Saturday, September 08, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 23 Sep 2017 04.21 PM

വെര്‍ട്ടിഗോ കാരണങ്ങളും പരിഹാരവും

ലോകത്തിലെ സ്ഥിതിവിവരണ കണക്കനുസരിച്ച് മൂന്നില്‍ ഒരാള്‍ക്ക് 'വെര്‍ട്ടിഗോ' അഥവാ അസാധാണമായ തലകറക്കം അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നു.
uploads/news/2017/09/149022/virtigo.jpg

ഉത്സവപ്പറമ്പുകളിലും മറ്റും കാണുന്ന ആട്ടുതൊട്ടിലിലോ വിനോദത്തീവണ്ടിയിലോ കയറിയാല്‍ എല്ലാം ചുറ്റി കറങ്ങുന്നതായി തോന്നും. അതൊരു ആവേശ ജനകമായ അനുഭവം തന്നെയാണ്. എന്നാല്‍ ഇതേ അനുഭവം ഒരുകാരണവും കൂടാതെ ഉണ്ടായാല്‍ തീര്‍ച്ചയായും പരിഭ്രമിപ്പിക്കുന്നതു തന്നെയാണ്. അത് രോഗാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ലോകത്തിലെ സ്ഥിതിവിവരണ കണക്കനുസരിച്ച് മൂന്നില്‍ ഒരാള്‍ക്ക് 'വെര്‍ട്ടിഗോ' അഥവാ അസാധാണമായ തലകറക്കം അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നു.

തലചുറ്റല്‍ മൂലം വീഴുകയും അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുള്ള സുഹൃത്തിനെയോ ബന്ധുവിനെയോ കണ്ടുമുട്ടിയിട്ടുണ്ടാകും. എന്താണ് ഈ അവസ്ഥയ്ക്കുള്ള കാരണങ്ങള്‍?

സിഗ്നലുകളുടെ തകരാര്‍


മനുഷ്യ ശരീരത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് ചെവിയുള്ള ബാലന്‍സ് നിലനിര്‍ത്തുന്ന അവയവങ്ങളില്‍ നിന്നുള്ള സിഗ്നലുകളും കണ്ണുകളില്‍ നിന്നുള്ള സിഗ്നലുകളും പിന്നെ ശരീരത്തിലെ വിവിധ സന്ധികളില്‍ നിന്നുള്ള സിഗ്നലുകളും തലച്ചോറ് ഏകോപിപ്പിക്കുന്നതു വഴിയാണ്.

ഇതില്‍ ഏതെങ്കിലും സിഗ്നലിനോ തലച്ചോറിന്റെ ഏകോപനത്തിലോ തകരാറ് സംഭവിച്ചാല്‍ ശരീരത്തില്‍ അസന്തുലിതാവസ്ഥയുണ്ടാവാം.

സാധാരണയായി ബാലന്‍സ് നിലനിര്‍ത്തുന്ന അവയവങ്ങളുടെ തകരാറുകള്‍ ആണ് വെര്‍ട്ടിഗോയ്ക്കുള്ള കാരണമായി എടുത്തു പറയപ്പെടുന്നത്.

ബി.പി.വി.വി


ഒരാള്‍ തിരിയുമ്പോഴോ തലയനക്കുമ്പോഴോ തലചുറ്റല്‍ വരുന്നത് ബി.പി.വി.വി എന്ന രോഗാവസ്ഥ കാരണമാണ്. ചിലപ്പോള്‍ ഉറക്കം ഉണരുമ്പോഴോ വീഴ്ച മൂലമോ അഥവാ കായികാധ്വാനം ആവശ്യമുള്ള വിനോദം മൂലമോ ഈ അവസ്ഥയുണ്ടാകുന്നത് തികച്ചും ആശങ്കാജനകമാണ്.

അതുകൊണ്ട് നമ്മുടെ ദൈനംദിന പ്രവര്‍ത്തികള്‍ പോലും തടസപ്പെടുന്നതാണ്. ശിരസ് ചലിപ്പിക്കുന്നതുകൊണ്ടുതന്നെ ചിലപ്പോള്‍ മനം പിരട്ടുന്നതോ ഛര്‍ദിക്കാന്‍ തോന്നുന്നതോ കാര്യങ്ങള്‍ വഷളാക്കിയേക്കാം.

ആന്തരിക കര്‍ണ്ണത്തിലെ സന്തുലിതാവസ്ഥ നിര്‍ണയിക്കുന്ന കാത്സ്യം കാര്‍ബണേറ്റ് പലരുകളുടെ സ്ഥാനചലനം കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. ഈ അവസ്ഥ എളുപ്പം കണ്ടുപിടിക്കാവുന്നതും ഒരു ഇന്‍.എന്‍.ടി വിദഗ്ധനെ ചില പ്രത്യേക ചികിത്സാരീതികള്‍കൊണ്ട് പരിഹരിക്കാവുന്നതുമാണ്.

മെന്യേര്‍സ് ഡിസീസ്


വെര്‍ട്ടിഗോ കൂടാതെ, 'മെന്യേര്‍സ് ഡിസീസ്' മൂലം ചെവിയില്‍ നിന്നും മൂളലോ, മുഴക്കമോ കേള്‍ക്കുന്നതായും ചെവി അടഞ്ഞതായി അനുഭവപ്പെടുകയും കേള്‍വിശക്തി കുറഞ്ഞതായും തോന്നുകയും ചെയ്യും.

സ്വാഭാവികമായും ഒരു പ്രാവശ്യം വെര്‍ട്ടിഗോ വന്നാല്‍ അര മണിക്കൂര്‍ മുതല്‍ മൂന്നു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്നതായേക്കാം. എന്നാല്‍ ഇത് ചിലപ്പോള്‍ ഉപ്പുരസമുള്ള ആഹാരസാധാനം (സാധാരണ ഉപ്പിലെ സോഡിയം അഥവാ മോണോസോഡിയം ഗ്ലൂട്ടാമൈറ്റ്) മൂലം ആന്തരിക കര്‍ണ്ണദ്രവത്തില്‍ താല്‍ക്കാലികമായ വര്‍ധനവ് ഉണ്ടായത് മൂലമാകാം.

മിനിയേഴ്‌സ് അസുഖം ഉള്ളവരില്‍ കാപ്പി, മാനസിക സമ്മര്‍ദം എന്നിവ രോഗം വര്‍ധിക്കുവാനുള്ള പ്രേരകമായേക്കാം. ഈ അവസ്ഥയ്ക്ക് സമഗ്രമായ വിലയിരുത്തലുകളും വിദഗ്ധമായ പരിശോധനകളും (ഓഡിയോമെട്രിക് ടെസ്റ്റ്) മരുന്നുകളും പതിവായ തുടര്‍ ചികിത്സാ പദ്ധതികളും ആവശ്യമാണ്.

uploads/news/2017/09/149022/virtigo1.jpg

വെസ്റ്റിബ്യൂളാര്‍ ന്യൂറെറ്റിസ്


ശരീരത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന വെസ്റ്റിബ്യൂളാര്‍ ഞരമ്പില്‍ നീര്‍വീക്കം വരുന്ന അവസ്ഥയാണ് വെസ്റ്റിബ്യൂളാര്‍ ന്യൂറെറ്റിസ്. ഈ അവസ്ഥയ്ക്ക് മുമ്പ് മിക്കവാറും രോഗികള്‍ക്ക് വൈറല്‍ രോഗബാധയും വരുന്നതായി കാണാറുണ്ട്.

ഈ അവസ്ഥയ്ക്ക് വ്യക്തമായ ശാസ്ത്രിയ വശങ്ങള്‍ ഉണ്ട്. അതിനാല്‍ തന്നെ വ്യക്തമായ ചികിത്സാ പദ്ധതികള്‍കൊണ്ട് മാത്രമേ ഞരമ്പിലെ നീര്‍വീക്കവും മറ്റ് അനുബന്ധ ലക്ഷണങ്ങളും കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.

വെസ്റ്റിബ്യൂളാര്‍ വ്യവസ്ഥയുടെ നീര്‍വീക്കവും തുടര്‍ന്ന് ചെവിയില്‍ അണുബാധയും വരുന്ന രോഗവസ്ഥയാണ് അക്യൂട്ട് ലാബ്രിന്‍ന്തൈറ്റിസ്. മേല്‍പ്പറഞ്ഞ രോഗാവസ്ഥയില്‍ ഏതു ചെവിയ്ക്കാണോ രോഗാബാധയുണ്ടായത് ആ ചെവിയുടെ കേള്‍വിശക്തി ഗണ്യമായി കുറയുന്നു. ഇതിനായി വ്യക്തമായ ഔഷധ പ്രയോഗങ്ങള്‍ ആവശ്യമായി വരും.

മറ്റ് രോഗങ്ങള്‍


ചിലപ്പോള്‍ വെര്‍ട്ടിഗോ എന്നത് മൈഗ്രേന്‍ തലവേദനയുടെ ഒരു ലക്ഷണമായിട്ടും വരാറുണ്ട് എന്നത് തികച്ചും പരിഭ്രമിപ്പിക്കുന്നതാണ്. സൂക്ഷ്മമായ പരിശോധനയും ചികിത്സയും അതിനാല്‍ ആവശ്യമായി വരുന്നു.

സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന മസ്തിഷ്‌കത്തിലെ വെസ്റ്റിബ്യൂളാര്‍ ഷാവന്നോമ ട്യൂമര്‍, (അകൗസ്റ്റിക് ന്യൂറോമ) ചിലപ്പോള്‍ വെര്‍ട്ടിഗോയോട് അനുബന്ധിച്ച് കാണാറുണ്ട്. ഇതുമൂലം കേള്‍വിക്കുറവും മറ്റ് അനുബന്ധ രോഗലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.

ഇത്തരം രോഗികളെ വിലയിരുത്തുകയും അവര്‍ക്ക് പ്രത്യേക കേള്‍വിശക്തി പരിശോധനയും അനുബന്ധമായി എം.ആര്‍.ഐ സ്‌കാനും എടുത്ത് രോഗാവസ്ഥ നിര്‍ണയിക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്. ഈ അവസ്ഥയ്ക്ക് ശസ്ത്രക്രിയയും നിരന്തമായ തുടര്‍ചികിത്സയും ആവശ്യമായി വന്നേക്കാം.

വെര്‍ട്ടിഗോയോടൊപ്പം ചിലപ്പോള്‍ പക്ഷാഘാതവും വരുന്നതായി കാണാറുള്ളതിനാല്‍ ഈ അവസ്ഥ നേരത്തെ കണ്ടെത്തുകയും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമാണ്.

അതിനാല്‍ വെര്‍ട്ടിഗോയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ എത്രയും നേരത്തെ ഒരു ഇ.എന്‍.ടി സ്‌പെഷലിസ്റ്റിനെ കാണുകയും രോഗാവസ്ഥ തരണം ചെയ്യാന്‍ വേണ്ട പ്രത്യേക ചികിത്സാ രീതികള്‍ സ്വീകരിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ വീഴ്ചകളും പരിക്കുകളും അപകടങ്ങളും ഒഴിവാക്കുവാനും സാധിക്കും.

ഡോ. രഞ്ജിത് പീറ്റര്‍
കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി
ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി
കിംസ് ഹോസ്പിറ്റല്‍, കൊച്ചി

Ads by Google
Saturday 23 Sep 2017 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW