Sunday, March 25, 2018 Last Updated 24 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 23 Sep 2017 04.10 PM

കുടയെടുക്കാതെ ഒരു മഴ

കവയിത്രിയും, കോളമിസ്റ്റും സാഹിത്യ സാംസ്‌ക്കാരിക നിരൂപകയുമായ കോളേജ് മലയാളം അദ്ധ്യാപിക പ്രഫ. മ്യൂസ് മേരിയുടെ സാമൂഹിക നോട്ടങ്ങള്‍.
uploads/news/2017/09/149018/musculm230917.jpg

ചീര്‍ത്തുള്ള മേഘത്തിന്‍ ചാര്‍ത്തു പരന്നപ്പോള്‍ മാര്‍ത്താണ്ഡബിംബം മറഞ്ഞുപോയി. മായയില്‍ മൂടിന മാനസം തന്നിലെ ജ്ഞാനം മറഞ്ഞങ്ങു പോകും പോലെ മഴ കാണുമ്പോള്‍ കൃഷ്ണഗാഥയിലെ ഈ വരികള്‍ പലപ്പോഴും നാവിന്‍തുമ്പിലെത്തും.

നാലാം ക്ലാസ്സിലെ ലീലമ്മ ടീച്ചര്‍ തല്ലിയും കൊട്ടിയും പഠിപ്പിച്ച വരികള്‍. മഴ എന്നെ പിന്നോട്ടു വിളിക്കുന്നു. മഷിപ്പച്ച സ്ലേറ്റിലുരച്ച് അക്ഷരം മായ്ച്ചുകളഞ്ഞ ബാല്യം.

തണ്ടു മുഴുവന്‍ വെള്ളം നിറച്ച് നിവര്‍ന്നു നില്‍ക്കാന്‍ ബദ്ധപ്പെട്ട് നില്‍ക്കുന്ന മഷിത്തണ്ട് പറിച്ചെടുത്ത് വേരിലെ മണ്ണു കഴുകിക്കളഞ്ഞാലോ അകമൊട്ടുമേ മറയ്ക്കാതെ സ്വയം വെളിപ്പെടുത്തി നില്‍ക്കുന്ന കൂട്ടുകാരിയെ പോലെ നഗ്നമായ ആത്മാവുമായി നില്‍ക്കുന്ന പാവം ചെടി മഴക്കാലത്തിന്റെ ബാല്യകാല ചിത്രങ്ങളില്‍ അതിങ്ങനെ തുവര്‍ത്താത്ത തലയുമായി നില്‍ക്കുന്നു.

ഒന്നു കനപ്പിച്ചു നോക്കിയാലുടന്‍ കണ്ണീരു പൊടുപൊടാന്ന് വീഴ്ത്തുന്ന മേരിക്കുട്ടിയെന്ന കൂട്ടുകാരിയെപ്പോലെ തണ്ടില്‍ വെള്ളം നിറച്ച് മഷിത്തണ്ടുചെടി.

തുവര്‍ത്താത്ത തലയെന്നു പറയുമ്പോള്‍ത്തന്നെ ഒരിക്കലും കുടയെടുക്കാതെ എന്നും മഴ നനഞ്ഞുതന്നെ ക്ലാസ്സിലെത്തിയിരുന്ന വാസു എന്ന സഹപാഠി പിന്നീട് മഴയിലേയ്ക്കിറങ്ങിപ്പോയി. നനഞ്ഞ് വെള്ളം ഇറ്റുവീഴുന്ന തലയുമായി വന്നിരിക്കുമ്പോള്‍ പിടലിയിലൂടെ വെള്ളം ഊര്‍ന്നിറങ്ങിക്കൊണ്ടിരിക്കും.

ഒന്നു മഴ നനഞ്ഞാല്‍ പനിപിടിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്കിടയില്‍ വാസുവിനെപ്പോലെ ധാരാളം കുട്ടികള്‍ അന്നുണ്ടായിരുന്നു. കുടയില്ലായ്മയെ അപകര്‍ഷയായി കരുതിയില്ല. മഴ നനയുന്നതൊരു ഹരമായിരുന്നു.

മഴ നോക്കി സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കുന്നവരെ അവരറിയാതെ മഴയിലേയ്ക്ക് തള്ളിയിടുന്നവര്‍. അങ്ങനെ രണ്ടുമൂന്നു തവണ മഴയിലേയ്ക്ക് ഉന്തിയിടപ്പെട്ടാല്‍ പിന്നെ മിക്കവരും അതൊരു കളിയായി തുടരും. എന്നാല്‍ ഇഷ്ടപ്പെടാത്ത ചിലര്‍ തള്ളിയിട്ടവരെ പിടിച്ചിടിക്കുകതന്നെ ചെയ്തിരുന്നു.

ഈര്‍പ്പവും ചെളിയുമൊക്കെയുള്ള സ് കൂള്‍ വരാന്തയില്‍ നിന്നും കിടന്നുമൊക്കെ ഇടിച്ച് വശംകെടുന്നവര്‍ക്ക് ഇടികണ്ടുവരുന്ന ടീച്ചേഴ്‌സിന്റെ കയ്യില്‍ നിന്ന് തല്ലുറപ്പാണ്.

കൈവെള്ളയിലെ അടിപ്പാടുകളും പിടിച്ചുവലിച്ചിളകിയ നനഞ്ഞ തലമുടിയും തറയിലെ ചെളിപുരണ്ട കുപ്പായങ്ങളും നനഞ്ഞ ഉടുപ്പുകളുമൊക്കെ ചേര്‍ന്ന നാട്ടുവിദ്യാലയത്തിന്റെ മഴച്ചിത്രങ്ങള്‍ മനസ്സില്‍ തൂവി നിറയുന്നു.

ഇന്നും കുടയെടുക്കാതെ മഴനനയാന്‍ മഴ വിളിക്കുന്നു. വിളി കേള്‍ക്കുമ്പോള്‍ പഴയ സ്‌കൂള്‍ വരാന്തയിലെ പൊടിയും ചെളിയും ഈര്‍പ്പവുമൊക്കെയുള്ള ഉളുമ്പുമണം.

നനഞ്ഞ മുടി ഉണങ്ങാതെ കെട്ടിവച്ച് മുടിക്കായ പിടിച്ച് പരുപരുത്ത മുടിയുമായി ക്ലാസ്സിലിരുന്ന ചില പെണ്‍കുട്ടികള്‍. കനച്ച എണ്ണയും ഈര്‍പ്പവും ചേര്‍ന്ന വളിച്ച മണം തലയില്‍ പേറുന്നുണ്ടെന്ന് അവരറിയുന്നുണ്ടായിരുന്നോ? ആര്‍ക്കറിയാം? അത്രയൊക്കെ തങ്ങളെക്കുറിച്ച് അന്നവര്‍ ചിന്തിച്ചിരുന്നോ? കരകരാന്നുള്ള ഒച്ചയും മുടിക്കായ ഉള്ള പരുക്കന്‍ മുടിയും കരിമ്പന്‍ പിടിച്ച റോസ് ഷര്‍ട്ടും (യൂണിഫോം ഷര്‍ട്ടിന്റെ നിറം റോസ് ആയിരുന്നു) ഒക്കെ ധരിച്ച് പഠിക്കണോ വേണ്ടയോ എന്ന സംശയം വിട്ടുമാറാതെ നിലനിന്ന കുട്ടികളുണ്ടായിരുന്നു.

മുഷിഞ്ഞ പെറ്റിക്കോട്ട് മഴവെള്ളം വീണുകഴിയുമ്പോള്‍ ഒരുതരം അവിഞ്ഞ മണമാണ്. നനഞ്ഞുണങ്ങാതെ കൂട്ടിയിട്ടാല്‍ കരിമ്പന്‍ പിടിക്കുമെന്നുറപ്പ്. ഹൈറേഞ്ചിലേയ്ക്ക് താമസം മാറ്റിയ അപ്പനുമമ്മയും വല്യമ്മച്ചിയുടെ കൂടെ നിര്‍ത്തിയിട്ടുപോയ എത്സമ്മയുടെ പെറ്റിക്കോട്ടില്‍ കരിമ്പനും മുടിയില്‍ മുടിക്കായയും ചേക്കേറി.

കരിമ്പന്‍ പിടിച്ച മുഷിഞ്ഞ പെറ്റിക്കോട്ട് ഷര്‍ട്ടിനിടയില്‍ക്കൂടി ഒളിഞ്ഞുനോട്ടം ഒരു സ്ഥിരാഭ്യാസമായി നിലനിര്‍ത്തി. പെറ്റിക്കോട്ട് മുന്നും പിന്നും തെറ്റിച്ചിടുന്നതു കൊണ്ടാവാം ഇത്. ആരു നോക്കാനാണിത്. വല്യമ്മച്ചിക്കിതു വല്ലോം മനസ്സിലാകുമോ?

മഴ നനഞ്ഞു പോയി മൂത്രമൊഴിച്ചിട്ടുവരാന്‍ മടി പിടിച്ചിരുന്ന് ക്ലാസ്സില്‍ മൂത്രമൊഴിച്ചവര്‍ നനഞ്ഞ കാലടികള്‍ ചവിട്ടിക്കേറ്റുന്ന വെള്ളത്തിനൊപ്പം മൂത്രത്തിന്റെ പൊടുങ്കുമണം കൂടി കലര്‍ന്നു പോയിരുന്ന ചില മഴ ദിവസങ്ങള്‍! മര്‍സിലാമ്മ മരിച്ചത് ഈ മിഥുനമഴയിലാണ്.

പാവം മര്‍സിലാമ്മ എത്രയോ കാലം ഇത്രയും ഗ്രാമീണ വിദ്യാലയ മണങ്ങള്‍ സഹിച്ചിട്ടുണ്ട്. എത്ര പ്രാവശ്യം ക്ലാസ്മുറികള്‍ കഴുകി വൃത്തിയാക്കിയിട്ടുണ്ടാവും.

സ്‌കൂളിലെത്തുന്ന മുഴുവന്‍ പേരുടെയും ശൗചവും സുരക്ഷയും അദ്ധ്യാപകരുടെ ചുമതല ആയിരുന്നല്ലോ? എങ്കിലും മഴപിടിച്ച് പനിപിടിച്ചു മരിച്ച കുട്ടികള്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.

ഇന്ന് മഴ കൂടി, പനി മരണം കൂടുന്നുഎന്നൊക്കെ പത്രങ്ങള്‍ എഴുതുമ്പോള്‍ പനി മരണം മഴേടെ മാരണപ്രയോഗമാണന്നു തോന്നിപ്പോകും. മഴയാണോ പനി കൊണ്ടുവരുന്നത്? മനുഷ്യരുടെ ശ്രദ്ധയില്ലായ്മയോ!

ജൂലൈ മൂന്ന് ദുക്‌റാന തിരുന്നാളാണ്. തോമാശ്ലീഹയുടെ മരണത്തിന്റെ ഓര്‍മ്മപ്പെരുന്നാള്‍. പണ്ടൊരു മഴക്കാലത്ത് ചില്ലുപിടിയില്‍ റോസാപ്പൂവിന്റെ പടം അകത്തുള്ള കുടയും പിടിച്ച് മഴ നനഞ്ഞ് കുന്നിന്‍മുകളിലെ പള്ളിയില്‍ നിന്ന് കുര്‍ബ്ബാന കഴിഞ്ഞ് പോരുമ്പോള്‍ കൂടെയുണ്ടായിരുന്നത് തറപ്പേല്‍ ചേടത്തിയാണ്. നാലരയടിപ്പൊക്കമുള്ള തറപ്പേല്‍ ചേടത്തിയുടെ ചട്ടയുടെ വക്കില്‍ കരിമ്പന്‍ ഡിസൈന്‍ പണി ചെയ്തിട്ടുണ്ട്.

ചേടത്തിക്കൊപ്പം നടക്കുമ്പോള്‍ മഴപെയ്ത് റോഡരികിലെ കാന തോടായി മാറിയിരുന്നു. മഴവെള്ളത്തിലൂടെ കാലു തോണിയാക്കേണ്ടിവരുന്ന പെടാപ്പാട് കണ്ടു ചേടത്തി പറഞ്ഞു, തോറാനയ്ക്കാറാന ആറെ കൂടേന്നാ.. എനിക്കതിന്റെ അര്‍ത്ഥം കിട്ടിയില്ല.

വീടുവരെ ആ വാക്യം മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നു. എന്താണിതിന്റെ അര്‍ത്ഥം? മമ്മിയോടു ചോദിച്ചു. തോറാന ദുക്‌റാനയുടെ മലയാളീകരണം. ആറ് ആന ആറ്റില്‍ക്കൂടെയൊഴുകത്തക്കവിധം വെള്ളം പൊങ്ങുന്ന മഴ ഈ സമയത്തുണ്ടെന്നാ ചേടത്തി പറഞ്ഞത്.

അതേ, തോരാമഴ പെയ്യേണ്ട നേരമാണ് കര്‍ക്കിടകം. മഴപെയ്ത്തിനെ പ്രാകരുത്. സ്വാഭാവികമായതിനെ സന്തോഷത്തോടെ നേരിടണമെന്നല്ലേ ആ പ്രായം ചെന്ന മനസ്സ് പറഞ്ഞുതന്നത്. എന്നാല്‍ ഇപ്പോള്‍ ജനാലയ്ക്കു പുറത്ത് മഴപെയ്യുകയാണ്.

രാത്രിയിലും മഴപെയ്തു. എങ്കിലും ഇടമുറിയാത്ത മഴ അല്ല. ഇടമുറിയാതെ മഴ പെയ്ത് തിരിമുറിയാതെ തിരുവാതിരയില്‍ പെയ്തു നിറഞ്ഞ് മലനാട് നനഞ്ഞു കുതിരുന്നില്ലെങ്കില്‍ ഞാനെവിടെ കറ്റവയ്ക്കും എന്ന് സൂര്യന്‍ ചോദിക്കുന്നു.

പെയ്യേണ്ട മഴയെക്കാള്‍ 34 ശതമാനം മഴ കുറവാണ് കിട്ടിയതെന്ന് മാതൃഭൂമി പത്രം എഴുതുന്നു. 2632.1 മില്ലിമീറ്റര്‍ മഴ കിട്ടേണ്ടിടത്ത് കിട്ടിയത് 1073.8 മില്ലിമീറ്റര്‍ മഴമാത്രമെന്ന് പത്രം പറയുമ്പോള്‍ ഒരു മഴക്കാലം നിറഞ്ഞു പെയ്യാന്‍ കൊതിക്കുന്നു. ''പെയ്യട്ടങ്ങനെ പെയ്യട്ടെ, ഇടീം വെട്ടി പെയ്യട്ടെ.''

പ്രഫ. മ്യൂസ് മേരി

Ads by Google
TRENDING NOW