Friday, November 16, 2018 Last Updated 32 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 23 Sep 2017 03.06 PM

ഭൂമിയെ ചവിട്ടി വിറപ്പിച്ച വൃതാസുരന്‍ ദേവലോകത്തെത്തി ഇന്ദ്രനെ വിഴുങ്ങി. ഒരു കോട്ടുവായിലൂടെ ഇന്ദ്രനെ പുറത്തെത്തിച്ച് ദേവഗണവും. ആ കഥ ഇങ്ങനെ

'' അവന്റെ ശക്തിയില്‍ ഭൂമി കുലുങ്ങി. ജനങ്ങളും മൃഗങ്ങളും ഭയന്നുവിറച്ചു. എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല അവന്റെ അഹങ്കാരം.''
uploads/news/2017/09/149002/Weeklypuranakdha230917.jpg

ഭയങ്കരനായ ഒരു അസുരനായിരുന്നു വൃത്രാസുരന്‍. ഒരിക്കല്‍ വൃത്രാസുരന്‍ കഠിനമായ തപസിലൂടെ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. എന്തിനാണ് നീ നമ്മെ പ്രസാദിപ്പിച്ചത്. ബ്രഹ്മാവ് ചോദിച്ചു. അപ്പോള്‍ ഭൂമി കുലുങ്ങുമാറുച്ചത്തില്‍ ചിരിച്ചുകൊണ്ട് വൃത്രാസുരന്‍ പറഞ്ഞു.

പ്രഭോ.. എനിക്ക് ഇനിയും ശക്തനാകണം. അതിനുള്ള വരമാണ് ഞാനാഗ്രഹിക്കുന്നത്. ശരി.. നിന്റെ ആഗ്രഹം നടക്കട്ടെ.. നീ ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടി ശക്തനാകും.. അതോടെ വൃത്രാസുരന്റെ അഹങ്കാരം വര്‍ധിച്ചു. അവന്‍ ഭൂമിയില്‍ കാലമര്‍ത്തിച്ചവിട്ടിയായി നടത്തം.

അവന്റെ ശക്തിയില്‍ ഭൂമി കുലുങ്ങി. ജനങ്ങളും മൃഗങ്ങളും ഭയന്നുവിറച്ചു. എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല അവന്റെ അഹങ്കാരം. ഇനി ദേവലോകത്തേക്കു നീങ്ങണം. എന്നിട്ട് ദേവേന്ദ്രന്‍ അടക്കമുള്ള ദേവന്‍മാരെ വിറപ്പിക്കണം... ഹഹഹ.. അവന്‍ വൈകാതെ ദേവലോകത്തെത്തി.

എന്നിട്ട് ദേവലോകം വിറകൊള്ളുന്ന രീതിയില്‍ അലറി. ഭീരുവായ ദേവേന്ദ്രാ.. ചുണയുണ്ടെങ്കില്‍ പുറത്തുവാ.. എന്നിട്ട് എന്നോട് പോരാട്. കാണട്ടെ നിന്റെ ചുണയും ചങ്കൂറ്റവും. ഹോ.. ഒരു അസുരന് ഇത്ര അഹങ്കാരമോ.? എങ്കില്‍ അവന്റെ അഹന്ത ശമിപ്പിച്ചിട്ടുതന്നെ.

ദേവേന്ദ്രന്‍ വൃത്രാസുരന്റെ അരികിലേയ്ക്ക് കുതിച്ചെത്തി. ഇന്ദ്രനെ കണ്ടതോടെ വൃത്രാസുരന്‍ ആകാശത്തോളം വളര്‍ന്നു. എന്നിട്ട് ഇന്ദ്രനെ പിടികൂടി വിഴുങ്ങി. യ്യോ.. നോക്ക്! ഇന്ദ്രനെ ആ അസുരന്‍ വിഴുങ്ങി. ഇനി എന്താണു ചെയ്യുക..? ദേവന്‍മാര്‍ ആകെ സങ്കടത്തിലായി.

ദേവന്‍മാര്‍ പല സൂത്രങ്ങളും പ്രയോഗിച്ചുനോക്കി. പക്ഷേ വൃത്രാസുരനുണ്ടോ വായ തുറക്കുന്നു. അവന്‍ ഉംന്ന് വായ അടച്ചൊരു നില്‍പ്പാണ്. നാമിനി എന്താണ് ചെയ്യുക..? ദേവന്‍മാര്‍ കൂടിയാലോചിച്ചു. നമുക്ക് ഗുരുവായ ബ്രഹസ്പതിയെ കാണാം.. അവര്‍ തീരുമാനിച്ചു.

അങ്ങനെ ദേവന്‍മാരെല്ലാവരും ചേര്‍ന്ന് ബ്രഹസ്പതിയുടെ അരികിലെത്തി. ഗുരോ.. ഞങ്ങളെ രക്ഷിക്കണം. ദേവേന്ദ്രനെ എങ്ങനെയെങ്കിലും ആ അസുരന്റെ വായില്‍നിന്ന് പുറത്തെത്തിക്കണം. അപ്പോള്‍ ബ്രഹസ്പതി പറഞ്ഞു. അതിന് ഒരു മാര്‍ഗമേയുള്ളൂ.. അസുരന് കോട്ടുവാ വരുത്തുക.

അവന്‍ കോട്ടുവായിടുമ്പോള്‍ ദേവേന്ദ്രന് പുറത്തുചാടാം.. അതു നല്ല സൂത്രം തന്നെ.! ദേവന്‍മാര്‍ വൃത്രാസുരന്റെ ചുറ്റിലുംനിന്ന് കോട്ടുവാ വരുത്തി. വാാാാ.. വൃത്രാസുരന്‍ ദേവലോകം മുഴങ്ങുംവിധത്തില്‍ കോട്ടുവായിട്ടു. ആ നിമിഷം ദേവേന്ദ്രന്‍ പുറത്തുചാടി. അന്നുമുതലാണ് ഭൂമിയിലുള്ളവര്‍ കോട്ടുവായിടാന്‍ തുടങ്ങിയത് എന്നും കഥയുണ്ട്.

Ads by Google
Saturday 23 Sep 2017 03.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW