Wednesday, December 12, 2018 Last Updated 15 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 16 Sep 2017 03.43 PM

ഹനുമാന്റെ അഹങ്കാരം തീര്‍ത്തത് കണ്ട് കുട്ടികള്‍. അവര്‍ ശരിക്കും ആരായിരുന്നു?

uploads/news/2017/09/146655/Weeklypurankadha150917.jpg

ശ്രീരാമന്റെ പ്രിയ ഭക്തനായിരുന്നു ഹനുമാന്‍. ശക്തിയിലും ബുദ്ധിയിലും കേമന്‍. അതിന്റേതായ അഹങ്കാരവും ഹനുമാനുണ്ടായിരുന്നു. ഒരിക്കല്‍ ശ്രീരാമന്റെ യാഗാശ്വ ത്തെ ഹനുമാനും അനുഗമിച്ചു. പല വഴികള്‍ പിന്നിട്ട് അവര്‍ ഗൗതമമഹര്‍ഷിയുടെ ആശ്രമപരിസരത്ത് എത്തിച്ചേര്‍ന്നു.

എല്ലാവരും തളര്‍ന്നിരിക്കുന്നു. അതിനാല്‍ നമുക്ക് ഇവിടെ അല്‍പനേരം വിശ്രമിക്കാം. എന്നിട്ടാകാം യാത്ര. അവര്‍ അതിനടുത്തുള്ള ഒരു നദിക്കരയില്‍ കൂടാരമൊരുക്കി വിശ്രമിച്ചു. അപ്പോഴാണ് പടയാളികളില്‍ ഒരാള്‍ ഓടിയെത്തിയത്.നമ്മുടെ യാഗാശ്വത്തെ രണ്ടു കുട്ടികള്‍ പിടിച്ചു കെട്ടിയിരിക്കുന്നു..

അതുകേട്ടതും ഹനുമാന്‍ കോപംകൊണ്ട് ജ്വലിച്ചു. എന്ത്.. ശ്രീരാമന്റെ യാഗാശ്വത്തെ പിടിച്ചുകെട്ടുകയോ.. അതിനുള്ള ധൈര്യം ആര്‍ക്കാണുള്ളത്..? ആ നിമിഷം ഹനുമാന്‍ കുട്ടികളുടെ അടുത്തേയ്ക്ക് കുതിച്ചു. അഹങ്കാരികളേ..

മര്യാദയ്ക്ക് കുതിരയുടെ കെട്ടഴിച്ചു വിടുന്നതാണ് നിങ്ങള്‍ക്കു നല്ലത്.. ഹനുമാന്‍ പറഞ്ഞു. പക്ഷേ അതുകേട്ടിട്ട് കുട്ടികള്‍ക്ക് യാതൊരു കൂസലുമുണ്ടായില്ല. ഞങ്ങള്‍ ഇതിനെ അഴിച്ചുവിടില്ല. അവര്‍ പറഞ്ഞു. ഓഹോ.. നിങ്ങള്‍ അത്രയ്ക്കായോ.. എങ്കില്‍ ഞാനിപ്പോള്‍ കാണിച്ചുതരാം..

ഹനുമാന്‍ ഗദയും ചുഴറ്റി അവരുടെ നേര്‍ക്ക് കുതിച്ചെത്തി. അപ്പോള്‍ കുട്ടികള്‍ ഒരു വലിയ കാട്ടുവള്ളി പറിച്ച് ഹനുമാനെ വരിഞ്ഞു കെട്ടി. ഇവിടെവാടാ കുരങ്ങച്ചാ.. നിന്നെ ഞങ്ങള്‍ വീട്ടില്‍കൊണ്ടുപോയി കെട്ടിയിടുന്നുണ്ട്.. കുട്ടികള്‍ ഹനുമാനെയും വലിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു.

എത്ര ശ്രമിച്ചിട്ടും ഹനുമാന് ആ വള്ളി പൊട്ടിക്കാന്‍ കഴിഞ്ഞില്ല. ഹാവൂ.. ഈ കുട്ടികളുടെ കൈയില്‍നിന്നും രക്ഷപ്പെടാന്‍ കഴിയുന്നില്ലല്ലോ. ഒരു കാര്യം തീര്‍ച്ചയാണ്. ഇവര്‍ സാധാരണക്കാരല്ല.. ഭഗവാനേ.. ശ്രീരാമചന്ദ്രാ.. എന്നെ രക്ഷിക്കണേ.. ഹനുമാന്‍ ഉറക്കെ രാമനാമം ജപിച്ചുതുടങ്ങി.

രാമാ.. രാമാ.. രാമാ.. വീടിനകത്തായിരുന്ന കുട്ടികളുടെ അമ്മ ഇതുകേട്ടു. അവര്‍ ഓടിയെത്തി. മക്കളേ.. എന്തൊരു അവിവേകമാണ് നിങ്ങള്‍ കാട്ടിയത്. ഇത് നിങ്ങളുടെ അച്ഛന്റെ ഉത്തമഭക്തനാണ്.. ഹനുമാന്‍! വേഗം അദ്ദേഹത്തിന്റെ കെട്ടഴിക്കൂ...

കുട്ടികള്‍ വേഗം കെട്ടഴിച്ചു. അപ്പോഴാണ് തന്റെ മുന്നില്‍ നില്‍ക്കുന്നത് ശ്രീരാമപത്‌നി സീതയാണെന്നും കുട്ടികള്‍ അദ്ദേഹത്തിന്റെ പുത്രന്മാരായ ലവനും കുശനുമാണെന്നും ഹനുമാന് മനസിലായത്.

എല്ലാം എന്റെ അഹങ്കാരത്തിന്റെ ഫലമാണ്.. എന്നെ അനുഗ്രഹിച്ചാലും. ഹനുമാന്‍ അവരെ വന്ദിച്ച് അവിടെനിന്നും യാത്രയായി.

Ads by Google
Saturday 16 Sep 2017 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW