Saturday, September 22, 2018 Last Updated 45 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 25 Sep 2017 02.58 PM

നവരാത്രി അനുഷ്ഠാനങ്ങള്‍

വിദ്യാരംഭം സെപ്റ്റം: 30-ന്
uploads/news/2017/09/149601/joythi250917a.jpg

ഭാരതീയ ആചാരങ്ങളില്‍ അഗ്രിമസ്ഥാനമാണ് നവരാത്രി അനുഷ്ഠാനങ്ങള്‍ക്ക് നല്‍കിപ്പോരുന്നത്. മറ്റെല്ലാ ആചാരങ്ങളെയും പോലെ ആത്മീയ ഗഹനതയില്‍നിന്നും ഉടലെടുക്കുന്നതാണ് നവരാത്രി അനുഷ്ഠാനങ്ങളും.

നവരാത്രി കാലത്തിന്റെ ജ്ഞാനതലങ്ങളാണ് ഏറ്റവും ദുര്‍ഗ്രഹമാകുന്നത്. യജ്ഞഭാഗങ്ങളായ ദൈനംദിന പൂജകളും വ്രതാനുഷ്ഠാനങ്ങളും വിവിധങ്ങളായ ജപഹോമവിധാനങ്ങളും അതീവ പ്രധാനമായതുതന്നെ. എന്നാല്‍ ആ സങ്കല്‍പ്പങ്ങളിലടങ്ങുന്ന ആത്മീയ തത്വാര്‍ത്ഥങ്ങളാണ് അതിലേറെ അതിശയകരം.

കന്നിമാസത്തിലെ കറുത്തവാവിന് പിറ്റേന്ന് വെളുത്തപക്ഷത്തിലെ പ്രഥമി മുതല്‍ നവരാത്രിക്കാലം ആരംഭിക്കുന്നു. ഒമ്പതാം ദിവസമാണ് മഹാനവമി. അന്നുവരെയാണ് വ്രതകാലഘട്ടം. പത്താം ദിവസം വിജയദശമിയായി ആചരിക്കുന്നതോടെ നവരാത്രി വ്രതം പൂര്‍ണ്ണമാകുന്നു.

ദേവീ ഉപാസകരായ സാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ കാലമാണ് ഇത്. ശക്തി ഉപാസന സമയം, മിശ്രം, കൗളം ഇവയനുസരിച്ച് വിഭിന്ന ഭാവങ്ങളില്‍ പ്രകടമാകാറുണ്ട്.

വിജയദശമി ദിനം ഉത്തരേന്ത്യയില്‍ ആയുധപൂജയായും ദക്ഷിണേന്ത്യയില്‍ വിദ്യാരംഭമായും ആചരിച്ചുവരുന്നു. നവരാത്രി ആചാരങ്ങള്‍ ദേശാന്തരമനുസരിച്ച് പല രീതിയിലും വ്യത്യാസപ്പെടാറുണ്ട്. എന്നാല്‍ ഒരു പ്രാദേശിക സമ്പ്രദായ രീതിയെ പിന്തുടരുന്നതിലും നല്ലത് സാമാന്യമായ ശക്തിയാരാധനാ സിദ്ധാന്തങ്ങളെ അനുവര്‍ത്തിക്കുക എന്നതാണ്.

നവരാത്രി കാലത്തെ സുപ്രധാനമായ ഒരു അനുഷ്ഠാനമെന്നത് ദേവീമാഹാത്മ്യം അഥവാ ചണ്ഡികാസപ്തഗതി എന്ന ഗ്രന്ഥപാരായണം തന്നെ. സവിസ്തരം പ്രതിപാദ്യമുള്ള ഒരു ദേവീമാഹാത്മ്യ ഗ്രന്ഥം നേടുക എന്നതാണ് ആദ്യം വേണ്ടത്.

പ്രഥമി മുതല്‍ കാലത്ത് ആചാരം തുടങ്ങാം. അഞ്ചുതിരിയിട്ട വിളക്കു തെളിക്കുക. ഒരു പീഠത്തില്‍ ചുവന്ന പട്ട് വിരിച്ച് അതിന്‍മീതെ വിളക്കു വയ്ക്കുക. ദേവിയുടെ ചിത്രത്തിന്റെയോ, പ്രതിമയുടെയോ മുമ്പില്‍ ഇങ്ങനെ വയ്ക്കുന്നത് ആവാം. കിഴക്കോ, വടക്കോ അഭിമുഖമായിരിക്കുക.

നിവേദ്യമായി കദളിപ്പഴം, ത്രിമധുരം, അപ്പം, അട, പായസം തുടങ്ങിയതെന്തെങ്കിലും കരുതുക. പൂജാവിധികള്‍ പഠിച്ചവര്‍ നിവേദ്യ സഹിതമായി ഒരു ലഘുപൂജ നടത്തുക. മറ്റുള്ളവര്‍ നിലവിളക്കും ചന്ദനത്തിരിയും തെളിച്ച്, വിളക്കിന്‍ മുമ്പില്‍ നിവേദ്യംവച്ച് ദേവിക്ക് സമര്‍പ്പിക്കുന്നതായി സങ്കല്പ്പിച്ച് പ്രാര്‍ത്ഥിക്കുക. അതിനുശേഷം നിവേദ്യം മാറ്റി ആ ഭാഗം ശുചിയാക്കിയിട്ട് പാരായണം തുടങ്ങുക.

ദേവീ മാഹാത്മ്യം ഒന്നാം അദ്ധ്യായം പാരായണം ചെയ്തു തുടങ്ങുന്നതിനു മുമ്പ് മറ്റുചില സ്‌തോത്രങ്ങള്‍ ചൊല്ലേണ്ടതുണ്ട്. ആദ്യമായി ഗണേശ അഷ്ടകമോ, ഗണേശ അഷ്‌ടോത്തര നാമമോ ചൊല്ലുക. തുടര്‍ന്ന് സരസ്വതീ വന്ദനമാകാം. അതിനുശേഷം അര്‍ഗ്ഗളാ സ്‌തോത്രം ഗ്രന്ഥം നോക്കി ചൊല്ലുക.

പിന്നീട് കീലകസ്‌തോത്രം ചൊല്ലുക. മൂന്നാമതായി ദേവീ കവചം (ചണ്ഡികാകവചം) ചൊല്ലുക. ഒമ്പതുദിവസം കൊണ്ട് പതിമൂന്ന് അദ്ധ്യായങ്ങളാണ് ആകെ പാരായണം ചെയ്യേണ്ടത്. അതിന് ഉതകുന്ന ക്രമത്തില്‍ സപ്തശതിവായന തുടങ്ങാം. ഒന്നാം ദിവസം ഒന്നാമദ്ധ്യായം വായിക്കുക.

തുടര്‍ന്ന് രണ്ടാം ദിവസം 2-ാമദ്ധ്യായം, മൂന്നാം ദിവസം 3, 4 അദ്ധ്യായങ്ങള്‍, നാലാം ദിവസം 5-ാമദ്ധ്യായം, അഞ്ചാം ദിവസം 6-ാമദ്ധ്യായം, ആറാം ദിവസം 7, 8 അദ്ധ്യായങ്ങള്‍, ഏഴാം ദിവസം, 9, 10 അദ്ധ്യായങ്ങള്‍, എട്ടാം ദിവസം 11, 12 അദ്ധ്യായങ്ങള്‍, ഒമ്പതാം ദിവസം 13-ാമദ്ധ്യായം ഈ ക്രമത്തില്‍ വായിക്കുക. രാവിലെയും വൈകിട്ടും ഒരുപോലെ ഭദ്രദീപം തെളിക്കണം. നിവേദ്യവും രണ്ടുനേരം സമര്‍പ്പിക്കുന്നത് ഉത്തമം. സാധകന്‍ വ്രതാനുഷ്ഠാന നിരതനായിരിക്കണം.

അരിയാഹാരം ഒരുനേരം മാത്രം. മറ്റു സമയങ്ങളില്‍ ശുദ്ധമായ ഫലമൂലാദികള്‍ കഴിക്കാം. പാരായണശേഷം ലളിതാ സഹസ്രനാമ ജപത്തോടെ പുഷ്പമര്‍ച്ചിക്കുന്നത് അതിവിശേഷം. അതിനുശേഷം കര്‍പ്പൂരാരതിയാകാം. വ്രതകാലത്ത് ബ്രഹ്മചര്യം പാലിക്കണം. തികഞ്ഞ അഹിംസ ദീക്ഷിക്കണം. പകലുറക്കം പാടില്ല. സദാമനസ്സ് ദേവിയില്‍ അര്‍പ്പിതമായാല്‍ അതീവ ഗുണകരം ബ്രാഹ്മ മുഹൂര്‍ത്തത്തിലുണര്‍ന്ന് അനുഷ്ഠാനങ്ങള്‍ ആചരിക്കണം.

തീവ്രശാക്‌തേയ സാധനയില്‍ ദേവിയുടെ പ്രതീകമായി ബാലികമാരെ പൂജിക്കുന്ന രീതിയുണ്ട്. ഒന്നാം ദിവസം രണ്ടു വയസ്സുള്ള ബാലികയെ പൂജിക്കുന്നു. രണ്ടാം ദിവസം മൂന്നു വയസ്സുള്ളത്. ഇപ്രകാരം ഒമ്പതാം ദിവസം പത്തു വയസ്സുള്ള ബാലികയെ പൂജിക്കുന്നു. ഈ ആചാരം ഉത്തരഭാരതത്തിലാണ് കണ്ടുവരുന്നത്.

ദക്ഷിണേന്ത്യയില്‍ ദേവീവിഗ്രഹം ഒമ്പതുഭാവങ്ങളില്‍ അലങ്കരിച്ച് പൂജ നടത്തുന്ന രീതിയാണ്. ഈ ഭാവങ്ങള്‍ യഥാക്രമം ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂശ്മാണ്ഡ, സ്‌കന്ദമാത, കാര്‍ത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി ഇവരാകുന്നു.

വിജയദശമി ദിനത്തിലെ വിദ്യാരംഭം ദക്ഷിണ ഭാരതത്തില്‍ അതിപ്രാധാന്യമുള്ള ഒരു ചടങ്ങാകുന്നു. കുട്ടികളെ വിദ്യാരംഭം ചെയ്യിക്കുന്നതിന്് ജ്ഞാനികളായ സാധകരാണ് വേണ്ടത്. അല്ലാതെ ധനികരോ, പ്രശസ്തരോ അല്ല. യമനിയമാദി സാധനകളാല്‍ നമ്മുടെ ഉള്ളിലുള്ള ആത്മചൈതന്യത്തെ ഉണര്‍ത്തിയവരാണ് യഥാര്‍ത്ഥ സാധകര്‍.

മന്ത്രസിദ്ധരായ സാധകര്‍ക്ക് ഉളളിലുള്ള പ്രാണശക്തി പ്രവാഹം വളരെ ഉയര്‍ന്നതായിരിക്കും. സകല ജീവജാലങ്ങളിലും ഉള്ളില്‍ ലയിക്കുന്ന ജീവശക്തി തന്നെയാണത്. എന്നാല്‍ ശാസ്ത്രീയ സാധനാ മാര്‍ഗ്ഗങ്ങളിലൂടെയും യമ, നിയമങ്ങള്‍, പ്രാണായാമം, കുണ്ഡലിനീയോഗ തുടങ്ങിയ അനുഷ്ഠാനങ്ങളിലൂടെയും തന്നിലെ പ്രാണശക്തിയെ പൂര്‍ണ്ണതവരുത്തിയവര്‍ വിദ്യാദീക്ഷയുടെ ആചാര്യന്മാരായാല്‍ അതു ലഭിക്കുന്ന കുട്ടികള്‍ വലിയ പണ്ഡിതരും സമര്‍ത്ഥരുമായിത്തീരുന്നു.

സാധകനായ ആചാര്യന്‍ കിഴക്കു ദര്‍ശനമായി ഇരുന്ന് ആദ്യമായി ദേവീമാഹാത്മ്യത്തിലെ സ്‌തോത്രജപങ്ങള്‍ ചെയ്യേണ്ടതാണ്. തുടര്‍ന്ന് ഇടതുകൈ ഹൃദയഭാഗത്തും വലതുകൈ കുട്ടിയുടെ ശിരസ്സിലും വച്ച് ഓം ഐം സരസ്വതൈ്യ നമഃ എന്ന നാമം ജപിക്കുന്നതാണ് രീതി.

തുടര്‍ന്ന് ശര്‍ക്കര, നെയ്യ്, തേന്‍ ഇവ സമാസമം ചേര്‍ത്ത ത്രിമധുരത്തില്‍ തൂലികമുക്കി നാവില്‍ ഓംകാരമെഴുതുന്നു. പിന്നീട് വലതുകൈയുടെ ചൂണ്ടുവിരല്‍ പിടിച്ച് അരിയില്‍ എഴുതിക്കുന്നു. ഓം ഹരി ശ്രീ ഗണപതയേ നമഃ അഖിഘ്‌നമസ്തുഃ എന്നെഴുതിയതിനുശേഷം അക്ഷരങ്ങള്‍ ക്രമാനുഗതമായി എഴുതാവുന്നതാണ്.

പ്രകൃതിയോട് തന്മയീഭാവം പ്രാപിക്കുന്ന ശക്തിയാണ് ദേവി. ദേവി സാക്ഷാല്‍ പ്രകൃതിതന്നെയാകുന്നു. വിജയദശമി ദിനത്തിലെ വിദ്യാദീക്ഷയിലൂടെ ഒരു വ്യക്തി പ്രപഞ്ചവിജ്ഞാനത്തിന് തന്നെയാണ് തുടക്കം കുറിക്കുന്നത്. ദേവിയെ ആബ്രഹ്മകീടജനനിയായി ആചാര്യര്‍ വര്‍ണ്ണിക്കുന്നു.

ബ്രഹ്മാവു മുതല്‍ കൃമികീടം വരെയുള്ള സകലതിനും ജനനി തന്നെയാണ് മഹാമായ.ലളിതാ സഹസ്രനാമത്തില്‍ ദേവിയെ വിശ്വമാതാ ജഗദ്ധാതീ... എന്നു വിശേഷിപ്പിക്കുന്നു. സകല പ്രപഞ്ചത്തിനും മാതാവും ലോകത്തെ തന്റെയുള്ളില്‍ ധരിച്ചിരിക്കുന്നവളുമാണ് ദേവി.

നവരാത്രി കാലത്ത് സ്വന്തമായി അനുഷ്ഠാനം നടത്തുന്നതിന് കഴിയാത്തവര്‍ക്ക് മറ്റുചില മാര്‍ഗ്ഗങ്ങള്‍ പറയുന്നുണ്ട്. അതിശക്തമായ ചില താന്ത്രിക ശാക്‌തേയ പൂജകള്‍ അവര്‍ക്കുവേണ്ടി നടത്തിക്കാവുന്നതാണ്. അതില്‍ പ്രധാനമായത് ജയദുര്‍ഗ്ഗാപൂജയാണ്. സകല ലക്ഷ്യങ്ങളിലും വിജയം നേടുന്നതിനുള്ള ശക്തമായ ദേവീപൂജയാണ് ഇത്. ഏതു ദുര്‍ഗമമായ കാര്യവും ഇതിലൂടെ സാധിക്കുന്നു.

സര്‍വ്വാഭീഷ്ടസിദ്ധി, സര്‍വ്വവശീകരണം ഈ ലക്ഷ്യങ്ങള്‍ ത്രിപുരസുന്ദരീ പൂജയിലൂടെ സാധ്യമാകുന്നു. സര്‍വ്വവിധ സമൃദ്ധിയും ലഭിക്കുന്നതിന് അഷ്ടലക്ഷ്മീപൂജ ഉത്തമമാണ്. വിവാഹലബന്ധിക്ക് മംഗളഗൗരീപൂജ, ശത്രുദോഷശാന്തിക്ക് മഹാപ്രത്യംഗിരാപൂജ തുടങ്ങിയ വിവിധങ്ങളായ ദേവീ ആരാധനാ കര്‍മ്മങ്ങള്‍ നവരാത്രികാലത്ത് ഭക്തരുടെ ആവശ്യാര്‍ത്ഥം നടത്തുന്നത് അതീവ ഫലപ്രദമാകുന്നു.

ഭാരതീയ സമൂഹത്തിന്റെ ഒരു വര്‍ഷക്കാലമുള്ള വിവിധ ആചാരങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെ രാജ്യമെങ്ങും ആചരിക്കപ്പെടുന്നത് നവരാത്രിയാണ്. ഇന്നത്തെക്കാലത്ത് സനാതന സമൂഹം മാത്രമല്ല, മറ്റനേകം വിഭാഗങ്ങളും വിദ്യാരംഭം സമഗ്രമായിത്തന്നെ ആചരിക്കുന്നു. ഇത് വിദ്യാവിനിമയത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നു.

ജ്ഞാനപ്രകാശനത്തിന്റെ ദീപ്തി ദേശാന്തരങ്ങളില്‍ വ്യാപിക്കുന്ന ദിനമാണ് വിജയദശമി. അന്ധകാരത്തിനുമേല്‍ പ്രകാശം നേടിയ വിജയത്തിന്റെ ദിനം. അജ്ഞാനവും മൂഢതയുമാകുന്ന മഹിഷത്തിനു മേല്‍ വിശ്വമാതാവാകുന്ന വിദ്യനേടിയ വിജയത്തിന്റെ ദിനം. ആ ദിനം ഏറ്റവും പ്രാധാന്യത്തോടെയും പരിഗണനയോടെയും നാം ആചരിക്കേണ്ടതു തന്നെയാണ്. അതിനായി ഏവര്‍ക്കും ജഗദംബികയുടെ അനുഗ്രഹവര്‍ഷമുണ്ടാകട്ടെ!

അനില്‍ പെരുന്ന
മൊ: 9847531232

Ads by Google
Monday 25 Sep 2017 02.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW