Tuesday, October 03, 2017 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 23 Sep 2017 11.55 AM

ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പ് 24 ന് പാര്‍ട്ടികളെല്ലാം വിജയപ്രതീക്ഷയില്‍

uploads/news/2017/09/148955/usa230917b.jpg

ബര്‍ലിന്‍: ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രമുഖ നേതാക്കളെല്ലാം തിരക്കിട്ട പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ചു. സെപ്റ്റംബര്‍ 24 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ പ്രചാരണത്തിന്റെയും കൊടിയിറങ്ങി.

13 റാലികളിലാണ് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അവസാന വാരത്തില്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പ് ദിവസം മാത്രം പ്രകടനങ്ങള്‍ക്കും റാലികള്‍ക്കും അനുമതിയില്ല. നാലാം വട്ടവും മെര്‍ക്കല്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം പ്രവചിക്കപ്പെടുന്നത്. സാധ്യത ഉറപ്പാക്കാന്‍ അവരുടെ സിഡിയു കിണഞ്ഞു ശ്രമിക്കുമ്പോള്‍, അവസാന ദിവസങ്ങളിലെ അത്ഭുതങ്ങളിലാണ് പ്രധാന എതിരാളികളായ എസ്പിഡിയുടെ പ്രതീക്ഷ.

എന്നാല്‍, ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പിലും എസ്പിഡിയുടെ സാധ്യതകള്‍ കുറയുന്നതാണ് കാണുന്നത്. പാര്‍ലമെന്റില്‍ പുന:പ്രവേശനം പ്രതീക്ഷിക്കുന്ന ഗ്രീന്‍ പാര്‍ട്ടിക്കും സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തിനും ആശാവഹമല്ല പ്രവചനങ്ങള്‍.

എസ്പിഡിക്ക് ഇപ്പോള്‍ ഒന്നര പോയിന്റ് കുറഞ്ഞ് 22% ശതമാനം സീറ്റാണ് പ്രവചിക്കപ്പെടുന്നത്. ഇടതുപക്ഷത്തിന് അര പോയിന്റ് കുറഞ്ഞ് 11 ശതമാനമായി.മെര്‍ക്കല്‍ പാര്‍ട്ടിയ്ക്കും മുന്നോട്ടുള്ള കുതിപ്പിന് വീഴ്ചയാണ് അവസാനഘട്ടത്തില്‍ ഉണ്ടായിരിയ്ക്കുന്നത.്

പരീക്ഷണം മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തിനും: -

ജര്‍മന്‍ ചാന്‍സലറായ മൂന്നു ടേമിലും വച്ച് അംഗല മെര്‍ക്കലിന്റെ ജനപ്രീതി ഏറ്റവുമധികം ഇടിയാന്‍ കാരണമായത് അവരുടെ തുറന്ന അഭയാര്‍ഥി നയമായിരുന്നു. അതിന്റെ പരീക്ഷാ ഫലം കൂടിയായാണ് ഈ മാസം 24 നു നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഫല വിലയിരുത്തപ്പെടാന്‍ പോകുന്നത്.
ഇടക്കാലത്ത് അഭയാര്‍ഥി പ്രവാഹം കാരണം മെര്‍ക്കലിന്റെയും സിഡിയുവിന്റെയും ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നെങ്കിലും, പിന്നീട് അഭയാര്‍ഥികളെ നിയന്ത്രിക്കാനും പുന:രധിവസിപ്പിക്കാനും സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും സ്വീകരിച്ച നടപടികളോടെ ഈ ജനപ്രീതി ഒരു പരിധി വരെ തിരിച്ചു കിട്ടിയിരുന്നു.
അഭയാര്‍ഥികളെ കണ്ണടച്ച് തടയില്ലെന്നും, അവരെ പുനരധിവസിപ്പിക്കാനും, ഗുണപരമായി ഉപയോഗിക്കാനും ജര്‍മനിക്കു സാധിക്കുമെന്നുമുള്ള നിലപാടാണ് മെര്‍ക്കല്‍ സ്വീകരിച്ചു വന്നത്. ഇതെക്കുറിച്ച് അവര്‍ പറഞ്ഞ് വീ ക്യാന്‍ ഡൂ ഇറ്റ് എന്ന വാചകം തെരഞ്ഞെടുപ്പ് രംഗത്ത് ഇപ്പോഴും അവര്‍ക്ക് എതിരായും അനുകൂലമായും സജീവമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
പ്രധാന പ്രതിപക്ഷമായ എസ്പിഡിയും അഭയാര്‍ഥികള്‍ക്ക് അനുകൂലമായി നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത് എന്നത് മെര്‍ക്കലിനും സിഡിയുവിനും അനുകൂല ഘടകവുമാകുന്നു. ഇടതുപക്ഷം ഇവരെക്കാള്‍ കൂടുതല്‍ ശക്തമായ നിലപാടുകള്‍ അഭയാര്‍ഥികള്‍ക്കായി സ്വീകരിച്ചു വരുകയും ചെയ്യുന്നു. ഗ്രീന്‍ പാര്‍ട്ടിയുടെ നിലപാടും വ്യത്യസ്തമല്ല.
ചുരുക്കത്തില്‍, സിഡിയുവിന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ ക്രിസ്റ്റിയന്‍ സോഷ്യലിസ്റ്റ് യൂണിയനും എഎഫ്ഡി പോലുള്ള തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളും മാത്രമാണ് അഭയാര്‍ഥികളെ തുറന്നെതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍, അഭയാര്‍ഥി വിഷത്തില്‍ സ്വീകരിച്ച നിലപാട് മെര്‍ക്കലിനു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്നു തന്നെയാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ വാക്ക് കേള്‍ക്കുമോ തുര്‍ക്കി വംശജര്‍ ? : -

ഈ മാസം 24 നു ജര്‍മന്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്റെ വാക്കുകള്‍ക്ക് ജര്‍മനിയിലെ തുര്‍ക്കി വംശജരായ വോട്ടര്‍മാര്‍ കാതു കൊടുക്കുമോ എന്ന് ഉറ്റു നോക്കുകയാണ് രാഷ്ര്ടീയ നിരീക്ഷകര്‍.
രാജ്യത്തെ മൂന്നു പ്രമുഖ പാര്‍ട്ടികളായ സിഡിയു, എസ്പിഡി, ഗ്രീന്‍ പാര്‍ട്ടി എന്നിവര്‍ക്ക് വോട്ട് ചെയ്യരുതെന്നാണ് ഉര്‍ദുഗാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജര്‍മന്‍ രാഷ്ര്ടീയത്തിലുള്ള തുര്‍ക്കിയുടെ ഇടപെടല്‍ ജര്‍മനിയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.
വെറുതേ പറയുക മാത്രമല്ല, ഇത്തരത്തിലുള്ള പ്രചാരണ പരിപാടികളും തുര്‍ക്കി സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയില്‍ സജീവമാണ്. എര്‍ദോഗാന്റെ മുഖചിത്രം പതിച്ച പോസ്റ്ററുകള്‍ പോലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
തുര്‍ക്കിയുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായ നയങ്ങള്‍ ഉള്ള പാര്‍ട്ടികള്‍ എന്ന നിലയ്ക്കാണ്‍ ഉര്‍ദുഗാന്‍ മൂന്നു പാര്‍ട്ടികള്‍ക്കെതിരേ പരസ്യമായി രംഗത്തുവന്നത്.

കരുത്തോടെ സിഡിയു :-

മാസം 24 നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിഡിയു അധികാരം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ അഭിപ്രായ സര്‍വേകളിലൊന്നും അഭിപ്രായ വ്യത്യാസമില്ല. 36 ശതമാനം വോട്ടാണ് ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിനും ബവേറിയന്‍ സഹോദര പാര്‍ട്ടിയായ സി എസ് യുവിനും കൂടി പ്രവചിക്കപ്പെടുന്നത്.
അതേസമയം, ഇതര പാര്‍ട്ടികളെല്ലാം തന്നെ ജനപിന്തുണ നഷ്ടപ്പെടുന്നതിന്റെ ആശങ്കയിലുമാണ്. സിഡിയുവിന്റെ മുഖ്യ എതിരാളികളായ എസ്പിഡിക്ക് ഇപ്പോള്‍ പ്രവചിക്കപ്പെടുന്നത് ഇരുപതു ശതമാനം വോട്ട് മാത്രമാണ്. ഗ്രീന്‍ പാര്‍ട്ടിയും ഇടതു പക്ഷവുമെല്ലാം നിലവിലുള്ളതിനെക്കാള്‍ വോട്ട് ശതമാനം കുറയുമെന്ന ഭീതിയില്‍.
നിലവില്‍ 630 സീറ്റാണ് ജര്‍മന്‍ പാര്‍ലമെന്റിലുള്ളത്. എന്നാല്‍ ഇത്തവണമുതല്‍ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്തി 675 അംഗങ്ങളെയാണ് പാര്‍ലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്.
പാര്‍ട്ടികളുടെ വോട്ട് നില അനുസരിച്ച് ഇതില്‍ ചെറിയ വ്യത്യാസങ്ങള്‍ വരും. നിശ്ചിത ശതമാനം വോട്ട് നേടുന്ന പാര്‍ട്ടികള്‍ക്കേ പാര്‍ലമെന്റില്‍ പ്രാതിനിധ്യം ലഭിക്കൂ.അതായത് മൊത്തം പോള്‍ ചെയ്യുന്ന വോട്ടിന്റെ മിനിമം അഞ്ചു ശതമാനം വോട്ടു ലഭിച്ചാല്‍ മാത്രമേ പാര്‍ലമെമന്റില്‍ അംഗീകൃത അംഗമാവുകയുള്ളു എന്നാണ് ചട്ടം.

ജര്‍മന്‍ തെരഞ്ഞെടുപ്പ് എങ്ങനെ ? :-

ജര്‍മനിയിലെ പ്രാതിനിധ്യ രീതിയിലുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അല്‍പ്പം സങ്കീര്‍ണമായ പ്രക്രിയയാണ്. മിക്‌സഡ് മെംബര്‍ പ്രൊപ്പോര്‍ഷണല്‍ റെപ്രസന്റേഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഓരോരുത്തര്‍ക്കും രണ്ട് വോട്ടാണുള്ളത്. ഒന്ന് സ്ഥാനാര്‍ഥിക്കും ഒന്ന് പാര്‍ട്ടിക്കും. ഒരൊറ്റ പാര്‍ട്ടിക്ക് മാത്രമായി പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം ലഭിക്കാതിരിക്കാനാണ് ഇങ്ങനെയൊരു സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം കിട്ടിയ പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ച് ഭൂരിപക്ഷം നേടുന്നതാണ് പതിവ്. നിലവിലുള്ള സര്‍ക്കാരിനെ സിഡിയു നയിക്കുമ്പോള്‍ സഖ്യത്തിലുള്ളത് അവരുടെ പ്രധാന എതിരാളികളായ എസ്പിഡിയാണ്.
സിഡിയുവും എസ്പിഡിയും തന്നെയാണ് ഏറെക്കാലമായി ജര്‍മനിയിലെ ഏറ്റവും വലിയ പാര്‍ട്ടികള്‍. ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിയെയാണ് ഇരു പക്ഷവും പലപ്പോഴും സഖ്യകക്ഷിയായി കൂടെ കൂട്ടാറുള്ളത്. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് പാര്‍ലമെന്റ് പ്രാതിനിധ്യം ഉറപ്പിക്കാന്‍ ആവശ്യമായ വോട്ട് വിഹിതം ലഭിച്ചിരുന്നില്ല.

പ്രതീകാത്മകമായി വോട്ട് ചെയ്ത് വിദേശികള്‍ :-

ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പിന് മണിക്കുറുകള്‍ ബാക്കിനില്ലക്കെ, ഇന്നലെ തന്നെ സെന്‍ട്രല്‍ ബര്‍ലിനില്‍ 20 പോളിങ് സ്‌റ്റേഷനുകളൊരുങ്ങി. ആളുകള്‍ കൂട്ടമായി വോട്ട് ചെയ്യാനുമെത്തി. വന്നതെല്ലാം വിദേശികള്‍.
പ്രതീകാത്മകമായിരുന്നു വോട്ട് ചെയ്യല്‍. എല്ലാവര്‍ക്കും വോട്ടവകാശം എന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള പരിപാടിയുടെ ഭാഗമായിരുന്നു ഇത്.
പത്തു വര്‍ഷത്തിലേറെയായി ജര്‍മനിയില്‍ താമസിച്ചിട്ടും വോട്ടവകാശം ലഭിക്കാത്തവര്‍ കൂട്ടത്തിലുണ്ടായിരുന്നു. പോളണ്ടില്‍നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ഏറെയും. തുര്‍ക്കിയില്‍നിന്നു വന്ന് മുപ്പതു വര്‍ഷമായി ജര്‍മനിയില്‍ താമസിക്കുന്ന ഒരാളും വോട്ട് ചെയ്യാനെത്തി.
എട്ടു മില്യനോളം ആളുകള്‍ക്കാണ് വോട്ടവകാശം.

ജര്‍മനിയില്‍ മുസ്ലിം വോട്ടുകള്‍ ഒന്നര മില്യന്‍ :-

ജര്‍മന്‍ പൊതു തെരഞ്ഞെടുപ്പില്‍ ഒന്നര മില്യന്‍ മുസ്ലിംകള്‍ക്ക് വോട്ടവകാശം. ഇവര്‍ ആരെ, ഏതു പാര്‍ട്ടിയെ പിന്തുണയ്ക്കും എന്നതാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഉറ്റു നോക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്.
മുസ്ലിം വിഭാഗത്തില്‍ ഭൂരിപക്ഷവും തുര്‍ക്കി വംശജരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 64 ശതമാനം തുര്‍ക്കി വംശജരും വോട്ട് ചെയ്തത് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കായിരുന്നു എന്നാണ് കണക്ക്. 12 ശതമാനം പേര്‍ ഗ്രീന്‍ പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും വോട്ട് ചെയ്തു.
ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ക്രിസ്റ്റിയന്‍ ഡെമോക്രാറ്റിക് യൂണിയനോടും അവരുടെ സഹോദര സംഘടനയായ ക്രിസ്റ്റിയന്‍ സോഷ്യല്‍ യൂണിയനോടും മുസ്ലിംകള്‍ തീരെ താത്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍, അഭയാര്‍ഥിത്വം വിഷയത്തില്‍ സ്വീകരിച്ച നിലപാട് ഈ സമൂഹത്തിന് സിഡുയുവിനോടു കൂടുതല്‍ താത്പര്യം തോന്നാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. അപ്പോഴും അഭയാര്‍ഥിത്വ വിരുദ്ധ നിലപാട് സ്വീകരിച്ച് സി എസ് യുവിനോടുള്ള നിലപാടില്‍ മാറ്റത്തിനു സാധ്യതയില്ല.
ജര്‍മനിയിലെ മൂന്ന് പ്രമുഖ പാര്‍ട്ടികളും തുര്‍ക്കിയുടെ ശത്രുക്കളാണെന്നും അവര്‍ക്ക് വോട്ട് ചെയ്യരുതെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ ആഹ്വാനം ചെയ്തതും ഇവരുടെ തീരുമാനത്തെ സ്വാധീനിക്കും.

uploads/news/2017/09/148955/usa230917b1.jpg

ജര്‍മന്‍ തെരഞ്ഞെടുപ്പ്: മെര്‍ക്കലിനപ്പുറം ലക്ഷ്യങ്ങള്‍ :-

തെരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായ സര്‍വേകള്‍ ഒരേ സ്വരത്തില്‍ പറയുന്നത് അംഗല മെര്‍ക്കല്‍ വീണ്ടും ചാന്‍സലറാകുമെന്നതു തന്നെ. എന്നാല്‍, ചാന്‍സലറെ തെരഞ്ഞെടുക്കുക എന്നതിലുപരി പല കാരണങ്ങളാലും പ്രസക്തമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ജനങ്ങള്‍ക്കു മാത്രമല്ല, വിവിധ രാഷ്ര്ടീയ പാര്‍ട്ടികള്‍ക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകം.
രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായി ആറു പാര്‍ട്ടികള്‍ക്ക് ജര്‍മന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യം ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണിത്. വലതുപക്ഷ ദേശീയവാദികളും ഇതില്‍ ഉള്‍പ്പെടുന്നു.
2015 ല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അഭയാര്‍ഥികള്‍ക്കായി തുറന്നു കൊടുക്കപ്പെട്ടു. അതിനു ശേഷം നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പ് എന്നതു പ്രസക്തമാണ്. അഭയാര്‍ഥികളെ ജര്‍മന്‍ ജനത എങ്ങനെ സ്വീകരിച്ചു എന്നതിന്റെ പ്രതിഫലനവും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യാഖ്യാനിക്കാം.
കുടിയേറ്റത്തിനും യൂറോപ്യന്‍ യൂണിയനും എതിരേ ശക്തമായ നിലപാടെടുക്കുന്ന എഎഫ്ഡിക്ക് പാര്‍ലമെന്റില്‍ ആദ്യമായി പ്രാതിനിധ്യം കിട്ടുമെന്നു മാത്രമല്ല, അവര്‍ മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയാകുമെന്നു പോലും പ്രവചിക്കപ്പെടുന്നു. സേ്റ്ററ്റ് പാര്‍ലമെന്റുകളില്‍ മാത്രമാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ പ്രാതിനിധ്യമുള്ളത്.
നിലവിലുള്ള പാര്‍ലമെന്റില്‍ നാലു പാര്‍ട്ടികള്‍ക്കു മാത്രമാണ് പ്രാതിനിധ്യം. സി ഡി യുവിനെയും സഹോദര പാര്‍ട്ടിയായ സി എസ് യുവിനെയും ഒന്നായി കണക്കാക്കിയാണിത്. 630 അംഗ പാര്‍ലമെന്റില്‍ ഇവര്‍ക്ക് ഇപ്പോഴുള്ളത് 309 സീറ്റാണ്. എസ്പിഡിക്ക് 193 സീറ്റും ഇടതുപക്ഷത്തിന് 64 സീറ്റും ഗ്രീന്‍ പാര്‍ട്ടിക്ക് 63 സീറ്റും. ഒരു സ്വതന്ത്രനുമുണ്ട്.
34 പാര്‍ട്ടികളാണ് ഇക്കുറി തെരഞ്ഞെടുപ്പ് രംഗത്ത്. എട്ടു ശതമാനത്തിലധികം വോട്ട് നേടുന്നവര്‍ക്ക് പാര്‍ലമെന്റ് പ്രാതിനിധ്യം ലഭിക്കും. ഗ്രീന്‍ പാര്‍ട്ടി, എഎഫ്ഡി, എഫ്ഡിപി എന്നിവരാണ് പുതുതായി പാര്‍ലമെന്റ് പ്രവേശനം സ്വപ്നം കാണുന്നത്. ഗ്രീന്‍ പാര്‍ട്ടിക്കും എഫ്ഡിപിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് പ്രാതിനിധ്യം നഷ്ടമായത്.

തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയോടെ തൊഴില്‍രഹിതര്‍ :-

2005 ലേതിനെ അപേക്ഷിച്ച് തൊഴില്‍രഹിതരുടെ എണ്ണം പകുതി മാത്രമാണിപ്പോള്‍ ജര്‍മനിയില്‍. എന്നിട്ടും ഒരു വര്‍ഷത്തിലേറെയായി സ്ഥിരം ജോലിയില്ലാതെ നില്‍ക്കുന്നവര്‍ ഒമ്പതു ലക്ഷത്തോളം വരും. ഇവര്‍ക്കായി നിരവധി വാഗ്ദാനങ്ങളാണ് പ്രമുഖ രാഷ്ര്ടീയ പാര്‍ട്ടികള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ മാസം 24നു നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ ഇവര്‍ കാണുന്നത് ഏറെ പ്രതീക്ഷയോടെ.
2025 ആകുന്നതോടെ മുഴുവന്‍ ആളുകള്‍ക്കും തൊഴില്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്നാണ് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പറയുന്നത്. ദീര്‍ഘകാല തൊഴില്‍രഹിതര്‍ക്ക് മികച്ച ആനുകൂല്യങ്ങളും അവര്‍ വാഗ്ദാനം ചെയ്യുന്നു. ചാന്‍സലര്‍ സ്ഥാനത്തേക്ക് മെര്‍ക്കലിനോടു മത്സരിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി മാര്‍ട്ടിന്‍ ഷൂള്‍സും തൊഴില്‍രഹിതരെ അവഗണിക്കുന്നില്ല. അവര്‍ക്ക് മത്സരക്ഷമത ആര്‍ജിക്കാന്‍ സര്‍ക്കാര്‍ പണം മുടക്കി പ്രൊഫഷണല്‍ പരിശീലനം നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.
രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ മേഖലകളിലൊന്നാണ് ഡ്യുസല്‍ഡോര്‍ഫ്. 7.5 ശതമാനമാണ് ഇവിടെ തൊഴില്‍രഹിതര്‍. ദേശീയ ശരാശരി 5.7 ശതമാനമായിരിക്കെയാണിത്. 64,000 പേര്‍ ഇവിടെ സര്‍ക്കാര്‍ ആനുകൂല്യത്തെ മാത്രം ആശ്രയിച്ചാണു ജീവിക്കുന്നത്. സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന പള്ളികള്‍ ഇവിടെയുണ്ട്. ഇതുപോലുള്ള മേഖലകളിലാണ് തൊഴിലില്ലായ്മ മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണായുധമായി മാറിയിരിക്കുന്നത്.

വാര്‍ധക്യ വോട്ടുകളില്‍ യുവ വോട്ടര്‍മാര്‍ക്ക് ആശങ്ക ;-

പൊതുതെരഞ്ഞെടുപ്പില്‍ വാര്‍ധക്യ വോട്ടുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ യുവ വോട്ടര്‍മാര്‍ക്ക് ആശങ്ക. രാജ്യത്തെ വോട്ടര്‍മാരില്‍ ഏറ്റവും കൂടുതല്‍ വരുന്നത് അറുപതു വയസു കഴിഞ്ഞവരാണ് എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.
വാര്‍ധക്യ വോട്ടുകളുടെ ബാഹുല്യം കണക്കിലെടുത്ത് പ്രമുഖ രാഷ്ര്ടീയ കക്ഷികളെല്ലാം അവരെ പ്രീണിപ്പിക്കാന്‍ ഉതകുന്ന നയങ്ങളും നിലപാടുകളുമാണ് മുന്നോട്ടു വയ്ക്കുന്നത്. പെന്‍ഷന്‍കാര്‍ക്കു വേണ്ടി സമ്പാദ്യം വേണോ യുവാക്കള്‍ക്കു വേണ്ടി നിക്ഷേപം നടത്തണോ എന്ന ചോദ്യം പ്രസക്തമാണ്. പെന്‍ഷന്‍കാരുടെ എണ്ണം കൂടുതലായ സ്ഥിതിക്ക് അവരുടെ താത്പര്യങ്ങള്‍ക്കു പ്രാമുഖ്യം കിട്ടുമെന്നതാണ് യുവാക്കളെ ആശങ്കാകുലരാക്കുന്നത്.
പെന്‍ഷന്‍ പ്രായം എഴുപതു വയസാക്കി ഉയര്‍ത്താനുള്ള സാധ്യത ചാന്‍സലര്‍ സ്ഥാനത്തേക്കു മത്സരിക്കുന്ന അംഗല മെര്‍ക്കലും മാര്‍ട്ടിന്‍ ഷൂള്‍സും നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, വിദ്യാഭ്യാസം, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ തുടങ്ങി യുവാക്കള്‍ക്കു താത്പര്യമുള്ള വിഷയങ്ങളില്‍ ഇരു നേതാക്കളും കാര്യമായി സ്പര്‍ശിക്കുന്നുമില്ല. ഇരുവരും തമ്മില്‍ നടന്ന ഏക ടെലിവിഷന്‍ സംവാദത്തില്‍ ഈ പ്രവണത വളരെ പ്രകടവുമായിരുന്നു.

ജോസ് കുമ്പിളുവേലില്‍

Ads by Google
Advertisement
Saturday 23 Sep 2017 11.55 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW