Monday, November 12, 2018 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 16 Sep 2017 03.35 PM

കുട്ടന്‍പിള്ളയുടെ ശിവരാത്രി

uploads/news/2017/09/146654/CiniLOcTKuttanpillayudeSivarathri1.jpg

ഇതു കുട്ടന്‍പിള്ള ഹെഡ്‌കോണ്‍സ്റ്റബിളാണ്. റിട്ടയര്‍മെന്റിന് അടുത്തുവരുന്നു. പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ അവസാനത്തെ കുട്ടന്‍പിള്ളയെന്ന് ഈ കഥാപാത്രത്തെ വിശേഷിപ്പിക്കാം.

പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ കോണ്‍സ്റ്റബിള്‍മാരില്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള പേരും കുട്ടന്‍പിള്ളയാണ്. ആ പട്ടികയിലെ അവസാനത്തെ കേന്ദ്ര കഥാപാത്രമായി ഈ കഥാപാത്രത്തെ കണക്കാക്കാം.

സുരാജ് വെഞ്ഞാറമ്മൂടാണ് ഇവിടെ കുട്ടന്‍പിള്ളയാകുന്നത്. ജീന്‍ മര്‍ക്കോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണിത്.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിനു ശേഷം ജീന്‍ മര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടെ മങ്കര, ഒറ്റപ്പാലം, കോങ്ങാട് എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന സുരാജിന്റെ പ്രസക്തി ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. സമീപകാലത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളില്‍ സുരാജിന്റെ കഥാപാത്രങ്ങള്‍ ഏറെ കൈയടി നേടിയതാണ്. മാത്രവുമല്ല, മുഴുനീള കഥാപാത്രങ്ങളിലേക്ക് ഈ നടന്റെ പ്രാധാന്യവും ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നു.

തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തില്‍ ലളിതമായ അവ്യായന ശൈലിയിലൂടെ അല്പം ഫാന്റസിയും കൂട്ടിക്കലര്‍ത്തിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

നിരവധി പുതുമുഖങ്ങള്‍ക്കും ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. യു.എ.ഇ.യിലെ പ്രധാന റേഡിയോ മിറ്റ് എഫ്.എം.-ലെ പ്രധാന പ്രോഗ്രാം ഹെഡ്ഡായ ജീന്‍ മര്‍ക്കോസ്, പുതുമുഖങ്ങളെ കണ്ടെത്തിയിരിക്കുന്നത്. ദുബായില്‍ വിപുലമായ ഓഡിയേഷന്‍ സംഘടിപ്പിച്ചുകൊണ്ടാണ്.

ദുബായിലെ സ്‌കൂള്‍ അവധി കൂടി പരിഗണിച്ച് അവിടെ പഠിക്കുന്ന കുട്ടികള്‍ക്കും ഈ ചിത്രത്തില്‍ നല്ല അവസരങ്ങള്‍ ഉള്ളതിനാലും അവര്‍ക്കുകൂടി പങ്കെടുക്കാന്‍ വിധത്തില്‍ അവധിക്കാല സമയമായ ജൂണ്‍-ജൂലൈ മാസമാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുത്തത്.

uploads/news/2017/09/146654/CiniLOcTKuttanpillayudeSiva.jpg

കുട്ടന്‍പിള്ള, ഭാര്യ ശകുന്തള, മക്കളായ രമണി, സുഷമ, വിശാഖ് എന്നിവരടങ്ങിയതാണ് ആ കുടുംബം. ഭാര്യ ശകുന്തള, ഇപ്പോള്‍ എസ്.ഐ. റാങ്കിലാണ്. തന്നേക്കാള്‍ ഗ്രേഡ് കൂടിയതിന്റെ ചില 'ഈഗോ'കള്‍ കുട്ടന്‍പിള്ളക്കില്ലാതില്ല.

രമണിയും സുഷമയും വിവാഹിതരാണ്. രമണിയുടെ ഭര്‍ത്താവ് സുനീഷ്, സുഷമയുടെ ഭര്‍ത്താവ് ഗോപന്‍, പിന്നെ ചെറുമകള്‍. ഇവര്‍ക്കെല്ലാം ഒത്തുകൂടാന്‍ കിട്ടുന്ന ഒരവസരമാണ് വീടിനടത്തുള്ള ക്ഷേത്രത്തിലെ ഉത്സവം.

ഈ ഉത്സവത്തിന് മക്കളും മരുമക്കളും മാത്രമല്ല, കുട്ടന്‍പിള്ളയുടെ നിരവധി ബന്ധുമിത്രാദികളും ഇവിടെ എത്തുന്നു. ഈ ബന്ധുക്കളുടെ വരവോടെ കുട്ടന്‍പിള്ളയുടെ വീട്ടിലാണ് മറ്റൊരുത്സവം നടക്കുന്നതെന്ന് പറയുന്നതില്‍ തെറ്റില്ല.

ഇവരുടെ വരവോടെ അങ്ങേറുന്ന ഈ പ്രശ്‌നങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സുരാജിന്റെ കുട്ടന്‍പിള്ള വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കഥാപാത്രമായി മാറുമെന്നതില്‍ സംശയമില്ല.

നമ്മുടെ നിത്യജീവിതത്തില്‍ പലപ്പോഴും കണ്ടുമുട്ടുന്ന സംഭവങ്ങള്‍ ഒരുപക്ഷേ നാം ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.സ്രിന്‍ഡ രമണിയെയും ബിജു സോപാനം ഭര്‍ത്താവ് സുനീഷിനെയും അവതിപ്പിക്കുന്നു. പുതുമുഖങ്ങളായ ശ്രുതി, പ്രവീണ എന്നിവരാണ് സുഷമ, ഗോപന്‍ എന്നിവരെ അവതരിപ്പിക്കുന്നത്.

കൊച്ചുപ്രേമന്‍, മിഥുന്‍ രമേശ്, സംവിധായകന്‍ ശ്രീകാന്ത്, മുരളി, ജയിംസ് ഏല്യാ, അര്‍ജുന്‍ (കാമ്പസ് ഡയറി ഫെയിം) പുതുമുഖം ഡെയ്‌സ്, ആശാ ശ്രീകാന്ത്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

സംഭാഷണം- ജോസ്‌ലെറ്റ്. അന്‍വര്‍ അലിയുടെ ഗാനങ്ങള്‍ക്ക് പ്രശസ്ത ഗായിക സയനോര ഫിലിപ്പ് ഈണം പകരുന്നു. ഫാസില്‍ നാസറാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- ഷിബീഷ്. കലാസംവിധാനം- സുരേഷ് കൊല്ലം, മേക്കപ്പ്- മനോജ് അങ്കമാലി, കോസ്റ്റിയൂം ഡിസൈന്‍- നിസ്സാര്‍ റഹ്മത്ത്, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്- നിഖില്‍ പ്രേംരാജ്, പ്രതീഷ് കൃഷ്ണ.

സഹസംവിധാനം- ലക്ഷ്മി ഗോപകുമാര്‍, രാഹുല്‍ മോഹന്‍, അര്‍ജുന്‍ നന്ദകുമാര്‍, പ്രോജക്ട് ഡിസൈനര്‍-ജിതിന്‍ മര്‍ക്കോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാബുരാജ് മതിശ്ശേരി, പ്രൊഡക്്ഷന്‍ എക്‌സിക്യുട്ടീവ്- ഷവീജ്,ഫിനാന്‍സ് കണ്‍ട്രോളര്‍- പ്രേംലാല്‍.

-വാഴൂര്‍ ജോസ്
ഫോട്ടോ: നൗഷാദ് കണ്ണൂര്‍

Ads by Google
Ads by Google
Loading...
TRENDING NOW