Sunday, June 09, 2019 Last Updated 26 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Sep 2017 03.24 PM

സുന്ദരന്മാരാകാന്‍ ആഗ്രഹിക്കുന്ന ചുള്ളന്മാര്‍ക്കുള്ള ചില്ലറ ടിപ്‌സ്...

uploads/news/2017/09/147965/MENSONLY200917a.jpg

പുത്തന്‍ തലമുറയില്‍ പുരുഷസൗന്ദര്യത്തിന് വലിയ സ്ഥാനമുണ്ട്. മുടി ചീകിയൊതുക്കി, ഫെയ്‌സ് ക്രീമുമിട്ട്, ഇണങ്ങുന്ന വേഷം ധരിച്ച് ചുള്ളനായി മുന്നിലെത്തുന്ന ചെറുപ്പക്കാരെ ആരെങ്കിലും ശ്രദ്ധിക്കാതിരിക്കുമോ?

പുരുഷന് സൗന്ദര്യം വേണ്ട എന്ന തോന്നലൊക്കെ അപ്പാടെ മാറിയ ഇക്കാലത്ത് അവര്‍ക്കു വേണ്ടുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഫാഷന്‍ ട്രെന്‍ഡുകളും വിപണി കീഴടക്കുന്നു. ഒട്ടുമിക്ക ഫാഷന്‍ ഷോപ്പുകളിലും പെണ്‍കുട്ടികളുടെ ഫേഷ്യല്‍ ക്രീമിനൊപ്പം ആണ്‍കുട്ടികള്‍ക്കുള്ള ഫെയ്‌സ് ക്രീമുമുണ്ടാകും.

സൗന്ദര്യം വേണമെന്ന് ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്കും തന്റെ ബോയ്ഫ്രണ്ടിന് സൗന്ദര്യം കൂടിയേ തീരു എന്ന് വാശി പിടിക്കുന്ന പെണ്‍കുട്ടികള്‍ക്കുമായി ചില ടിപ്‌സുകള്‍...

ശ്രദ്ധ പിടിച്ചുപറ്റാം


പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ പുരുഷസൗന്ദര്യത്തിനും പ്രാധാന്യമുണ്ട്. വൃത്തിയും വെടിപ്പുമുള്ള വേഷമാണ് പുരുഷസൗന്ദര്യത്തിന്റെ ആദ്യപടി. ചുളുങ്ങിയ ഷര്‍ട്ടുമിട്ട്, മുടി ചീകിയൊതുക്കാതെ, വൃത്തിഹീനമായി നടന്നാല്‍ എത്ര സൗന്ദര്യമുണ്ടായാലും ആരും തിരിഞ്ഞു നോക്കില്ല.

സ്ത്രീക്ക് സൗന്ദര്യം മാത്രമാണ് അഴകെങ്കില്‍ പുരുഷന് അതിനൊപ്പം ഗാംഭീര്യവും വേണം. ഇസ്തിരിയിട്ട വസ്ത്രങ്ങള്‍, വൃത്തിയായി വെട്ടിയ നഖങ്ങള്‍, എണ്ണ തേച്ച്, ഷാംപൂവിട്ട് കഴുകി, ജെല്‍ പുരട്ടി ഒതുക്കി വച്ച മുടി, ഷെയ്പ്പ് ചെയ്ത താടിമീശ, കയ്യില്‍ വാച്ച്, ആഢ്യത്വമുള്ള സംസാരം ഇതൊക്കെയാണ് പുരുഷന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

ഹെയര്‍ ജെല്ലുകള്‍ ഉപയോഗിച്ച ശേഷം മുടി വൃത്തിയായി ചീകിയൊതുക്കി വയ്ക്കുമ്പോള്‍ തന്നെ ആകര്‍ഷണം ഇരട്ടിയാകും. മുഖം വൃത്തിയായി ഷേവ് ചെയ്തും താടിമീശ നല്ലപോലെ ട്രിം ചെയ്ത് സൂക്ഷിക്കുക. എടുപ്പിലും നടപ്പിലും ഗാംഭീര്യം വന്നാല്‍ നിങ്ങളെ ആരാധിക്കാനും ആളുകളുണ്ടാകും. തീര്‍ച്ച.

എങ്ങനെ സംരക്ഷിക്കാം ?


സൗന്ദര്യം സംരക്ഷിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ചിലത് വളരെ പ്രധാനപ്പെട്ടതാണ്.

ഫെയ്‌സ് വാഷ്: -
പുരുഷന്മാര്‍ മുഖം കഴുകുന്നത് പലപ്പോഴും സോപ്പ് ഉപയോഗിച്ചാണ്. അതൊഴിവാക്കുക. പൊതുവേ വരണ്ട ചര്‍മ്മമായതു കൊണ്ട് ഉള്ള മൃദുത്വം നഷ്ടപ്പെടാനുള്ള കാരണമായി സോപ്പ് ഉപയോഗം മാറിയേക്കാം.

രാസവസ്തുക്കള്‍ ഉപയോഗിക്കാത്ത പ്രകൃതിദത്ത ഘടകങ്ങളടങ്ങിയ കാഠിന്യം കുറഞ്ഞ ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക. പപ്പായ, ഓറഞ്ച്, തക്കാളി എന്നിവ ഉപയോഗിച്ച് ഇടയ്ക്ക് മുഖം സ്‌ക്രബ് ചെയ്യുന്നതും വളരെ നല്ലതാണ്, മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും.

ഷേവിംഗ് കഴിഞ്ഞാല്‍: -
പുരുഷന്മാരെ സംബന്ധിച്ച് ഷേവിംഗ് ദിനചര്യയുടെ ഭാഗമാണ്. ഷേവ് ചെയ്യും മുമ്പ് ഷേവിംഗ് ജെല്ലോ/ ക്രീമോ ഉപയോഗിക്കണം. മുടി ഏത് ദിശയിലേക്ക് ആണോ വളര്‍ന്നിരിക്കുന്നത് ആ ദിശയിലേക്ക് തന്നെ ഷേവ് ചെയ്യണം.

ഷേവിംഗിന് ശേഷം ആഫ്റ്റര്‍ ഷേവ് ലോഷനുകള്‍ ഉപയോഗിക്കണം. ഷേവിംഗിന് ശേഷം മുഖത്തെ സൂഷ്മ സുഷിരങ്ങള്‍ തുറക്കപ്പെടുമെന്നതിനാല്‍
പൊടിപടലങ്ങള്‍ അടിച്ച് കയറാനും മുഖക്കുരു ഉണ്ടാവാനുമുള്ള സാധ്യത വലുതാണ്. ഹെര്‍ബല്‍ ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നതും വളരെ നല്ലതാണ്.

uploads/news/2017/09/147965/MENSONLY200917.jpg

മോയ്‌സ്ചുറൈസേഴ്‌സ്: -
വരണ്ടു കീറിയ ചര്‍മ്മം ഇല്ലാതാക്കാന്‍ കാഠിന്യം കുറഞ്ഞ മോയ്‌സ്ചുറൈസിംഗ് ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്. മുഖ ചര്‍മ്മത്തിന് ഫ്രഷ് ലുക്ക് നല്‍കാന്‍ ഇതു സഹായിക്കും.

സ്വന്തം ചര്‍മ്മത്തിനനുസരിച്ചുള്ള ക്രീമുകള്‍ മാത്രം ഉപയോഗിക്കണമെന്നത് മറക്കാതിരിക്കുക. ചുണ്ട് വരണ്ടുണങ്ങുന്നത് തടയാന്‍ ലിപ് ബാം, മോയിസ്ചറൈസര്‍ എന്നിവ ഉപയോഗിക്കാം.

ഫേഷ്യല്‍: -
ഇതു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട കാര്യമില്ല. ഭൂരിഭാഗം പുരുഷന്‍മാരും ഫേഷ്യല്‍ എന്നത് സ്ത്രീകളെ സംബന്ധിക്കുന്ന കാര്യമാണെന്ന് കരുതാറുണ്ട്. എന്നാല്‍ ഈ ചിന്ത പതിയെ മാറി വരുന്നു.

വിവാഹച്ചടങ്ങുകളിലും മറ്റും പുരുഷന്മാരും ഫേഷ്യല്‍ ചെയ്യുന്നത് നല്ലതാണ്. മുഖചര്‍മ്മത്തിലെ അഴുക്കെല്ലാം നീക്കം ചെയ്ത് ചര്‍മ്മം തിളങ്ങാനിത് സഹായിക്കും. ഇടയ്ക്ക് ഫേഷ്യല്‍ ചെയ്യുന്നത് ഉള്ള സൗന്ദര്യം നിലനിര്‍ത്തും.

ഫേഷ്യലിനൊപ്പം ക്ലീനപ്പ് ചെയ്ത് മുഖം ആവി പിടിക്കുന്നതും സ്‌ക്രബര്‍ ഉപയോഗിച്ച് മൃതചര്‍മം അകറ്റുന്നതും നല്ലതാണ്. പുരുഷചര്‍മം കട്ടി കൂടിയതായതു കൊണ്ട് ഇതിന് ചേര്‍ന്ന സ്‌ക്രബറും മോയിസ്ചറൈസറും ഉപയോഗിക്കണം. ജെന്റ്‌സ്-യൂണിസെക്‌സ് ബ്യൂട്ടിപാര്‍ലറുകളില്‍ ഇതിനുള്ള സൗകര്യമുണ്ട്.

ഓവറാകരുത്


സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ സ്ത്രീ-പുരുഷ ഭേദമില്ലെന്നുള്ളതില്‍ തര്‍ക്കമില്ല. പക്ഷേ അത് ഓവറാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മുള്ളന്‍ പന്നിയുടെ കണക്കെ തലമുടിയും, താടിമീശയില്‍ ഇന്ത്യന്‍ ഭൂപടമടക്കം പല പല ഡിസൈനുകളും, കഴുത്തില്‍ ചങ്ങലക്കട്ടിയുള്ള സ്വര്‍ണമാലയും, കയ്യില്‍ അത്ര തന്നെ കട്ടിയുള്ള ബ്രേസ്‌ലെറ്റും രണ്ടു മൂന്നു വിരലുകളില്‍ മോതിരവും സ്വര്‍ണവാച്ചും,കാതില്‍ രണ്ടു മൂന്നു കമ്മലുകളുമൊക്കെയിട്ട് നടക്കുന്ന ചില ഫ്രീക്കന്മാരും പുതുതലമുറയില്‍ പെടുന്നവരാണ്.

അത്രയ്ക്കും ഓവറാകേണ്ട കാര്യമില്ല. ലളിതസുന്ദരമാകുന്നതാണ് നല്ലത്. നിര്‍ബന്ധമെങ്കില്‍ കട്ടി കുറഞ്ഞ മാലയും ഒരു മോതിരവും മാത്രമുപയോഗിക്കുക.

ശ്രദ്ധയും ആവശ്യം


എണ്ണമയമുള്ള ചര്‍മ്മം പലര്‍ക്കും പ്രശ്‌നമാണ്. കഴിക്കുന്ന ഭക്ഷണം പോലും ഇങ്ങനെയുള്ളവരുടെ സൗന്ദര്യത്തെ സാരമായി ബാധിക്കും. ഫാസ്റ്റ്ഫുഡും എണ്ണയില്‍ പൊരിച്ച ഭക്ഷണസാധനങ്ങളും ഇവരൊഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ സന്തുലിത ഭക്ഷണം മാത്രം മെനുവില്‍ ഉള്‍പ്പെടുത്തുക.

1. മുഖം വിയര്‍ക്കുന്നത് സ്ത്രീ-പുരുഷ ഭേദമന്യേ ഏവര്‍ക്കും ഉള്ളതാണ്. പരുത്ത ഡ്രൈയായ തുണികള്‍ ഉപയോഗിച്ച് മുഖത്തുള്ള വിയര്‍പ്പ് തുടയ്ക്കുന്നത് തൊലിക്ക് കേടാണ്. മുഖത്തെയും മറ്റും വിയര്‍പ്പ് ഒപ്പി മാറ്റാന്‍ മൃദുവായ ടൗവ്വലോ ടര്‍ക്കിയോ മാത്രം ഉപയോഗിക്കുക.

2. മുഖം വൃത്തിയാക്കാന്‍ സോപ്പിന് പകരം ഫെയ്‌സ് വാഷ് മാത്രം ഉപയോഗിക്കുക. ചുളിവു വീണ ചര്‍മം ഇഷ്ടപ്പെടുന്നവര്‍ ആരും ഉണ്ടാകില്ല. മേക്കപ്പ് കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് പോലെ മുഖചര്‍മ്മത്തിന്റെ കാര്യത്തിലും ആണ്‍കുട്ടികള്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

3. സണ്‍സ്‌ക്രീനുകള്‍ പുരുഷന്മാര്‍ക്ക് അത്യാവശ്യമാണ്. ഓഫീസ് ജോലിയാണെങ്കിലും സൈറ്റുകളിലെ ജോലിയാണെങ്കിലും സൂര്യ രശ്മികള്‍ പലപ്പോഴും വില്ലനാകാറുണ്ട്. ഇങ്ങനെയുള്ളവര്‍ തൊലിക്ക് കടുത്ത ഭീഷണിയായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നുള്ള സംരക്ഷണ കവചമായ സണ്‍സ്‌ക്രീം ഉപയോഗിക്കണം.

സൂര്യ രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്ന സണ്‍സ്‌ക്രീന്‍ ക്രീമോ ലോഷനോ തേച്ച് മാത്രം പുറത്തേക്കിറങ്ങുക. വെയിലിന് രൂക്ഷത കുറവാണെങ്കിലും അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം മറക്കരുത്.

4. അതിരാവിലെയും വൈകുന്നേരങ്ങളിലുമുള്ള സൂര്യ രശ്മികളില്‍ തൊലിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അതിരാവിലെയും വൈകുന്നേരവുമുള്ള നടത്തം ശീലമാക്കുക. പക്ഷേ സ്‌കിന്‍ പാക്കുകളും സ്‌ക്രബുകളും മുഖത്ത് പ്രയോഗിച്ച ശേഷം ഉടന്‍ സൂര്യപ്രകാശത്തിലേക്ക് പോകരുത്. സ്‌ക്രബോ പാക്കോ ഉപയോഗിച്ച ശേഷം എന്തെങ്കിലും മോയിസ്ചറൈസിംഗ് ക്രീമോ ലോഷനോ ഉപയോഗിച്ച ശേഷം പുറത്തിറങ്ങുക.

5. തൊലിക്ക് വിലങ്ങുതടിയാകുന്ന മറ്റൊന്നാണ് പുകവലി. ചുളിഞ്ഞ തൊലി, വിങ്ങിയ കണ്ണുകള്‍, തൊലിപ്പുറത്തെ അണുബാധ എന്നിവ പുകവലിക്കാരുടെ ലക്ഷണങ്ങളാണ്. സ്‌കിന്‍ കാന്‍സറും അണുബാധയുമൊക്കെ ഇവര്‍ക്കുണ്ടാകും. ഇത് ശരീരസൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും സാരമായി ബാധിക്കും. പുകവലി നിശ്ശേഷം ഒഴിവാക്കുന്നതാണ് ഉത്തമം. പെട്ടെന്ന് ആ ശീലം മാറ്റാന്‍ ബുദ്ധിമുട്ടുള്ളവര്‍ ചെയിന്‍ സ്‌മോക്കിംഗ് പ്രവണത ആദ്യം നിര്‍ത്തുക. ശേഷം പതിയെ അതില്‍ നിന്ന് പൂര്‍ണ്ണമായും മോചിതരാകുക. മനോഹരമായ ചര്‍മത്തിന് ക്രീമുകളെയും മറ്റും ആശ്രയിച്ച് ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്നവരുമുണ്ട്. എന്നാല്‍ അങ്ങനെയൊന്നും ചെയ്തിട്ടും പ്രയോജനമില്ലാത്തത് ജീവിതശൈലിയിലെ പ്രശ്‌നങ്ങളാണ്. തെറ്റായ ജീവിതശൈലികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക.

6. വിശേഷാവസരങ്ങളിലും പാര്‍ട്ടികളിലും മറ്റും പോയി വന്ന ശേഷം മേക്കപ്പ് മാറ്റാതെ ഉറങ്ങുന്നവരുണ്ട്. സ്ത്രീകളെയാണ് ഇതു കൂടുതല്‍ ബാധിക്കുന്നതെങ്കിലും പുരുഷന്മാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. മേക്കപ്പ് വസ്തുക്കള്‍ മാറ്റാത്ത പക്ഷം തൊലിക്ക് നിര്‍ജലീകരണം ഉണ്ടാക്കും. ഇത് മറി കടക്കാന്‍ തൊലി കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുകയും എണ്ണമയമുള്ള തൊലി ഉണ്ടാവുകയും ചെയ്യും. തൊലിയെ എപ്പോഴും സ്വസ്ഥമായി ശ്വസിക്കാന്‍ അനുവദിക്കുക.

ലക്ഷ്മി ബിനീഷ്

Ads by Google
Wednesday 20 Sep 2017 03.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW