Sunday, July 01, 2018 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 21 Sep 2017 03.48 PM

പ്രണയിക്കുന്നവര്‍ വിവാഹിതരാകാന്‍ പാടില്ല, വിവാഹത്തോടൊപ്പം പ്രണയവും അവസാനിച്ചു: മമ്മൂട്ടിയുടെ നായിക പറയുന്നു

uploads/news/2017/09/148323/CinIAnjalyamier.jpg

''ഒരു പെണ്ണായിത്തീരണമെന്ന എന്റെ ആഗ്രഹം അത്യുല്‍ക്കടമായിരുന്നു. എന്റെ മനസില്‍ 'അവള്‍' അത്രകണ്ട് പ്രതിഷ്ഠയായിപ്പോയി. രാപ്പകല്‍ ഞാന്‍ അവളുടെ ഉപാസകനായി ജീവിച്ചു. ഇന്നിതാ, ഞാന്‍ സ്ത്രീയായി മാറിയിരിക്കുന്നു.

ഇപ്പോഴുള്ള എന്റെ സമാധാനം മറ്റൊരു ജന്മത്തിലും എനിക്ക് ലഭിക്കാനിടയില്ല. ഇതെനിക്കൊരു മുജ്ജന്മ സുകൃതമാണ്. കുട്ടിക്കാലത്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന നടിമാരുടെ സൗന്ദര്യം എന്നെ ഹരംപിടിപ്പിച്ചിരുന്നു.

ശോഭന, മഞ്ജുവാര്യര്‍ എന്നിവരുടെ സൗന്ദര്യം എന്നെ എത്രകണ്ട് ആകര്‍ഷിച്ചിരുന്നു എന്നുപറയാന്‍ വാക്കുകളില്ല. എന്റെയുള്ളില്‍ പ്രതിഷ്ഠിച്ചിരുന്ന സ്ത്രീയും അവരെപ്പോലെ അഭിനേത്രിയാകണമെന്ന് ആഗ്രഹിച്ചു. അതിനായി എന്നെ ഞാന്‍തന്നെ തയാറാക്കുകയുണ്ടായി.

'' എന്നിങ്ങനെ പറയുന്നത് ആണായി പെണ്ണായി രൂപാന്തരപ്പെട്ട അഞ്ജലി അമീര്‍ എന്ന നടി 'പേരന്‍പ്' എന്ന പടത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

'പേരന്‍പ്' സിനിമയുടെ ഷൂട്ടിംഗ് മദ്രാസില്‍ നടക്കുകയുണ്ടായി. ആദ്യദിവസം ക്യാമറയ്ക്കു മുമ്പില്‍ നിന്നപ്പോള്‍ മനസ് പതറിപ്പോകുകയാണുണ്ടായത്. ഈ രംഗം ഒരു ഹോട്ടലില്‍ വച്ചായിരുന്നു ചിത്രീകരിച്ചത്. മമ്മൂക്കയായിരുന്നു എന്നോടൊപ്പം അഭിനയിച്ചത്.

ആക്ഷന്‍ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചത് റിഹേഴ്‌സല്‍ എന്നായിരുന്നു. അഭിനയിച്ചു കഴിഞ്ഞപ്പോള്‍ സംവിധായകന്‍ ഓടിവന്നിട്ട് 'ഓക്കെ' പറഞ്ഞു. അഭിനയം എന്നാല്‍ ഇത്രയേയുള്ളോ എന്ന് ഞാന്‍ അപ്പോള്‍ വിചാരിച്ചു.

പക്ഷേ പിറ്റേദിവസത്തെ ചിത്രീകരണ വേളയില്‍ അഭിനയിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. സംവിധായകന്‍ ഈ പടത്തിന്റെ തിരക്കഥ പൂര്‍ണ്ണമായും മനസില്‍ രേഖപ്പെടുത്തിയിരുന്നു. കൈവശം സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല.

സംഭാഷണം തുടര്‍ച്ചയായി പറഞ്ഞുതന്നുകൊണ്ടിരുന്നു. മമ്മൂക്ക എന്നെ ഒരുപാട് സഹായിച്ചു. ''ആണ് പെണ്ണായതാണെന്ന് നീ ഇനി ആരോടും കൊട്ടിഘോഷിക്കരുത്.'' അദ്ദേഹം എന്നോട് ഉപദേശിക്കുകയുണ്ടായി.

? സിനിമയില്‍ അഭിനയിക്കാനായിരുന്നോ സ്ത്രീയായി മാറിയത്.


ഠ നടിയാകണം. സിനിമയില്‍ അഭിനയിക്കണം എന്ന് എല്ലാ സ്ത്രീകളെയും പോലെ ഞാനും ആഗ്രഹിച്ചിരുന്നു. ശോഭന മഞ്ജുവാര്യര്‍ എന്നിവര്‍ അഭിനയിച്ച പടങ്ങള്‍ കണ്ട് വീട്ടിലെത്തി കണ്ണാടിക്കു മുമ്പില്‍ നിന്നുകൊണ്ട് ഞാന്‍ എന്നെ നോക്കിക്കാണുമായിരുന്നു.

'ദൈവമേ! അവരെപ്പോലെ ഞാനും സൗന്ദര്യമുള്ള ഒരു പെണ്ണായി ജനിച്ചിരുന്നെങ്കില്‍'' എന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. പക്ഷേ ആ സമയം കണ്ണാടിയിലൂടെ ഞാനൊരു നാഗവല്ലിയെപ്പോലെ പ്രത്യക്ഷപ്പെടുകയായിരുന്നു. ചിരിച്ചുകൊണ്ട് അഞ്ജലി പറഞ്ഞു.

അഞ്ജലി ജനിച്ചതും വളര്‍ന്നതും കേരളത്തിലാണ്. താമരശേരിയില്‍ ആണായിട്ടാണ് ജനനം. ഒരു വയസില്‍ അമ്മ മരണപ്പെട്ടു. പിന്നീട് മുത്തശ്ശിയുടെ സംരക്ഷണയില്‍ വളര്‍ന്നു. പലരും ഇവരെ ഒരു പെണ്ണെന്ന നിലയില്‍ കണ്ടിരുന്നുവത്രെ. സ്‌കൂളില്‍ പോകുമ്പോള്‍ അഞ്ജലി കണ്ണെഴുതി പൗഡര്‍ പൂശിയാണ് പോകാറുള്ളത്.

uploads/news/2017/09/148323/CinIAnjalyamier1.jpg

ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ ധരിച്ച് ധരിച്ച് സ്‌ത്രൈണ ഭാവത്തില്‍ എത്തുമ്പോള്‍ അദ്ധ്യാപകര്‍ വിസ്മയപൂര്‍വം നോക്കിക്കാണാറുണ്ടായിരുന്നു. ആരെങ്കിലും ഇതേക്കുറിച്ചു ചോദിച്ചാല്‍ 'ഇത് എന്‍ കാലുകള്‍.... ഇതിലെനിക്ക് ഇഷ്ടപ്പെട്ട ചെരുപ്പുകള്‍ ധരിച്ചിരിക്കുന്നു' എന്നാണ് മറുപടി നല്‍കിയത്. പത്താംക്ലാസ് പഠനം പൂര്‍ത്തിയായതോടെ വീടുവിട്ട് പുറത്തേക്ക് പോകേണ്ടതായ ഒരു സാഹചര്യമുണ്ടായി.

''ഒരുപാട് പ്രതിസന്ധികളെ എനിക്ക് നേരിടേണ്ടതായി വന്നു. അതൊന്നും എനിക്ക് വിവരിക്കാനാവില്ല. ഇന്നും അതോര്‍ത്ത് ഞാന്‍ രഹസ്യമായി കരയാറുണ്ട്. എന്റെ വീട് കുടുംബം, സുഹൃത്തുക്കള്‍ എല്ലാംതന്നെ എനിക്ക് ഒരിക്കലും തിരികെ കിട്ടാത്തവിധം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

പക്ഷേ ഇന്ന് ഞാന്‍ കരഞ്ഞാല്‍ നാളെ പതിന്മടങ്ങ് ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കും. അതുകൊണ്ടു കരയുക എന്നത് തെറ്റായ ഒരു നടപടിയായി ഞാന്‍ കരുതുന്നില്ല. കരയാന്‍ തോന്നുമ്പോള്‍ കരയും. വികാരങ്ങള്‍ ഒരിക്കലും നിയന്ത്രിക്കാന്‍ പാടില്ല. ഒരു ജീവിതമേ ഉള്ളൂ. അത് ഇഷ്ടാനുസരണം ജീവിച്ചുതീര്‍ക്കുക.''

പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സുമായി ജനിച്ച അഞ്ജലി, തന്റെ ശരീരം സ്‌ത്രൈണാവസ്ഥയില്‍ എത്തിക്കാന്‍ ഒരുപാട് ദുരിതങ്ങള്‍ പേറേണ്ടതായി വന്നു. അതേക്കുറിച്ച് അഞ്ജലി പറയുന്നത് ഇങ്ങനെ:


''ഞാന്‍ പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം നേരെ ഗോവയിലേക്ക് പുറപ്പെട്ടു. അതോടെ പഠനം നിലച്ചു. ജീവസന്ധാരണത്തിനു വേണ്ടിയുള്ള പരക്കം പാച്ചില്‍ പോലെയായിരുന്നു പിന്നീടുണ്ടായ അനുഭവങ്ങള്‍.

ഗോവ പ്രവാസത്തിനുശേഷം ഞാന്‍ മദ്രാസില്‍ എത്തി അവിടെയുള്ള 'തിരുനങ്കൈ' എന്ന സംഘടനയില്‍ ചേര്‍ന്നു. (പുരുഷന്‍ സ്ത്രീയായി മാറിക്കഴിഞ്ഞാല്‍ അവളെ ഏറ്റവും കൂടുതല്‍ ആദരിക്കുന്ന സംഘടനയാണിത്.) അവരോടൊപ്പം അവരുടെ ആചാരങ്ങളുമായി കുറേക്കാലം ജീവിച്ചു.

അവരില്‍ ഓരോരുത്തര്‍ക്കും ഓരോ കുടുംബം ഉണ്ടായിരുന്നു. ആ കുടുംബത്തില്‍ നവാഗതകളായി എത്തുന്നവരെ മകളായോ, മരുമകളായോ സ്വീകിക്കാറാണ് പതിവ്.

എനിക്ക് ഇവരുടെ ആചാരങ്ങളെക്കുറിച്ച് മുന്‍ അറിവൊന്നുമില്ലായിരുന്നു. അവിടെ എനിക്ക് നേരിട്ട അനുഭവങ്ങള്‍ വളരെ തിക്തമായിരുന്നു. അപ്പോഴായിരുന്നു, അത് ജീവിതമോ പന്ഥാവോ അല്ലെന്ന് എനിക്കു മനസ്സിലായത്.

അവിടെനിന്നും ഞാന്‍ കേരളത്തിലേക്ക് പുറപ്പെട്ടു. അവിടെ പ്ലസ്ടു പരീക്ഷ എഴുതുകയുണ്ടായി. വീണ്ടും എന്റെ പ്രയാണം ഗോവയിലേക്കായിരുന്നു. അവിടെ എത്തിയ ഞാന്‍ കാള്‍സെന്ററിലും ബ്യൂട്ടി പാര്‍ലറിലും ജോലി ചെയ്തു.

കിട്ടുന്ന ശമ്പളമൊക്കെ ഞാനെന്റെ ശരീരസംബന്ധമായ ആവശ്യത്തിനായി സ്വരൂപിച്ചു. എനിക്ക് പെണ്ണാകേണ്ടുന്ന ചികിത്സാ ചെലവുകള്‍ക്കായി എന്നര്‍ത്ഥം.

ആദ്യമായി ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചു. നട്ടെല്ലില്‍ ഇഞ്ചക്ഷന്‍ എടുത്തു തുടങ്ങി. വേദനമൂലം ഞാന്‍ പിടഞ്ഞുപോയ നിമിഷങ്ങള്‍. തുടര്‍ന്ന് സ്‌ത്രൈണപരമായി അവയവങ്ങള്‍ എന്നില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ബാറുകളില്‍ നൃത്തം ചെയ്യാന്‍ പോയി.

അങ്ങനെയും കുറെ പണം സമ്പാദിക്കാന്‍ കഴിഞ്ഞു. അടുത്ത ഘട്ടമായി ചെലവേറിയ ചികിത്സയ്ക്ക് ഞാന്‍ തയാറായി. അതായത് എന്റെ സ്വകാര്യ അവയവം പുനഃസ്ഥാപിക്കുക എന്നതായിരുന്നു.

സങ്കീര്‍ണമായ ഈ ചികിത്സയ്ക്കായി പത്തുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഒടുവില്‍ ആ ചികിത്സയും അവസാനിച്ചു. വളരെ ലളിതമായി ഇത് പറഞ്ഞുവെങ്കിലും ഞാന്‍ അനുഭവിച്ച കൊടിയ വേദനകള്‍ ഇന്നും ഭയാനക സ്വപ്നം പോലെയാണ്.

പക്ഷേ എന്റെ ജീവിതലക്ഷ്യങ്ങളും അഭിലാഷങ്ങളും നേടിയെടുത്തു മറ്റുള്ളവരുടെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാനായിരുന്നു ഞാന്‍ ഈ ത്യാഗങ്ങള്‍ അനുഭവിച്ചത്. ഇപ്പോള്‍ ഞാന്‍ സര്‍വ്വോപരി സ്ത്രീയാണ്. ഞാനിപ്പോള്‍ നിങ്ങളോട് മധുരോദാരമായ പ്രണയ സങ്കല്പങ്ങള്‍ പങ്കിടുകയാണ്.''

ഇത്രയും പറഞ്ഞുകൊണ്ട് അഞ്ജലി, പ്രണയം... വിവാഹം... എന്നിവയെക്കുറിച്ച് മനസ് തുറക്കുകയായി.''കൗമാരപ്രായത്തില്‍ തന്നെ എനിക്ക് പ്രണയം തോന്നിത്തുടങ്ങി.

അപ്പോള്‍ ഞാന്‍ പരിപൂര്‍ണമായും പെണ്ണായിരുന്നില്ല. എന്റെ പ്രണയം ഒരാണിനോട് വെളിപ്പെടുത്താന്‍ പേടിതോന്നി. പതിനൊന്നാം തരം പഠിക്കുമ്പോള്‍ ഒരാളുമായി എനിക്കുണ്ടായ പ്രണയം വളരെ ആഴമേറിയ ഒന്നായിരുന്നു. പക്ഷേ ആ പ്രണയം മുറിപ്പെട്ടു പോയി.

uploads/news/2017/09/148323/CinIAnjalyamier2.jpg

ഇപ്പോള്‍ ഞാന്‍ പ്രണയിക്കുന്ന വ്യക്തി മരണംവരെ എന്നോടൊപ്പം ഉണ്ടാകും എന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍. അദ്ദേഹം കോഴിക്കോട്ടുകാരനാണ്. എന്നെ അദ്ദേഹം ജീവനുതുല്യം സ്‌നേഹിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ കുടുംബം ഇതറിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നു.

ഞാനൊരു സ്വതന്ത്ര പറവയെപ്പോലെയാണ്. ഈ ലോകത്ത് ഒന്നുംതന്നെ എനിക്കു പേടിയില്ല. എന്നോട് ആരെങ്കിലും ഉടക്കാന്‍ വന്നാല്‍ 'പോടാ... പോയി പണി നോക്ക്' എന്ന് ഞാന്‍ പറയും. എന്റെ കാമുകനില്‍നിന്നും കിട്ടുന്ന സ്‌നേഹവും സഹകരണവും മാത്രം എനിക്ക് മതിയാകും. പ്രണയം എനിക്ക് ഊര്‍ജം പകര്‍ന്നുതരുന്നു.

പ്രണയത്തിന്റെ അവസാനഘട്ടം വിവാഹമെന്ന് ഞാന്‍ കരുതുന്നില്ല. പ്രണയിക്കുന്നവര്‍ തമ്മില്‍ ഒരിക്കലും വിവാഹിതരാകാന്‍ പാടില്ല. വിവാഹത്തോടൊപ്പം പ്രണയവും അവസാനിച്ചു, പിന്നീടത് ബാധ്യതകള്‍ക്ക് വഴിതെളിക്കുന്നു.

വിവാഹിതരാകാതെ ജീവിതത്തില്‍ ലഭിക്കുന്ന പ്രണയസുഖം വിവാഹത്തിനു ശേഷം ലഭിക്കാറില്ല. എനിക്ക് വിവാഹം കഴിക്കുന്നതില്‍ ഒട്ടും താല്പര്യമില്ല.

അടുത്തൊരു ജന്മമുണ്ടെങ്കില്‍ ഞാന്‍ പൂര്‍ണ്ണമായും പുരുഷനായി ജീവിക്കണമെന്നാണ് ആഗ്രഹം. യഥാര്‍ത്ഥത്തില്‍ പതിനേഴ്‌സ് വയസ് വരെ ശാരീരികമായി ഞാന്‍ അര്‍ദ്ധപുരുഷനായി ജീവിക്കുകയായിരുന്നു.

ആകയാല്‍ എനിക്ക് പുരുഷന്മാരുടെ മാനസിക നിലയെക്കുറിച്ച് അറിയില്ല. അതേസമയം സ്ത്രീകളുടെ മാനസികനില ഗ്രഹിക്കാന്‍ കഴിയും. ഈ സമൂഹത്തില്‍ നന്നായി ജീവിക്കാന്‍ പുരുഷന്മാര്‍ക്കേ കഴിയൂ. ഒരു പെണ്ണ് പല പ്രായങ്ങളില്‍ പല ഘട്ടങ്ങളെ അതിജീവിച്ചു പോകേണ്ടതുണ്ട്.

വിവാഹം കഴിഞ്ഞാല്‍ മറ്റൊരു ഭവനത്തില്‍ ചേക്കേറേണ്ടതുണ്ട്. പക്ഷേ പുരുഷന്മാര്‍ക്ക് അങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വരുന്നില്ല. ഏതു പാതിരാത്രിയിലും അവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമുണ്ട്. തോന്നിയതുപോലെ ജീവിക്കാം. അതുകൊണ്ടാണ് അടുത്ത ജന്മം ഞാന്‍ ആണായിത്തീരണമെന്ന് ആഗ്രഹിക്കുന്നത്.''

പെണ്ണായ ശേഷം സ്ത്രീകളുടേതായ സ്വഭാവം എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? എന്നു ചോദിച്ചപ്പോള്‍ ''ധൈര്യം വന്നിട്ടുണ്ട്'' എന്നു മാത്രമാണ് അഞ്ജലി അമീര്‍ പറഞ്ഞത്.

-സുധീന ആലങ്കോട്

Ads by Google
Ads by Google
Loading...
TRENDING NOW