Monday, October 02, 2017 Last Updated 46 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 24 Sep 2017 01.54 AM

ഷഡ്‌പദം- സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/09/149179/sun2.jpg

പരിമിതബുദ്ധിയുളള ഒരു സ്‌ത്രീക്ക്‌ കാഴ്‌ചയുടെയും കാഴ്‌ചപ്പാടുകളുടെയും ആഴം കൂറയും. ഉപരിതലസ്‌പര്‍ശിയായ ചിന്തകള്‍ അവളെ നയിക്കും. അവളുടെ അഭിപ്രായങ്ങളും സംഭാഷണങ്ങളും ആ തലത്തിന്റെ പരിധിക്കുളളിലൊതുങ്ങും. അത്‌ തിരിച്ചറിഞ്ഞ്‌ തിരുത്താന്‍ ഭര്‍ത്താവിന്‌ കഴിഞ്ഞില്ലെങ്കില്‍ അയാളും അവള്‍ക്കൊപ്പം കുഴിയില്‍ ചെന്ന്‌ ചാടും. കുഞ്ഞുണ്ണിയുടെ ജീവിതത്തില്‍ അത്തരം അനുഭവങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ തന്നെ ഉണ്ടായിട്ടുണ്ട്‌. എന്നിട്ടും ലീലാമണിയുടെ നിഷ്‌കളങ്കതയില്‍ അഭിരമിക്കാനാണ്‌ അയാള്‍ കൂടുതല്‍ ഇഷ്‌ടപ്പെട്ടത്‌. അവര്‍ പറയുന്ന പലതും യാഥാര്‍ത്ഥ്യത്തോട്‌ ഒട്ടും ചേര്‍ന്നു നില്‍ക്കുന്നതല്ലെന്ന്‌ അറിഞ്ഞിട്ടും അയാള്‍ അവളെ അക്ഷരംപ്രതി അനുസരിച്ചു.പെണ്‍കോന്തനായ ഭര്‍ത്താവ്‌ എന്ന്‌ പലരും പരിഹസിച്ചപ്പോഴും അയാള്‍ അതിനെ അവഗണിച്ചു. ഒരു കാര്യത്തിലും ലീലാമണിക്ക്‌
വേദനിക്കരുതെന്ന്‌ മാത്രമേ അയാള്‍ ചിന്തിച്ചുളളു. കാശുകാരനായ കുമാരന്റെ മകളെ മരുമകളായി വീട്ടില്‍ കയറ്റി വാഴിക്കാമെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ അതിലെ പതിരുകള്‍ അയാള്‍ ആലോചിക്കാഞ്ഞിട്ടല്ല. അവളുടെ തീരുമാനം നടക്കട്ടെയെന്ന്‌ കരുതി. ഇപ്പോഴും അവരെ അനുസരിക്കാനാണ്‌ കുഞ്ഞുണ്ണിയുടെ മനസാക്ഷി അയാളോട്‌ പറഞ്ഞത്‌. ഇക്കുറി ലീലാമണിയുടെ ആഗ്രഹവും അതിന്റെ ന്യായാന്യായങ്ങളും
ഇതായിരുന്നു.
''അതേയ്‌...എന്തൊക്കെ പറഞ്ഞാലും അവര്‌ കാശുകാരാ. നമ്മടെ മുന്നി തലകുനിക്കണ്ട ആവശ്യം അവര്‍ക്കില്ല. അങ്ങോര്‌ ഇങ്ങോട്ടു വന്ന്‌ ഇത്രയൊക്കെ ചെയ്‌ത സ്‌ഥിതിക്ക്‌ ഇനി നമ്മളായിട്ട്‌ ബലം പിടിച്ചെന്ന്‌ അവര്‍ക്ക്‌ തോന്നണ്ട. നമ്മക്ക്‌ ഒന്ന്‌ മോളേം കൂട്ടി അവടെ വരെ പോയാലോ?''
''കുമാരന്റെ പൊരേലേക്കോ..?''
ലീലാമണി മൂളി.
''അവര്‍ക്കത്‌ പിടിച്ചില്ലെങ്കിലോ?''
''അങ്ങനെ വരത്തില്ലെന്നാ എനിക്ക്‌ തോന്നുന്നേ. അവള്‍ക്ക്‌ വയറ്റിലുളള സ്‌ഥിതിക്ക്‌ അവരങ്ങനെ പെരുമാറുവോ..?''
ഒറ്റനോട്ടത്തില്‍ അത്‌ ശരിയാണെന്ന്‌ കുഞ്ഞുണ്ണിക്ക്‌ തോന്നി. പക്ഷെ മനുഷ്യന്റെ മനസ്‌ അളക്കുക എളുപ്പമല്ലെന്നും അയാള്‍ക്ക്‌ അറിയാം. മകളുടെ ദയനീയത കണ്ട്‌ സഹായിച്ചു എന്ന്‌ കരുതി അവള്‍ വരുത്തി വച്ച അപമാനം പൊറുക്കണമെന്നുണ്ടോ? അതിന്‌ കൂട്ടുനിന്നവരോട്‌ ക്ഷമിക്കണമെന്നുണ്ടോ? മിനിമോളെയും കൂട്ടി ചെന്ന്‌ അത്തരമൊരു അപമാനം ഏറ്റുവാങ്ങുന്നത്‌ ബുദ്ധിയല്ലെന്ന്‌ അയാള്‍ക്ക്‌ തോന്നി. അവളോട്‌ പറയാതെയാണ്‌ അവര്‍ കുമാരന്റെ വീട്ടിലേക്ക്‌ യാത്രയായത്‌. ആ സമയത്ത്‌ സൗമിനി കടയിലായിരുന്നു. അവള്‍ മടങ്ങി വരും മുന്‍പ്‌ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്‌ പോയത്‌.
ഗേറ്റ്‌ കടന്ന്‌ ചെല്ലുമ്പോള്‍ മുറ്റത്തെ ചെടികള്‍ക്ക്‌ വെളളമൊഴിച്ചു കൊണ്ട്‌ നില്‍ക്കുകയായിരുന്നു വത്സല.
''ഞങ്ങളെ മനസിലായോ?''
ഒരു തുടക്കത്തിന്‌ വേണ്ടി ലീലാമണി ചോദിച്ചു
വത്സലയുടെ മുഖം മങ്ങി. അവര്‍ പെട്ടെന്ന്‌ ഒരു മറുപടി പറഞ്ഞില്ല.
മുന്നറിയിപ്പില്ലാതെ വീണ മഴ പോലെ അവര്‍ വിതുമ്പി
''എന്റെ മോള്‍ക്ക്‌ അവിടെ സുഖമാണോ?''
അതും ചോദിച്ച്‌ അവര്‍ തേങ്ങി. ലീലാമണി അവരെ ചേര്‍ത്തുപിടിച്ച്‌ ആശ്വസിപ്പിച്ചു.
''എന്നാലും ഞങ്ങളോട്‌ നിങ്ങളിത്‌ ചെയ്‌തല്ലോ?''
വത്സലയുടെ അടുത്ത പരിദേവനം കേട്ട്‌ കുഞ്ഞുണ്ണിയുടെ മുഖം വിളറി.
''ഞങ്ങളെന്നാ തെറ്റ്‌ ചെയ്‌തിട്ടാരുന്നു..''
അവര്‍ വീണ്ടും പഴിക്കുകയാണ്‌. വന്നത്‌ അബദ്ധമായെന്ന ഭാവം കുഞ്ഞുണ്ണിയൂടെ മുഖത്ത്‌ വായിച്ചു ലീലാമണി.
''ഒരല്ലലും അറിയിക്കാതെ പൊന്നുപോലെ വളര്‍ത്തിക്കൊണ്ടു വന്ന കൊച്ചാ. ഇക്കണ്ടതെല്ലാം ഒണ്ടായത്‌ അവക്കടെ ഐശ്വര്യം കൊണ്ടാന്നാ എല്ലാരും പറേന്നത്‌.ഇവളിപ്പം അന്നന്നത്തെ അഷ്‌ടിക്ക്‌ പലേരക്ക്‌ കടേ സാധനം തൂക്കാന്‍ നിക്കുന്നു''
വത്സല വീണ്ടും പൊട്ടിക്കരഞ്ഞു.
''ഈ ചെയ്‌ത കൊലച്ചതിക്ക്‌ നിങ്ങളനുഭവിക്കാതെ പോകത്തില്ല...''
പരിദേവനം ശാപത്തിന്റെ തീവ്രതയ്‌ക്ക് വഴിമാറുന്നത്‌ കണ്ട്‌ കുഞ്ഞുണ്ണി പറഞ്ഞു.
''വാ..ലീലാമണി നമുക്ക്‌ പോവാം..''
''അങ്ങനങ്ങ്‌ പോകാന്‍ വരട്ടെ. അയലത്ത്‌ കെടന്നോണ്ട്‌ ഈ പണി ചെയ്യാവോന്ന്‌ പറഞ്ഞിട്ട്‌ പോ..''
''അതു പിന്നെ പിളേളര്‌ തമ്മീ ഇഷ്‌ടത്തിലായപ്പോ നമ്മളെതിര്‍ത്താലും അവര്‌..''
''ഒരു ചുക്കും ചെയ്യത്തില്ല. അതിനൊളള തന്റേടം നിങ്ങടെ ചെക്കനില്ലെന്ന്‌ എന്നേക്കാളീ നിങ്ങക്കറിയാം..എന്റെ കൊച്ച്‌ ഒരു ബുദ്ധിമോശം കൊണ്ട്‌ നിങ്ങടെ പെരേ വന്ന്‌ കേറിയപ്പം അതിനെ ഗുണദോഷിച്ച്‌ പറഞ്ഞയക്കേണ്ടതിന്‌ പകരം നിങ്ങള്‌ രണ്ട്‌ കയ്യും നീട്ടി സ്വീകരിച്ചു. അതാരുന്നോ അതിന്റെ മര്യാദ....പറ...''
വത്സല നിന്ന്‌ ചീറുകയാണ്‌.
''ചെയ്‌തത്‌ തെറ്റാന്നേ വത്സല ക്ഷമിക്ക്‌. അല്ലാതിനിയിപ്പോ എന്നാ ചെയ്യാനാ..''
ലീലാമണി ധര്‍മ്മസങ്കടം തുറന്നു പറഞ്ഞു.
''ക്ഷമ പറയാന്‍ തക്ക തെറ്റൊന്നും നമ്മള്‌ ചെയ്‌തിട്ടില്ല ലീലേ..വീട്ടില്‍ വന്നു കയറിയ കൊച്ചിനെ ഇറക്കിവിടാതെ കയറ്റി താമസിപ്പിച്ചതാന്നോ തെറ്റ്‌..''
കുഞ്ഞുണ്ണിയുടെ ആത്മാഭിമാനം പത്തിവിടര്‍ത്തി
''പന്നത്തരം കാണിച്ചിട്ട്‌ നിന്ന്‌ ന്യായം പറയല്ലേ...''
വത്സലയുടെ ഉള്‍ത്താപം രൂക്ഷമായി
കുഞ്ഞുണ്ണി ഭാര്യയെ ബലമായി പിടിച്ച്‌ വലിച്ചുകൊണ്ട്‌ പറഞ്ഞു
''വാടീ..ഇനീം ഇത്‌ കേട്ടോണ്ടു നിന്നാല്‍ എന്റെ ക്ഷമകെട്ടു പോകും..''
അവര്‍ വന്ന ഓട്ടോറിക്ഷ പുറത്ത്‌ കാത്തു നില്‍പ്പുണ്ടായിരുന്നു. വണ്ടിയില്‍ കയറും മുന്‍പ്‌ ലീലാമണി ഒരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കി. വത്സല രണ്ടുകയ്യും തലയ്‌ക്ക് മീതെ ഉയര്‍ത്തി പ്രാകുന്നുണ്ടായിരുന്നു. എന്താണ്‌ അവള്‍ പറയുന്നതെന്ന്‌ വ്യക്‌തമല്ല. ഇരുട്ടടി കിട്ടിയ പോലെയാണ്‌ ലീലാമണിക്ക്‌ തോന്നിയത്‌. വെളുക്കാന്‍ തേച്ചത്‌ പാണ്ടായത്‌ പോലെ.
വീട്ടില്‍ ചെന്നിറങ്ങിയ പാടെ കുഞ്ഞുണ്ണി കട്ടിലില്‍ കയറി കിടന്നു. ഉച്ചയ്‌ക്ക് ഉണ്ണാന്‍ വിളിച്ചിട്ടും അയാള്‍ ചെന്നില്ല. ലീലാമണി നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞു.
''വിശപ്പില്ല...'' അവര്‍ അയാളുടെ അടുത്ത്‌ ചെന്നിരുന്ന്‌ ആ നെറ്റിയില്‍ കൈവച്ചു.
''ചൂടുണ്ടല്ലോ...''
''ഉളള്‌ ചുട്ടുപഴുക്കുവല്ലേ'' കുറച്ചുമസമയത്തെ മൗനത്തിന്‌ ശേഷം അയാള്‍ പറഞ്ഞു.
''എന്നാലും പോവണ്ടായിരുന്നു...''
''ങും..'' ലീലാമണിയുടെ മൂളലില്‍ ഒരു ക്ഷമാപണം അന്തര്‍ലീനമായിരുന്നു.
''നമ്മള്‌ പോയ കാര്യം കൊച്ചറിയരുത്‌..അവനും..''
അതിനും അവര്‍ മൂളി. ശബ്‌ദിക്കാന്‍ അവകാശം നഷ്‌ടപ്പെട്ടതു പോലെ.
ദാരിദ്ര്യം ഉള്‍പ്പെടെ എന്തും സഹിക്കും കുഞ്ഞുണ്ണി. പക്ഷെ അപമാനം താങ്ങാന്‍ പറ്റില്ല. അത്‌ ലീലാമണിക്ക്‌ നന്നായറിയാം. കഴിഞ്ഞ ദിവസത്തെ പ്രവൃത്തി കണ്ടപ്പോള്‍ അവരുടെ ഭാഗത്തു നിന്നും ഇങ്ങനെയൊരു പ്രതികരണം ഉണ്ടാവുമെന്ന്‌ ലീലാമണി തീരെ പ്രതീക്ഷിച്ചില്ല.കുഞ്ഞുണ്ണി അപ്പോഴും ഗാഢമായ ആലോചനയിലായിരുന്നു.
''എന്നതാ ഈ ചിന്തിച്ച്‌ കൂട്ടുന്നത്‌...''
അവള്‍ ചോദിച്ചു.
''പട്ടിണി കെടന്നാലും ശരി, അവരടെ കാശങ്ങ്‌ തിരിച്ചുകൊടുത്താലോ?''
''അപ്പോ കൊച്ചറിയത്തില്യോ..നമ്മള്‍ പോയതൊക്കെ..''
ലീലാമണി ആദ്യമായി ബുദ്ധിപരമായി ഒരഭിപ്രായം പറഞ്ഞു.
''കൂടുതല്‍ ആലോചിച്ചപ്പോള്‍ അത്‌ വേണ്ടായിരുന്നുവെന്ന്‌ എനിക്ക്‌ തോന്നീന്ന്‌ നീ അവളോട്‌ പറ''
കുഞ്ഞുണ്ണി തന്നെ ഒരു പരിഹാരം നിര്‍ദ്ദേശിച്ചു.
''എന്നാലും അതുവേണോ?''
ലീലാമണി ചോദിച്ചു
''എന്തേ...?'' കഞ്ഞുണ്ണിക്ക്‌ അവള്‍ ഉദ്ദേശിച്ചത്‌ എന്താണെന്ന്‌ വ്യക്‌തമായില്ല.
''കൊച്ചിന്‌ അത്‌ പ്രയാസമാവും...മാസം ആറ്‌ കഴിഞ്ഞു.ഈ സമയത്ത്‌ അവളെ വെഷമിപ്പിക്കണോ?''
ആ പറഞ്ഞത്‌ പൂര്‍ണ്ണമായും ശരിയാണെന്ന്‌ അയാള്‍ക്ക്‌ തോന്നി.
''എന്നാ..ആ കാശീന്ന്‌ നയാപൈസ ഇവിടത്തെ ആവശ്യത്തിന്‌ എടുക്കണ്ട. അത്‌ അവള്‍ടെ പ്രസവത്തിനും മറ്റ്‌ കാര്യങ്ങള്‍ക്കും ഉപയോഗിക്കാം..''
അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന്‌ ലീലാമണിക്ക്‌ തോന്നി.
കടയടച്ച്‌ സൗമിനി വന്നപ്പോള്‍ അശുഭകരമായി ഒന്നും നടന്നതായി രണ്ടുപേരും ഭാവിച്ചില്ല. കൃത്രിമമായ സന്തോഷം നടിച്ചു. പതിവ്‌ പോലെ തന്നെ അവളോട്‌ പെരുമാറി. എന്നിട്ടും അവള്‍ വരികള്‍ക്കിടയിലുടെ വായിച്ചു. ഭാവാന്തരങ്ങളിലെ സൂക്ഷ്‌മവ്യതിയാനങ്ങള്‍ വരെ പിടിച്ചെടുക്കാന്‍ പ്രാപ്‌തമായിരുന്നു അവളുടെ മനസ്‌.
അത്താഴം കഴിഞ്ഞ്‌ ഒരുമിച്ചു നിന്ന്‌ പാത്രങ്ങള്‍ കഴുകുമ്പോള്‍ അവള്‍ ചോദിച്ചു.
''എന്താ അമ്മേ..മുഖത്ത്‌ ഒരു വിഷമം പോലെ...''
''ഏയ്‌..എനിക്കോ...ഒന്നൂല്ല..മോള്‍ക്ക്‌ തോന്നുന്നതാ..''
''അല്ല..എന്തോ ഒണ്ട്‌..അമ്മ പറ..''
''ഇല്ല മോളെ. ഒണ്ടേല്‍ ഞാന്‍ പറയത്തില്ലേ..അച്‌ഛന്‌ ഗുളിക എടുത്തുകൊടുക്കണം. ഞാന്‍ അകത്തോട്ട്‌ ചെല്ലട്ടെ. ബാക്കിപാത്രം മോള്‌ കഴുകി വച്ചോ..''
അതൊരു ഒഴിഞ്ഞുമാറലാണെന്ന്‌ അവള്‍ക്ക്‌ വ്യക്‌തമായി.
ലീലാമണി കുഞ്ഞുണ്ണിക്ക്‌ കിടക്കാനുളള ഷീറ്റ്‌ കുടഞ്ഞുവിരിക്കുമ്പോള്‍ പിന്നില്‍ ആളനക്കം കേട്ട്‌ തിരിഞ്ഞുനോക്കി. പുറത്ത്‌ കിണറ്റിന്‍ചുവട്ടിന്‍ കുളിക്കാന്‍ പോയ കുഞ്ഞുണ്ണി ഇത്രവേഗം മടങ്ങിവന്നല്ലോ എന്ന അതിശയത്തോടെയാണ്‌ തിരിഞ്ഞുനോക്കിയത്‌. മുന്നില്‍ ഒരു കുറ്റം കണ്ടുപിടിച്ച കളളച്ചിരിയോടെ സൗമിനി.
''എന്താ മോളെ...?''
അവളെ നേരിടാനുളള വൈമുഖ്യം അവരുടെ മുഖത്തുണ്ടായിരുന്നു.
''അമ്മയെന്നോട്‌ കളളം പറയാനും തുടങ്ങിയല്ലേ?''
ലീലാമണിക്ക്‌ എന്തോ അപകടം മണത്തു. അവര്‍ ഒരു മറുപടിക്ക്‌ പാങ്ങില്ലാതെ തലകുനിച്ചു.
''കടേലിരിക്കുമ്പോ..എന്റെ അമ്മ മൊബൈലിലേക്ക്‌ വിളിച്ചിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിലും വിഷമത്തിലും അങ്ങനെയൊക്കെ പറഞ്ഞുപോയതില്‍ അമ്മയ്‌ക്ക് സങ്കടമുണ്ട്‌. ക്ഷമ പറയാന്‍ എന്നോട്‌ പറഞ്ഞു..ഒന്നും വേണമെന്ന്‌ വച്ച്‌ പറഞ്ഞതല്ലന്നും പറയാന്‍ പറഞ്ഞു..''
ലീലാമണി അവിശ്വസനീയതയോടെ അത്‌ കേട്ടു നിന്നു.
''ഇത്രയും കാലത്തിനിടേ ഇതാദ്യമായിട്ടാ അമ്മയെന്നെ ഒന്ന്‌ വിളിക്കുന്നത്‌. ഇങ്ങനെയെങ്കിലും അമ്മേടെ ശബ്‌ദം ഒന്ന്‌ കേക്കാന്‍ പറ്റി. അതിന്‌ ഇടയാക്കിയതില്‍ എനിക്ക്‌ നന്ദിയുണ്ട്‌..''
സൗമിനി ഒന്ന്‌ നിര്‍ത്തിയിട്ട്‌ എന്തോ ആലോചിച്ചു. എന്നിട്ട്‌ പറഞ്ഞു.
''ഇരുപത്തിനാല്‌ വര്‍ഷം എന്നെ അടുത്തറിഞ്ഞ സ്വന്തം വീട്ടുകാരേക്കാള്‍ എന്നെ മനസിലാക്കിയത്‌ ഇവിടത്തെ അച്‌ഛനും അമ്മേമാണ്‌. നിങ്ങള്‍ക്കുണ്ടാകുന്ന ഏത്‌ വിഷമവും എന്റേം കൂടിയാണ്‌. അതുകൊണ്ട്‌ ആ ചെക്ക്‌ ഞാന്‍ കൊടുത്തുവിട്ടു. കവലേല്‍ സൈക്കിള്‍കട നടത്തുന്ന ആ ചെക്കനില്ലേ, ദാസപ്പന്‍...അവന്‍ സഹായിച്ചു..''
നെടുവീര്‍പ്പിടുന്ന സ്വരം കേട്ട്‌ സൗമിനി തിരിയുമ്പോള്‍ വാതിലിന്‌ പിന്നില്‍ എല്ലാം കേട്ട്‌കൊണ്ടു നിന്ന കുഞ്ഞുണ്ണിയെ അവള്‍ കണ്ടു. ലീലാമണിയും ഇപ്പോഴാണ്‌ അയാളെ കാണുന്നത്‌. കുഞ്ഞുണ്ണിയുടെ കണ്ണുകള്‍ നിറഞ്ഞ്‌ തൂവിയിരുന്നു. അവളുടെ അടുത്തേക്ക്‌ വന്ന്‌ ആ കൈകള്‍ കവര്‍ന്നെടുത്ത്‌ കവിളിലേക്ക്‌ ചേര്‍ത്ത്‌ അയാള്‍ പറഞ്ഞു.
''ഒരു മകളില്ലാതെ പോയ സങ്കടം ഇന്നത്തോടെ തീര്‍ന്നു കുഞ്ഞേ...മകനുളളതും ഇല്ലാത്തതും ഒരുപോലാ..നിനക്കറിയാല്ലോ...ഞങ്ങള്‍ക്കിനിയെല്ലാം നീയാണ്‌..നാളെ ഞാന്‍ മരിച്ചാലും ഈ സ്‌നേഹം മറക്കില്ല''
പെട്ടെന്ന്‌ അവള്‍ ചൊടിച്ചു
''അച്‌ഛനെന്തിനാണ്‌ ആവശ്യമില്ലാത്തതൊക്കെ പറേന്നത്‌. മരിക്കാന്‍ വേണ്ടിയാണോ ഞാന്‍ അച്‌ഛനേന്നും പറഞ്ഞ്‌ ജീവിക്കുന്നത്‌. സമാധാനമായി കിടന്നുറങ്ങ്‌..കടയില്‍ ഇപ്പോള്‍ ആവശ്യത്തിന്‌ കച്ചോടംണ്ട്‌. നമുക്ക്‌ ജീവിക്കാന്‍ ഇതൊക്കെ മതിയച്‌ഛാ. നമുക്ക്‌ വലിയ സ്വപ്‌നങ്ങള്‍ ഒന്നൂല്ലല്ലോ..കഴിഞ്ഞുകൂട്യാ മതി...''
അത്‌ ശരിവച്ച പോലെ അയാള്‍ തലയാട്ടി. ലീലാമണിയുടെ കണ്ണുകളും അറിയാതെ നിറഞ്ഞു.
ഇനിയും നിന്നാല്‍ താനും വിതുമ്പിപോകുമെന്ന്‌ സൗമിനിക്ക്‌ തോന്നി. എന്നാല്‍ അച്‌ഛന്‍ കിടന്നോ...എന്നും പറഞ്ഞ്‌ അവള്‍ പുറത്തേക്ക്‌ പോയി.
കുഞ്ഞുണ്ണിയും ലീലാമണിയും മുഖാമുഖം നോക്കി. അയാളുടെ മുഖത്ത്‌ ഒരു നനഞ്ഞ പുഞ്ചിരി വിരിഞ്ഞു.
''നമ്മള്‍ ഏത്‌ ജന്മത്തില്‍ ചെയ്‌ത പുണ്യത്തിന്റെ ഫലമാ ലീലാമണിയേ ഈ അനുഭവിക്കുന്നത്‌..''
അവരും ചിരിച്ചു. ആ സന്ദര്‍ഭത്തിന്റെ ആനന്ദം ഏറ്റുവാങ്ങിയതു പോലെ.
സൗമിനി കടന്ന്‌ ചെല്ലുമ്പോള്‍ ലൈറ്റണച്ച്‌ കിടക്കയില്‍ ജഡം പോലെ കിടന്നുറങ്ങുകയായിരുന്നു രാമു. അവള്‍ സഹതാപത്തോടെ അയാളെ നോക്കി നിന്നു. ഉണ്ണാനും ഉറങ്ങാനും സമയംകൊല്ലാനുമായി ഒരു വ്യര്‍ത്ഥജന്മം.
അവള്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌ കിടക്കയില്‍ വന്ന്‌ കിടന്നു. അയാളെ പതുക്കെ കെട്ടിപ്പിടിച്ച്‌ തേങ്ങി. ശബ്‌ദം പുറത്തുവരാതെ പരമാവധി ശ്രദ്ധിച്ചു. പതുപതുത്ത ചിത്രപ്പണികളുളള തലയിണ കണ്ണീര്‌ കൊണ്ട്‌ ചിത്രം വരച്ചു. എത്ര ശ്രമിച്ചിട്ടും അവള്‍ക്ക്‌ അയാളെ വെറുക്കാന്‍ കഴിഞ്ഞില്ല. ആ കിടപ്പില്‍ അവള്‍ എപ്പോഴോ മയങ്ങി.
അലാറം വയ്‌ക്കാന്‍ മറന്നു പോയിട്ടും പതിവുപോലെ അതിരാവിലെ തന്നെ ഉണര്‍ന്നു.
അടുക്കളയില്‍ ചെല്ലുമ്പോള്‍ അമ്മ വിറക്‌ അടുപ്പ്‌ കത്തിച്ചിരിക്കുന്നു.
''മോള്‌ കുറച്ച്‌നേരം കൂടി കെടന്നോളാന്‍ മേലാരുന്നോ...ഇങ്ങനിരിക്കുമ്പം ഇത്തിരി റെസ്‌റ്റെടുക്കണ്ടത്‌ ആവശ്യമാ..''
''ഇക്കാലത്ത്‌ അങ്ങനൊന്നും ഇല്ലമ്മേ...അമ്മ ഒറ്റയ്‌ക്ക് കഷ്‌ടപ്പെടുമ്പം എനിക്ക്‌ ഒറക്കം വരുകേലാ..''
ലീലാമണി സ്‌നേഹവാത്സല്യങ്ങളോടെ സൗമിനിയെ പാളിനോക്കി.
''അച്‌ഛനെണീറ്റില്ലേ..പത്രം വന്നുകാണുമല്ലോ..''
''ക്ഷീണമുളള ദെവസം എണീക്കാന്‍ വൈകും..''
''പാവം നല്ല സങ്കടമുണ്ടാവും..''
''ഏയ്‌..ഇന്നലെ വലിയ സന്തോഷത്തിലാ ഒറങ്ങീത്‌. ഏത്‌ പ്രയാസത്തിലും നിനക്ക്‌ നമ്മടെ മോള്‌ കൂടേണ്ടാവൂംന്ന്‌ പറഞ്ഞു..നിങ്ങളതിന്‌ എവിടെ പോകുന്നെന്ന്‌ ചോദിച്ചപ്പോ ഞാനില്ലേലും എന്നും പറഞ്ഞു...''
കത്തി നിന്ന നിലവിളക്ക്‌ പെട്ടെന്ന്‌ അണഞ്ഞതുപോലെ സൗമിനിയുടെ മുഖം മങ്ങി.
ഏതോ ഒരു അപായസൂചന അവളെ ഗ്രസിച്ചു.
''അമ്മ കാപ്പിയിട്ടോ..ഞാന്‍ അച്‌ഛനെ വിളിച്ചിട്ട്‌ വരാം. അങ്ങനെ മടിപിടിച്ചാല്‍ പറ്റില്ല. എനിക്ക്‌ ചില വിശേഷങ്ങള്‍ പറയാനുളളതാ...''
അവള്‍ അതും പറഞ്ഞ്‌ ഉത്സാഹത്തില്‍ പുറത്തേക്ക്‌ പോയി. ലീലാമണി ആ പോക്ക്‌ നോക്കി നിന്ന്‌ മന്ദഹസിച്ചു.
ചാരിയിട്ട വാതില്‍ ശബ്‌ദമില്ലാതെ തുറന്ന്‌ സൗമിനി ഉള്ളില്‍ കടന്നു. കൈയെത്തിച്ച്‌ ലൈറ്റിന്റെ സ്വിച്ചിട്ടു. മുറിയില്‍ പ്രകാശം പരന്നു. കട്ടിലില്‍ കുഞ്ഞുണ്ണിയെ കണ്ടില്ല. ബാത്ത്‌റൂമിലാവുമെന്ന്‌ കരുതി അവിടേക്ക്‌ നടന്നപ്പോള്‍ എന്തോ കാലില്‍ തടഞ്ഞു. നോക്കുമ്പോള്‍ വെറും തറയില്‍ കമിഴ്‌ന്നു കിടന്ന്‌ ഉറങ്ങുന്നു.
''ഉഷ്‌ണമാന്നേല്‍ ജനല്‌ തൊറന്നിട്ടാപോരാരുന്നോ അ്‌ചഛാ..ഈ തറേല്‌ വന്നു കിടന്ന്‌ വാതം പിടിപ്പിക്കണ്ട വല്ല കാര്യമുണ്ടോ?''
അങ്ങിനെ ചോദിച്ചുകൊണ്ട്‌ അവള്‍ കുനിഞ്ഞ്‌ താഴത്തിരുന്നു. അവളുടെ മുഖത്ത്‌ കറുത്ത പുക പോലെ വീര്യമുളള ഒരു കാര്‍മേഘം ഉരുണ്ടുകൂടിയിരുന്നു. നെഞ്ച്‌ പടപടാ മിടിക്കുന്നത്‌ അവള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.
അവള്‍ നനുത്ത വിരലുകള്‍ നീട്ടി കുഞ്ഞുണ്ണിയെ മെല്ലെ തട്ടിവിളിച്ചു.
''അച്‌ഛാ..അച്‌ഛാ..''
പ്രതികരണമുണ്ടായില്ല. അവള്‍ ആ കവിളില്‍ കൈവിരലുകള്‍ അമര്‍ത്തി. മുഖം ഐസ്‌ പോലെ തണുത്തിരിക്കുന്നു. കൈപ്പടം അവള്‍ മൂക്കിന്‌ താഴേക്ക്‌ അടുപ്പിച്ചു. ശ്വാസത്തിന്റെ നേരിയ ചൂട്‌ പോലുമില്ല. സൗമിനി അയാളുടെ വലതുകൈത്തണ്ടയെടുത്ത്‌ രണ്ട്‌ വിരലുകള്‍ ചേര്‍ത്ത്‌ പള്‍സ്‌ പരിശോധിച്ചു. നേരിയ സ്‌പന്ദനം പോലുമില്ല.
സൗമിനിയെ ആകെ വിറയ്‌ക്കാന്‍ തുടങ്ങി. ഭയക്കുന്നത്‌ സംഭവിച്ചെന്ന്‌ മനസിനെ വിശ്വസിപ്പിക്കാതിരിക്കാന്‍ അവള്‍ ആവുന്നത്ര ശ്രമിച്ചു. എന്നിട്ടും അപാരമായ ആപത്‌ശങ്ക അവളെ ഇളക്കിമറിച്ചു.ഒരു ധൈര്യത്തിനോ ആശ്രയത്തിനോ വേണ്ടി അവള്‍ ഉറക്കെ വിളിച്ചു.
''അമ്മേ...''
ചൂടുകാപ്പി അടുപ്പത്തു നിന്ന്‌ ഇറക്കി വയ്‌ക്കുന്നതിനിടയില്‍ മോളെ എന്ന്‌ വിളിച്ചുകൊണ്ട്‌ ലീലാമണി അവിടേക്ക്‌ ഓടി വന്നു.
വെറും തറയില്‍ കിടക്കുന്ന കുഞ്ഞുണ്ണിയെ കണ്ട്‌ അവര്‍ സ്‌തബ്‌ധയായി.
''അയ്യോ എന്നാ പറ്റി അച്ചോ...'' എന്നു ചോദിച്ച്‌ അവര്‍ നിലത്ത്‌ കുനിഞ്ഞിരുന്നു.
''അച്‌ഛന്‍ പോയി അമ്മേ...'' സൗമിനി വിങ്ങിപ്പൊട്ടി.
''എന്റെ പൊന്നുമോളേ...'' ലീലാമണിയുടെ നിലവിളി ഹൃദയം പിളര്‍ക്കുന്നതായിരുന്നു.

(തുടരും)

Ads by Google
Advertisement
Sunday 24 Sep 2017 01.54 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW