Saturday, June 30, 2018 Last Updated 16 Min 1 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 22 Sep 2017 05.23 PM

കാഴ്ചയുടെ ഉല്ലാസപ്പറവ

സാധാരണമായ ആളുകളെയും സാധാരണമായ സന്ദര്‍ഭങ്ങളെയും ചേര്‍ത്തുവച്ച് താരഭാരങ്ങളില്ലാതെ ആസ്വാദ്യകരമായ ഒരു സിനിമ കാണികള്‍ക്കുമുന്നിലേക്കു പറത്തിവിടുന്നതില്‍ സൗബിന് കന്നിശ്രമത്തിലേ വിജയിക്കാനായിട്ടുണ്ട്. സിനിമയുടെ ദൃശ്യഭാഷയുടെ സാധ്യതകളെപ്പറ്റി കൃത്യമായ ബോധ്യമുള്ള സംവിധായകനാണ് സൗബിന്‍ എന്ന് പറവ അടയാളപ്പെടുത്തുന്നു.
Parava- Movie review

പറന്നു കാണുന്ന കാഴ്ചകളാണു പറവകളുടേത്. സൗബിന്‍ ഷാഹിറിന്റെ കന്നിച്ചിത്രം പറവയും പറക്കുന്ന കാഴ്ചകളുടേതാണ്. കാഴ്ചകള്‍ മാത്രമാണ്, താളവും ഈണവും നിറവും പോരാട്ടവുമുള്ള കാഴ്ചകള്‍. പുതുസിനിമയുടെ വ്യാകരണം വാചകത്തിലല്ല, കാഴ്ചയിലാണ് എന്ന് ഒരിക്കല്‍കൂടി സ്ഥാപിക്കുന്ന കാഴ്ച. കാഴ്ചകള്‍ക്കപ്പുറം എന്തെങ്കിലും തേടുന്നവരെ പറവകള്‍ തൃപ്തിപ്പെടുത്താന്‍ വഴിയില്ല. കുട്ടികളുടെ പ്രണയവും വലിയവരുടെ കലഹവുമായി രണ്ടരമണിക്കൂര്‍ പറന്നുകളിക്കുന്ന പറവ ഒരു ദേശത്തിന്റെ സാമൂഹികാന്തരീക്ഷം കൂടി പകര്‍ന്നുവയ്ക്കുന്നുണ്ട്. അതും, സിനിമാക്കാര്‍ തന്നെ അധോലോകത്തിന്റെ തലസ്ഥാനമാക്കിയ മട്ടാഞ്ചേരി എന്ന ദേശത്തിന്റെ.

തുറമുഖനഗരത്തിന്റെ പ്രാചീനമുഖമായ മട്ടാഞ്ചേരി അതിന്റെ സാംസ്‌കാരിക ബഹുസ്വരതകൊണ്ടു കൊച്ചിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സവിശേഷമായ 'ഇട'മാണ്. എന്നാല്‍ ക്വട്ടേഷന്‍കാരുടെ, കഞ്ചാവു വില്‍പനക്കാരുടെ 'ഇട'മാണ് സിനിമയിലെ ഫോര്‍ട്ട്‌കൊച്ചി-മട്ടാഞ്ചേരി. ആ മട്ടാഞ്ചേരിയെ ഗുണ്ടാപ്പകയുടെ ക്ലച്ചസില്‍ നിന്നു പൂര്‍ണമായല്ലെങ്കിലും കുറച്ചൊക്കെ മുക്തമാക്കി പ്രാവു പറത്തല്‍ മത്സരം എന്ന മട്ടാഞ്ചേരിയുടെ അധികമാരും അറിയാത്ത സവിശേഷതയിലേക്കാണ് സൗബിനും സംഘവും കാമറ തിരിച്ചവയ്ക്കുന്നത്.

മേല്‍ക്കൂരയില്‍നിന്നു മുകളിലേയ്ക്കും താഴേയ്ക്കുമുള്ള കാഴ്ചകളായാണു സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖമായ ലിറ്റില്‍ സ്വയബിന്റെ സവിശേഷമായ ഈ ഛായാഗ്രഹശൈലി ഒരു പറവക്കാഴ്ച(ബേര്‍ഡ്‌സ് ഐ വ്യൂ) എന്ന സങ്കല്‍പ്പത്തില്‍ സൃഷ്ടിച്ചതാവാനേ തരമുള്ളു. ഒന്നും ആഴത്തില്‍ പറയാതെ തനിക്കു പരിചിതമായ സമൂഹത്തെ മൊത്തത്തില്‍ ഒന്നുനോക്കിക്കാണാനാണ് ഈ പറവക്കാഴ്ച കൊണ്ടു സൗബിന്‍ ഷാഹിര്‍ ശ്രമിക്കുന്നതെന്നു നിശ്ചയം. മട്ടാഞ്ചേരിയുടെ മേല്‍ക്കൂര കാഴ്ചകളാല്‍ സമ്പന്നമായ ദൃശ്യങ്ങളും ഇതിനുസാക്ഷ്യം.

Parava- Movie review

ഇര്‍ഷാദ് എന്ന ഇച്ചാപ്പി, ഹസീബ് എന്നീ രണ്ടു ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളിലൂടെയാണ് ഈ പറവക്കാഴ്ച ഒരുക്കുന്നത്. പ്രാവുകളെ വളര്‍ത്തുന്ന ഇവര്‍ പ്രാദേശിക പ്രാവു പറത്തല്‍ മത്സരത്തിനായി തയാറെടുക്കുന്നതാണ് സിനിമയുടെ പ്രമേയം. അതിനിടയില്‍ അവരുടെ കുടുംബം, സ്‌കൂള്‍ ജീവിതം, ബാല്യപ്രണയം, ചാപല്യങ്ങള്‍, കുടുംബത്തിലെ മുതിര്‍ന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ആഘാതങ്ങള്‍, സമൂഹമെന്ന നിലയില്‍ നേരിടേണ്ടിവരുന്ന എതിരാളികള്‍, അപ്രതീക്ഷിത ദുരന്തങ്ങള്‍ എന്നിവ ഒരേസമയം പല അടരുകളായി എന്നാല്‍ ലയിപ്പിച്ചുതന്നെ പറയുന്നു. പക്ഷേ ആദ്യത്തെ കൗതുകത്തിനു ശേഷം ചിതറിത്തെറിച്ചുപോകുന്ന ആഖ്യാനം ഇടയ്‌ക്കെവിടെയൊക്കെയോ മുഷിപ്പിക്കുന്നുണ്ട്. പ്രതിനായകന്മാരുടെ കടന്നുവരവ്, തല്ലുണ്ടാക്കാന്‍ സൃഷ്ടിക്കുന്ന ക്ലീഷേ നമ്പറുകള്‍, പ്രതികാരം, സംരക്ഷിക്കാനെത്തുന്ന ബിഗ് ബ്രദര്‍ എന്നുവേണ്ട പഴയ മട്ടാഞ്ചേരിപ്പടങ്ങളുടെ ആവര്‍ത്തനം ഇടയില്‍കലരുന്നതോടെ അതൊരു കുട്ടിച്ചിത്രമല്ലാതാകുന്നു. അല്ലെങ്കിലും ബാല്യത്തിന്റെ കൗതുകത്തെയും ഊര്‍ജത്തെയും പറന്നുനടക്കാനുള്ള മോഹത്തെയുമേ പറവ സ്വീകരിക്കുന്നുള്ളു, അതൊരിക്കലും കുട്ടികള്‍ക്കുള്ള സിനിമയായി തോന്നുന്നുമില്ല. പക്ഷേ കന്നിച്ചിത്രമായിട്ടും സൗബിന്‍ ഇതിനായി ഒരുക്കിയ ദൃശ്യപദ്ധതി അസാധ്യസൗന്ദര്യമുള്ളതാണ്. സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണു തിരക്കഥയൊരുക്കിയിരിക്കുന്നത്. പരിമിതമായ എന്നാല്‍ സ്വഭാവികമായ സംഭാഷണങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ഒരു ദൃശ്യപദ്ധതിയാണ് ഈ തിരക്കഥ. ആദ്യദൃശ്യം മുതല്‍ അതു പ്രകടവുമാണ്. ഒരുവീട്ടിലെ അക്വേറിയത്തില്‍ നിന്ന് കവര്‍ച്ച നടത്തിയാണെങ്കിലും തങ്ങളുടെ വളര്‍ത്തുമത്സ്യത്തെ വീണ്ടെടുത്തുകൊണ്ടോടുന്ന ഇച്ചാപ്പിയുടെയും ഹസീബിന്റെയും സാഹസിക സൈക്കിളോട്ടം മുതല്‍ മട്ടാഞ്ചേരിയുടെ സവിശേഷമായ ഗലികളിലൂടെയും ഇടുങ്ങിയ തെരുവുകളിലൂടെയും സ്‌കൂള്‍ വരാന്തകളിലൂടെയുമുള്ള ഓട്ടവും ഹസീബിന്റെ വീടിന്റെ മേല്‍ക്കൂരയില്‍നിന്നുള്ള പ്രാവിനെ പറത്തലുമാണ് ഈ ദൃശ്യതിരക്കഥയുടെ ഭൂരിഭാഗവും. അവയ്ക്ക് പുതിയ കഥ പറച്ചിലുകാരുടെ ഫ്രഷ്‌നെസുണ്ട്. അതുതന്നെയാണ് പറവകളുടെ ഏറ്റവും വലിയ പ്ലസ്‌പോയിന്റും.

പശ്ചാത്തലസംഗീതത്തിനു വളരെയധികം പ്രാധാന്യമുണ്ട്. റെക്‌സ് വിജയനൊരുക്കിയ പശ്ചാത്തലഈണങ്ങള്‍ പറവകള്‍ക്ക് സവിശേഷമായ ഒരു മൂഡ് സൃഷ്ടിക്കുന്നുണ്ട്. റിയലിസ്റ്റിക്കാണെങ്കിലും വളരെ സമ്പന്നമായ ഫ്രെയിമുകള്‍ക്ക് ഊര്‍ജം പകരുന്നത് റെക്‌സ് വിജയന്റെ സംഗീതമാണ്.
താരകേന്ദ്രീകൃതമല്ലാത്ത സിനിമ എന്നതുതന്നെയാണ് സൗബിന്റെ കന്നിച്ചിത്രത്തിന്റെ സവിശേഷത. പുതുതലമുറയില്‍ തിയറ്ററുകളെ ഇളക്കിമറിക്കാന്‍ ശേഷിയുള്ള ദുല്‍ക്കര്‍ സല്‍മാന്റെ സാന്നിധ്യത്തിന് പറവയിലേക്ക് ആദ്യദിനകാഴ്ചക്കാരനെ ആകര്‍ഷിക്കാനാകും എന്നൊരു ഗുണമുണ്ട്. എന്നാല്‍ ഒരിക്കലും ഒരു ദുല്‍ക്കര്‍ സിനിമയല്ല പറവ. ഇടവേളയ്ക്കുമുമ്പ് അരമണിക്കൂറിലൊതുങ്ങുന്ന സ്‌ക്രീന്‍ സാന്നിധ്യമേ ദുല്‍ക്കറിന്റെ ഇമ്രാന്‍ എന്ന കഥാപാത്രത്തിനുള്ളു. ഒരു ബിഗ് ബ്രദര്‍ എന്ന നിലയില്‍ പറവയിലെ മുഖ്യകഥാപാത്രങ്ങളുടെ സംരക്ഷകനാണ് ഇമ്രാന്‍. രോഷാകുലനായ ജ്യേഷ്ഠസഹോദരനായി ദുല്‍ക്കര്‍ മികച്ച പ്രകടനമാണു കാഴ്ചവച്ചിട്ടുളളത്. ഇര്‍ഷാദിനെ അവതരിപ്പിക്കുന്ന അമല്‍ ഷായും ഹസീബിനെ അവതരിപ്പിക്കുന്ന ഗോവിന്ദും ആണ് ശരിക്കും സിനിമയിലെ താരങ്ങള്‍. കൃത്യമായ ഹോംവര്‍ക്കും പരിശീലനവും നല്‍കിയ മുന്നൊരുക്കങ്ങള്‍ അവരുടെ പ്രകടനത്തില്‍ കാണാം. ഷെയ്ന്‍ നിഗം, ജേക്കബ് ഗ്രിഗറി, സിദ്ധിഖ്, ശ്രീന്‍ഡ, ആഷിക് അബു, ഇന്ദ്രന്‍സ് എന്നിവരാണു മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. സൗബിനും ശ്രീനാഥുമാണ് പ്രതിനായകവേഷങ്ങളിലെത്തുന്നത്. ഇച്ചാപ്പിയുടെ ജ്യേഷ്ഠന്‍ ഷെയ്ന്‍ ആയി എത്തുന്നത് ഷെയ്ന്‍ നിഗമാണ്. ഒരിക്കല്‍കൂടി മട്ടാഞ്ചേരിയില്‍ തല്ലുണ്ടാക്കുന്ന രോഷാകുലനാണ് ഷെയ്‌നിന്റെ കഥാപാത്രമെങ്കിലും ശരീരഭാഷകൊണ്ട് അമ്പരിപ്പിക്കുന്ന ഒരു യുവത്വം ഈ ചെറുപ്പക്കാരനുണ്ട്. രോഷാകുലനായ കാമുകന്‍ എന്ന ചാപ്പ കുത്താതിരുന്നാല്‍ മാത്രം മതി.

Parava- Movie review

സിനിമയുടെ കഥ പറയാന്‍ ഫഹദ് ഫാസിലിനെ കാണാന്‍ പോയപ്പോഴാണു തന്നെ പിടിച്ചു നടനാക്കിയത് എന്ന സൗബിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചിയുടെ ഇരുണ്ടജീവിതങ്ങള്‍ പറഞ്ഞ അന്നയും റസൂലും എന്ന സിനിമയിലൂടെ വന്ന സൗബിനെ നടനായേ നാമറിയു. എന്നാല്‍ അതേ പ്രദേശത്തിന്റെ തനിക്കറിയാവുന്ന കഥ പറഞ്ഞുകൊണ്ടാണ് സൗബീന്‍ ഷാഹിര്‍ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ചുവടുവയ്ക്കുന്നത്. സാധാരണമായ ആളുകളെയും സാധാരണമായ സന്ദര്‍ഭങ്ങളെയും ചേര്‍ത്തുവച്ച് താരഭാരങ്ങളില്ലാതെ ആസ്വാദ്യകരമായ ഒരു സിനിമ കാണികള്‍ക്കുമുന്നിലേക്കു പറത്തിവിടുന്നതില്‍ സൗബിന് കന്നിശ്രമത്തിലേ വിജയിക്കാനായിട്ടുണ്ട്. സിനിമയുടെ ദൃശ്യഭാഷയുടെ സാധ്യതകളെപ്പറ്റി കൃത്യമായ ബോധ്യമുള്ള സംവിധായകനാണ് സൗബിന്‍ എന്ന് പറവ അടയാളപ്പെടുത്തുന്നു.

അവസാനം പറയാനുള്ളത് സിനിമയിലെ ഇസ്ലാമിനെപ്പറ്റിയാണ്. താടിവടിച്ചാല്‍ നിനക്കു പെണ്ണുകിട്ടുമെന്നു പറഞ്ഞ് പരിഹസിക്കുന്ന സുഹൃത്തിന്റെ മുന്നില്‍ മിണ്ടാതെ നില്‍ക്കുന്ന ചെറുപ്പക്കാരന്‍ ക്ലബിലെ ടീവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംലയുടെ താടിനോക്കി പുഞ്ചിരി പൊഴിച്ച് ആ പരിഹാസത്തെ അലിയിച്ചുകളയുന്ന ഒരു രംഗമുണ്ട്. അതൊരു സൂക്ഷ്മപ്രസ്താവനയാണ്. താടി മുതല്‍ മോടി വരെ പ്രതിലോമകരമായ രാഷ്ട്രീയം പറയുന്ന മലയാളസിനിമയില്‍ നഗരമുസ്ലിമിനെ, അതും നഗരത്തിന്റെ തിരക്കുളള ഗലികളില്‍ ജീവിക്കുന്ന മുസ്ലിമിനെ സാധാരണക്കാരനാക്കി അവതരിപ്പിക്കുന്ന പറവ സിനിമയിലെ ഇസ്ലാമികസ്റ്റീരിയോടൈപ്പുകളെ നിഷേധിക്കുന്നുണ്ട്. അതുസിനിമയിലുടനീളം അനുഭവവേദ്യമാണ്. സിനിമയുടെ മുഖ്യകഥാപാത്രങ്ങള്‍ മുസ്ലിം പശ്ചാത്തലത്തില്‍ ഉള്ളവരാണെങ്കിലും മതത്തെ ഒരു വിഷയമാക്കി മുന്നിലോട്ടുകൊണ്ടുവരാതിരിക്കുന്നതും സ്റ്റീരിയോടൈപ്പ് കാഴ്ചകളെയും ബോധങ്ങളെയും ഒഴിവാക്കാനാണെന്നു വ്യക്തം.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW