Sunday, September 23, 2018 Last Updated 42 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 21 Sep 2017 12.35 PM

വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് കേരളപ്പിറവി ആഘോഷങ്ങളിൽ തൈക്കുടം ബ്രിഡ്ജ് സംഗീത വിസ്മയമൊരുക്കും

uploads/news/2017/09/148289/eup210917.jpg

സൂറിച്ച്: വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് നടത്തുന്ന കേരളപ്പിറവി ആഘോഷങ്ങളിൽ അഭൗമ സംഗീതത്തിന്റെ നിറവസന്തം വിരിയിക്കാൻ "തൈക്കൂടം ബ്രിഡ്ജ്" വശ്യമധുര ഈണങ്ങളുമായ് സൂറിച്ചിൽ എത്തുന്നു.

മലയാളിയുടെ തനതു സംഗീത രുചികളിൽ ആധുനിക സംഗീതത്തിന്റെ ചടുല താളങ്ങൾ സന്നിവേശിപ്പിച്ച് , നവയുഗ ഇന്ത്യൻ സംഗീതത്തിന് പുതു ഊർജം നൽകിയ മാന്ത്രിക സംഗീത പ്രതിഭകൾ "തൈക്കൂടം ബ്രിഡ്ജ്" സൂറിച്ചിന്റെ രാവിനെ സംഗീത സാന്ദ്രമാക്കാൻ 2017 നവംബർ 4 ന് എത്തുകയാണ്.

"തൈക്കൂടം ബ്രിഡ്ജ്" എന്നത് എറണാകുളത്തെ ഒരു സാധാരണ പാലം മാത്രമായിരുന്നെങ്കിൽ ഇന്നത് ലോകമെങ്ങും അറിയപ്പെടുന്നത് മാസ്മരസംഗീതത്തിന്റെ മറുപേരായാണ്. യുട്യൂബിൽ വൈറൽ ആയ അവരുടെ ഗാനങ്ങളെല്ലാം നേരിട്ടനുഭവിക്കാനുള്ള അസുലഭ സന്ദർഭമാണ് , വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി യൂറോപ്പിലെ കലാപ്രേമികൾക്കു സമ്മാനിക്കുന്നത് .

നൊസ്റ്റാൾജിയ എന്ന അവരുടെ ഗാനത്തിൽ കോർത്തിണക്കപ്പെടുന്ന പച്ചക്കറികളും , താരാട്ടുപാട്ടുകളും എല്ലാം , ബാല്യകൗമാരയൗവ്വന പ്രണയഭാവനകളുടെ ഗൃഹാതുര സ്മരണകളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. കാല്പനിക ഭാവുകത്വത്തിന്റെ വശ്യചാരുത കൈവരിക്കുന്ന അവരുടെ ഗാനങ്ങൾ ഇമ്പമേറുന്ന ഈണങ്ങളുടെ നിറവസന്തം വിരിയിച്ച്,ഭാവരാഗതാളലയമായ് സൂറിച്ചിൽ പെയ്തിറങ്ങും .

ജീവിതത്തിലുടനീളം ഭഗ്നസ്വപ്നങ്ങളെ പിന്തുടരുന്ന ഒരു കലാകാരന്റെ പ്രത്യാശാഭരിതമല്ലാത്ത യാത്രയുടെ വഴികൾ കാണിച്ചു തരുന്ന "നവരസം" എന്ന ഗാനസൃഷ്ടി കലാപ്രേമികളുടെ പ്രശംസ ഒട്ടൊന്നുമല്ല ഏറ്റുവാങ്ങിയത്. .കലയോടും കലാകാരനോടുമുള്ള സമൂഹത്തിന്റെ നീരസത്തെയും കൂടിയാണ് ഈ ഗാനം സൂചിപ്പിക്കുന്നത് .

ഇശൈജ്ഞാനി ഇളയരാജയെയും, മദ്രാസിന്റെ മൊസാർട്ട് എന്നറിയപ്പെടുന്ന എ. ആർ. റഹ്‌മാനെയും വരെ തങ്ങളുടെ സംഗീത പ്രതിഭയാൽ വിസ്മയിപ്പിച്ച്, മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് "തൈക്കൂടം ബ്രിഡ്ജ്".

വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് എല്ലാവർഷവും നടത്തിവരാറുള്ള കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായാണ് "തൈക്കൂടം ബ്രിഡ്ജ്" സൂറിച്ചിൽ എത്തിച്ചേരുന്നത് .യൂറോപ്പിലെ മറ്റു പല നഗരങ്ങളിലും ഇവരുടെ സംഗീത നിശകൾക്കായ് വേദികൾ ഒരുങ്ങുന്നുണ്ട്. സംഗീത പ്രേമികൾക്കു നേരത്തെതന്നെ ടിക്കറ്റുകൾ കരസ്ഥമാക്കി സീറ്റുകൾ ഉറപ്പാക്കാൻ റിസർവേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട് .

അത്യാധുനിക ശബ്ദ, സംഗീത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെ 18 ൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഈ സംഗീത നിശ സൂറിച്ച് കന്റോണിലെ റാഫ്സ് എന്ന മനോഹര ഗ്രാമത്തിൽ നൂതനവും വിശാലവുമായ ഹാളിലാണ് അരങ്ങേറുന്നത്. വിശാലമായ പാർക്കിംഗ് സൗകര്യവും പരിപാടിക്കായി സംഘാടകർ ഒരുക്കിയിട്ടുണ്ട് .

പരിപാടി ഒരു വലിയ വിജയമാക്കി മാറ്റുന്നതിനുവേണ്ടി, ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, പ്രസിഡന്റ് ജോസ് വള്ളാടിയിൽ, സെക്രട്ടറി ബാബു വേതാനി, ട്രെഷറർ ബോസ് മണിയംപാറയിൽ, പ്രോഗ്രാം കോർഡിനേറ്റർ ടോമി തൊണ്ടാംകുഴി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു .

കേരളപ്പിറവിയോടനുബന്ധിച്ച് നടത്തുന്ന ഈ സംഗീതസായാഹ്നം ഒരു വൻ വിജയമാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയിൽ വിവിധ കണ്‍വീനർമാരായി ജോയ് കൊച്ചാട്ട്, ജോബിൻസണ്‍ കൊറ്റത്തിൽ, ജോഷി പന്നാരക്കുന്നേൽ, ജോണി ചിറ്റക്കാട്ട്, ജോർജ്നമ്പുശ്ശേരിൽ, ജോഷി താഴത്തുകുന്നേൽ, ആൽബി ജോസഫ്, ബാബു കാശാംകാട്ടിൽ, തോമസ് പോൾ, റോസിലി ചാത്തങ്കണ്ടം, സിറിയക് മുടവംകുന്നേൽ, സാജു ചേലപ്പുറത്ത്, ടോണി ഉള്ളാട്ടിൽ, മോളി പറമ്പേട്ട്, മിനി ബോസ് മണിയംപാറയിൽ, സ്മിത നമ്പുശ്ശേരിൽ എന്നിവർ ചുമതലയേറ്റു.

WMC സ്വിസ് പ്രൊവിൻസ് കേരളപ്പിറവി ആഘോഷത്തിലേക്കും സംഗീത വിരുന്നിലേക്കും എല്ലാ കലാപ്രേമികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നു .

ഷിജി ചീരംവേലില്‍

Ads by Google
Thursday 21 Sep 2017 12.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW