Sunday, July 15, 2018 Last Updated 40 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 22 Sep 2017 03.05 PM

നീരജ് മാധവ് തിരക്കഥാകാരനായി 'ലവകുശ'

uploads/news/2017/09/148655/CiniLocTlavakusa.jpg

മലയാളസിനിമയില്‍ ശുദ്ധധര്‍മ്മം വിതറിയ രണ്ടു കഥാപാത്രങ്ങളാണ് ദാസനും വിജയനും. പല ചിത്രങ്ങളിലായി ഇവര്‍ നമ്മുടെ മുന്നിലെത്തി പൊട്ടിച്ചിരിപ്പിച്ചു. മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു ദാസനും വിജയനുമായി എത്തിയത്.

ഇതു പറയാന്‍ കാരണം ലവകുശ എന്ന ചിത്രത്തെക്കുറിച്ച് പറയാനാണ്. ഈ ചിത്രത്തിന് ദാസനും വിജയനുമായി സാമ്യമില്ല. 'ലവകുശ' എന്ന പേരില്‍ അവര്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചപ്പോഴാണ് ദാസനെയും വിജയനെയും ഓര്‍മ്മവന്നത്. പുതിയ തലമുറയിലെ ശ്രദ്ധേയരായ അഭിനേതാക്കളായ അജുവര്‍ഗീസും നീരജ് മാധവുമാണ് ലവകുശന്മാരായി എത്തുന്നത്. ശുദ്ധ നര്‍മ്മത്തിലൂടെ പുതിയ തലമുറക്കാര്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും.

നീരജ് മാധവാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. നീരജിന്റെ പുതിയൊരു കാല്‍വയ്പുകൂടിയാണ് ഈ ചിത്രം. ഗിരീഷ് മനോയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ 'നീ കൊ ഞാന്‍ ചാ' എന്ന ചിത്രത്തിനു ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം.

ആര്‍.ജെ. ക്രിയേഷന്‍സിന്റെ ബാനറില്‍ ജയ്‌സണ്‍ എളങ്ങുളമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു സ്‌പൈ കോമഡി അഥവാ ഇന്‍വെസ്റ്റിഗേഷന്‍ കോമഡി രീതിയിലാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് കൂടിയായ നീരജ് മാധവ് പറഞ്ഞു.

സ്വാഭാവികമായും നൈസര്‍ഗ്ഗികവുമായ സിറ്റ്വേഷണല്‍ ഹ്യൂമറിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
അസ്വാഭാവികമായ സാഹചര്യങ്ങളില്‍ എത്തപ്പെടുന്ന രണ്ടു സാധാരണക്കാരായ ചെറുപ്പക്കാരാണ് ലവനും കുശനും. നീരജ്, അജു വര്‍ഗീസ് എന്നിവരാണ് ലവനെയും കുശനെയും അവതരിപ്പിക്കുന്നത്.

രണ്ടുപേരുടെയും പ്രശ്‌നങ്ങളൊക്കെ സമാനമായിരുന്നു. അതുകൊണ്ട് ഇരുവര്‍ക്കും ഒരുമിച്ച് സഹകരിക്കാനും ബുദ്ധിമുട്ടുണ്ടായില്ല. ഒരേമനസും ശരീരവും പോലെ ഇവര്‍ സഹകരിച്ചു. ഇവര്‍ ആരെന്നോ, ഈ പേരുതന്നെയാണോ എന്നൊന്നും ഇവിടെ അന്വേഷിക്കുന്നുമില്ല.

uploads/news/2017/09/148655/CiniLocTlavakusa1.jpg

ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു വലിയ ഉത്തദവാദിത്വം ഇവര്‍ക്ക് ഏറ്റെടുക്കേണ്ടതായി വരുന്നു. ഇതിലൂടെയാണ് ലവകുശ എന്ന പേരിലേക്ക് ഇവര്‍ മാറുന്നതും. ഇവരെ ഈ ഉത്തരവാദിത്വത്തിലേക്കു നയിക്കാന്‍ അതിനു പിന്നില്‍ ഒരു വ്യക്തിയുടെ തികഞ്ഞ സാന്നിധ്യമുണ്ട്. ജെ.കെ. എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ആര്‍ക്കും ഒരിക്കലും ഇയാള്‍ ആര്, എന്ത് എന്ന് പിടികിട്ടാത്ത കഥാപാത്രം.

ഇവരുടെ ജീവിതത്തിലേക്ക് മറ്റൊരു കഥാപാത്രം കൂടി കടന്നുവരുന്നു. ശീതള്‍ എന്ന പെണ്‍കുട്ടി. ലവകുശന്മാരുടെ ഇന്‍വെസ്റ്റിഗേഷന്‍ യാത്രയില്‍ ശീതളിന്റെ സാന്നിധ്യവും പലപ്പോഴും ഏറെ നിര്‍ണായകമാകുന്നു.

തന്റെ ആദ്യതിരക്കഥാ രചനയെക്കുറിച്ച് നീരജ് മാധവിന്റെ അഭിപ്രായം ശ്രദ്ധിക്കാം. എല്ലാവിഭാഗം പ്രേക്ഷകരും ഒരുപോലെ ആസ്വദിക്കുന്ന പ്രിയദര്‍ശന്‍ കഥാപാത്രങ്ങള്‍ ഏറെ പ്രചോദനമായി. അങ്ങനെയൊരു കാര്യം ഏറെ അടുപ്പമുള്ളവരോട് സംസാരിച്ചിരുന്നു. അമ്മ എഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്തുപോന്നു. ഇത് ചെറിയ രീതിയില്‍ തുടങ്ങിയാണ് ഈ നിലയിലേക്ക് ഉയര്‍ന്നതും.

നിരവധി ലൊക്കേഷനുകളിലായിട്ടായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം. ചെന്നൈയിലായിരുന്നു തുടക്കം. അവിടെ ഏതാനും രംഗങ്ങളും അടിച്ചുപൊളി എന്നു പറയാവുന്ന ഗാനരംഗവും ഇവിടെ ചിത്രീകരിച്ചു. അവിടന്നു തുടങ്ങി ഒരു യാത്ര പോലെയായിരുന്നു പിന്നീടുള്ള ചിത്രീകരണം. പാലക്കാട്, പൊള്ളാച്ചി, പഴനി, തെങ്കാശി, കൊച്ചി അങ്ങനെ നിരവധി ലൊക്കേഷനുകള്‍.

ബിജുമേനോനാണ് ഇവര്‍ക്കു പിന്നിലെത്തുന്ന ജെ.കെ. എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവര്‍ മൂന്നുപേരും തുല്യപ്രാധാന്യത്തോടെ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.ദീപ്തി സതിയാണ് ശീതളിനെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കു പറമേ വിജയ് ബാബു, ബാലാജി, മേജര്‍ രവി, അതിഥി, സിനോജ് (അങ്കമാലി ഫെയിം), ആന്‍സണ്‍ (അങ്കമാലി ഫെയിം), നീനാകുറുപ്പ്, അശ്വിന്‍ കുമാര്‍, രാജാസാഹിബ്, വിഷ്ണു, കലാഭവന്‍ ഹനീഷ്, ഗോകുല്‍, അരാഫത്ത്, നന്ദിനി, തെസ്‌നി ഖാന്‍, മദന്‍ മോഹന്‍, നിര്‍മ്മല്‍, ചാര്‍മി, അഞ്ജലി നായര്‍, അക്ഷര കിഷോര്‍ എന്നിവരും പ്രധാന താരങ്ങളാണ്.

ഹരിനാരായണന്‍, ഭാസി എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം- ഗോപിസുന്ദര്‍, കലാസംവിധാനം- നാഥന്‍ മണ്ണൂര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റിയൂം ഡിസൈന്‍- സമീറാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പില്‍, സഹസംവിധാനം
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ്, പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് പ്രശാന്ത് നാരായണന്‍. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ആര്‍.ജെ. ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

- വാഴൂര്‍ ജോസ്

Ads by Google
Ads by Google
Loading...
TRENDING NOW