Tuesday, September 11, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.22 PM

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നടുവിന് വേദന എന്താണ് ഇതിനു കാരണം?

അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് കരളിനെ ബാധിക്കും. രോഗമുള്ള കാലത്ത് പരിപൂര്‍ണ വിശ്രമം ആവശ്യമാണ്
uploads/news/2017/09/146000/asdrgenmedicn140917.jpg

ലക്ഷണം ഇല്ലാതെ ന്യുമോണിയ

എനിക്ക് 49 വയസ്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ നിന്നു ന്യൂമോണിയയാണെന്ന് മനസിലായി. എനിക്ക് ഒരാഴ്ചയായി ചെറിയ ജലദോഷവും വിശപ്പില്ലായ്മയും അനുഭവപ്പെട്ടിരുന്നു. പനിയില്ലാതെ ന്യുമോണിയ ഉണ്ടാകുമോ. ഇതിന് ആന്റിബയോട്ടിക് കുത്തിവയ്പ്പ് എത്ര തവണ എടുക്കേണ്ടിവരും. ആന്റിബയോട്ടിക് മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമോ. ന്യുമോണിയ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്. ഭക്ഷണക്രമത്തില്‍ പ്രത്യേക കരുതല്‍ ആവശ്യമാണോ?
-------- ബാലന്‍ പാലായില്‍ , മലപ്പുറം

പനി ഇല്ലാതെയും ന്യുമോണിയ വരാം. ഒരു ഫിസിഷനെക്കണ്ട് രക്തവും കഫവും പരിശോധിക്കുകയും എക്‌സ്‌റേ എടുക്കുകയും ചെയ്താല്‍ രോഗം കണ്ടുപിടിക്കാവുന്നതേയുള്ളു. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കഴിക്കേണ്ടിവരും.

അതു കഴിഞ്ഞ് വീണ്ടും ഒരു എക്‌സ് റേയും കൂടി എടുക്കണം. രോഗ ലക്ഷണങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമാവുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ത്താവുന്നതാണ്. അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് കരളിനെ ബാധിക്കും.

രോഗമുള്ള കാലത്ത് പരിപൂര്‍ണ വിശ്രമം ആവശ്യമാണ്. എളുപ്പം ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണമായിരിക്കും ഉചിതം. രണ്ടാഴ്ച കഴിഞ്ഞിട്ടും ന്യുമോണിയയുടെ ലക്ഷണങ്ങള്‍ മാറിയില്ലെങ്കില്‍ മറ്റ് പരിശോധനകള്‍ നടത്തേണ്ടിവരും.

കേള്‍വിശക്തി നഷ്ടമാകുന്നു


എനിക്ക് 30 വയസ്. എനിക്ക് ചിലപ്പോള്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിയാറില്ല. ഡോക്ടറെ കാണിച്ചപ്പോള്‍ യൂസ്‌ട്രേഷന്‍ ബ്ലോക്കാണെന്ന് പറയുന്നു. പതിനേഴ് വര്‍ഷമായി ഈ പ്രശ്‌നമുണ്ട്. ഇതിന് ഫലപ്രദമായ ചികിത്സയുണ്ടോ?
-------- റഹിം വാഹിദ് , പന്തളം

നമ്മുടെ ചെവിയുടെ മധ്യഭാഗം വായുനിറഞ്ഞ ഒരു അറയാണ്. ഈ അറയെ തൊണ്ടയുടെ പിന്‍ഭാഗവുമായി ഘടിപ്പിച്ചിരിക്കുന്ന കുഴലാണ് യൂസ്‌ട്രേഷന്‍. ഈ കുഴലുള്ളതുകൊണ്ടാണ് മധ്യകര്‍ണത്തിലെ മര്‍ദം അന്തരീക്ഷവായുവിലെ മര്‍ദത്തിന് തുല്യമായി നില്‍ക്കുന്നത്.

അലര്‍ജി, സൈനുസൈറ്റിസ്, ജലദോഷം, തൊണ്ടയിലെ അണുബാധ എന്നിവയെല്ലാം യൂസ്‌ട്രേഷന്‍ ട്യൂബ് തുറക്കുന്ന സ്ഥലത്ത് നീര്‍ക്കെട്ടുണ്ടാക്കുന്നു. അതുമൂലം യൂസ്‌ട്രേഷന്‍ കുഴലിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നു.

ഇങ്ങനെ സംഭവിക്കുമ്പോള്‍ മധ്യകര്‍ണത്തിലെ മര്‍ദം അന്തരീക്ഷവായുവിലുള്ളതില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഇതുമൂലം ചെവി വേദന, കേള്‍വിക്കുറവ്, ചെവിയില്‍ ശബ്ദമുണ്ടാവുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു.

ചെവി പരിശോധിക്കുകയാണെങ്കില്‍ കര്‍ണപടം ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നതായി കാണാന്‍ കഴിയും. യൂട്രേഷന്‍ ട്യൂബിലുണ്ടാകുന്ന അണുബാധയുടെ കാരണം എന്താണെന്നതിനെ ആശ്രയിച്ചാണ് ചികിത്സ. മിക്കാവാറും ആളുകളില്‍ തൊണ്ടയുടെയോ മൂക്കിന്റെയോ അസുഖത്തിന്റെ ഭാഗമായായിരിക്കും യൂസ്‌ട്രേഷന്‍ ട്യൂബ് ഡിസ്ഫ്യൂഷന്‍ കണ്ടുവരുന്നത്.

ഇതിനിന്ന് ഫലപ്രദമായ ചികിത്സ ഉണ്ട്. ആന്റിബയോട്ടിക്കുകള്‍, മൂക്കിനുള്ള സ് പ്രേകള്‍, ആന്റിഹിസ്റ്റമിന്‍ വിഭാഗത്തില്‍ പെടുന്ന മരുന്നകള്‍ എന്നിവ ചികിത്സയ്ക്കായി സാധാരണ ഉപയോഗിക്കുന്നു. ഒരു ഇ.എന്‍.ടി വിദഗ്ധന്റെ നിര്‍ദേശപ്രകാരം ചികിത്സ നടത്തുന്നതാണ് നല്ലത്.

തൊഴില്‍ ജന്യരോഗത്തിന് പ്രതിവിധി


32 വയസ്. തടിമില്ലില്‍ ജോലി നോക്കുന്നു. 30 വര്‍ഷമായി തുടരുന്ന ജോലിയാണ്. എപ്പോഴും പൊടി അടിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടാണോ എന്നറിയില്ല ഇടയ്ക്കിടെ ജലദോഷവും മൂക്കടപ്പും അനുഭവപ്പെടുന്നു. എത്ര മരുന്നു കഴിച്ചിട്ടും ഇതു പൂര്‍ണമായും വിട്ടുമാറുന്നില്ല. ജോലിയില്‍ നിന്നു പൂര്‍ണമായും വിട്ടുനില്‍ക്കാനും കഴിയില്ല. ഇതു മാറാന്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത്?
-------- ശിവപ്രസാദ് , കണ്ണൂര്‍

തടിമില്ലില്‍ ജോലി ചെയ്യുന്നതുകൊണ്ട് ഇപ്പോഴുള്ള ജലദോഷവും മൂക്കടപ്പും തൊഴില്‍ജന്യമാണെന്നു വേണം കരുതാന്‍. ആന്റി ഹിസ്റ്റമിനിക്ക് മരുന്നുകള്‍ കഴിച്ചാല്‍ താല്ക്കാലികാശ്വാസം കിട്ടുമെന്നല്ലാതെ തടിമില്‍ ജോലി തുടരുന്നിടത്തോളം കാലം നിങ്ങളുടെ ജലദോഷത്തിനും മൂക്കടപ്പിനും ശാശ്വത പരിഹാരം നിര്‍ദേശിക്കാനാവില്ല.

ഇപ്പോഴുള്ള ജോലി മാറുന്നതിനു മുമ്പ് പൊടിയോടുള്ള അലര്‍ജിയാണോ നിങ്ങളുടെ അസുഖത്തിന്റെ കാരണമെന്ന് ഒരു ഇ.എന്‍.ടി. സര്‍ജനെയോ ഒരു അലര്‍ജി സ്‌പെഷലിസ്റ്റിനെയോ കണ്ടു തീരുമാനത്തിലെത്തേണ്ടതുണ്ട്.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നടുവിന് വേദന


എന്റെ അമ്മയ്ക്കു വേണ്ടിയാണ് ഈ കത്ത്. വീട്ടമ്മയാണ്. 60 വയസ്. കുനിഞ്ഞ് ജോലി ചെയ്യുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെ നടുവിന് അസഹ്യമായ വേദന അനുഭവപ്പെടുന്നതായി പറയുന്നു. ചില സമയങ്ങളില്‍ കാലിന് തരിപ്പും ഉണ്ടാകാറുണ്ട്. ബാം പുരട്ടി ചൂടുപിടിച്ച് നോക്കിയിട്ടും നടുവുവേദനയ്ക്ക് ആശ്വാസമില്ല. എന്താണ് ഇതിനു കാരണം? നടുവേദന മാറാന്‍ എന്താണ് ചെയ്യേണ്ടത്?
-------- ശ്രീകല , അടൂര്‍

വളരെ സാധാരണയായി കാണപ്പെടുന്ന ഒരാരോഗ്യപ്രശ്‌നമാണ് നടുവേദന. 80 ശതമാനത്തിലധികം ആളുകളും ജീവിതത്തിലൊരിക്കലെങ്കിലും നടുവേദന അനുഭവിച്ചിട്ടുണ്ടാവും. നമ്മുടെ
ശരീരഭാരം താങ്ങുകയും നാഡീവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുക എന്ന ധര്‍മ്മമാണ് പ്രധാനമായും നട്ടെല്ലുകള്‍ നിര്‍വഹിക്കുന്നത്.

നട്ടെല്ലിന്റെ തേയ്മാനം കൊണ്ടും എല്ലിന്റെ ബലക്കുറവു കൊണ്ടും ഉണ്ടാകുന്ന നടുവേദനയാണ് 40 വയസിനു മുകളിലുള്ളവരില്‍ സാധാരണയായി കണ്ടുവരുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് നടുവേദനയുള്ളവര്‍ കുനിഞ്ഞു ജോലി ചെയ്യുമ്പോള്‍ വേദന കൂടുകയും വിശ്രമിക്കുമ്പോള്‍ വേദന കുറയുന്നതായും കാണാം.

എന്നാല്‍ മറ്റു പല കാരണങ്ങള്‍ കൊണ്ടും നടുവേദന ഉണ്ടാവാം. നടുവേദനയോടൊപ്പമുള്ള പനി, ശരീരത്തിന്റെ തൂക്കം കുറയല്‍, രാത്രിയിലുള്ള നടുവേദന, മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍, വീഴ്ചമൂലം എല്ലുകള്‍ക്കേറ്റ ക്ഷതം, സ്റ്റിറോയ്ഡ് പോലുള്ള ഗുളികളുടെ ഉപയോഗം, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നടുവേദന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കൊണ്ടാവാം എന്നു സൂചിപ്പിക്കുന്ന ഘടകങ്ങളാണ്.

വളരെനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍, കുനിഞ്ഞു ജോലി ചെയ്യുന്നവര്‍ ഭാരം ഉയര്‍ത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം നടുവേദനയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. തോളില്‍ ഭാരമേറിയ സ്‌കൂള്‍ ബാഗുമായി പോവുന്ന കുട്ടികളില്‍പ്പോലും നടുവേദന കൂടുതലായി കാണപ്പെടുന്നു.

അസ്ഥികളുടെ ബലക്കുറവ്, വളരെ നേരം ഇരുന്നു ജോലി ചെയ്യുന്നവരില്‍ കാണുന്ന നടുവേദന എന്നിവയ്ക്ക് പുറമെ വിവിധതരം സന്ധിവാതരോഗങ്ങള്‍, അണുബാധ, അസ്ഥികള്‍ക്കുണ്ടാവുന്ന ക്ഷതം, ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങള്‍, വിവിധതരം കാന്‍സറുകള്‍ എന്നിവയെല്ലാം നടുവേദനയ്ക്കു കാരണമാവാം.

ഉല്‍കണ്ഠ, വിഷാദം തുടങ്ങിയ മാനസികപ്രശ്‌നങ്ങളാണ് 10 ശതമാനം മുതല്‍ 15 ശതമാനം വരെ ആളുകളില്‍ നടുവേദനയ്ക്കുള്ള കാരണം എന്ന യാഥാര്‍ഥ്യം അതിശയിപ്പിക്കുന്നതാണ്. നിങ്ങളുടെ നടുവേദന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കൊണ്ടാവാനുള്ള സാധ്യത കുറവാണ്.

നട്ടെല്ലിന്റെ തേയ്മാനം, ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കൊണ്ട് ഉണ്ടാവുന്ന നടുവേദനയാവാനാണ് സാധ്യത. എങ്കിലും ആവശ്യമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ നടുവേദനയുടെ കാരണം കൃത്യമായി പറയാന്‍ കഴിയൂയെന്നതിനാല്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തുടങ്ങുന്നതാവും ഉചിതം.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW