Wednesday, June 12, 2019 Last Updated 11 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 16 Sep 2017 03.05 PM

വിയര്‍പ്പിന്റെ വില

uploads/news/2017/09/146648/Weeklyaanmanasu160917.jpg

എന്റെ കൗമാരം കഴിയുന്നതിനു മുമ്പുതന്നെ വിട്ടുപിരിഞ്ഞ അച്ഛന്‍, എനിക്കും പറക്കമുറ്റാത്ത രണ്ടനുജത്തിമാര്‍ക്കും കൂടി ഉണ്ടാക്കിയിട്ടത് കുറെ സല്‍പ്പേര് മാത്രമായിരുന്നു. അന്നൊക്കെ ദേഷ്യം വരുമ്പോള്‍ ഞാന്‍ പറയുമായിരുന്നു, സല്‍പ്പേര് മാത്രം അടുപ്പത്തിട്ട് വേവിച്ചു കഴിച്ചാല്‍ വിശപ്പ് മാറില്ല എന്ന്. പക്ഷേ ഇന്നു ഞാന്‍ അതോര്‍ത്ത് ദു:ഖിക്കുന്നു.

അച്ഛന്‍ നാട്ടില്‍ അറിയപ്പെടുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയിരുന്നു. അന്നൊക്കെ ഒട്ടുമിക്ക വീടുകളിലും പഞ്ചായത്തോഫീസ് വഴിയാണ് കക്കൂസും കുളിമുറിയുമൊക്കെ നിര്‍മിച്ചു നല്‍കിയിരുന്നത്. നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ഇതൊക്കെ നേടിക്കൊടുക്കാന്‍ അഹോരാത്രം കഷ്ടപ്പെട്ട അച്ഛന്റെ വീട്ടില്‍ ഉണ്ടായിരുന്നത് ഷീറ്റിട്ടു മറച്ച ഒരു കുളിമുറി ആയിരുന്നു.

പത്താംതരം കഷ്ടപ്പെട്ട് ജയിച്ച ഞാന്‍ പ്രീഡിഗ്രിക്ക് കോളജില്‍ സീറ്റ് കിട്ടാതെ വിഷമിച്ചപ്പോള്‍ ജില്ലയിലെ പല പ്രമുഖരുമായും ആഴത്തില്‍ സുഹൃദ്ബന്ധമുള്ള അച്ഛന്‍ ആരോടും ശുപാര്‍ശയ്ക്കു പോയില്ല. അച്ഛന്‍ മരിച്ചപ്പോള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ വന്ന പ്രമുഖരെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ മഹത്വം ഞാന്‍ തിരിച്ചറിഞ്ഞത്.

എന്റെ പ്രീഡിഗ്രിപഠനം ഒരൊറ്റ മാസമേ നീണ്ടുനിന്നുള്ളൂ. എനിക്ക് ആ മേഖല ശരിയാവില്ലെന്ന് അധ്യാപകര്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടപ്പോള്‍ കോളേജ് വിട്ടു. പിന്നെ അമ്മവീടിന്റെ അടുത്തുള്ള കുറച്ച് കൂട്ടുകാരുമായി ചങ്ങാത്തം. ചെറിയ തോതില്‍ മിമിക്രിയുണ്ടായിരുന്ന അവര്‍ പകല്‍ സമയങ്ങളില്‍ വീടിന്റെ വാര്‍ക്കപ്പണിക്കു പോകുമായിരുന്നു.

സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പോലും പൈസയില്ലാതെ വന്നപ്പോള്‍ അവരോടു ചോദിച്ചു, എന്നെക്കൂടി ചേര്‍ക്കുമോ മിമിക്രിക്കും വാര്‍ക്കപ്പണിക്കുമൊക്കെ എന്ന്. മിമിക്രിക്ക് ചേര്‍ന്നോ എന്ന് പറഞ്ഞെങ്കിലും എന്റെ ആരോഗ്യസ്ഥിതി കണ്ട് വാര്‍ക്കപ്പണിക്ക് വേണ്ടെന്നു പറഞ്ഞു.

അന്ന് അത്രയ്ക്ക് മെലിഞ്ഞിട്ടായിരുന്നു ഞാന്‍. ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അടുത്തുള്ള ഒരു വീടിന്റെ വാര്‍പ്പിന് എന്നെക്കൂടി കൂട്ടി. എനിക്കാണെങ്കില്‍ പണിയെടുത്തു തീരെ ശീലമില്ല. കൂട്ടുകാര്‍ അവിടെയും സഹായിച്ചു. കഠിനമായ പണികള്‍ അവര്‍ തന്നെ ചെയ്തു.

എന്നെ താരതമ്യേന ആയാസരഹിതമായ ജോലികള്‍ക്കു മാത്രം ഏര്‍പ്പെടുത്തി. എങ്കിലും പലതവണ ഞാന്‍ തളര്‍ന്നുപോയി. കോണ്‍ക്രീറ്റ് കുഴച്ച ഇരുമ്പിന്റെ ചട്ടി ഉരഞ്ഞ് കൈയുടെ വെള്ള തേഞ്ഞുപൊട്ടി. വൈകിട്ട് പണികഴിഞ്ഞ് കൈ കഴുകുമ്പോള്‍ കട്ടപിടിച്ച സിമന്റും ചോരയും കൂടി ഇളകിപ്പോയി.

അന്നുവരെ അനുഭവിക്കാത്ത ഒരു നീറ്റലായിരുന്നു അപ്പോള്‍. പക്ഷേ, ആദ്യമായി അധ്വാനിച്ചു നേടിയ പണം അതേ കൈകൊണ്ടു വാങ്ങിയപ്പോള്‍ ആ നൊമ്പരം, അതുവരെ അനുഭവിക്കാത്ത സന്തോഷത്തിനു വഴിമാറി. എന്റെ ആദ്യ ശമ്പളം! കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് ഓടിയത്.

അടുക്കളയില്‍ എന്തോ ചെയ്തുകൊണ്ടിരുന്ന അമ്മയുടെ കൈയിലേക്ക് ആ പണം കൊടുക്കാനായി എന്റെ കൈകള്‍ തുറന്നു. മുറിവില്‍ ഒട്ടിയ നോട്ടുകള്‍ വിടര്‍ത്തിയെടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് തോന്നി.

ഇതെവിടുന്ന് കിട്ടി? അമ്മയ്ക്ക് അത്ഭുതം.
'ഞാന്‍ പണിക്കു പോയി അമ്മേ, വാര്‍ക്കപ്പണിക്ക്.'
അമ്മ ഒന്നു ഞെട്ടി. വീട്ടിലെ ഒരു പണിയും അമ്മ എന്നെകൊണ്ടു ചെയ്യിച്ചിട്ടില്ല, ആ ഞാന്‍...

അമ്മ ആ പണം അതേപോലെ ഉമ്മറത്ത് ചാരുകസേരയില്‍ കിടന്നു പത്രം വായിക്കുന്ന അച്ഛന്റെ കൈയില്‍ കൊണ്ടുക്കൊടുത്തു: 'ദേ, ഇവന്‍ പണിചെയ്തു കൊണ്ടുവന്ന കാശാണ്.' അച്ഛന്റെ മുഖത്തും അതേ ഞെട്ടല്‍ കണ്ടു. അച്ഛന്‍ എന്നെ വിളിച്ചു. ഞാന്‍ അടുത്തേക്കു ചെന്നു.

'എന്തു പണി, എവിടുന്നാണ് ഈ പണം?'

ഞാന്‍ പറഞ്ഞു: 'അച്ഛാ, ഞാനിന്ന് വാര്‍ക്കപ്പണിക്കു പോയി. അവിടുന്നു കിട്ടിയതാ...നാളെയും പണിയുണ്ട്.' ഞാന്‍ പുഞ്ചിരിച്ചു. അച്ഛന്‍ എന്റെ കൈകള്‍ പിടിച്ചു. കൈവെള്ളകള്‍ ഉരഞ്ഞു പൊട്ടിയിരിക്കുന്നു. അവിടെ അച്ഛന്റെ കൈകള്‍ സ്പര്‍ശിച്ചു. ആ മുറിവിലെ സ്പര്‍ശനം എന്നെ അല്‍പ്പമൊന്ന് വേദനിപ്പിച്ചു. ഞാന്‍ കൈകള്‍ വലിച്ചു.

അച്ഛന്‍ എന്റെ മുഖത്തേക്കുതന്നെ നോക്കി. വീണ്ടും എന്റെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് അതില്‍ മുഖമമര്‍ത്തി അച്ഛന്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ അച്ഛന്റെ നെറുകയില്‍ ഉമ്മവച്ചു.

താമസിയാതെ അച്ഛന്‍ ഞങ്ങളെ വിട്ടുപോയി. ഞാന്‍ ഭേദപ്പെട്ട ഒരു കലാകാരനുമായി. ദൈവം നല്ലൊരു ജീവിതവും തന്നു. എനിക്കുറപ്പുണ്ട്, ഞാനിന്ന് അനുഭവിക്കുന്നത് ആ മനുഷ്യന്റെ സല്‍പ്രവൃത്തികളുടെ ഫലമാണ്.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Saturday 16 Sep 2017 03.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW