായും കുടുംബപരമായുമുള്ള ഉയര്‍ച്ചയുടെയും താഴ്ചയുടെയും വിധിനിര്‍ണ്ണയത്തില്‍ ദശാകാലങ്ങളുടെ പ്രസക്തി ചെറുതല്ല. ജാതകത്തില്‍ ഒരുവന്റെ ഗുണവും ദോഷവും സമയാസമയങ്ങളില്‍ അനുഭവത്തിലാക്കി കൊടുക്കുന്നതില്‍ ദശാകാലത്തിന് വലുതായ പ്രാധാന്യമുണ്ട്.

ഒരു ഗ്രഹത്തിന്റെ ശുഭ- അശുഭ ഫലങ്ങള്‍ അനുഭവത്തിലാക്കിക്കൊടുക്കുന്നത് ദശാപഹാരങ്ങളിലൂടെ ആകുന്നു. അതിനാല്‍ ജാതകപ്രകാരം ഓരോരുത്തരും അവരവരുടെ ദശാപഹാരകാലങ്ങള്‍ ഏതെന്ന് മനസ്സിലാക്കുന്നതും ദോഷപ്രദമായ സമയമാണെങ്കില്‍ അതിനെ മറികടക്കുവാനുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നതും വഴി ജീവിതത്തിലെ വന്‍ വീഴ്ചകളില്‍നിന്നും രക്ഷനേടാന്‍ കഴിയുന്നു.

ഓരോ ദശയുടെയും അപഹാരങ്ങളുടേയും ഗുണദോഷഫലങ്ങള്‍ വിവരിക്കുന്ന ഈ പരമ്പരയില്‍ ഓരോ ദോഷസമയവും അനുഷ്ഠിക്കേണ്ടതായ പ്രതിവിധികള്‍കൂടി ഉണ്ടായിരിക്കുന്നതാണ്!

സൂര്യദശാഫലം


ജാതകപ്രകാരം സൂര്യന്‍ സദ്ഭാവങ്ങളില്‍ ബലവാനായി നില്‍ക്കുകയാണെങ്കില്‍ ആ സൂര്യന്റെ ദശാകാലം ജാതകന് വളരെയധികം നല്ല ഗുണങ്ങള്‍ വരുന്ന സമയമായിരിക്കും. ഉച്ചരാശിയായ മേടം, സ്വക്ഷേത്രമായ ചിങ്ങം, ബന്ധുക്ഷേത്രമായ ധനു, മീനം, വൃശ്ചികം, കര്‍ക്കിടകം, സമക്ഷേത്രങ്ങളായ മിഥുനം, കന്നി എന്നീ രാശികളിലും 3, 6, 10, 11 എന്നീ ഭാവങ്ങളിലും നില്‍ക്കുന്ന സൂര്യന്റെ ദശാകാലം പൊതുവേ ശുഭകരമാണ്. ശുഭഗ്രഹത്തിന്റെ പ്രത്യേകിച്ചും വ്യാഴത്തിന്റെ യോഗദൃഷ്ടിയോട് കൂടിയിരിക്കുകയാണെങ്കില്‍.

സൂര്യദശാഫലം (സൂര്യദശ- 6 വര്‍ഷം)


ജാതകവശാല്‍ നല്ല ഭാവങ്ങളില്‍ ബലവാനായാണ് സൂര്യന്‍ നില്‍ക്കുന്നതെങ്കില്‍ ആ ദശാകാലം ജാതകന് വളരെയധികം നല്ല ഫലങ്ങള്‍ സമ്മാനിക്കും.

1. ഉച്ചരാശിയായ - മേടം
2. സ്വക്ഷേത്രവും, മൂലക്ഷേത്രവുമായ - ചിങ്ങം
3. ബന്ധുക്ഷേത്രങ്ങളായ- ധനു, മീനം, വൃശ്ചികം, കര്‍ക്കടകം.
4. സമക്ഷേത്രങ്ങളായ- മിഥുനം, കന്നി എന്നീ രാശികളിലും 3, 6, 10, 11 എന്നീ ഭാവങ്ങളിലും നില്‍ക്കുന്ന സൂര്യന്റെ ദശാകാലം പൊതുവെ ശുഭകരമാണ്. ശുഭഗ്രഹത്തിന്റെ (പ്രത്യേകിച്ചും വ്യാഴത്തിന്റെ) യോഗദൃഷ്ടികള്‍ കൂടി സൂര്യനുണ്ടെങ്കില്‍ അത് കൂടുതല്‍ ഗുണം ചെയ്യുന്നതാണ്. ഇപ്രകാരമുള്ള സൂര്യന്റെ ദശാകാലത്തില്‍ ആത്മശക്തിയും സാത്വികമായ തേജസ്സും വര്‍ധിക്കും. എല്ലാക്കാര്യങ്ങളിലും വിജയമുണ്ടാകും.

ഉയര്‍ന്ന വ്യക്തികളുടെ ആദരവും യശസ്സും സമ്പത്തും നിഷ്പ്രയാസം നേടുവാന്‍ സാധിക്കും. തൊഴില്‍രംഗത്ത് അസുയാര്‍ഹമായ നേട്ടം കൈവരിക്കും. ശത്രുക്കള്‍ക്ക് സ്പര്‍ശിക്കാന്‍ കൂടി സാധിക്കാത്തത്ര ഉയരത്തില്‍ എത്തിച്ചേരും.

മനസ്സിന് എല്ലായ്‌പോഴും സന്തോഷവും പ്രവര്‍ത്തനങ്ങളില്‍ ഉത്സാഹവും ഉണ്ടാകും. എത്ര വലിയ കാര്യങ്ങളിലും ധൈര്യപൂര്‍വ്വം ഇടപെട്ട് വിജയത്തിലെത്തിക്കുവാനും ഈ സൂര്യദശാകാലത്ത് യോഗമുണ്ടാകും. ആനക്കൊമ്പ്, മാന്‍തോല്‍, പുലിനഖം, സ്വര്‍ണ്ണം, ചെമ്പ് ഇവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെയുള്ള വരുമാനം കച്ചവടം, ഔഷധവ്യാപാരം, യാത്ര, സര്‍ക്കാര്‍ ജോലി, ക്രൂരകര്‍മ്മങ്ങള്‍ ഇവയിലൂടെയും ധനസമ്പാദനത്തിന് വഴിയൊരുങ്ങുന്നതാണ്.

ജാതകത്തില്‍ സൂര്യന്‍ അനിഷ്ടസ്ഥനാണെങ്കില്‍ പക്ഷേ, വലുതായ ദോഷഫലങ്ങളാകും അനുഭവത്തില്‍ വരിക.
5. നീചക്ഷേത്രമായ - തുലാം
6. ശത്രുക്ഷേത്രങ്ങളായ- ഇടവം, മകരം, കുംഭം എന്നീ രാശികളിലും
7. 2, 8, 12 എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്നതുമായ സൂര്യദശാകാലം ദോഷപ്രദമാകും.

രാഹു, കേതു, ശനി തുടങ്ങിയ പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികള്‍ സൂര്യനെ കൂടുതല്‍ ദുര്‍ബലനാക്കും. ഇത്തരത്തിലുളള സൂര്യന്റെ ദശകാലം വളരെയധികം കഷ്ടതകള്‍ നിറഞ്ഞ കാലമായിരിക്കും. സര്‍ക്കാര്‍ തലത്തില്‍ നിന്നും ഭീഷണികളും കുടുംബക്കാരുമായി വൃഥാ കലഹവും, അന്യോന്യ ശത്രുതയും മനസ്സിന് വിഷമവും, അനാവശ്യ ഭയവും, ധനനഷ്ടവും ഫലമാണ്.

ഏര്‍പ്പെടുന്ന കാര്യങ്ങള്‍ മിക്കതും പരാജയത്തില്‍ കലാശിക്കും. വയറ്, കണ്ണ്, എല്ല് എന്നിവയ്ക്ക് രോഗങ്ങളുണ്ടാകും. പിത്തസംബന്ധമായ അസുഖങ്ങളും ജ്വരരോഗങ്ങളും എളുപ്പത്തില്‍ ബാധിക്കും. കള്ളന്മാരില്‍നിന്നും ഉയര്‍ന്ന വ്യക്തികളില്‍നിന്നും അപായങ്ങളും ഉണ്ടാകും. പിതാവിനും അനിഷ്ടപ്രദമായ കാലമാണിത്.

(സൂര്യദശാകാലത്ത് അനുഭവപ്പെടാന്‍ സാധ്യതയുള്ള സാമാന്യ ഫലങ്ങളാണ് മേല്‍ പ്രസ്താവിച്ചിട്ടുള്ളത്. ജാതകത്തിലെ നിരവധി ഘടകങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവേണം ശരിയായ ഫലനിര്‍ദ്ദേശത്തിലെത്തിച്ചേരുവാന്‍)

സൂര്യദശയില്‍ സൂര്യാപഹാരഫലം 3 മാസം 18 ദിവസം


സൂര്യദശയില്‍ ആദ്യം വരുന്ന അപഹാരം സൂര്യന്റെ തന്നെ അപഹാരമാണ്. സ്വാപഹാരമെന്നാണ് ഇതിനെ പറയുക. ബലവാനും ഇഷ്ടസ്ഥനുമായ സൂര്യനാണ് ജാതകത്തിലെങ്കില്‍ സൂര്യാപഹാരകാലം ഗുണകരമായിരിക്കും.

അധികാരലാഭം രാജാവില്‍ നിന്നും ബഹുമാനങ്ങളും സമ്മാനങ്ങളും ലഭിക്കുക. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാവുക, വനം, പര്‍വ്വതം മുതലായവയില്‍ താമസിക്കാനിടവരുക, കീര്‍ത്തി, സമ്പത്ത്, ഐശ്വര്യം എന്നിവ വര്‍ധിക്കുകയും ഫലമാണ്.

സൂര്യന്‍ ദുര്‍ബ്ബലനും, അനിഷ്ട ഭാവസ്ഥിതനുമാണെങ്കില്‍ ഈ സമയം വളരെയധികം കഷ്ട നഷ്ടങ്ങള്‍ അനുഭവിക്കും. ജ്വരം, ഉഷ്ണരോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടും ബന്ധുജനങ്ങളുമായി വിയോജിപ്പുണ്ടാകും. പിതാവിന് ഹാനിയോ അല്ലെങ്കില്‍ പിതൃവിയോഗം നിമിത്തം ദുഃഖമോ ഉണ്ടാവുകയും ഫലമാണ്.

ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പരാജയങ്ങള്‍ ഉണ്ടാകും. അലച്ചില്‍, ബന്ധനം, പ്രവാസം, മനോദുഃഖം എന്നിവ ഫലമാണ്.

പരിഹാരകര്‍മ്മങ്ങള്‍


1. പ്രസ്തുത കാലയളവില്‍ സൂര്യപ്രീതിക്കായി നിത്യവും സൂര്യോദയത്തിന് മുമ്പുതന്നെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് ഉത്തമമാണ്. രാവിലെ അല്പസമയം ആദിത്യപ്രാര്‍ത്ഥനയോടെ വെയിലേല്‍ക്കുന്നതും നല്ലതാണ്.

2. ആദിത്യഹൃദയമന്ത്രം പതിവായി ജപിക്കുന്നതും ആപത്തുക്കളെ തടയും. (രാവണനുമായുള്ള യുദ്ധസമയത്ത് തളര്‍ന്നുപോയ ശ്രീരാമന് അഗസ്ത്യമുനി ഉപദേശിച്ച മന്ത്രമാണ് ആദിത്യഹൃദയം. ഭക്തിയോടുകൂടി ഈ മന്ത്രം ജപിക്കുന്ന വ്യക്തിയില്‍നിന്നും ശത്രുദോഷം, ഭയം, ആപത്തുക്കള്‍ എന്നിവ വഴിമാറിപ്പോകും)

3. ഞായറാഴ്ച ദിവസം വ്രതമനുഷ്ഠിക്കുന്നതും ദോഷഫലങ്ങളെ കുറയ്ക്കുമെന്നതിനാല്‍ ഞായറാഴ്ചകളില്‍ ഭക്തിപൂര്‍വ്വം വ്രതമനുഷ്ഠിക്കുക.

4. ദോഷപരിഹാരത്തിനും ഗുണം വര്‍ധിക്കുവാനും വേണ്ടി ഈ സമയങ്ങളില്‍ സൂര്യന് പറഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും ഗുണം ചെയ്യും.
''രക്തശ്യാമോ ദീവാധീശോ'' എന്ന പ്രമാണ പ്രകാരം സൂര്യന് രക്തവര്‍ണ്ണമാണ്. കാവി നിറത്തിലുള്ള വസ്ത്രങ്ങളും ചുവന്ന വസ്ത്രങ്ങളും ധരിക്കാം. എല്ലാ ദിവസങ്ങളിലും ഈ പറഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഞായറാഴ്ചകളിലും ജന്മാനുജന്മ നക്ഷത്രങ്ങളിലും പ്രസ്തുത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക.

5. ആദിത്യദോഷശാന്തിക്കായി ചൂടേണ്ട പുഷ്പങ്ങള്‍ തെച്ചി, ചെന്താമര, ചെമ്പരത്തി എന്നിവയാണ്. ഭക്തിയോടെ സ്ത്രീകള്‍ മുടിയിഴയിലും പുരുഷന്മാര്‍ ചെവിയുടെ പിന്‍വശത്തും വയ്ക്കാവുന്നതാണ്.

6. സൂര്യ പ്രീതിക്കായി ധരിക്കേണ്ട രത്‌നം മാണിക്യമാണ്. മാണിക്യ ധാരണത്തിലൂടെ പ്രതാപം, സമ്പത്ത്, പ്രശസ്തി എന്നിവയുണ്ടാകും. എന്നാല്‍ ജാതകചിന്തനം നടത്തിയ ശേഷം മാത്രമേ മാണിക്യരത്‌നം ധരിക്കാവൂ. ജാതകപ്രകാരം അനുകൂലമല്ലായെങ്കില്‍ മാണിക്യരത്‌നധാരണം ഗുണത്തേക്കാള്‍ ദോഷം ചെയ്‌തേക്കാമെന്നതിനാലാണ് ജാതക ചിന്തന വേണമെന്ന് പറയുന്നത്.

സൂര്യപ്രീതിക്കായി ധരിക്കേണ്ടതായ യന്ത്രം ആദിത്യയന്ത്രമാണ്. കൂടാതെ ശൈവയന്ത്രങ്ങളായ മൃത്യുഞ്ജയം, അഘോരം, പാശുപതം തുടങ്ങിയ യന്ത്രങ്ങളും ധരിക്കാവുന്നതാണ്.
യന്ത്രധാരണത്തിന് ഉത്തമനായ ദൈവജ്ഞന്റെ സഹായം തേടുക. ജാതകചിന്തന അത്യാവശ്യം.

സൂര്യനെയും ശിവനേയും പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങളും സ്‌തോത്രങ്ങളും ഈ കാലഘട്ടത്തില്‍ ജപിക്കാവുന്നതാണ്. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ധാര, പിന്‍വിളക്ക്, കൂവളമാല തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതും എരുക്കിന്‍ ചമതകൊണ്ട് ഹോമം കഴിപ്പിക്കുന്നതും അത്യുത്തമമാകുന്നു.

ദോഷപരിഹാരാര്‍ത്ഥം


ജപിക്കേണ്ട ആദിത്യമന്ത്രം
ജപാകുസുമ സങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്‌നം
ഭാസ്‌കരം പ്രണമാമ്യഹം.

സൂര്യഗായത്രി


ഓം പ്രഭാകരായ വിദ്മഹേ
ദിവാകരായ ധീമഹി
തന്നോ സ്തുര്യഃ പ്രചോദയാല്‍.
ഈ സൂര്യഗായത്രി മന്ത്രം നിത്യവും രാവിലെ കുളി കഴിഞ്ഞശേഷം ഭക്തിയോടെ ജപിക്കുക.

( തുടരും..
സൂര്യദശയിലെ ചന്ദ്രാപഹാരം )

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട്, മൊ: 9447320192

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW