Monday, April 22, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 25 Sep 2017 02.22 PM

ദുല്‍ഖറിന്റെ കടുത്ത ആരാധിക ... പിന്നെ നായിക; കമ്മട്ടിപ്പാടംനായിക മനസു തുറക്കുമ്പോള്‍

കമ്മട്ടിപ്പാടത്തിലൂടെ അഭിനയരംഗത്തെത്തിയ ഷോണ്‍ റോമി മോഡലിംഗില്‍ നിന്നാണ് സിനിമയിലെത്തിയത്.
uploads/news/2017/09/149595/Weeklyshone1.jpg

മോഡലിംഗില്‍ നിന്ന് അഭിനയരംഗത്തെത്തിയ ഷോണ്‍ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ കൈയ്യിലെടുത്തു. കമ്മട്ടിപ്പാടം എന്ന സിനിമ കണ്ടവര്‍ക്ക് അതിലെ അനിതയെ മറക്കാന്‍ സാധിക്കുമോ?

ദുല്‍ഖര്‍ സിനിമകള്‍ കണ്ട് ആ താരത്തിന്റെ ആരാധികയായി മാറിയ ഷോണ്‍ ഒടുവില്‍ തന്റെ ഇഷ്ടതാരത്തിനൊപ്പം നായികയായി അഭിനയിച്ചതിന്റെ ത്രില്ലിലാണ്. സംസാരത്തില്‍ ചിരിയൊളിപ്പിക്കുന്ന ഈ ന്യൂജെന്‍ നായികയുമായി ഒരു ചിറ്റ്ചാറ്റ്.

അപ്രതീക്ഷിതമായി സിനിമയിലേക്ക് ?


സിനിമകള്‍ കാണുകയെന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. പഴയതും പുതിയതുമായ സിനിമകളൊക്കെ ഞാന്‍ കാണാറുണ്ട്. ഞാനും സുഹൃത്തുക്കളും ഒത്തുചേര്‍ന്നാല്‍ പിന്നെ ഇറങ്ങുന്ന സിനിമകള്‍ ഒന്നും മിസ്സാക്കില്ല.

ആത്മസുഹൃത്തായ നിയയ്ക്ക് സിനിമാമേഖലയുമായി ബന്ധമുണ്ടായിരുന്നു. കമ്മട്ടിപ്പാടമെന്ന ചിത്രത്തിന് വേണ്ടി നായികയെ അന്വേഷിക്കുന്ന സമയത്താണ് നിയ എന്നെ വിളിച്ചത്.

അവള്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഗീതുമോഹന്‍ ദാസിനെ വിളിച്ചു. അഭിനയിക്കാന്‍ താല്പര്യമുണ്ടോയെന്ന് ഗീതുചേച്ചി ചോദിച്ചപ്പോള്‍ താല്‍പര്യക്കുറവില്ലെന്ന് ഞാന്‍ പറഞ്ഞു.

ചേച്ചി പറഞ്ഞപോലെ എന്റെ ഫോട്ടോസും അയച്ചുകൊടുത്തു. ഗീതു ചേച്ചിയുടെ ഭര്‍ത്താവ് രാജീവ് രവിയായിരുന്നു കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍.

ഫോട്ടോസ് ഇഷ്ടപ്പെട്ടപ്പോള്‍ രാജീവ് സാര്‍ അടുത്ത ദിവസം ഓഡിഷന് ചെല്ലാന്‍ പറഞ്ഞു. ഓഡിഷന് ചെന്നു, സ്‌ക്രീന്‍ ടെസ്റ്റും നടത്തി. ഒടുവില്‍ ഞാന്‍ സെലക്ടായി.

അങ്ങനെയാണ് കമ്മട്ടിപ്പാടത്തിലെ അനിതയാകുന്നത്. ഷൂട്ടിംഗ് നാളുകള്‍ ഞാനൊരിക്കലും മറക്കില്ല. ഒരു തുടക്കക്കാരിയെന്ന പരിഗണനയും സ്‌നേഹവും എല്ലാവരും എനിക്ക് തന്നു.

വിനായകന്‍ ചേട്ടനും എന്നെ ഒരുപാട് സഹായിച്ചു. സിനിമ റിലീസ് ചെയ്ത് ഫസ്റ്റ് ഡേ തന്നെ ഞാന്‍ പോയെങ്കിലും കൈയ്യടികള്‍ കൊണ്ട് ഡയലോഗുകളൊന്നും ശരിക്ക് കേള്‍ക്കാന്‍ പറ്റിയില്ല. അതുകൊണ്ട് മറ്റൊരു ദിവസം പോയാണ് കമ്മട്ടിപ്പാടം ശരിക്കും ആസ്വദിച്ച് കണ്ടത്.

ആ സിനിമയിലെ എന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് നടി സിന്‍ഡ്രയായിരുന്നു. ഗീതുചേച്ചിയും സിന്‍ഡ്രയുമൊക്കെ വിളിച്ച് അഭിനയം നന്നായി എന്നു പറഞ്ഞപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു.

അനിതയും കൊച്ചിഭാഷയും ?


അനിതയെന്ന കഥാപാത്രം അഭിനയിച്ച് ഫലിപ്പിക്കാന്‍ കുറച്ച് പ്രയാസം നേരിട്ടു. മലയാളി ആണെങ്കിലും പഠനവും ജോലിയുമായി കുറെക്കാലം ബംഗലൂരുവില്‍ ആയിരുന്നു.അതുകൊണ്ട് തന്നെ മലയാളം സംസാരിക്കുന്നത് കുറവായിരുന്നു. സംസാരിച്ചാല്‍ തന്നെ അത് മംഗ്‌ളീഷായിപ്പോകും.

അനിതയെന്ന കഥാപാത്രം കൊച്ചിസ്‌ളാങില്‍ സംസാരിക്കുന്ന പെണ്‍കുട്ടിയാണെന്ന് പറഞ്ഞപ്പോള്‍ ഒന്നു ഞെട്ടി. കാരണം മലയാളം പോലും ശരിക്കു പറയാന്‍ പ്രയാസപ്പെടുമ്പോഴാണ് കൊച്ചിസ്‌ളാങില്‍ ഡയലോഗുകള്‍ പറയുന്നത്.

ഈ ചിത്രത്തിലെ തന്നെ റോസമ്മ എന്ന ക്യാരക്ടര്‍ ചെയ്ത അമല്‍ഡാലിസും വിനായകന്‍ ചേട്ടനും എന്നെ ഒരുപാട് സഹായിച്ചു. പിന്നെ ഡബ്ബ് ചെയ്തത് സ്രിന്‍ഡ ആയതുകൊണ്ട് ഞാനേറെക്കുറെ രക്ഷപെട്ടു. ഞാന്‍ തന്നെ ഡബ്ബ് ചെയ്തിരുന്നെങ്കില്‍ എന്റെ കഥാപാത്രം ഇത്ര മികച്ചതാവുമായിരുന്നില്ല.

ആരാധിച്ചിരുന്ന ആള്‍ ഒടുവില്‍ നായകനായി?


ദുല്‍ഖറിന്റെ സിനിമകള്‍ കണ്ട കാലം മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയായിരുന്നു. കമ്മട്ടിപ്പാടത്തിലെ നായകന്‍ ദുല്‍ഖറാണെന്നറിഞ്ഞപ്പോള്‍ എന്റെ സന്തോഷം പറഞ്ഞാല്‍ തീരുന്നതായിരുന്നില്ല. ഒരുപാട് ഇഷ്ടപ്പെടുന്നയാളെ ആദ്യമായി നേരില്‍ കാണുമ്പോള്‍ എന്തുപറയണമെന്ന ചിന്തയിലായിരുന്നു ഞാന്‍.

അദ്ദേഹം ആദ്യദിവസം ലൊക്കേഷനില്‍ വന്നപ്പോള്‍ ഞാനവിടെ ഇരിപ്പുണ്ടായിരുന്നു. എന്നെ നോക്കി ഒന്നു ചിരിച്ചു. ശേഷം ഹായ് പറഞ്ഞു.

താരത്തിന്‍േറതായ യാതൊരുജാഡയും ഞാന്‍ ദുല്‍ഖറില്‍ കണ്ടില്ല. എല്ലാവരോടും ചിരിച്ച് മാത്രമാണ് അദ്ദേഹം സംസാരിച്ചത്.

ഷൂട്ടിംഗ് നാളുകളില്‍ തന്നെ ഞാനൊരു ദുല്‍ഖര്‍ ഫാനാണെന്ന് അദ്ദേഹമറിഞ്ഞു. അപ്പോഴും ആ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. ചില സീനുകളില്‍ എനിക്ക് റീടേക്കുകള്‍ വേണ്ടിവന്നപ്പോഴും അദ്ദേഹം സ്റ്റാര്‍ ഇമേജ് മാറ്റിവച്ച് ഒരു സുഹൃത്തിനെ പോലെ സഹായിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ഷോണ്‍ ഫ്രം ബാംഗ്ലൂര്‍?


ചെറുപ്പം മുതല്‍ ഞാനും അനിയനും വളര്‍ന്നതും പഠിച്ചതും ബംഗലൂരുവിലാണ്. ചേച്ചിയും അനിയനുമായതുകൊണ്ട് തന്നെ ഞങ്ങള്‍ എപ്പോഴും വഴക്കായിരുന്നു.

മുതിര്‍ന്നതോടെ വഴക്കൊക്കെ പോയി. ഞാന്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നപ്പോള്‍ അമ്മയും അനിയനും തിരുവനന്തപുരത്ത് സെറ്റില്‍ഡായി.

പിന്നീടുള്ള ജീവിതം സിസ്റ്റര്‍മാര്‍ നടത്തുന്ന ഒരു മലയാളി ഹോസ്റ്റലിലായിരുന്നു. ഇവിടെത്തന്നെയാണ് പേളിമാണിയും സഹോദരിയും താമസിച്ചിരുന്നത്.

റൂംമേറ്റ്‌സ് അല്ലെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. രാത്രി ഒന്‍പത് മണിക്കുള്ളില്‍ എല്ലാവരും ഹോസ്റ്റല്‍ വളപ്പില്‍ കയറണം.

11മണി കഴിഞ്ഞാല്‍ റൂമുകളില്‍ ലൈറ്റ് പാടില്ല എന്ന കര്‍ശനനിലപാടുകള്‍ ഹോസ്റ്റലുകളുടെ മുഖമുദ്രയാണല്ലോ. താഴത്തെ ഹാളില്‍ മാത്രമേ പ്‌ളഗ് പോയിന്റുള്ളൂ.

അതുകൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ താഴെ വരണം. സത്യം പറഞ്ഞാല്‍ നാട്ടില്‍ വന്നപ്പോഴാണ് ഹോസ്റ്റല്‍ ജീവിതത്തിന്റെ ദയനീയത ശരിക്കും മനസിലായത്.

ബംഗലൂരുവിലെ ഒരു ബയോടെക് കമ്പനിയില്‍ ആണ് ഇപ്പോള്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. കമ്പനിയില്‍ നിന്ന് ലീവെടുത്ത് വീട്ടില്‍ വന്ന സമയത്താണ് സിനിമയിലേക്ക് സെലക്ഷന്‍ കിട്ടിയത്.

തിരിച്ച് അങ്ങോട്ടേക്ക് പോകാനിരുന്നപ്പോള്‍ മറ്റൊരു സിനിമ കൂടി വന്നു. ഏതൊക്കെ സിനിമകള്‍ വന്നാലും ജോലി ഉപേക്ഷിക്കില്ല, ആ നാടും.

ഒരു സമയം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് നമ്മുടെ കേരളത്തില്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയില്ല. എന്നാല്‍ എന്റെ സിറ്റി അങ്ങനെയല്ല.

ആശയങ്ങള്‍ പങ്കുവെയ്ക്കുന്നതിലും വസ്ത്രധാരണ ത്തിലും സ്ത്രീകള്‍ക്ക് സ്വാത്വന്ത്യം നല്‍കുന്ന നഗരമാണ് ബാംഗ്ലൂര്‍. ഒരിക്കലും മടുപ്പ് തോന്നാത്ത ഒരിടം ലോകത്തുണ്ടെങ്കില്‍ അത് ബംഗലൂരുവാണെന്ന് ഞാന്‍ പറയും.

സഹോദരനെയും സിനിമയില്‍ പ്രതീക്ഷിക്കാമോ?


അനിയന്‍ റോഹന് അഭിനയത്തേക്കാള്‍ സംവിധാനത്തിനോടാണ് പ്രിയം. ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹമെങ്കിലും എന്നെ നായികയാക്കുമെന്ന് തോന്നുന്നില്ല.

ഒരിക്കല്‍ തമാശയായി ഞാന്‍ അവനോട് ചോദിച്ചു, 'മോനൂസെ, നീയെടുക്കുന്ന പടത്തില്‍ എന്നെ നായികയാക്കില്ലേ?' അതിനവന്‍ പറഞ്ഞത് 'ഒരിക്കലും ഇല്ല ചേച്ചീ, നീ വലിയ തിരക്കുള്ള നടിയായി പോകില്ലേ അപ്പോള്‍, ഞാനേതെങ്കിലും പുതുമുഖതാരത്തിന് അവസരം കൊടുത്തോളാം' എന്നാണ്. പക്ഷേ ചുമ്മാതെയാണ് കേട്ടോ, എനിക്കറിയാം അവന്റെ മനസ്സില്‍ എനിക്കുള്ള സ്ഥാനം.

ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് അമ്മയും അവനും ഒരുപാടാഗ്രഹിച്ചിരുന്നു. മോഡലിംഗിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് അവനാണ്. അപ്പോള്‍ പിന്നെ അവന്റെ സിനിമയില്‍ ഞാന്‍ ഇല്ലാതിരിക്കുമോ, വലിയ കഥാപാത്രമൊന്നുമല്ലെങ്കിലും അവന്റെ സ്വപ്ന സിനിമയില്‍ എനിക്ക് അഭിനയിക്കണം.

പഴമയെ സ്‌നേഹിക്കുന്ന വ്യക്തിയാണെന്ന് കേട്ടിട്ടുണ്ട്?


സത്യമാണ്. ദിവസങ്ങള്‍ കടക്കുന്തോറും നമ്മുടെ ചുറ്റുമുള്ള എന്തിനും മാറ്റം വന്നുകൊണ്ടിരിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം കാഴ്ചയില്‍ കൗതുകം തോന്നുന്ന പഴയ സാധനങ്ങളോട് പണ്ടേ ഇഷ്ടമാണ്.അതിനോട് മാത്രമല്ല, 80 കളിലെ സിനിമകളൊക്കെ കാസറ്റിട്ട് കാണുമ്പോള്‍ അതിലെ നടീനടന്മാരുടെ മുഖത്ത് വരുന്ന ഭാവങ്ങളും വസ്ത്രങ്ങളിലുമാണ് എന്റെ ശ്രദ്ധ.

അന്ന് അവരൊക്കെ ധരിച്ച ഡ്രസ്സുകള്‍ ഇന്ന് ഫാഷന്‍ ലോകത്തെ വിസ്മയങ്ങളാണല്ലോ. എന്റെ ഡ്രസ്സിംഗില്‍ പരമാവധി പഴമ നിലനിര്‍ത്താന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

എല്ലാവരും പുതിയതിനെ തേടിപോകുമ്പോള്‍ പഴയത് എന്നു പറഞ്ഞ് തള്ളിക്കളയുന്നതിനെ സന്തോഷപൂര്‍വ്വം ഞാന്‍ സ്വീകരിക്കുന്നുവെന്ന് മാത്രം.

ദേവിന റെജി
ഫോട്ടോ : രാഹുല്‍ റിയോ

Ads by Google
Monday 25 Sep 2017 02.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW