Saturday, July 07, 2018 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
ജിക്കു ജോസഫ്
Monday 25 Sep 2017 07.29 PM

സഖാവ് കുട്ടന് കുട്ടികള്‍ മൂന്നല്ല, 96

എല്ലാ കുട്ടികളെയുംപോലെ വിദ്യയുടെയും അറിവിന്റെയും ലോകം ഈ കുരുന്നുകള്‍ക്കും അവകാശപ്പെട്ടതാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഏഴ് വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ഒരു കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തത്. ഇന്ന് ഏകദേശം 93 കുട്ടികളാണ് ഏറെ പ്രതീക്ഷയോടെ കുട്ടന്‍ ചേട്ടന്റെ കൈപിടിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ എത്തിയത്.
uploads/news/2017/09/149641/sakhavu-kuttan-1.jpg

സി.പി.ഐ.യുടെ ഏറ്റുമാനൂര്‍ ലോക്കല്‍ സെക്രട്ടറിയും മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എ.ഐ.ടി.യു.സിയുടെ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റുമാണ് പി.കെ ചന്ദ്രശേഖരന്‍ നായര്‍. എന്നാല്‍ നാട്ടുകാര്‍ക്ക് ചന്ദ്രശേഖരന്‍ നായര്‍ 'കുട്ടനാണ'് കുട്ടികള്‍ക്ക് അദ്ദേഹം 'കുട്ടന്‍ ചേട്ടനാണ്'. അടുത്തറിയുന്ന എല്ലാര്‍ക്കും ഇന്നദ്ദേഹം കുട്ടന്‍ സഖാവുമാണ്. ഇന്ന് കുട്ടന് മക്കള്‍ 96 ആണ്. സ്വന്തം മക്കളായ നീതുവും ഗീതയും മിഥുനും ഒപ്പം 93 കുട്ടികളും. ഈ 93 കുട്ടികളെക്കുറിച്ച് അറിയണമെങ്കില്‍ സഖാവ് കുട്ടനെ അടുത്തറിയണം.

കുട്ടനെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുന്നത് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആദ്യമൊക്കെ പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നൊരു പ്രവര്‍ത്തനമായേ അദ്ദേഹം ഇതിനെ കണ്ടിരുന്നുള്ളു. തുടക്കത്തില്‍ ശുചിത്വം, ലഹരി ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരണവും കരാറുകളുമായി ബന്ധപ്പെട്ടു തൊഴിലാളികള്‍ക്ക് മികച്ച ജീവിതസൗകര്യവും ഏര്‍പ്പെടുത്താനുമൊക്കെയായിരുന്നു തുടക്കത്തിലെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് അവരുടെ ജീവിതവും കുട്ടികളുടെ ജീവിതാവസ്ഥയും അദ്ദേഹത്തിന് മനസ്സിലായിത്തുടങ്ങിയത്. സ്‌കൂളില്‍ പോകാതെയും, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചും, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിന്നാലെ പോകുന്നവരെയും, തെരുവുകളില്‍ അലഞ്ഞുനടക്കുന്നവരെയുമാണ് കുട്ടന്‍ ചേട്ടന് കാണാനായത്.

എല്ലാ കുട്ടികളെയുംപോലെ വിദ്യയുടെയും അറിവിന്റെയും ലോകം ഈ കുരുന്നുകള്‍ക്കും അവകാശപ്പെട്ടതാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഏഴ് വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ഒരു കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തത്. ഇന്ന് ഏകദേശം 93 കുട്ടികളാണ് ഏറെ പ്രതീക്ഷയോടെ കുട്ടന്‍ ചേട്ടന്റെ കൈപിടിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ എത്തിയത്.

ഓരോ വര്‍ഷവും വിദ്യാലയങ്ങളില്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് കയറുന്ന കുരുന്നുകളുടെ എണ്ണം കുടിക്കൂടിവന്നു. ഇന്ന് കോട്ടയം ജില്ലയില്‍ മാത്രമായി ഏകദേശം 50ല്‍പരം കുരുന്നുകളെയാണ് അദ്ദേഹം പഠിപ്പിക്കുന്നത്. സ്വന്തം മക്കളെപ്പോലെ അവരെയെല്ലാം കാണുകയും അവര്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍, ബാഗ്, കുട, യൂണിഫോം, ഫീസ്, താമസം തുടങ്ങി എല്ലാ സൗകര്യങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്. ഒരു അച്ഛന്റെ കരുതലോടെയും സ്‌നേഹത്തോടെയും.

uploads/news/2017/09/149641/sakhavu-kuttan-2.jpg

ഒരിക്കല്‍പ്പോലും സ്‌കൂളില്‍ പോയിട്ടില്ലാത്ത കുട്ടികള്‍ക്ക് ജന്മനാട്ടില്‍ നിന്ന് ജനനസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനും കുട്ടന്‍ ചേട്ടന്‍ തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. കുട്ടികള്‍ ജനിച്ച ആശുപത്രിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അവിടെ വിളിച്ചാണ് പലപ്പോഴും ജനനസര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയിരുന്നത്.

അടച്ചുപൂട്ടലിന്റെ വക്കത്തെത്തിയ പല ഗവണ്‍മെന്റ് സ്‌കുളുകളും ഇന്ന് നിലനിന്നുപോകുന്നത് കുട്ടന്‍ ചേട്ടന്റെ ഈ കുട്ടികളെ ആശ്രയിച്ചാണ്. രണ്ട്, മൂന്ന് ഡിവിഷനുകള്‍വരെ മെയിന്റൈന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് കുട്ടന്‍ ചേട്ടന്‍ തന്നെ പറയുന്നു. കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തതുകൊണ്ടുമാത്രം ഉത്തരവാദിത്വം അവസാനിപ്പിക്കാറില്ലെന്നും കുട്ടന്‍ ചേട്ടന്‍ പറഞ്ഞു. അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നതുവരെ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും കുട്ടന്‍ ചേട്ടന്‍ ഓടിയെത്താറുണ്ട്. മാസത്തിലൊരിക്കല്‍ അധ്യാപകരുമായി അവരുടെ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്യാറുണ്ട്.

അതിനൊപ്പംതന്നെ അവരുടെ ഓരോ ദിവസത്തെയും കാര്യങ്ങള്‍ അവരില്‍നിന്ന് തന്നെ ചോദിച്ചറിയും കുട്ടന്‍ ചേട്ടന്‍ സമയം കണ്ടെത്താറുണ്ട്. ഇതിനൊപ്പം തന്നെ ഈ കുടുംബനാഥന്‍ വീട്ടിലെ കാര്യങ്ങളിലും ശ്രദ്ധിക്കാന്‍ സമയം കണ്ടെത്തുന്നു. തന്റെ ഈ പ്രവര്‍ത്തനത്തില്‍ ഭാര്യ സതികുമാരിയും കുട്ടികളും എല്ലാ പിന്തുണയും നല്‍കാറുണ്ട്. പലപ്പോഴും ഈ കുഞ്ഞുങ്ങളെയെല്ലാം വീട്ടില്‍ കൊണ്ടുവന്ന ഭാര്യ ട്യൂഷന്‍ എടുക്കാറുണ്ടെന്നും തന്നോടൊപ്പം തന്നെ മിക്ക ദിവസങ്ങളിലും ഈ കുഞ്ഞുങ്ങള്‍ താമസിക്കുന്നിടത്തെത്തി അവരെ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റില്‍ നിന്നും എല്ലാ കുട്ടികള്‍ക്കും ലഭിക്കാറുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കും ലഭിക്കാറുണ്ട്. ഇവിടെ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് ഇനി റേഷന്‍കാര്‍ഡ് സ്വന്തമാക്കുന്നതിനുവേണ്ടി പരിശ്രമിക്കുകയാണെന്നും അത് എതയും വേഗത്തില്‍ അത് നടപ്പാക്കുമെന്നും കുട്ടന്‍ ചേട്ടന്‍ പറഞ്ഞു.

ഇന്ന് സി.പി.ഐയുടെ ഏറ്റുമാനൂരിലെ ഓഫീസില്‍ ഏതൊരു പ്രശനവുമായി എത്തുന്ന ഇതര സംസ്ഥാനതൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവര്‍ അന്യരല്ലെന്ന് അറിയാം. കുട്ടന്‍ ചേട്ടനും യൂണിയനും മുഖേന അവരുടെ പ്രശനങ്ങള്‍ പരിഹാരം കാണാന്‍ സാധിക്കും എന്ന് അവര്‍ക്ക് ഉത്തമവിശ്വാസമുണ്ട്. കുട്ടന് കുട്ടികള്‍ 96 അല്ല ഇനിയും ഉണ്ടാകട്ടെയെന്ന് പറഞ്ഞ ഞങ്ങള്‍ പിരിയുമ്പോള്‍ നന്മയുടെ, ധാര്‍മ്മികതയുടെ ഒരു ചെറുപുഞ്ചിരി ആ മുഖത്ത് വിരിഞ്ഞുവരുന്നുണ്ടായിരുന്നു.

Ads by Google
ജിക്കു ജോസഫ്
Monday 25 Sep 2017 07.29 PM
Ads by Google
Loading...
LATEST NEWS
TRENDING NOW