Monday, October 02, 2017 Last Updated 48 Min 17 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 18 Sep 2017 12.57 PM

കായംകുളം കൊച്ചുണ്ണിമാരുടെ ഭരണവും കണ്ണന്താനത്തിന്റെ തള്ളും

കണ്ണന്താനം മന്ത്രിയുടെ പ്രസ്താവന വിവരക്കേടാണെങ്കിലും അതില്‍ ഒരു വസ്തുതയുണ്ട്. അല്ലെങ്കില്‍ ഒരാഗ്രഹമാകാം. ഏത് സര്‍ക്കാരായാലും സമ്പന്നനില്‍ നിന്നും പിടിച്ചെടുത്ത് പാവപ്പെട്ടവന് നല്‍കണം. അതാണ് സോഷ്യലിസത്തിന്റെ അടിസ്ഥാനതത്വവും. അതായിരിക്കും കണ്ണന്താനം ഉദ്ദേശിച്ചത്. എന്നാല്‍ ഇവിടെ നടക്കുന്നത് വിപരീതമാണ്.
Alphons Kannathanam

രാജ്യം ഭരിക്കുന്നത് കായംകുളം കൊച്ചുണ്ണിയുടെ പിന്തുടര്‍ച്ചക്കാരാണെന്നും ഉള്ളവനില്‍നിന്നും കട്ട് ഇല്ലാത്തവന് ഞങ്ങള്‍ നല്‍കുമെന്നും പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഒരു സ്വതന്ത്രചുമതലയുള്ള ഒരു കേന്ദ്ര സഹമന്ത്രി നമ്മുടെ നാട്ടില്‍ കറങ്ങി നടക്കുന്നുണ്ട്. കേരളത്തിന്റെ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പുവരുത്തുന്നതിനായി വലിയ കോലാഹലത്തോടെ ഉള്‍പ്പെടുത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ് അധികാരത്തില്‍ കയറിയപ്പോള്‍ മലയാളത്തിന്റെ ഗ്‌ളോറിഫൈഡ് കള്ളനായ കായംകുളം കൊച്ചുണ്ണിയെ ഓര്‍മ്മവന്നത്. ഉടന്‍ തന്നെ തന്റെ എല്ലാമെല്ലാമായ മോഡിക്ക് അദ്ദേഹം അത് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ദിനംപ്രതി മനുഷ്യന്റെ കീശകീറുന്ന പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവില്‍ ജനം നട്ടംതിരിയുമ്പോഴാണ് ഈ വിലവര്‍ദ്ധന ഞങ്ങള്‍ ബോധപൂര്‍വം നടത്തിയതാണെന്നും ഉള്ളവന്റെ കീശയില്‍ നിന്നുമെടുത്ത് ഇല്ലാത്തവന് നല്‍കാനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. പണ്ട് ബ്യൂറോക്രസിയുടെ തിലകക്കുറിയായിരുന്നപ്പോള്‍ രജ്ഞിപ്പണിക്കരുടെ സിനിമകളില്‍ കാണുന്നതുപോലെ മാധ്യമശ്രദ്ധനേടാന്‍ ചിലതൊക്കെ ചെയ്തതല്ലാതെ ജനങ്ങളുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ലെന്നത് വസ്തുതയാണെങ്കിലും വിവരക്കേടിന് കൈകാലുകള്‍ വച്ചതാണ് ഈ മന്ത്രിയെന്ന് പറയാതിരിക്കാനാവില്ല.

മനുഷ്യനും സമൂഹവുമായുള്ള ബന്ധമാണ് രാഷ്ട്രീയമെന്ന് പറയുന്നത്, അതിന് വിദ്യാഭ്യാസമല്ല, ഐ.എ.എസ് നേടണമെന്നുമില്ല, പക്ഷേ തന്റെ ചുറ്റുപാടുകളെ അറിയാന്‍ കഴിയണം. ദന്തഗോപുരത്തിലിരുന്നുകൊണ്ട് താഴെയുള്ളവരെല്ലാം കൃമികളാണെന്ന നിലയില്‍ സംസാരിക്കുന്നവരെ രാഷ്ട്രീയക്കാരെന്ന് വിളിക്കാനാവില്ല. നരേന്ദ്രമോഡി അവസാനമായി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ഇത്തരം ഒരു സംശയം ബോധമുള്ളവരുടെ മനസില്‍ ഉണ്ടായിരുന്നിരിക്കും. അത് സത്യമാണെന്ന് ഇപ്പോള്‍ തെളിയുകയും ചെയ്തു.

തന്റെ അപ്രമാദിത്വത്തിന് കോട്ടം തട്ടാതിരിക്കാന്‍ മുന്‍ ബ്യൂറോക്രാറ്റുകളെ കുത്തിനിറച്ചാണ് അദ്ദേഹം മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. മസൂറിയിലെ പരിശീലനവും കഴിഞ്ഞ് പുറത്തിറങ്ങി, സിനിമാ ഡയലോഗും പറഞ്ഞ് കുറേനാള്‍ നടന്ന് പിന്നീട് ഭരണാധികാരികളുടെ വിരല്‍ചലനങ്ങള്‍ക്കനുസരിച്ച് ഏറാന്മൂളിയായി നില്‍ക്കുന്നവര്‍ക്കാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. സര്‍വീസിലിരിക്കുമ്പോള്‍പോലും ജനങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്നവരാണ് ഇപ്പോള്‍ ഭരണം കൈയാളുന്നതെന്ന് സാരം. അതുകൊണ്ടാണ് രാഷ്ട്രീയത്തിന് വിദ്യാഭ്യാസമല്ല, പൊതുജനസമ്പര്‍ക്കവും സാമൂഹികസാഹചര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവുമാണ് പ്രധാനം എന്ന് പറഞ്ഞത്.

അസംസ്‌കൃത എണ്ണയ്ക്ക് അന്തരാഷ്ട്ര വിപണിയില്‍ ബാരലിന് (അതായത് 156 ലിറ്ററിന്) 150 ഡോളര്‍ ഉണ്ടായിരുന്നപ്പോഴും 77 രൂപ ഒരു ലിറ്റര്‍ പെട്രോളിന് നല്‍കേണ്ടിയിരുന്ന ഇന്ത്യാക്കാര്‍ ഇന്ന് വില 50 ഡോളറില്‍ താഴെയായപ്പോള്‍ നല്‍കേണ്ടിവരുന്നത് 74.34 രൂപയാണ്. ഇതിന്റെ ദുരന്തം പേറുമ്പോഴാണ് ഞങ്ങള്‍ ഇങ്ങനെ കൊള്ളയടിക്കുമെന്നും നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്നും ഒരുകേന്ദ്ര മന്ത്രി വെല്ലുവിളിക്കുന്നത്.

സ്വയം റോബിന്‍ഹുഡുമാരായി പ്രഖ്യാപിക്കുന്ന ഇദ്ദേഹം പറഞ്ഞതിന്റെ വസ്തുതയെക്കുറിച്ചും നമുക്ക് പരിശോധിക്കേണ്ടതുണ്ട്. ഈ പറഞ്ഞതുപോലെ അംബാനിമാരില്‍ നിന്നും അദാനിമാരില്‍നിന്നും പിടിച്ചുപറിച്ച് ഗ്രാമങ്ങളില്‍ ഒരുനേരം അന്നമില്ലാതെ കഴിയുന്നവന് നല്‍കുകയാണോ വേണ്ടതെന്നും പരിശോധിക്കേണ്ടതുണ്ട്. അപ്പോഴാണ് ഈ മന്ത്രിയുടെ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള അറിവില്‍ നമുക്ക് പുച്ഛം തോന്നുക.

അദ്ദേഹം പറഞ്ഞത് ഉള്ളവനില്‍നിന്നും കൂടുതല്‍ പണം വാങ്ങി ഇല്ലാത്തവര്‍ക്ക് നല്‍കുന്നുവെന്നാണ്. ഈ നൂറ്റാണ്ടില്‍ തന്നെ നാം കേട്ടതില്‍ ഏറ്റവും വലിയ മണ്ടത്തരമെന്നേ അതിനെ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളു. രാജ്യത്തിന്റെ ഏത് ഭാഗങ്ങളില്‍ പോയി നോക്കിയാലും പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നത് സമ്പന്നന്‍മാരല്ലെന്ന് നമുക്ക് കാണാം. അന്നന്ന് പണിയെടുത്ത് നിത്യവൃത്തി തള്ളിവിടുന്ന ഇടത്തരക്കാരനും സാധാരണക്കാരുമാണ് അതില്‍ ഏറ്റവും കൂടുതലെന്ന് നമുക്ക് മനസിലാക്കാം. കാറും ബൈക്കുമുള്ളവരെല്ലാം സമ്പന്നരാണെന്ന ഈ മന്ത്രിയുടെ ചിന്തയെ നമുക്ക് താരതമ്യം ചെയ്യാന്‍ കഴിയുന്നത് കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രതിദിനം 36 രൂപ വരുമാനമുളളവന്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലാണെന്ന് അന്നത്തെ ആസൂത്രണകമ്മിഷന്‍ വൈസ് ചെയര്‍മാനായിരുന്ന മൊണ്ടേക് സിംഗ് അലുവാലിയ നല്‍കിയ റിപ്പോര്‍ട്ടുമായാണ്. ഇന്ന് മത്സ്യവില്‍ക്കുന്നവനും ന്യൂസ്‌പേപ്പറിടുന്നവരും എന്ത് പാല്‍വില്‍പ്പനക്കാര്‍ തുടങ്ങി ചെറുകിട കര്‍ഷകര്‍വരെ ഇരുചക്രവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അവരില്‍ നിന്നാണ് ഈ കൊള്ള. ഈ പാവപ്പെട്ട കര്‍ഷകനും ദിവസക്കൂലിക്കാരനായ തൊഴിലാളിയും ഇന്ധനത്തിന് നല്‍കേണ്ടിവരുന്നത് അംബാനിയും അദാനിയും നല്‍കേണ്ട അതേ തുകയാണെന്നത് മന്ത്രി മറക്കുന്നില്ല. പിന്നെ ഈ പ്രഖ്യാപനം നടത്തിയ മന്ത്രി കണ്ണന്താനം എത്രനാള്‍ സ്വന്തം കീശയില്‍നിന്ന് വാഹനത്തിന് പെട്രോള്‍ അടിച്ചിട്ടുണ്ടോകും. നേരത്തെ ഐ.എ.എസുകാരനായിരുന്നപ്പോള്‍ വണ്ടിക്ക് സര്‍ക്കാര്‍ പെട്രോള്‍ അടിച്ചുകൊടുക്കുമായിരുന്നു. അതുകഴിഞ്ഞ എം.എല്‍.എയായപ്പോള്‍ അപ്പോഴും ജനത്തിന്റെ പണത്തിലാണ് അദ്ദേഹം വണ്ടിയില്‍ ഇന്ധനം നിറച്ചത്. ഇപ്പോള്‍ പിന്‍വാതിലിലൂടെ മന്ത്രിയായപ്പോഴും സ്ഥിതിക്ക് മാറ്റമില്ല. ഇങ്ങനെ പറയുന്ന കണ്ണന്താനം മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അടുത്തിടെപ്പോലും എന്തിനാണ് എം.പിമാരുടെ ശമ്പളത്തിലും ടി.എയിലും അലവന്‍സുകളിലും വലിയ വര്‍ദ്ധന വരുത്തിയതെന്നുകൂടി ഒന്നു പരിശോധിക്കുന്നത് നല്ലതായിരിക്കും.

ഇവര്‍ക്കാര്‍ക്കും സ്വന്തമായി വാഹനമില്ലെന്ന് കരുതുകയാണെങ്കില്‍പോലും ഈ പ്രസ്താവനയുടെ പൊള്ളത്തരം വെളിവാകും. ഇന്ധനത്തിന് വില കയറുമ്പോള്‍ പൊതുഗതാഗതസംവിധാനത്തിന്റെ ചെലവും വര്‍ദ്ധിക്കും. അതും കീറുന്നത് സാധാരണക്കാരന്റെ കീശയാണ്. അല്ലെങ്കില്‍ മന്ത്രി പ്രഖ്യാപിച്ചതുപോലെ പണക്കാരില്‍നിന്നും പിടിച്ചെടുക്കുന്നതില്‍ കുറച്ചുപണം പൊതുഗതാഗതമേഖലയ്ക്ക് നല്‍കി അവിടെ പാവപ്പെട്ടവന്റെ യാത്രാഭാരം കുറയ്ക്കണം. അതുപോലെ ഇന്ധനിവിലവര്‍ദ്ധന ബാധിക്കുന്ന മറ്റൊരുമേഖല ചരക്കുഗതാഗതമാണ്. ഇന്ധനവിലവര്‍ദ്ധന ചരക്കുനീക്കം വിലയേറിയതാക്കും. അത് വിലക്കയറ്റത്തിന് വഴിവയ്ക്കുകയും ചെയ്യും. ഇത് ഏറെ ബാധിക്കുന്നത് കേരളത്തിനെയുമാണ്. ഇപ്പോള്‍ തന്നെ ജി.എസ്.ടിയുടെ പേരില്‍ വ്യാപകകൊള്ള നടക്കുകയാണ്. അത് തടയാന്‍ കേന്ദ്രത്തിന് കഴിയുന്നില്ല. അതിന് പുറമെയാണ് പാവപ്പെട്ട ഓരോ ഇന്ത്യാക്കാരനേയും അപമാനിക്കുന്ന ഈ പ്രസ്താവനയും.

ഇതൊക്കെയാണെങ്കിലും ഇങ്ങനെ സ്വരൂപിക്കുന്ന തുക പാവപ്പെട്ടവരെ ഉദ്ധരിച്ച് ഈ ഇന്ത്യയെ സമത്വസുന്ദരമാക്കാന്‍ ചെലവഴിക്കുന്നുവെന്നാണ് കണ്ണന്താനത്തിന്റെ മറ്റൊരുപ്രസ്താവന. പ്രധാനമായും കക്കൂസ് നിര്‍മ്മിക്കാനാണ് ഈ പണം ചെലവഴിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഒരുനേരത്തെ അന്നം പോലും കഴിക്കാനില്ലാത്തവന് എന്തിന് കക്കൂസ് എന്നതാണ് ഇന്ത്യയുടെ പലകോണുകളില്‍ നിന്നും ഉയരുന്ന ചോദ്യം. ജനക്ഷേമപദ്ധതികള്‍ക്ക് ഈ പണം ചെലവഴിക്കുന്നുവെന്ന മന്ത്രിയുടെ പ്രസ്താവനയും ശുദ്ധ അസംബന്ധമാണ്.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോ ബജറ്റും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. പാവപ്പെട്ടവരും സാധാരണക്കാര്‍ക്കുമുള്ള എല്ലാ പദ്ധതികളും വെട്ടിചുരുക്കി, അതിനുള്ള വിഹിതങ്ങളില്‍ വലിയ കുറവാണ് വരുത്തിയത്. ഏറ്റവും പ്രധാനം തൊഴിലുറപ്പ് പദ്ധതി തന്നെ. ഗ്രാമീണമേഖലയെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പദ്ധതി തുടങ്ങിയത്. എന്നാല്‍ ഇതിനുള്ള വിഹിതത്തില്‍ വലിയ വെട്ടിക്കുറവാണ് വരുത്തിയത്. അതുപോലെ ആരോഗ്യ-വിദ്യാഭ്യാസമേഖലകളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്മാറുകയാണ്. സാധാരണക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സബ്‌സിഡികളില്‍ 60 ശതമാനവും ഇല്ലാതാക്കി. ഇന്ധനനികുതികളില്‍ നിന്നും ഏകദേശം ഒന്നരലക്ഷം കോടിയോളം രൂപ അധികവരുമാനമുണ്ടാക്കിയിട്ടും കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നും നല്‍കിയിട്ടില്ല. കര്‍ഷക ആത്മഹത്യ ഇന്ന് വാര്‍ത്തകളല്ലാതായിരിക്കുന്നു, ആശ്വാസം തേടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പ്രക്ഷോഭങ്ങളുമായി തെരുവിലാണ്. അതുപോലെ തൊഴില്‍മേഖലയിലെ ആനുകൂല്യങ്ങള്‍ ഇല്ലാതാകുന്നു. പാവപ്പെട്ടവന് കക്കൂസിനെന്ന് പറഞ്ഞ് ബുള്ളറ്റ് ട്രെയിനുകള്‍ ഉണ്ടാക്കി വികസനപ്രസംഗം നടത്തുന്നതിലാണ് പൊതുവേ കേന്ദ്രസര്‍ക്കാര്‍ ആനന്ദം കൊള്ളുന്നത്. ഇതാണ് കായംകുളം കൊച്ചുണ്ണിമാരുടെയും റോബിന്‍ഹുഡുമാരുടെയും കള്ളക്കളി. പറയാനാണെങ്കില്‍ ഇനിയും ഏറെയുണ്ട്.

ഇതുപോലെ ഇന്ധനവിലവര്‍ദ്ധനവിന് ഇപ്പോള്‍ നടത്തുന്ന മറ്റൊരു പ്രചരണം സംസ്ഥാനസര്‍ക്കാരുകള്‍ വന്‍ നികുതി വാങ്ങുന്നതാണെന്നാണ്. ഒന്നുകില്‍ മണ്ടത്തരമായിരിക്കും. അല്ലെങ്കില്‍ ഇവരില്‍ ഗീബല്‍സിന്റെ പ്രേതം കടന്നുകൂടിയിരിക്കാം ഈ വിഡ്ഡിത്തം വിളമ്പുന്നതിന്.

അസംസ്‌കൃത എണ്ണയുടെ വിലയിടിയുമ്പോഴെല്ലാം എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ച ആ വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാതെ ഖജനാവില്‍ മുതല്‍ക്കൂട്ടുക എന്ന മോഡി സര്‍ക്കാരിന്റെ് നയമാണ് ഇതിന് കാരണം. മോഡി അധികാരത്തില്‍ എത്തുമ്പോള്‍ (2014) പെട്രോളിന്റെ എക്‌സൈസ് നികുതി 9.20 രൂപയായിരുന്നു. ഇത് 2017 ജനുവരി ആയപ്പോഴേയ്ക്കും 21.48 രൂപയായി. 133 ശതമാനം വര്‍ദ്ധന. ഡീസലിന്റെ എക്‌സൈസ് നികുതിയാണെങ്കില്‍ 3.46 രൂപയില്‍ നിന്നും 17.33 രൂപയുമായി. 400 ശതമാനം വര്‍ദ്ധന. ഈ എക്‌സൈസ് ഡ്യൂട്ടിക്ക് പുറമെ നേരിട്ട് ഇറക്കുമതിചെയ്താല്‍ 2.5 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും പിന്നെ അതിന് പുറമെയുള്ള മറ്റ് നികുതികളും ലഭിക്കും. കേന്ദ്രസര്‍ക്കാരിനെ പോലെതന്നെ സംസ്ഥാനസര്‍ക്കാരുകളും പെട്രോളിയം ഉല്‍പന്നങ്ങളുടെ മേല്‍ താരതമ്യേന ഉയര്‍ന്ന നികുതി നിരക്കാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത് എന്നത് വസ്തുതയാണ്.എന്നാല്‍ ഇന്ന് ഉണ്ടായിരിക്കുന്ന വിലക്കയറ്റത്തിനു കാരണം ഈ ഉയര്‍ന്ന നിരക്കല്ല. ക്രൂഡോയിലിന്റെ വില റെക്കോര്‍ഡ് നിലവാരത്തിലായിരുന്നപ്പോഴും ഏതാണ്ട് ഇതേ നികുതി നിരക്കായിരുന്നു സംസ്ഥാനങ്ങള്‍ ഈടാക്കിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഇതുവച്ച് സമീപകാല വില വര്‍ദ്ധനവിനെ വിശദീകരിക്കാനാവില്ല. കഴിഞ്ഞവര്‍ഷം ഇന്ധനത്തില്‍ നിന്ന് കേന്ദ്രത്തിന് 2.73 ലക്ഷം കോടി രൂപയാണ് വരുമാനം ലഭിച്ചത്. അതേസമയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ലഭിച്ചത് മൊത്തം 1.89 ലക്ഷം കോടി മാത്രമാണ്. ഏകദേശം ഒരുലക്ഷം കോടി കൂടുതലാണ് കേന്ദ്രത്തിന് ലഭിച്ചിരിക്കുന്നത്. പതിനാറു പ്രാവശ്യമാണ് എക്‌സൈസ് ഡ്യൂട്ടി കേന്ദ്രം ഉയര്‍ത്തിയത്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തേതില്‍ നിന്നും ഇതില്‍ ഒരു വര്‍ദ്ധനവും വരുത്തിയിട്ടുമില്ല. അത് മറച്ചുവച്ചുകൊണ്ടാണ് സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

കേന്ദ്രസര്‍ക്കാര്‍ കൊള്ളയടിക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ എന്തിന് കൈകെട്ടിയിരിക്കണം? റിഫൈനറിയില്‍ നിന്ന് 24.89 രൂപയ്ക്കു വാങ്ങുന്ന പെട്രോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വ്യാപാരികള്‍ക്കു വില്‍ക്കുന്നത് 27.33 രൂപയ്ക്കാണ്. ഇത് കഴിഞ്ഞ ജൂണ്‍ 17ലെ കണക്ക്. 9.8 ശതമാനമായിരുന്നു മാര്‍ജിന്‍. സെപ്തംബറിലെ കണക്കെടുത്താല്‍ റിഫൈനറികളില്‍ നിന്ന് 26.65 രൂപയ്ക്കാണ് പെട്രോള്‍ വാങ്ങുന്നത്. വില്‍ക്കുന്നത് 30.70 രൂപയ്ക്കും. മാര്‍ജിന്‍ 15.19 ശതമാനം. എണ്ണവില ഇഷ്ടംപോലെ നിശ്ചയിക്കാനുള്ള കമ്പനികളുടെ അവകാശം എടുത്തുകളയണം. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്‌സൈസ് നികുതിയില്‍ വരുത്തിയ വര്‍ദ്ധനയും പിന്‍വലിക്കണം.

ഒരു സംസ്ഥാന സര്‍ക്കാരും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. കേരളത്തിലാണെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെസ് അല്ലാതെ നികുതി വര്‍ദ്ധന ഉണ്ടായിട്ടില്ല. അപ്പോള്‍ പിന്നെ പെട്രോള്‍ വിലക്കയറ്റത്തിന്റെ കാരണം പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്രത്തിന്റെ നികുതിയും മാത്രമാണ്. ഈ യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കുന്നതിന് വേണ്ടിയിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നികുതിയാണ് വിലക്കയറ്റത്തിന് കാരണമെന്ന് ബിജെപിയും ചില ശുദ്ധാത്മാക്കളും പ്രചരിപ്പിക്കുന്നത്.

ഇതിന് പകരമായി കേന്ദ്രസര്‍ക്കാരിന്റെ വക്താക്കള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു നുണയും പരക്കുന്നുണ്ട്. അതായത് കേന്ദ്രം പിരിക്കുന്ന ഇന്ധനനികുതിയുടെ 45 ശതമാനം കേരളത്തിന് നല്‍കുന്നുവെന്ന തരത്തിലാണ് അത്. ഇതിനെ മണ്ടത്തരമെന്നല്ല, അസംബന്ധമെന്നാണ് പറയേണ്ടത്. പിരിക്കുന്ന നികുതികളില്‍ കേന്ദ്രത്തും സംസ്ഥാനത്തിനും അവകാശമുണ്ട്. പതിനാലാം ധനകാര്യകമ്മിഷന്റെ ശിപാര്‍ശപ്രകാരം കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയുടെ 45 ശതമാനത്തോളം സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുകൊടുക്കണം. അത് കേരളത്തിന് മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി. അതില്‍ കേരളത്തിന് ലഭിക്കുന്ന വെറും 2.5 ശതമാനം മാത്രമാണ്. ഇതാണ് പെരുപ്പിച്ച് കാട്ടി കേന്ദ്രത്തിനെക്കാള്‍ കൂടുതല്‍ നികുതിയാണ് സംസ്ഥാനം വാങ്ങുന്നതെന്ന് പ്രചരിപ്പിക്കുന്നത്.

കണ്ണന്താനം മന്ത്രിയുടെ പ്രസ്താവന വിവരക്കേടാണെങ്കിലും അതില്‍ ഒരു വസ്തുതയുണ്ട്. അല്ലെങ്കില്‍ ഒരാഗ്രഹമാകാം. ഏത് സര്‍ക്കാരായാലും സമ്പന്നനില്‍ നിന്നും പിടിച്ചെടുത്ത് പാവപ്പെട്ടവന് നല്‍കണം. അതാണ് സോഷ്യലിസത്തിന്റെ അടിസ്ഥാനതത്വവും. അതായിരിക്കും കണ്ണന്താനം ഉദ്ദേശിച്ചത്. എന്നാല്‍ ഇവിടെ നടക്കുന്നത് വിപരീതമാണ്. പാവപ്പെട്ടവനെ കൊള്ളയടിക്കാന്‍ സമ്പന്നന്‍മാര്‍ക്ക് അവസരമൊരുക്കുകയാണ്. മാത്രമല്ല, പണം കൂട്ടിവച്ച് അതിന് കാവലിരിക്കേണ്ട നിധികാക്കുന്ന ഭൂതമാണ് സര്‍ക്കാരുകള്‍ എന്ന മിഥ്യാധാരണയും വ്യാപകമാകുന്നു. കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് പകരം മോഡിയോട് ഇക്കാര്യം പറഞ്ഞുമനസിലാക്കി അദ്ദേഹത്തെകൊണ്ട് സമ്പന്നരില്‍ നിന്നുമെടുക്ക് പാവപ്പെട്ടവന് നല്‍കാനാണ് കണ്ണന്താനം ശ്രമിക്കേണ്ടത്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW