Wednesday, June 12, 2019 Last Updated 29 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 25 Sep 2017 02.27 PM

സംസ്‌കൃതം ത്രീഡി സിനിമ 'അനുരക്തി'

uploads/news/2017/09/149596/CinilocTAnurakthy1.jpg

സംസ്‌കൃതം ജനകീയമാകുന്ന കാലം സമാഗതമാകുകയാണ്. ദേവഭാഷയായ സംസ്‌കൃതം. ഡെഡ് ലാഗ്വേജെന്ന തലത്തിലേക്ക് വലിച്ചെറിയപ്പെടാതിരിക്കാനുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നുവരികയാണ്.

മൂവായിരം വര്‍ഷത്തോളം പഴക്കമുള്ള സംസ്‌കൃതം യുനെസ്‌കോ അംഗീകരിച്ച ഭാരതത്തിന്റെ ഭാഷാസംസ്‌കൃതിയാണ്. വേദങ്ങളുടെ സങ്കീര്‍ണതകളില്‍ തളച്ചിടപ്പെടാതെ ജനകീയ ഭാഷാ സംസ്‌കാരത്തിന്റെ നെറുകയിലേക്ക് സംസ്‌കൃതം കൈപിടിച്ചുയര്‍ത്തപ്പെടുകയാണ്.

പൊതുസമൂഹത്തില്‍ ജനമനസ്സുകളിലേക്ക് ഒരു ആശയം സംവേദനം നടത്തുന്ന പ്രധാന മാധ്യമം സിനിമയാണ്. ജനകീയമായ മാധ്യമമെന്ന നിലയ്ക്കാണ് സിനിമ ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തുന്നത്.

ശാസ്ത്രസാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സംസ്‌കൃത സിനിമ യാഥാര്‍ത്ഥ്യമാവുകയാണ്. സംസ്‌കൃതം ഭാഷാ സ്‌നേഹികളായ മലയാളികള്‍ അണിയിച്ചൊരുക്കുന്ന 'അനുരക്തി'യെന്ന സിനിമയുടെ ചിത്രീകരണമാണ തൃശൂരില്‍ പുരോഗമിക്കുന്നത്. ദുബായില്‍ സ്ഥിരം താമസക്കാരാനും മലയാളിയുമായ വി.കെ. അശോകനാണ് അനുരക്തിയുടെ സംവിധായകന്‍.

തൃശൂര്‍ ടൗണില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ചക്കാലയ്ക്കല്‍ പറമ്പിലെ നാടകസിനിമാ നടനായ സഞ്ജു മാധവന്റെ വീട്ടിലേക്ക് കടന്നുചെല്ലുമ്പോള്‍ ഉച്ചഭക്ഷണത്തിന്റെ ഇടവേളയായിരുന്നു.

പാരമ്പര്യത്തിന്റെ പ്രൗഢി കൈവെടിയാതെ പഴമയാര്‍ന്ന ശൈലിയില്‍ അതിമനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന വീട്ടിലാണ് അനുരക്തയുടെ ശ്രദ്ധേയമായ ഭാഗങ്ങള്‍ ക്യാമറയിലേക്കു പകര്‍ത്തിയത്.

അനുരക്തിയെന്നാല്‍ പ്രണയമാണ്. തീവ്രമായ അനുരാഗത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവതലങ്ങളിലൂടെയാണ് അനുരക്തി കടന്നുപോകുനനത്. അനുരക്തിയുടെ കഥാവഴി ഇങ്ങനെ:

കലാമണ്ഡലം പരമേശ്വര ചാക്യാര്‍ പ്രഗത്ഭമതിയായ കൂടിയാട്ടം കലാകാരനാണ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച പരമേശ്വര ചാക്യാര്‍ വീട്ടിലെ പ്രത്യേകം തയാറാക്കിയ കളരിയില്‍ കൂടിയാട്ടം പഠിപ്പിക്കുന്നുണ്ട്.

പഞ്ചാബില്‍നിന്നും കൂടിയാട്ടം പഠിക്കാന്‍ വസുധയെന്ന പെണ്‍കുട്ടി കേരളത്തിലെത്തുന്നു. വസുധ കലാമണ്ഡലം പരമേശ്വര ചാക്യാരുടെ അടുത്തേക്കാണ് കൂടിയാട്ട പഠനത്തിനായി എത്തുന്നത്. തന്റെ മുന്നിലെത്തിയ വസുധയെ കണ്ടപ്പോള്‍ ചെറുപ്രായത്തില്‍ മരണപ്പെട്ട തന്റെ മകളാണെന്ന തോന്നല്‍ ചാക്യാരുടെ മനസിലുണ്ടാവുന്നു.

uploads/news/2017/09/149596/CinilocTAnurakthy.jpg

തന്റെ കാര്യസ്ഥനാ അച്യുതനോട് ചാക്യാര്‍ ഇക്കാര്യം പറയുന്നുണ്ട്. ചാക്യാരുടെ മകന്‍ ജിനന്‍ ബാംഗ്ലൂരില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൂടിയാട്ടം പഠിക്കാനെത്തിയ വസുധയെ ജിനന്‍ കാണുന്നത്. ആദ്യകാഴ്ചയില്‍ തന്നെ ജിനന്് വസുധയോട് ഇഷ്ടം തോന്നുന്നുണ്ടെങ്കിലും വസുധ സുഹൃത്തായാണ് ജിനനെ കാണുന്നത്.

വസുധയോട് ജിനന്റെ മനസ്സിലെ സ്‌നേഹം പ്രണയമായി വളരുന്നു. പക്ഷേ ഇക്കാര്യം വസുധ അറിയുന്നില്ല. ഒരുഘട്ടത്തില്‍ വസുധയുടെ പിറന്നാള്‍ നാളില്‍ ചാക്യാര്‍ വസുധയ്ക്ക് ഒരു ചിലങ്ക സമ്മാനമായി നല്‍കി തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തി ആശ്ലേഷിക്കുന്നു. മുറിയില്‍ അച്ഛന്‍ വസുധയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് മകന്‍ കാണാനിടയാകുന്നു.

എന്നാല്‍ അച്ഛന്റെ തൊട്ടടുത്തുണ്ടായിരുന്ന അമ്മയെ ജിനന്‍ കാണുന്നില്ല. അച്ഛനും വസുധയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നു സംശയിക്കുന്ന ജിനന്‍ ഒരുനാള്‍ അച്ഛനെ തള്ളിമാറ്റുന്നു. മകന്റെ കൈയേറ്റത്തില്‍ മനംനൊന്ത ചാക്യാര്‍ ആത്മഹത്യക്കൊരുങ്ങുന്നു. ഇതോടെ അനുരക്തിയുടെ കഥ മറ്റൊരു ശ്രദ്ധേയമായ വഴിത്തിരിവിലൂടെ നീങ്ങുന്നു.

രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുള്ള യുനെസ്‌കോ അംഗീകരിച്ച സംസ്‌കൃതവും മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള പ്രാചീന കലാരൂപമായ കൂടിയാട്ടവും തമ്മിലുള്ള ശ്രദ്ധേയമായ സങ്കലനം കൂടിയാണ് അനുരക്തിയെന്ന് സംവിധായകന്‍ പി.കെ. അശോകന്‍ സിനിമാമംഗളത്തോട് പറഞ്ഞു.

അനുരക്തിയില്‍ സംഭാഷണവും ഗാനങ്ങളുമെല്ലാം സംസ്‌കൃതത്തില്‍ തന്നെയാണ്. സംവിധായകന്‍ പി.കെ. അശോകന്റെ മനസില്‍ ഉരുത്തിരിഞ്ഞ ആശയം കഥയും തിരക്കഥയുമാക്കിയത് സനലാണ്.

ടൈറ്റില്‍ കാര്‍ഡ്:
ബാനര്‍- ഹാപ്പി ട്യൂണ്‍ മീഡിയ, നിര്‍മ്മാണം- പി.കെ. അശോകന്‍, പി.കെ. വിജിത്ത്, സംവിധാനം- പി.കെ. അശോകന്‍, ക്യാമറ- ശശിരാമകൃഷണ, കഥ, തിരക്കഥ, സംഭാഷണം- സനല്‍, സംസ്‌കൃതം പരിഭാഷ- ഡോ. മഹേഷ്, ഡോ. നന്ദകിഷോര്‍, (ലൈവ് സാന്‍സ്‌ക്രിറ്റ്, തൃശൂര്‍), എഡിറ്റിങ്- സുനില്‍ കല്യാണി, ഗാനരചന- പി. മുരളീധരന്‍, സംഗീതം- ജോയ് ചെറുവത്തൂര്‍, ഗായകന്‍- വിജിത്ത് നമ്പ്യാര്‍, വസ്ത്രം- സുരേഷ് ഫിറ്റ്‌വെല്‍, കല- മഹേഷ് ചമയം, പി.വി. ശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഡോ. മഹേഷ്, അസോ. ഡയറക്ടര്‍- ഹരി തൃക്കല്ലൂര്‍, സഹസംവിധാനം- സുഹൈല്‍, ഹക്കിം, അനില്‍ ദാമോദര്‍, ത്രീഡി ക്യാമറാമാന്‍- അന്‍മോള്‍ മുംബൈ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ഷുക്കൂര്‍ മണപ്പാട്ട്, കീര്‍ത്തിനായര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- അഭിജിത്ത് ആദ്യ, കാസ്റ്റിങ് ഡയറക്ടര്‍- ദിനേശ് സൂയി, നമൃത ദത്ത, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജിത്ത്, മാനേജര്‍- ബിനീഷ്, യൂണിറ്റ് - ചിത്രാഞ്ജലി, മെയ്ക്കിംഗ് വീഡിയോ- ഷാജി, സ്റ്റില്‍സ്- രതീഷ് കര്‍മ്മ, പി.ആര്‍.ഒ. എം.എസ്.ദാസ് മാട്ടുമന്ത.

- എം.എസ്.ദാസ് മാട്ടുമന്ത
ഫോട്ടോ: രതീഷ് കര്‍മ്മ

Ads by Google
Monday 25 Sep 2017 02.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW