Thursday, July 19, 2018 Last Updated 18 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 25 Sep 2017 02.09 PM

വണ്ണം കുറച്ചാല്‍ ഹൃദ്രോഗം തടയാനാകുമോ

ഹൃദയപൂര്‍വം
uploads/news/2017/09/149592/askdrheart250917.jpg

പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ കുഞ്ഞിനെ ബാധിക്കുമോ?

ഞാനൊരു വീട്ടമ്മയാണ്. 30 വയസ്. ആറു വര്‍ഷം മുമ്പായിരുന്നു വിവാഹം. ഒരു കുട്ടിയുണ്ട്. ഇപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയാണ്. ഉയരവും തൂക്കവും ആനുപാതികമാണ്. അടുത്തിടെ നടത്തിയ പരിശോധനയില്‍ 'പള്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍' എന്ന അവസ്ഥയുണ്ടെന്ന് കണ്ടെത്തി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കുഞ്ഞിന്റെ ആരോഗ്യത്തെ ഈ അവസ്ഥ ബാധിക്കുമോ? ഇതു മാറാന്‍ എന്താണ് ചെയ്യേണ്ടത്?
---- റീന ബഷീര്‍, ചുങ്കം

സാധാരണ മര്‍ദമാപിനികൊണ്ട് കൈത്തണ്ടയില്‍ അളക്കുന്ന രക്തസമ്മര്‍ദം ഹൃദയത്തിന്റെ ഇടത്തെ കീഴറയിലും മഹാധമനിയിലും അതിന്റെ ശാഖകളിലുമുള്ള പ്രഷറിന്റെ അളവാണ്. ഇത് സാധാരണ നിലയില്‍ 120/80 ആയിരിക്കും.

ഹൃദയത്തിന്റെ വലത്തെ കീഴറയിലും അതില്‍ നിന്നുമുള്ള പള്‍മനറി ധമനികളിലും അതിന്റെ ശ്വാസകോശങ്ങളിലെ ശാഖകളിലുമുള്ള പ്രഷര്‍ സാധാരണ തോതില്‍ 25 മില്ലി ലിറ്റര്‍ മെര്‍ക്കുറിയാണ്. ഇത് അജ്ഞാത കാരണങ്ങളാല്‍ വാല്‍വുകളുടെ അപചയം കൊണ്ട്, ശ്വാസകോശ ധമനികള്‍ രക്തക്കട്ടകള്‍ വന്ന് അടയുന്നതുകൊണ്ടെല്ലാം വര്‍ധിക്കാം.

അതായത് 25 മില്ലി ലിറ്റര്‍ മെര്‍ക്കുറിയേക്കാള്‍ കൂടുതലായി മഹാധനിയിലെ പ്രഷറിനോടൊപ്പമെത്താം. ഇങ്ങനെ ശ്വാസകോശ ധമനികളില്‍ രക്തസമ്മര്‍ദം വര്‍ധിക്കുന്നതിനെയാണ് 'പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍' എന്നു പറയുന്നത്. പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ പലപ്പോഴും അപകടകരമാവാം.

ഈ രോഗാവസ്ഥയുള്ള രോഗിക്ക് ശ്വാസതടസം, തളര്‍ച്ച, ശേഷിക്കുറവ് തുടങ്ങിയ ലക്ഷണങ്ങളുണ്ടാവാം. ചിലപ്പോള്‍ ഈ അവസ്ഥ മൂര്‍ഛിക്കുന്ന രോഗികള്‍ ശയ്യാബദ്ധമാകാം. ഇന്ന് പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന് ഫലവത്തായ ഔഷധങ്ങള്‍ വിപണിയിലുണ്ട്. 'ബോസെന്റാന്‍', 'അംബ്രിസെന്റാ ന്‍' തുടങ്ങിയവ നൂതന മരുന്നുകള്‍ സുലഭമാണ്.

താങ്കള്‍ ആദ്യത്തെ കുട്ടിയെ ഗര്‍ഭിണിയായിരുന്നപ്പോ ള്‍ രോഗബാധിതയായിരുന്നോ എന്ന് കത്തില്‍ പറഞ്ഞിട്ടില്ല. എത്രയാണ് പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്റെ തോത് എന്നും കൃത്യമായി അറിയണം. ഇതിനുള്ള കാരണമെന്തെന്ന് കൃത്യമായി കണ്ടുപിടിക്കണം. നിങ്ങള്‍ ഹൃദ്രോഗ വിദഗ്ധന്റെ അടുത്തെത്തി പരിശോധനകള്‍ക്ക് വിധേയമാക്കണം.

വണ്ണം കുറച്ചാല്‍ ഹൃദ്രോഗം തടയാനാകുമോ


58 വയസുള്ള വീട്ടമ്മയാണ് ഞാന്‍. മൂന്നു മക്കളുമുണ്ട്. ആര്‍ത്തവം നിലച്ചിട്ട് മൂന്നു വര്‍ഷമായി. അതിനു ശേഷം ശരീരം തടിക്കാന്‍ തുടങ്ങി. തടിച്ച ശരീരപ്രകൃതിയാണ് എനിക്ക്. ഇപ്പോള്‍ ഭാരവും കൂടിവരികയാണ്. പാരമ്പര്യമായി ഹൃദ്രോഗമുള്ള കുടുംബമാണ് എന്റേത്. അടിവയറ്റിലും കൈകള്‍ക്ക് പിന്‍ഭാഗത്തും ഉള്‍ത്തുടകളിലുമാണ് കൊഴുപ്പ് കൂടുതലായി അടിഞ്ഞുകൂടി തൂങ്ങിയിരിക്കുന്നത്. സര്‍ജറിയിലൂടെ വണ്ണം കുറച്ചാല്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ കുറയുമോ? അതുവഴി ഹൃദ്രോഗത്തിനുള്ള സാധ്യതയും തടയാനാകുമോ?
----- സൂസന്‍ , പൊന്‍കുന്നം

സാധാരണ ഋതുവിരാമത്തോടെ സ്ത്രീകളില്‍ ശരീരഭാരം വര്‍ധിക്കാറുണ്ട്. സ്‌ത്രൈണ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് ഇതിനു കാരണം. ഗര്‍ഭപാത്രം എടുത്തു കളയുന്ന ശസ്ത്രക്രിയ ചെയ്തവരിലും ഇങ്ങനെ സംഭവിക്കാറുണ്ട്. സ്‌ത്രൈണ ഹോര്‍മോണായ ഈസ്‌ട്രൊജന്‍ ശരീരത്തിന്റെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമാണ്.

മാത്രമല്ല പ്രായംചെല്ലുമ്പോള്‍ സ്ത്രീയുടെ അധ്വാനശീലവും കുറയുന്നു. കൂടുതല്‍ നേരം ടെലിവിഷനു മുമ്പിലും മറ്റും ചെലവഴിക്കുന്നതുകൊണ്ട് ശരീരഭാരം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എന്തായാലും ശരീരഭാരം വര്‍ധിക്കുന്നത് ചെറുതും വലുതുമായ ജീവിതശൈലി രോഗങ്ങളെ കൈകാട്ടി വിളിക്കുന്നതിന് തുല്യമാണ്. പ്രത്യേകിച്ച് അടിവയറ്റിലും മറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പുമൂലം കുടവയറുണ്ടാകുന്നത് രോഗങ്ങള്‍ കൂട്ടത്തോടെ കടന്നുവരാനിടയാക്കുന്നു.

അമിത വണ്ണം, ദുര്‍മേദസ് എന്നിവ ഹൃദ്രോഗത്തിലേക്കുള്ള സുപ്രധാന ആപത്ഘടകം തന്നെ. അമിത വണ്ണമുള്ളവര്‍ രണ്ടു കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ശരീരഭാരവും ഉയരവും തമ്മിലുള്ള ആനുപാതിക ബന്ധമായ ബോഡിമാസ് ഇന്‍ഡക്‌സ് (ബി.എം.ഐ) പരിശോധനയാണ് ഇതില്‍ ആദ്യം.

ബി.എം.ഐ 25 ല്‍ കൂടിയാല്‍ അമിതവണ്ണമുണ്ട് എന്ന് മനസിലാക്കാം. 30 ല്‍ കൂടുന്നത് ദുര്‍മേദസായി കണക്കാക്കാം. 40 നുമേല്‍ ബി.എം.ഐ വരുന്നത് അപകടകരമായ പൊണ്ണത്തടിയാണ്. അതുപോലെതന്നെ പ്രാധാന്യമേറിയതാണ് അരക്കെട്ടിന്റെ ചുറ്റളവ്. ഇന്ത്യക്കാരായ സ്ത്രീകള്‍ക്ക് ഇത് 80 സെന്റീ മീറ്ററില്‍ കുറഞ്ഞിരിക്കണം.

പൊക്കിളിന്റെ മുകള്‍ ഭാഗത്താണ് അളവ് നോക്കേണ്ടത്. താങ്കള്‍ ആദ്യമായി വണ്ണം കുറയ്ക്കാന്‍ കര്‍ശനമായ ഭക്ഷണ നിയന്ത്രണവും വ്യായാമവും ശീലമാക്കണം. പഞ്ചസാരയും മധുരപലഹാരങ്ങളും അരിയാഹാരവും വറുത്തതും പൊരിച്ചതും പാല്‍ ഉല്‍പ്പന്നങ്ങളും പാടേ ഉപേക്ഷിച്ചാല്‍ കാലറി കുറയ്ക്കാം.

ദിവസവും 35 - 45 മിനിട്ട് ഊര്‍ജസ്വലമായി നടക്കണം. അതിനായി ഉചിതമായ സമയം കണ്ടെത്തണം. വെയിലില്ലാത്ത സമയമാവും ഉത്തമം. എന്നിട്ടും വണ്ണം കുറയുന്നില്ലെങ്കില്‍ മാത്രം മറ്റ് വഴികള്‍ തേടുക.

വണ്ണം കുറയ്ക്കാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനമാണ് ബെറിയാട്രിക് സര്‍ജറി. ആമാശയത്തിന്റെ വലുപ്പം കുറച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ശരീരഭാഗങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ലൈപ്പോസക്ഷന്‍ വഴി നീക്കം ചെയ്യാം.

ഇവയെല്ലാം ശരീരത്തില്‍ കൃത്രിമായി നടത്തുന്ന ശസ്ത്രക്രിയകളായതുകൊണ്ട് അതിന്റേതായ സങ്കീര്‍ണതകളുമുണ്ട്. എന്തായാലും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയത് തടയാന്‍ ലൈപ്പോസക്ഷണ്‍ സഹായിക്കും. ആമാശയത്തില്‍ ഘടനാപരമായ വ്യതിയാനം വരുത്തി വിശപ്പ് കുറച്ച് ഭക്ഷണത്തിന്റെ അളവ് കാതലായി കുറയ്ക്കുന്ന ബാരിയാട്രിസ് സര്‍ജറിയും ചെയ്യാവുന്നതാണ്.

ഭാരം കുറയ്ക്കാനും പ്രമേഹം പ്രഷര്‍ എന്നിവ ക്രമീകരിക്കാനും ഉറക്കസമയത്തെ ശ്വാസം മുട്ടല്‍ (സ്ലീപ് അപ്നിയാ) ഇവ നിയന്ത്രിക്കാനും ഇത്തരം ശസ്ത്രക്രിയകള്‍ സഹായിക്കും. ഈ ക്രമീകരണങ്ങളെല്ലാംതന്നെ ഹൃദ്രോഗമുണ്ടാകാതിരിക്കാന്‍ സഹായിക്കും. എന്നാല്‍ ഒന്നോര്‍ക്കുക, ഭക്ഷണം ക്രമീകരിക്കാതെയും ആവശ്യത്തിന് വ്യായാമം ചെയ്യാതെയുമുള്ള എല്ലാ നടപടികള്‍ക്കും സങ്കീര്‍ണതകള്‍ ഏറെയുണ്ട്.

ലക്ഷണങ്ങളില്ലാതെ ഹാര്‍ട്ടറ്റാക്ക്


വേദയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതെയുള്ള ഹാര്‍ട്ടറ്റാക്കിനെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്താണ് ഇതിനു കാരണം? ഏതു തരത്തിലുള്ള ആളുകള്‍ക്കാണ് ഇതു കൂടുതലായി കാണപ്പെടുന്നത്?
----- അനിരുദ്ധന്‍, കൊന്നത്തടി

പ്രമേഹരോഗികളിലും രക്താതിസമ്മര്‍ദമുള്ളവരിലും വയോധികരിലും പ്രത്യേകിച്ച് സ്ത്രീകളിലുമാണ് വേദനയില്ലാത്ത ഹാര്‍ട്ട്അറ്റാക്ക് സാധാരണ കാണുന്നത്. പ്രമേഹംമൂലം ഹൃദയത്തിന്റെ ഓട്ടോണമിക് നാഡീവ്യൂഹത്തിനു സംഭവിക്കുന്ന അപചയമാണ് ഇതിനു കാരണം.

ഏതാണ്ട് 35 ശതമാനം പ്രമേഹരോഗികള്‍ക്കും നെഞ്ചുവേദന അനുഭവപ്പെടുകയില്ല. അതായത് ഹാര്‍ട്ടറ്റാക്കിന്റെ ലക്ഷണങ്ങളൊന്നും പ്രകടമായെന്നു വരില്ല. ശ്വാസംമുട്ടല്‍, ഓക്കാനം, ഛര്‍ദി, തളര്‍ച്ച, വയറുവേദന എന്നീ രോഗലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഹൃദ്രോഗം ഇല്ലാതെയും നെഞ്ചില്‍ അസ്വസ്ഥതയുണ്ടാകാം.

മറ്റു ശാരീരിക-മാനസിക കാരണങ്ങളാല്‍ ഉണ്ടാകുന്ന നെഞ്ചുവേദന. അമ്ലാംശം അധികമാവുന്നതിനെത്തുടര്‍ന്ന് അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ഉള്‍ഭിത്തിയിലുണ്ടാകുന്ന വ്രണങ്ങള്‍, കാന്‍സര്‍, ആഗ്നേയഗ്രന്ഥിയുടെയും പിത്തസഞ്ചിയുടെയും വീക്കം, ശ്വാസകോശങ്ങളുടെ വീക്കം, ന്യുമോണിയ, പ്ലൂറസി, എംബോളിസം തുടങ്ങിയവയെല്ലാം നെഞ്ചിനകത്ത് അസ്വാസ്ഥമുണ്ടാക്കാം

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍ , എറണാകുളം

Ads by Google
Ads by Google
Loading...
TRENDING NOW