Friday, March 09, 2018 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 21 Sep 2017 04.34 PM

ഇരട്ട സുകൃതം

31 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ് പ്രൊഫ. എം. എന്‍. വിജയന്റെ മകനും കഥാകൃത്തുമായ വി.എസ്. അനില്‍ കുമാറും ഭാര്യ രത്‌നമ്മയും.
uploads/news/2017/09/148334/anilkumarINW.jpg

സുകൃതിയും പ്രകൃതിയും... വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അനില്‍കുമാറിന്റെയും രത്‌നമ്മയുടെയും ജീവിതം സാക്ഷാത്ക്കരിച്ച പിഞ്ചോമനകള്‍.

പ്രൊഫ. എം.എന്‍.വിജയന്റെ മകനും കഥാകൃത്തുമായ വി.എസ്. അനില്‍ കുമാറിന്റെയും തളിപ്പറമ്പ് സര്‍ സെയ്ദ് കോളജിലെ മലയാളം വിഭാഗം മേധാവിയായി വിരമിച്ച രത്‌നമ്മയുടെയും ലോകം ഇപ്പോള്‍ ഈ കുഞ്ഞുങ്ങളാണ്.

കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റുഡന്റ് ഡീന്‍ ആയി വിരമിച്ച അനില്‍ കുമാറിന് വയസ് 59, രത്‌നമ്മ ടീച്ചര്‍ക്ക് 58. ഒരു കുഞ്ഞിന് വേണ്ടിയുള്ള നീണ്ട പ്രാര്‍ത്ഥനകള്‍ക്കും ചികിത്സകള്‍ക്കും ഫലമുണ്ടാവാതെ വന്നപ്പോഴാണ് വാടക ഗര്‍ഭപാത്രത്തിന്റെ തുണയില്‍ അനില്‍ കുമാറിനും രത്‌നമ്മയ്ക്കും ഇരട്ടക്കുട്ടികളുണ്ടായത്.

കാത്തിരിപ്പിന്റെ നാളുകള്‍


1986ലായിരുന്നു വിവാഹം. ഒരു കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥനകളും ചികിത്സയുമായി നാളുകള്‍ തള്ളിനീക്കുമ്പോഴും ഞങ്ങള്‍ പ്രതീക്ഷ കൈവിട്ടില്ല. കാത്തിരിപ്പ് വെറുതെയായില്ല. ഇരട്ടി മധുരമെന്നോണം രണ്ടോമനകളെ ദൈവം ഞങ്ങള്‍ക്ക് തന്നു.

ഹോമിയോ, ആയുര്‍വേദം, സിദ്ധ ചികിത്സ എന്നിങ്ങനെ എല്ലാം പരീക്ഷിച്ചു. ഒടുവില്‍ ഐ.വി.എഫും നടത്തി. തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും ആ ശ്രമവും പരാജയമായിരുന്നു. ചികിത്സയുടെ ബുദ്ധിമുട്ടുകള്‍ ഏറെ അനുഭവിച്ചത് രത്‌നമ്മയായിരുന്നു. മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ചു.

സറോഗസിയെക്കുറിച്ച് പറഞ്ഞത് രത്‌നമ്മയാണ്. ബന്ധുക്കളായ ഡോ.അനിലിനോടും ഡോ.ആശയോടും ചര്‍ച്ചചെയ്തശേഷമാണ് വാടക ഗര്‍ഭപാത്രം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

അതിനുശേഷം എടപ്പാള്‍ സൈമര്‍ ആശുപത്രിയിലെ ഡോ.ഗോപിനാഥിന്റെ ചികിത്സ തേടി. എങ്കിലും അനുയോജ്യയായ സ്ത്രീയെ കണ്ടെത്തുന്നത് എളുപ്പമല്ലായിരുന്നു.

നോയ്ഡയിലെ ഒരു ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. അവസാനം ഡോണറെ കണ്ടെത്തി, മുംബൈ സ്വദേശിനിയായ ഇരുപത്തിയേഴുകാരി. അവള്‍ കൊച്ചിയിലെ ആശുപത്രിയിലെത്തി. ടെസ്റ്റുകള്‍ നടത്തി.

ഗര്‍ഭകാലത്ത് ആശുപത്രിയോട് ചേര്‍ന്നുള്ള ഹോസ്റ്റലില്‍ അവളെ താമസിപ്പിച്ചു. സുഖവിവരം തിരക്കാന്‍ പോകുമ്പോള്‍ അവള്‍ക്ക് കോഴിക്കോടന്‍ ഹല്‍വയും ഞങ്ങള്‍ കൊണ്ടുപോകുമായിരുന്നു.

uploads/news/2017/09/148334/anilkumarINW1.jpg

ഇരട്ടി മധുരം


സ്‌കാനിങ്ങില്‍ ഇരട്ടകളാണെന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായി. കാരണം ഒരു കുഞ്ഞാകുമ്പോള്‍ ആ കുട്ടി ഒറ്റപ്പെടുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഇത്രയും പ്രായമായല്ലോ?.

ജൂലൈ 19ന് സിസേറിയനനിലൂടെ കുട്ടികള്‍ പിറന്നു. മകളേക്കാള്‍ ഒരു മിനിറ്റ് മുമ്പേ എത്തിയത് മകനാണ്. കാര്‍ത്തിക നക്ഷത്രത്തില്‍ പിറന്ന മകന് സുകൃതിയെന്നും മകള്‍ക്ക് പ്രകൃതിയെന്നും പേരിട്ടത് രത്‌നമ്മയാണ്.

ഇനിയുള്ള ജീവിതം മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്. സാമൂഹിക പ്രശ്‌നങ്ങളും യാത്രകളും ടിവി കാണലുമൊക്കെയായി നാളുകള്‍ തള്ളിനീക്കുകയായിരുന്നു ഞങ്ങള്‍. അതൊക്കെ മാറ്റിവച്ചു, ഇപ്പോള്‍ ഞങ്ങളുടെ ലോകം കുഞ്ഞുങ്ങളാണ്. പക്ഷേ ഒരു കാര്യമുണ്ട്, കുഞ്ഞുങ്ങളെ എടുത്തുപോലും ശീലമില്ല.

പ്രസവശേഷം വാടക അമ്മയുമായി കുഞ്ഞിനെ അടുപ്പിക്കരുത് എന്ന് പറയാറുണ്ട്. പക്ഷേ ഞങ്ങള്‍ കുഞ്ഞുങ്ങളെ കാണിക്കാറുണ്ട്. ദിവസം രണ്ടുനേരം പാല്‌കൊടുക്കാനായി കുഞ്ഞുങ്ങളെ അവള്‍ക്കരികില്‍ കൊണ്ടുപോകും. അവള്‍ തിരികെ മുംബൈയിലേക്ക് മടങ്ങുംവരെ മുലപ്പാല്‍ നല്‍കാമെന്ന് വാക്ക് തന്നിട്ടുണ്ട്.

അച്ഛനും ഗുരുവും


ജീവിതത്തില്‍ അച്ഛന്റെ സ്വാധീനം വളരെ വലുതാണ്. ഞാനും അച്ഛനും ഒരുമിച്ചുള്ള ഒരഭിമുഖത്തില്‍ മക്കള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നോ?? എന്ന് അഭിമുഖക്കാരന്‍ അച്ഛനോട് ചോദിച്ചു. മക്കളുടെ വളര്‍ച്ചയില്‍ വിലങ്ങുതടിയായിട്ടില്ല.. എന്നായിരുന്നു അച്ഛന്റെ മറുപടി.

തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ അ ച്ഛന്റെ ക്ലാസില്‍ ഇരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അസുഖങ്ങള്‍ എന്നും അച്ഛനെ അലട്ടിയിട്ടുണ്ട്. അച്ഛന്‍ 77 വയസ്സുവരെ ജീവിക്കാന്‍ കാരണം അമ്മയാണ്.

പെെട്ടന്നായിരുന്നു അച്ഛന്റെ മരണം. ലോകം മുഴുവന്‍ കണ്ട അച്ഛന്റെ അവസാന ദൃശ്യങ്ങള്‍ ഞങ്ങള്‍ ഇന്നും കണ്ടിട്ടില്ല. അതിനുള്ള കരുത്തുണ്ടായില്ല.

സന്തോഷത്തോടെ യാത്രയായി


ഞങ്ങള്‍ക്ക് മക്കളുണ്ടാകാതിരുന്നതില്‍ അച്ഛനും അമ്മയ്ക്കും വലിയ ദു:ഖമുണ്ടായിരുന്നു. പലരോടും ആ സങ്കടം പങ്കുവച്ചിട്ടുമുണ്ട്. മരിക്കുന്നതിന് തലേ ദിവസമാണ് ആദ്യമായും അവസാനമായും അമ്മ കുഞ്ഞുങ്ങളെ വന്ന് കാണുന്നത്.

കുഞ്ഞുങ്ങളെ മടിയിലിരുത്തി, അച്ഛമ്മ വന്നു.. എന്നു പറഞ്ഞ് ഉമ്മ കൊടുത്തു, മക്കളേളയെന്നു വിളിച്ച് കുറേ താലോലിച്ചു. കുട്ടികളെ കണ്ടു വന്ന രാത്രിയില്‍ അമ്മ ഒട്ടും ഉറങ്ങിയില്ല.

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കിട്ടില്ലല്ലോ എന്ന സങ്കടം അമ്മയ്ക്കുണ്ടായിരുന്നു. ആ വിഷമത്തിലാണ് അ മ്മ പോയത്. അച്ഛന് എന്റെ മക്കളെ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ഇപ്പോഴും ബാക്കിയാണ്.

എനിക്ക് ഇരട്ടക്കുട്ടികളാണെന്നുള്ള വിവരം അമ്മ അച്ഛനോട് ചെന്ന് പറഞ്ഞിട്ടുണ്ടാവും. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

അശ്വതി അശോക്

Ads by Google
Thursday 21 Sep 2017 04.34 PM
YOU MAY BE INTERESTED
TRENDING NOW