Thursday, June 20, 2019 Last Updated 31 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 21 Sep 2017 04.03 PM

അരികില്‍ ഉണ്ടായിരുന്നെങ്കില്‍...

uploads/news/2017/09/148328/Weeklyaanmanasu210917a.jpg

ബോധോദയത്തെപറ്റി ഒരു കഥയുണ്ട്. തുമ്പിയെ പിടിക്കാനായി ഒരുപാട് അലഞ്ഞുനടക്കുമ്പോള്‍ തുമ്പിയെ കിട്ടില്ല. ഒടുവില്‍ തുമ്പി വന്ന് മൂക്കിന്‍തുമ്പത്ത് ഇരിക്കുമ്പോള്‍ അതിനെ പിടിക്കാനും തോന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ചില വാക്കുകള്‍ ആണിത്.

എന്റെ ഹൃദയപാതി ആയിരുന്ന എന്റെ കുഞ്ഞനുജന്‍. ഞാനും അവനും ഒരുമിച്ചാണ് കളിച്ചത്, പഠിച്ചത്, സ്വപ്നങ്ങള്‍ കണ്ടത്. എന്നെക്കാള്‍ സംഗീതത്തോട് അവനായിരുന്നു അഭിരുചി. കുഞ്ഞുനാളില്‍ തന്നെ സംഗീതം പഠിച്ചിരുന്നു.

അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഗാനഗന്ധര്‍വനെ ഒരുനോക്കു കാണണം എന്നത്. ഒടുവില്‍ ആറ്റുനോറ്റിരുന്ന്, ആലപ്പുഴയില്‍ അദ്ദേഹത്തിന്റെ ഗാനമേള ഉണ്ടെന്നറിഞ്ഞ് പോകാന്‍ ഞങ്ങള്‍ പദ്ധതിയിട്ടു. അന്ന് എനിക്ക് 17 ഉം അവന് 16 ഉം വയസ്സ്.

തലേന്ന് രാത്രി എന്റെകൂടെ കിടന്ന അവന്‍ ഉറങ്ങിയില്ല. പിറ്റേന്ന് ഗാനഗന്ധര്‍വനെ കാണാന്‍ പോകുകയാണ്. രാത്രി ഏതാണ്ട് രണ്ടുമണിക്ക് ഞാന്‍ അറിയാതെ ഉണര്‍ന്നപ്പോള്‍ അവന്‍ കണ്ണുതുറന്നു കിടക്കുകയാണ്. 'കണ്ടാല്‍പോരാ എനിക്ക്; ഓട്ടോഗ്രാഫും വാങ്ങിക്കണം.'

പിറ്റേന്ന്, നല്ല ഒരു ഷര്‍ട്ടില്ലായിരുന്ന അവന.് ഞാന്‍ എന്റെ രണ്ടു ഷര്‍ട്ടില്‍ ഒരെണ്ണം നല്‍കി. ഒരുരൂപയ്ക്ക് അന്ന് സൈക്കിള്‍ ഒരു മണിക്കൂര്‍ സമയം വാടകയ്ക്കു കിട്ടും. എന്റെ കൈയിലെ സമ്പാദ്യമായ പത്തുരൂപ ഞാന്‍ അവിടെ നിക്ഷേപിച്ചു.

ഞാന്‍ പുറകില്‍ ഇരുന്നു. അവന്‍ സീറ്റില്‍ പോലും ഇരിക്കാതെ നിന്ന് ചവിട്ടുകയാണ്. ഗാനഗന്ധര്‍വനെ കാണാന്‍ അത്ര കൊതിയായിരുന്നു. ഇടയ്‌ക്കെവിടെയോ ചെന്നപ്പോള്‍ ടയര്‍ പഞ്ചറായി.

അടുത്തുള്ള വര്‍ക്ക്‌ഷോപ്പ് കണ്ടുപിടിച്ച് പെട്ടെന്നത് ഒട്ടിച്ച് പിന്നെയും ആഞ്ഞു ചവിട്ടി. ആലപ്പുഴയില്‍ ചെന്നപ്പോള്‍ ജനസാഗരം. ഏറ്റവും പുറകില്‍ നിന്ന് ഞങ്ങള്‍ ഗാനഗന്ധര്‍വനെ ഒരു വെള്ളപ്പൊട്ടുപോലെ കണ്ടു.

അവന്‍ കൈയടിച്ച് തുള്ളിച്ചാടി. പക്ഷേ, എങ്ങനെ അടുത്ത് കാണും, ഓട്ടോഗ്രാഫ് വാങ്ങിക്കും? ഗാനമേള കഴിഞ്ഞു തിരികെ പോകുമ്പോള്‍ അനുജന് ഇങ്ങോട്ടു ചവിട്ടിയ ആവേശം ഇല്ലായിരുന്നു. വീട്ടില്‍ ചെന്ന് ആഹാരം പോലും കഴിക്കാതെ കിടന്നുറങ്ങിയ അവന്റെ കവിളില്‍ കണ്ണീര്‍ ചാലുകള്‍.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു ആ സംഭവം. അടുത്ത വീട്ടിലെ മാലമോഷണം അവനില്‍ ആരോപിക്കപ്പെട്ടു. നിരപരാധിത്വം തെളിയിക്കാനാവാതെ വന്നപ്പോള്‍ ആരെയും അറിയിക്കാതെ വീടിന്റെ ഉത്തരത്തില്‍ ഒരുമുഴം കയറില്‍ അവന്‍ ജീവിതം അവസാനിപ്പിച്ചു.

കര്‍മ്മമൊക്കെ കഴിഞ്ഞ് മുറിയിലെത്തിയ ഞാന്‍ കണ്ടത് എന്നോട് അവനന്നു വാങ്ങിയ ഷര്‍ട്ട് അലക്കി, തേച്ചുമിനുക്കി വച്ചിരിക്കുന്നതാണ്. അതിന്റെ പോക്കറ്റില്‍ ഒരു കുറിപ്പ്.

'ഞാന്‍ അന്ന് വാങ്ങിയ ചേട്ടന്റെ ഷര്‍ട്ടാണ്; അത് മോശമാക്കണ്ട. ചേട്ടന് ആകെ രണ്ട് ഷര്‍ട്ടല്ലേ ഉള്ളൂ, ഞാന്‍ പോകുവാ ചേട്ടാ.'
എന്റെ ചങ്ക് പറിഞ്ഞുപോയി.

എന്റെ ഷര്‍ട്ട് തിരിച്ചുതന്നിട്ട് അവന്‍ അവന്റെ മുഷിഞ്ഞുകീറിയ ഷര്‍ട്ട് ഇട്ടാണ് ആത്മഹത്യ ചെയ്തത്. എനിക്ക് ആ നിമിഷം കരയാന്‍ കഴിയുമായിരുന്നില്ല. അല്‍പ്പമെങ്കിലും ബോധമില്ലാതെ കരയുന്നതെങ്ങനെ?

ഇന്നും അവന്‍ ഹൃദയത്തില്‍ കോറിയ ഒരു നെരിപ്പോടാണ്. ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴയിലേക്കുള്ള ഓരോ യാത്രയിലും ഞാന്‍ ഓര്‍ക്കുന്നത് അന്നത്തെ യാത്രയാണ്, അന്നു ഞങ്ങള്‍ പഞ്ചര്‍ ഒട്ടിക്കാന്‍ കയറിയ വര്‍ക്ക്‌ഷോപ്പാണ്.

പിന്നീട് എത്രയോ തവണ ഞാന്‍ ഗാനഗന്ധര്‍വനെ കണ്ടു, സ്വകാര്യസംഭാഷണത്തില്‍ ഏര്‍പ്പെട്ടു, എന്റെ എത്രയോ പാട്ടുകള്‍ അദ്ദേഹം പാടി. ആ ഓരോ നിമിഷവും അവന്‍ എന്റെ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുപോകും.

എന്തൊക്കെ നേടിയിട്ടും ഒന്നും നേടാനാവാതെ പോയവന്റെ നിസ്സഹായതയോടെയാണ് ഓരോ സൗഭാഗ്യത്തിലൂടെയും ഞാന്‍ കടന്നുപോയത്. ചേട്ടന്റെ ഷര്‍ട്ട്‌പോലും സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത അവനെ സമൂഹം ഒരു മോഷ്ടാവെന്ന് വിളിച്ചപ്പോള്‍ അവനെപ്പോലെ ഒരാള്‍ക്ക് ചെയ്യാന്‍ തോന്നുന്നതേ അവന്‍ ചെയ്തുള്ളൂ.

പക്ഷേ, അവന്‍ അന്ന് കൊണ്ടുപോയത് എന്റെകൂടി ജീവന്‍ ആയിരുന്നു. എന്റെ സങ്കടക്കടല്‍ പേറിയ ഓരോ പാട്ടിന്റെയും പിന്നില്‍ അവന്റെ ഓര്‍മകളുണ്ട്.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Thursday 21 Sep 2017 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW